Image

സാറാ ( നീണ്ട കഥ - 24 : അന്നാ പോൾ ) 

Published on 24 March, 2026
സാറാ ( നീണ്ട കഥ - 24 : അന്നാ പോൾ ) 

കൊച്ചു പെണ്ണിന്റെ പ്രാർത്ഥനയുടെ ശബ്ദമാണ് സാറായെ ഉണർത്തിയതു.

അവൾ എണീറ്റ് ചെന്ന് അമ്മയുടെ ഒപ്പമിരുന്നു  പ്രാർത്ഥനയിൽ പങ്കു ചേർന്നു.

ഒരു ദിവസം പോലും കൊച്ചു പെണ്ണു പ്രഭാത പ്രാർത്ഥനയും സന്ധ്യാ പ്രാർത്ഥനയും മുടക്കാറില്ല.

പ്രാർത്ഥന അത് അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഊർജ ശ്രോതസ്സാണ്.

പ്രാർത്ഥന കഴിഞ്ഞ് കൊച്ചു പെണ്ണു അടുക്കളയിലേയ്ക്കു കയറി.

നേരം വെളുത്തു തുടങ്ങിയിട്ടില്ല.... നേരിയ ഇരുട്ടു ഉണ്ടിപ്പോഴും.

സാറാ വീണ്ടും വന്നു കിടന്നു.

പെട്ടെന്നാണവൾ ആ കാര്യം ഓർത്തത്.

തിരുമേനിയുടെ വരവേൽപ്പിനോട് അനുബന്ധിച്ചുള്ള സമ്മേളനത്തിൽ മംഗളഗാനം  എഴുതി അവതരിപ്പിയ്ക്കാമെന്ന് ഏറ്റിട്ടുണ്ട്.... അവൾ എഴുതിയ വരികളൊക്കെ ഒരിയ്ക്കൽക്കൂടി മനസ്സിൽ ഉരുക്കഴിച്ചു.

വീണ്ടും വീണ്ടും മൂളി നോക്കി.

... എന്തോ ഒരു ധൈര്യമില്ലായ്മ.

പഠന കാലത്ത് അവൾ ചെറിയ കവിതകൾ എഴുതിയിട്ടുണ്ട്.

സ്ക്കൂളിലെ പരിപാടികൾക്കൊക്കെ പ്രസംഗിയ്ക്കുകയും

കവിതകൾ ആലപിയ്ക്കുകയും

പലതവണ കവിതാലാപനത്തിനു സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

എന്നിട്ടും അവൾക്ക് ഓർത്തപ്പോൾ ഭയം തോന്നി.

ഒരു വലിയ മനുഷ്യന്റെ മുന്നിൽ ആദ്യമായാണ് സ്വന്തമായി രചിച്ച് ഗാനം അവതരിപ്പിക്കുവാൻ പോവുന്നത്... അതും മൈക്കിനു മുന്നിൽ നിന്നുകൊണ്ടു...

തൻറെ ഗ്രാമം ഒന്നടങ്കം വലിയ ഉത്സാഹത്തിലാണ്. ഒരു ചരിത്ര നിമിഷം കൂടിയാണിത്.

നൂറ്റാണ്ടുകൾക്കു ശേഷം എന്നുതന്നെ പറയാം,തദ്ദേശീയനായ ഒരു സഭാതലവൻ..

പഠനകാലത്ത് ബിഷപ്പ് ഹോഡ്ജസ് ബിഷപ്പ് കോർണിങ്‌ഹാം കോർഫീൽഡ് ബിഷപ് പീറ്റ് തുടങ്ങിയവരെ ഒക്കെ കേട്ടിട്ടും കണ്ടിട്ടുമുണ്ട്.

ഇന്നത്തെ ആരാധന നടത്തുന്നതു തിരുമേനിയാണ്.

ഇടവകയിലെ അദ്യസ്ത വിദ്യ എന്ന നിലയിൽ പല ചുമതലകളും തന്നെ ഏൽപ്പിച്ചിട്ടുണ്ട്...

ആത്മവിശ്വാസം വീണ്ടെടുത്തു കൊണ്ട് സാറാ പഴയ കാര്യങ്ങളിൽ മുഴുകിക്കിടന്നു. തന്നിൽ. കവിത ഉണർന്ന നിമിഷങ്ങളെ അവൾ ഓർത്തെടുക്കാൻ ഒരു ശ്രമം നടത്തി..........

നോക്കെത്താ ദൂരം പരന്നുകിടക്കുന്ന പൊന്നണിഞ്ഞ പാടങ്ങൾ കാറ്റേറ്റ് ഇളകുന്നതും  പടിഞ്ഞാറേ ചക്രവാളത്തിൽ പടരുന്ന ചുവപ്പ് തെങ്ങിൻ തലപ്പുകളിലൂടെ ഊർന്നിറങ്ങുന്നതും

പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് മടങ്ങുന്ന ആറ്റക്കിളികളും കൈപ്പുഴയാറിന്റെ കുഞ്ഞോളങ്ങൾക്കു മുകളിൽ കവിതയായ് വീണലിയുന്ന സാന്ധ്യശോഭയും....,.ചിലപ്പോഴൊക്കെ ഒരു മാസ്മര ലോകത്തിലേയ്ക്ക് തന്റെ മനസ്സിനെ ആഴ്ത്തിക്കൊണ്ടുപോയ ആ അത്യപൂർവ്വ നിമിഷങ്ങൾ!! പിന്നീട് കവിതകളായി മനസ്സിൽ തെളിഞ്ഞാടിയിട്ടുണ്ടു്.

അല്ലാതെ എഴുത്തിൽ മറ്റു പരിചയങ്ങളൊന്നുമില്ല.

സമയം വളരെ വേഗത്തിൽ കടന്നുപോയി.

ചുങ്കം കടവിൽ നിന്ന് ബോട്ടിൽ കയറിയാൽ ഒരു മണിക്കൂറിനകം മഞ്ചാടിക്കരിയിലെത്താം.

പള്ളിയും പരിസരവും ഇന്നലയേ ഒരുങ്ങിക്കഴിഞ്ഞു. ഗ്രാമത്തെ രണ്ടായി പകുത്തു കൊണ്ടു കൈപ്പുഴയാർ ഒഴുകുന്നു. പള്ളിച്ചിറയിൽ നിന്ന് പടിഞ്ഞാറേയ്ക്കു നോക്കു മ്പോൾ അങ്ങകലെ വളവു തിരിഞ്ഞ് വേഴങ്കോൽക്കാടുകൾക്കിടയിൽ അപ്രത്യക്ഷമാകുന്നു.പള്ളിച്ചിറയിൽ നിന്നു നോക്കിയാൽ കൈപ്പുഴയാർ. അവിടെ അവസാനിച്ചുവെന്ന് തോന്നും'.. പിന്നീട് ഒഴുകി ഒഴുകി വേമ്പനാട്ടുകായലിൽച്ചെന്നുചേരുന്നു.

അങ്ങകലെ വളവു തിരിഞ്ഞു വരുന്ന ബോട്ട് കണ്ണിൽപ്പെട്ടതും

പള്ളിച്ചിറയാകെ ആവേശം പടർന്നു.

ചെണ്ടമേളം ആരംഭിച്ചു കഴിഞ്ഞു. അനേക കണ്ഠങ്ങളിൽ നിന്നുയർന്ന

ആർപ്പുവിളികളിൽ ചെണ്ടമേളം മുങ്ങിപ്പോയി...

പള്ളിക്കടവിൽ ബോട്ടടുത്തു.

കതിനാവെടികളുടെ അകമ്പടിയോടെ ബിഷപ്പ് മഞ്ചാടിക്കരിയുടെ മണ്ണിലേയ്ക്ക് ....

വിടർത്തിപ്പിടിച്ച മുത്തുക്കുടകൾക്കിടയിലൂടെ ബിഷപ്പ് നടന്നു... റൈറ്റ് റവ: സി.കെ ജേക്കബ് , ആദ്യത്തെ നാട്ടു ബിഷപ്പിനെ കാണാനെത്തിയവരെകൊണ്ട്

ആ ചെറിയ ദൈവാലയം നിറഞ്ഞു  കവിഞ്ഞു.

അകത്തു ഇടം ലഭിയ്ക്കാത്തവർ പുറത്തൊരുക്കിയ പന്തലിൽ നിന്നുകൊണ്ടു ആരാധനയിൽ പങ്കെടുത്തു.

ആരാധനയും ഉച്ചഭക്ഷണവും കഴിഞ്ഞായിരുന്നു  സമ്മേളനം.

പ്രൗഢ ഗംഭീരമായ വേദിയും സദസ്സും.

നെഞ്ചിടിപ്പോടെ സാറാ തന്റെ ഊഴവും കാത്തുനിന്നു.

മംഗള ഗാനാലാപനത്തിനായി കുമാരി സാറാ പള്ളി വാതുക്കൽ

ക്ഷണിയ്ക്കപ്പെടുന്നു.

ഉള്ളിലെ ഭയവും ആശങ്കയും തെല്ലും പുറത്തു കാട്ടാതെ പ്രസന്നമായ മുഖഭാവത്തോടെ സാറാ വേദിയിലേയ്ക്കു കയറി വന്നു.

ബിഷപ്പിനെ വണങ്ങി. അദ്ദേഹം തന്റെ മുദ്രമോതിരം അവളുടെ നെറ്റിയിൽ മുട്ടിച്ചു.

സാറായുടെ മനോഹര ശബ്ദം മൈക്കിലൂടെ ഒഴുകി... കോമള പദങ്ങൾ കോർത്തിണക്കിയ ആ മംഗളഗാനം കൈപ്പുഴയാറിന്റെ . കുഞ്ഞോളങ്ങൾക്കുമേൽ പരന്നൊഴുകി.

...  പരിപൂർണ്ണ നിശബ്ദത.സദസ്സാകെ പ്രാർത്ഥനയോടെ കാതോർത്തു. അവരുടെ കൊച്ചു പെണ്ണിന്റെ മകളാണ് പാടുന്നത്. ആ ചിന്ത അവരെ പ്രാർത്ഥനാ  നിർഭരമാക്കി. കണ്ണുകളടച്ച് തൊഴുകൈകളോടെ കൊച്ചുപെണ്ണ്  നിന്നു . മനോഹരമായി മംഗളഗാനാലപനo  സാറാ പൂർണ്ണമാക്കി

നിറഞ്ഞ കരഘോഷങ്ങൾക്കിടയിലൂടെ  നടന്ന് വരുന്ന തന്റെ മകളെ കൊച്ചുപെണ്ണ് ചേർത്തുപിടിച്ചു വിതുമ്പി....... സാറായും കണ്ണൂ തുടച്ചു.

സമ്മേളനം കഴിഞ്ഞു

..എങ്കിലും വീടുകളിലേയ്ക്കു മടങ്ങാതെ ജനം അവിടവിടെ കൂടിനിന്നു. 

കമ്മറ്റിക്കാരും മറ്റു ഭാരവാഹികളും തിരുമേനിയെ യാത്ര അയയ്ക്കാനുള്ള തിരക്കിലാണ്.

ബോട്ടിന്റെ അരികിലേയ്ക്കു നടന്ന തിരുമേനി എന്തോ ഓർത്തിട്ടെന്ന പോലെ നിന്നു.

ഉപദേശിയോടു പറഞ്ഞു " മംഗളഗാനം പാടിയ ആ കുട്ടിയെ വിളിയ്ക്കു ".

വീട്ടിലേയ്ക്കു നടന്നു തുടങ്ങിയ സാറാ വേഗത്തിൽ തിരുമേനിയുടെ മുന്നിലെത്തി... അൽപ്പം മാറി കൊച്ചു പെണ്ണും നിൽപ്പുണ്ട്..

"മോളേ നീ എവിടം വരെ പഠിച്ചിട്ടുണ്ട്. ".. തിരുമേനി സാറായോടു ചോദിച്ചു..

സാറാ അവളുടെ പഠന വിവരങ്ങൾ പറഞ്ഞു.

തിരുമേനി അങ്ങുതത്തോടെ കേട്ടു നിന്നു.

ഇവിടെ നിന്നും പതിനഞ്ചിലധികം മൈലുകൾ അകലെയുള്ള വിദ്യാലയങ്ങളിൽ പോയി പഠിക്കുക.

സെൻറ് ആൻസ് പോലെയുള്ള പ്രസിദ്ധമായ വിദ്യാലയത്തിൽ നിന്നും ഉന്നതമായ വിജയം കരസ്ഥമാക്കി ഒടുവിൽ ബുക്കാനൻ ട്രയിനിംഗ് സ്ക്കൂളിൽ നിന്ന് ഫസ്റ്റ് ക്ലാസ്സിൽ TT C പാസ്സായി നിൽക്കുന്ന: ഈ കൊച്ചു മിടുക്കിയെ തിരുമേനി അത്ഭുതത്തോടെ നോക്കി നിന്നു....

അവളെ കഷ്ടപ്പെട്ടു പഠിപ്പിച്ച മാതാപിതാക്കളെയും തിരുമേനി അഭിനന്ദിച്ചു.

"നാളെ അമ്മച്ചിയുമായ് ബിഷപ്സ് ഹൗസിൽ വരണം ".. വിസിറ്റിംഗ് കാർഡ് കൊടുക്കാൻ ചാപ്ലയിന് നിർദ്ദേശം കൊടുത്തു അദ്ദേഹം അവളുടെ ശിരസ്സിൽ കൈകൾ വെച്ചു കൊണ്ട് ഒരു നിമിഷം പ്രാർത്ഥിച്ചു.

തിരുമേനി യാത്ര പറഞ്ഞു.ബോട്ടിൽ കയറിയ ശേഷം ഒരിക്കൽ   കൂടി തിരിഞ്ഞു . കൈകൾ വീശി. ബോട്ട് പടിഞ്ഞാറേയ്ക്കു നീങ്ങി. ബോട്ടുയർത്തിയ തിരമാലകൾ കൈപ്പുഴയാറിന്റെ ഇരുകരകളിലും അലിഞ്ഞുചേർന്നു.അവർ നോക്കി നിൽക്കേ ബോട്ടു വളവ് തിരിഞ്ഞു മറഞ്ഞു. വെള്ളത്തിനു മീതേ വീണ ബോട്ടിന്റെ സഞ്ചാര രേഖയും മാഞ്ഞു .ഞാണയഞ്ഞ വില്ലു പോലെ ഗ്രാമ ഹൃദയം . സ്വസ്ഥമായി.

ബിഷപ് ഹൗസിൽ നാളെ ചെല്ലണമെന്ന് തിരുമേനി പറഞ്ഞ വാർത്തയുമായി സാറാ വെല്ലിച്ചന്റെ വീട്ടിലേയ്ക്കു ഓടി .

തുടരും..

Read More: https://www.emalayalee.com/writer/300

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക