Image

കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയണൽ (ബേ ഏരിയ) വൈസ് പ്രസിഡന്റായി രാജേഷ് കൊനങ്ങാംപറമ്പത്ത്

(കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ) Published on 23 March, 2026
കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയണൽ (ബേ ഏരിയ) വൈസ് പ്രസിഡന്റായി രാജേഷ് കൊനങ്ങാംപറമ്പത്ത്

സാൻ ഫ്രാൻസിസ്കോ : നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA)യുടെ സൗത്ത്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) രാജേഷ് കൊനങ്ങാംപറമ്പത്തിനെ നിയമിച്ചു. സാൻ ഫ്രാൻസിസ്കോ ഉൾപ്പെടുന്ന നോർതേൺ കാലിഫോർണിയ മേഖലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാമൂഹിക–സാംസ്കാരിക പദ്ധതികൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.
1998 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ രാജേഷ്  നിലവിൽ കാലിഫോർണിയയിലെ ഫ്രെമോണ്ടിൽ കുടുംബസമേതം താമസിക്കുന്നു. പ്രവാസി സമൂഹത്തിൽ ദീർഘകാലമായി സജീവ സാന്നിധ്യമുള്ള അദ്ദേഹം, NSS കാലിഫോർണിയയുടെ മുൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക പദ്ധതികളിലും വർഷങ്ങളായി നേതൃത്വം നൽകി വന്ന അദ്ദേഹത്തിന് ബേ ഏരിയയിലെ ഇന്ത്യൻ സമൂഹത്തിൽ വിശാലമായ ബന്ധങ്ങളുണ്ട്.


സമൂഹസേവന രംഗത്ത് രാജേഷ് കൊനങ്ങാംപറമ്പത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന ദേശീയ തലത്തിലുള്ള Sewa Diwali Food Drive പദ്ധതിയിലെ പങ്കാണ്. ബേ ഏരിയയുടെയും സാക്രമെന്റോ മേഖലയുടെയും കോർഡിനേറ്ററായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, 2025-ൽ ബേ ഏരിയയിൽ മാത്രം 50-ഓളം സംഘടനകളുടെ സഹകരണത്തോടെ ഏകദേശം 50,000 പൗണ്ട് ഭക്ഷണം വിതരണം ചെയ്തു.


500-ത്തിലധികം ഇന്ത്യൻ സംഘടനകൾ പങ്കാളികളായിരുന്ന  ഈ ദേശീയ പദ്ധതി 2025-ൽ ഏകദേശം 10 ലക്ഷം പൗണ്ട് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. വിവിധ സംഘടനകളെ ഒരുമിച്ച് കൊണ്ടുവന്ന് സഹകരണ മനോഭാവം വളർത്തിയെടുക്കുന്നതിൽ രാജേഷിന്റെ പങ്ക് പ്രത്യേകം ശ്രദ്ധേയമാണ്.

രാജേഷിൻറെ നിയമനത്തെക്കുറിച്ച് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു: "സമൂഹ സേവന രംഗത്ത് സജീവമായി പ്രവർത്തിച്ച് സമൂഹത്തിൽ വിശ്വാസവും ഐക്യവും വളർത്തിയെടുത്ത നേതാവാണ് രാജേഷ്. അദ്ദേഹത്തിന്റെ നേതൃത്വം  സൗത്ത്‌വെസ്റ്റ് മേഖലയിൽ KHNAയുടെ പ്രവർത്തനങ്ങൾക്ക് വലിയ കരുത്താകുമെന്ന് വിശ്വസിക്കുന്നു."
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോർഡ് അംഗങ്ങളും രാജേഷ് കൊനങ്ങാംപറമ്പത്തിന് ആശംസകൾ നേർന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക