
പത്തനാപുരം മണ്ഡലത്തില്‍ 25 വര്‍ഷത്തോളമായി എം.എല്‍.എയായി തുടരുന്ന കെ.ബി ഗണേഷ് കുമാറിന്റെ രാഷ്ട്രീയ പടയോട്ടത്തിന് ഇത്തവണ വെല്ലുവിളി ഉണ്ടാകുമോ..? അടുത്ത കാലത്തുണ്ടായ സ്ത്രീ വിഷയ വിവാദങ്ങള്‍ മറികടക്കാന്‍ വികസന നായകനെന്ന പ്രതിച്ഛായയും വ്യക്തിപരമായ ബന്ധങ്ങളും ഗണേഷ് കുമാറിന് സഹായകരമാകുമെന്നാണ് കരുതുന്നത്. ഗതാഗത മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പ്രശംസ പിടിച്ചു പറ്റി. പത്തനാപുരം മണ്ഡലം കെ.ബി ഗണേഷ് കുമാറിന്റെ ചങ്കാണ്. പക്ഷേ 2021-ല്‍ ഗണേഷിന്റെ ഭൂരിപക്ഷം പകുതിയാക്കി കുറച്ച കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല കഴിഞ്ഞ അഞ്ചുവര്‍ഷം അവിടെ നടത്തിയ 'നിക്ഷേപം' എങ്ങനെ സ്വാധീനിക്കുമെന്നാണ് ഈ തിരഞ്ഞെടുപ്പില്‍ അറിയാനുള്ളത്.
ആദ്യ മൂന്നുതവണ യു.ഡി.എഫിലും പിന്നീട് രണ്ടുതവണ എല്‍.ഡി.എഫിലുമാണ് കേരള കോണ്‍ഗ്രസ് (ബി) ടിക്കറ്റില്‍ ഗണേഷ് കുമാര്‍ മണ്ഡലം കൈപ്പിടിയിലൊതുക്കിയത്. ഇത്തവണ മന്ത്രി എന്നനിലയില്‍ കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും പത്തനാപുരം കൈവരിച്ച വികസനനേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് അദ്ദേഹം വോട്ടുതേടുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളിലും സമാനമായ ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നിട്ടും പത്തനാപുരത്തെ ജനത കൈവിട്ടിട്ടില്ലെന്ന ആത്മവിശ്വാസം ഇടതു മുന്നണിക്കുണ്ട്.
തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പത്തനാപുരത്ത് ഗണേഷ്‌കുമാര്‍ പ്രചാരണം തുടങ്ങിയിരുന്നു. 2021-ല്‍ ഗണേഷ് കുമാറിനോട് തോറ്റ കോണ്‍ഗ്രസിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് യു.ഡി.എഫിന്റെ ശബ്ദം. ട്വന്റി 20-യുടെ എസ് അനില്‍കുമാറാണ് എന്‍.ഡി.എയ്ക്ക് വേണ്ടി ഗോദയിലിറങ്ങിയിരിക്കുന്നത്. രാഷ്ട്രീയം വളരെ വ്യക്തിപരമായും കൃത്യമായും വിലയിരുത്തപ്പെടുന്ന മണ്ഡലമാണ് പത്തനാപുരം. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പത്തനാപുരം, മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. നഗര സമ്പദ് വ്യവസ്ഥയുടെയും ഗ്രാമീണ ജീവിതത്തിന്റെയും സംഗമ സ്ഥാനത്താണ് ഈ മണ്ഡലം സ്ഥിതിചെയ്യുന്നത്.
നല്ല റോഡുകള്‍, കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, കൃത്യസമയത്ത് എത്തുന്ന ക്ഷേമപദ്ധതികള്‍, ഏത് പ്രതിസന്ധിയിലും കൂടെയുള്ള ജനപ്രതിനിധി ഇവയാണ് പത്തനാപുരത്തെ വോട്ട് നിശ്ചയിക്കുന്നത്. 2021-ലെ തിരഞ്ഞെടുപ്പില്‍ വ്യക്തിപരമായ നേതൃത്വത്തിനുള്ള അംഗീകാരമാണ് പത്തനാപുരത്ത് ഗണേഷിന് ലഭിച്ചത്. ഗണേഷ് കുമാര്‍ 67,276 വോട്ടുകള്‍ നേടി വലിയ വിജയമാണ് സ്വന്തമാക്കിയത്. ജ്യോതികുമാര്‍ ചാമക്കാലയ്ക്കെതിരെ 14,336 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷമാണ് ഗണേഷ് കുമാര്‍ നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.എസ് ജിതിന്‍ ദേവ് 12,398 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. ഗണേഷ് കുമാറിന്റെ ജനകീയ ഇടപെടലുകളും മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സ്വാധീനവുമാണ് ഈ വിജയം സുഗമമാക്കിയത്.
സാധാരണക്കാരുടെ സാമ്പത്തിക പ്രശ്നങ്ങള്‍ തന്നെയാണ് ഇക്കുറിയും മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഗ്യാസിന്റെ ലഭ്യതക്കുറവ് വലിയ വിഷയം തന്നെയാണ്. ഹൈന്ദവ വിഭാഗത്തിന് വലിയ സ്വാധീനമുണ്ടെങ്കിലും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളും ടൗണ്‍ വാര്‍ഡുകളിലും ഗ്രാമീണ മേഖലകളിലും നിര്‍ണ്ണായകമാണ്. അതേസമയം, വ്യക്തിപരമായ വിശ്വാസ്യതയ്ക്കും പരിചിതമായ നേതൃത്വത്തിനുമാണ് പത്തനാപുരം എപ്പോഴും മുന്‍ഗണന നല്‍കുന്നത്. ജനപ്രതിനിധി വോട്ടര്‍മാരുടെ ഒപ്പം എപ്പോഴും ഉണ്ടാവണം എന്ന നിര്‍ബന്ധം ഇവിടെയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അപ്പുറത്തേക്ക് ജനപ്രതിനിധിയുടെ വ്യക്തിപരമായ സ്വാധീനം വോട്ടുകളെ സ്വാധീനിക്കാറുണ്ട്.
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, തലവൂര്‍, വിളക്കുടി എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം. തദ്ദേശതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ ആറും നേടിയ യു.ഡി.എഫ്, ചരിത്രത്തിലാദ്യമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലും വിജയിച്ചു. പത്തനാപുരം ടൗണ്‍ വാര്‍ഡുകളില്‍ നഗര വികസനവും ഗതാഗത സംവിധാനങ്ങളുമാണ് പ്രധാന വിഷയം. ഗ്രാമപ്രദേശങ്ങളില്‍ ക്ഷേമ പെന്‍ഷനുകളും കൃഷിയുമാണ് ചര്‍ച്ചയാകുന്നത്. ആശുപത്രികളും സ്‌കൂളുകളും കേന്ദ്രീകരിച്ചുള്ള സേവനങ്ങളെക്കുറിച്ച് വോട്ടര്‍മാര്‍ സസൂക്ഷ്മം വിലയിരുത്തുന്നു. ജംഗ്ഷനുകളും വാണിജ്യ കേന്ദ്രങ്ങളും രാഷ്ട്രീയ ചര്‍ച്ചകളുടെ പ്രധാന വേദികളായി മാറുന്നു.
2001-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് നിന്ന് നിയമസഭാംഗമായതോടെയാണ് ഗണേഷിന്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021) പത്തനാപുരത്ത് നിന്ന് തുടര്‍ച്ചയായി ജയിച്ച് നിയമസഭാംഗമായി തുടരുന്ന ഗണേഷ് കുമാര്‍ രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 2001-ലെ എ.കെ ആന്റണി മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായ ഗണേഷ് 2003-ല്‍ പിതാവ് ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിയാകാന്‍ വേണ്ടി രാജി വയ്ക്കുകയായിരുന്നു.
2011-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന ഗണേഷ് ഭാര്യയുമായുള്ള വിവാഹ മോചന തര്‍ക്കത്തെ തുടര്‍ന്ന് 2013-ല്‍ രാജിവച്ചു. കേരള കോണ്‍ഗ്രസ് ബിയുടെ ചെയര്‍മാനായി തുടരുന്ന 2001 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭാംഗമായ ഗണേഷ് കുമാര്‍ രണ്ടാം പിണറായി മന്ത്രിസഭ പുന:സംഘടനയുടെ ഭാഗമായി 2023 ഡിസംബര്‍ 29-ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു.
കോണ്‍ഗ്രസ് വക്താവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ജ്യോതികുമാര്‍ ചാമക്കാല പുതുതലമുറ രാഷ്ട്രീയക്കാരിലെ മികച്ച സംവാദകനും ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഒഴിച്ചുകൂടാനാകത്ത മുഖവുമാണ്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ രാഷ്ട്രീയ രംഗത്ത് ഇറങ്ങിയ ചാമക്കാല അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കെ.എസ്.യുവില്‍ അംഗമാകുന്നത് .1987-89 കാലത്ത് അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെ.എസ്.യു ഭാരവാഹി ആയി. പിന്നീട് തുടര്‍ പഠനത്തിനായി തിരുവനന്തപുരം എം.ജി കോളേജിലെത്തിപ്പോഴും പഠനത്തിനൊപ്പം തന്നെ കെ.എസ്.യു പ്രവര്‍ത്തനങ്ങളിലും ചാമക്കാല സജീവമായിരുന്നു.
2002-ലാണ് ചാമക്കാല അഞ്ചല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയാകുന്നത്. പിന്നീട് 2004 മുതല്‍ 2007 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി 2007 മുതല്‍ 2012 വരെയും അദ്ദേഹം പ്രവര്‍ത്തിച്ചു. 2012 മുതല്‍ 2020 വരെ കെ.പി.സി.സി സെക്രട്ടറിയായിരുന്നു അദ്ദേഹം. 2020 മുതല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ്. കേരളാ സര്‍വ്വകലാശാല സെനറ്റ് അംഗമായും സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്ലനേട്ടമുണ്ടാക്കിയ ആത്മവിശ്വസവുമായാണ് എന്‍.ഡി.എയും മത്സരരംഗത്തുള്ളത്. മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും മാനേജ്മെന്റ്വിദഗ്ധനുമായ എസ് അനില്‍കുമാറാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. ട്വന്റി 20യ്ക്ക് സീറ്റ് നല്‍കിയതില്‍ ബി.ജെ.പി അണികള്‍ അമര്‍ഷത്തിലാണ്. ഇത് ഏതുനിലയില്‍ പ്രതിഫലിക്കുമെന്നത് പ്രധാനമാണ്. സംഘടനാപരമായി ബി.ജെ.പി ഇവിടെ സജീവമാണെങ്കിലും, പ്രധാന പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് നടക്കുന്നത്. ബി.ജെപ.ിക്ക് നിശ്ചിത വോട്ട് ബാങ്ക് ഉണ്ടെങ്കിലും അത് തിരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയില്‍ അട്ടിമറിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല. വ്യക്തിപരമായ നേതൃത്വവും സംഘടനാ ശക്തിയും ഒത്തുചേരുന്നയിടത്താണ് ഇവിടെ വിജയം തീരുമാനിക്കപ്പെടുന്നത്.