Image

കാത്തിരിക്കുന്നത് കൊടും ചൂട്: സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്

Published on 23 March, 2026
 കാത്തിരിക്കുന്നത് കൊടും ചൂട്:  സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില ഉയരും. ഈ സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. പാലക്കാട് ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർകോട് എന്നീ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയുള്ള അധിക താപനിലയാണ് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തുന്നത്. 

ചൂട് കൂടുന്നത് കണക്കിലെടുത്ത് ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ചൂടിനൊപ്പം അൾട്രാവയലറ്റ് രശ്മികളുടെ വികിരണ തോതും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ആറിടത്താണ്. കൊട്ടാരക്കര(കൊല്ലം), കോന്നി(പത്തനംതിട്ട), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം) എന്നിവിടങ്ങളിലാണ് അതീവ ജാ​ഗ്രത നിർദേശത്തിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇത് പ്രകാരം ജനങ്ങൾ ​ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് എട്ടു മുതല്‍ പത്തുവരെയാണ് ഓറഞ്ച് അലര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്.

മൂന്നാർ(ഇടുക്കി), കളമശ്ശേരി(എറണാകുളം), ഒല്ലൂർ(തൃശ്ശൂർ), ബേപ്പൂർ(കോഴിക്കോട്), മാനന്തവാടി(വയനാട്) എന്നിവിടങ്ങളി‍ൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

പൊതുജനങ്ങൾക്കുള്ള ജാ​ഗ്രതാ നിർദേശങ്ങൾ 

പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. 

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. ആയതിനാൽ ഇവിങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക