Image

ചേർപ്പുങ്കൽ അഗാപ്പേഭവനിൽ ആഘോഷമൊരുക്കി ചിക്കാഗോ സെൻറ് മേരീസ് മിഷൻ ലീഗ് യൂണിറ്റ്

Published on 23 March, 2026
ചേർപ്പുങ്കൽ അഗാപ്പേഭവനിൽ ആഘോഷമൊരുക്കി ചിക്കാഗോ സെൻറ് മേരീസ് മിഷൻ ലീഗ് യൂണിറ്റ്

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ അഗാപ്പഭവനിലെയും ഗുഡ് സമിരിറ്റൻ റിസോഴ്സ് സെന്ററിലെയും തൊഴിൽപരമായ പരിശീലനം നേടുന്ന അന്ധരും ബധിരരുമായ ഏകദേശം 45ഓളം ഭിന്നശേഷിയുള്ള കുട്ടികൾക്കായി വാർഷിക ജന്മദിനാഘോഷം സംഘടിപ്പിച്ചു. ഇടവകയിലെ മിഷൻ ലീഗ് യൂണിറ്റ് മാസങ്ങളായി നടത്തിവരുന്ന “Share with Joy, Pray with Care” എന്ന ജന്മദിന ചാരിറ്റി പദ്ധതിയുടെ ഭാഗമായാണ് ഈ ആഘോഷം സംഘടിപ്പിച്ചത്. കോട്ടയം അതിരൂപത മിഷൻ ലീഗ് ചാപ്ലിൻ ഫാ. ഫാ. ജെഫിൻ ഉഴുങ്ങാലിയുടെ നേതൃത്വത്തിലാണ് അഗാപ്പേ ഭവനിലെ പരിപാടികൾ ക്രമീകരിച്ചത്. വാർഷിക ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രതിനിധിയും സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ കൈക്കാരൻ സണ്ണി കണ്ണാലയും ഫാ. ജെഫിൻ ഉഴുങ്ങാലിയും ഒരുമിച്ച് ചേർന്ന് കേക്ക് മുറിച്ച് കുട്ടികൾക്ക് വിതരണം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും എല്ലാ കുട്ടികൾക്കും ജന്മദിന സമ്മാനങ്ങളും ഒരുക്കിയിരുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട Prayer Dedication മാർച്ച് 22-ന് ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇടവക വികാരി ഫാദർ സിജു മുടക്കോടിയിൽ കുട്ടികളുടെ വിശുദ്ധ കുർബാനയ്ക്കുശേഷം നിർവഹിച്ചു. ഈ പ്രാർത്ഥന ശുശ്രൂഷയിൽ മാർച്ച് മാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന ഇടവകാംഗങ്ങളെയും അഗാപ്പേ ഭവനിലെ എല്ലാ കുട്ടികളെയും പ്രത്യേകമായി അനുസ്മരിച്ചു. ഇടവകയിലെ മിഷൻ ലീഗ് യൂണിറ്റ് സ്പിരിച്ചൽ ഡയറക്ടർ ഫാദർ അനീഷ് മാവേലി പുത്തൻപുരയിലും സന്നിഹിതനായിരുന്നു.

നോർത്ത് അമേരിക്കയിലെ ക്നാനായ റീജിയണിന്റെ മുൻ വികാരി ജനറൽ ഫാ. എബ്രഹാം മുത്തോലത്ത് സ്ഥാപിച്ച അഗാപ്പേ ഭവനവും ഗുഡ് സമിരിറ്റൻ റിസോഴ്സ് സെൻററും ഇപ്പോൾ കോട്ടയം അതിരൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. വൈകല്യമുള്ള വ്യക്തികളുടെ സമഗ്ര വികസനത്തിനും പുനരധിവാസത്തിനുമായി വിവിധ സേവനങ്ങളും പദ്ധതികളും ഇവിടെ നടപ്പിലാക്കപ്പെടുന്നു. വൊക്കേഷണൽ ട്രെയിനിംഗ്, പിന്തുണയും പുനരധിവാസവും ഉൾക്കൊള്ളുന്ന പരിശീലന പരിപാടികൾ, കൂടാതെ വരുമാനസൃഷ്ടിക്കുള്ള അവസരങ്ങൾ എന്നിവയിലൂടെ കുട്ടികളും യുവാക്കളും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും പ്രോത്സാഹനം ലഭിക്കുന്നു. സുരക്ഷിതവും സ്നേഹപൂർണവുമായ അന്തരീക്ഷത്തിൽ പരിശീലനം ലഭിക്കുന്നവർ ജീവിതത്തിനാവശ്യമായ അടിസ്ഥാനകൗശലങ്ങൾ അഭ്യസിക്കുകയും സ്വയംമൂല്യബോധം വളർത്തുകയും ചെയ്യുന്നു. സമർപ്പണബോധവും കരുണയും നിറഞ്ഞ പരിശീലകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഓരോരുത്തരുടെയും വ്യക്തിഗത കഴിവുകൾ തിരിച്ചറിഞ്ഞ് വളർത്തുന്നതിനാണ് അഗാപ്പേ ഭവൻ പ്രത്യേക ശ്രദ്ധ നൽകുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ പരിശീലനം നേടുന്നവർക്ക് പ്രത്യാശയും ആത്മവിശ്വാസവും നൽകി കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വീണ്ടും ചേരാൻ ഈ കേന്ദ്രം സഹായിക്കുന്നു. ഈ പരിപാടികൾക്ക് നേതൃത്വം നൽകി കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ സി.ജോയിസി (SVM)യും ,സി. അജോ (DCPB)യും പ്രധാന പങ്ക് വഹിക്കുന്നു.

അഗാപ്പേ ഭവനിൽ നടന്ന ആഘോഷങ്ങളിൽ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തെ പ്രതിനിധീകരിച്ച് കൈക്കാരൻ സണ്ണി കണ്ണാലയും ചെമ്മാച്ചേൽ മത്തച്ചനും പങ്കെടുത്തു. ഇടവക വികാരി ഫാദർ സിജു മുടക്കോടിയുടെ മാർഗ്ഗനിർദ്ദേശത്തിൽ ഇടവകയിലെ മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടർ ജോജോ ആനാലി കോട്ടയം അതിരൂപത മിഷൻ ലീഗ് ഡയറക്ടർ ഫാദർ ജെഫിൻ ഒഴുങ്ങാലിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻറെ നേതൃത്വത്തിലാണ് അഗാപ്പേ ഭവനിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. 500 ഓളം കുട്ടികൾ വിശ്വാസ പരിശീലനം നടത്തുന്ന ഇടവകയിലെ മതബോധന സ്കൂളിലെ 180 ഓളം കുട്ടികളാണ് ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. സജി പൂത്തുറക്കിയിൽ മനീഷ് കൈമൂലയിൽ എന്നിവർ ഈ മതബോധന സ്കൂളിൻറെ ഡയറക്ടേഴ്സ് ആയി സേവനമനുഷ്ഠിച്ചുവരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക