
കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിയിൽ വെള്ളാപ്പള്ളി നടേശനും മകനും കൂട്ടർക്കും ആശ്വാസം. ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് അടക്കമുള്ളവർക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാം.
എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവത്തിൽ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് നടപടി. മാർച്ച് 16നാണ് വെള്ളാപ്പള്ളി അപ്പീൽ സമർപ്പിച്ചത്. എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ അപ്പീൽ സമർപ്പിച്ചത്.
അപ്പീലിൽ എതിർകക്ഷികൾക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നോട്ടിസ് അയച്ചു. അപ്പീലുകൾ അന്തിമ വാദത്തിനായി ജൂണിൽ പരിഗണിക്കും. സിംഗിൾ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് കാണിച്ചാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നായിരുന്നു അപ്പീലിലെ വാദം.