Image

ആത്മാവിന്‍ കാല്‍വരിതന്നില്‍- (കവിത: മാര്‍ഗരറ്റ് ജോസഫ് )

മാര്‍ഗരറ്റ് ജോസഫ് Published on 23 March, 2026
ആത്മാവിന്‍ കാല്‍വരിതന്നില്‍- (കവിത: മാര്‍ഗരറ്റ് ജോസഫ് )

ആത്മാവിന്‍ കാല്‍വരിതന്നില്‍,
ആരാരുമറിയാതെ നാഥാ,
അങ്ങയെ കുരിശിലേറ്റുന്നു,
ഒന്നല്ലൊ, രായിരം വട്ടം;
പാപങ്ങള്‍ ഭാരം ചുമത്തി,
ക്രൂരത കുന്തമായ് കുത്തി,
സ്വാര്‍ത്ഥത ചമ്മട്ടിയാക്കി,
ഒന്നല്ലൊരായിരം വട്ടം;

ദുഷ്ടത ചുറ്റിക തീര്‍ത്തു,
വിദ്വേഷ, മാണികളാക്കി,
ശത്രുത മുള്‍മുടിചാര്‍ത്തി,

ഒന്നല്ലൊരായിരം വട്ടം;
ഉള്‍പ്പക, യാഞ്ഞടിക്കുന്നു,
നിര്‍ദ്ദയമാനയിക്കുന്നു,
ആര്‍ത്തനായങ്ങു വീഴുന്നു,
ഒന്നല്ലൊരായിരം വട്ടം;

ആപാദചൂഡം തളര്‍ത്തി,
രക്തപുഷ്പങ്ങളടര്‍ത്തി,
പരിഹാസപാത്രമാക്കുന്നു,
ഒന്നല്ലൊരായിരം വട്ടം;

ഈ വഴിയാത്രയിലാരെ-
മാടിവിളിക്കുന്നു ചാരെ?
മറ്റാരെ, യങ്ങെയല്ലാതെ-
സ്‌നേഹാര്‍ദ്രമൂര്‍ത്തിയായെന്നും.

കാതരനേത്രങ്ങള്‍, താതാ!
കാരുണ്യസാഗരമല്ലെ?
പാപങ്ങളെല്ലാം ക്ഷമിച്ചീ-
പാപിക്ക് മാപ്പു നല്‍കില്ലെ?
ഒന്നല്ലൊരായിരം വട്ടം...
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക