
ഈ ശാന്തത ഞാൻ കടം കൊണ്ടതാണ്
പിറക്കാത്ത കുഞ്ഞിൻ്റെ ചോരക്കട്ടയിൽ നിന്ന്
രാത്രിയുടെ കരുവാളിച്ച മുഖത്ത്
ചാട്ടയുടെ തീ വെളിച്ചം
കടലിൻ്റെ കണ്ണുകളിൽ
മനുഷ്യ ശവങ്ങൾ കരടായി നീറ്റുന്നു
അമ്മേ, നിൻ്റെ മുലപ്പാൽ വറ്റുന്നതെന്തുകൊണ്ട്
ഭൂമിക്കും ആകാശത്തിനും നൂലു കോർത്ത്
മുലയൂട്ടി പോറ്റിയ കരുത്തിൻ്റെ പക്ഷി
പെറ്റുവീണ മാംസക്കരങ്ങളിൽ
കൊടുവാളിൻ്റെ വെള്ളിത്തിളക്കം
നിൻ്റെ മക്കളെല്ലാം പിശാച്ചുക്കളായ്
മത്തു പിടിച്ച പോക്കിരികളായ്
തുഴയാതെ കുഴയുന്ന വാതരോഗികളായ്
കൈമടക്കുകളിലെ കരുണയുടെ മണിക്കിലുക്കം
ആർത്തിപൂണ്ട കാളിന്ദി കുടിച്ചു വറ്റിച്ചു
അഴിക്കാനും പിരിക്കാനും കഴിയാതെ
കൊടുംപിരികൊണ്ട് ഒരു അലങ്കാരമത്സ്യം
ശീമ പന്നിക്കൊപ്പം മണ്ണിലിഴയുന്നുണ്ട്
കാലത്തിനും കടലിനുമിടയിലുള്ള
പതിരിക്കാതെ പൊടിഞ്ഞു പോയ
ഗർഭ പാത്രത്തിൻ്റെ ഇരുണ്ട ഗുഹയിലെ
ചോരഭിത്തികളിലെ അടങ്ങാത്ത തിരമാലകൾ
ഏകാന്തതകളിൽ ഒഴുകിയെത്തുന്ന കാറ്റിനുമുണ്ട്
കെട്ട ചോരയുടെ രൂക്ഷഗന്ധം
മരണത്തിൻ്റെ മരവിപ്പ്
ഞാനൊരു ഗാന്ധാരിയാകാൻ വിധിക്കപ്പെട്ടു കഴിഞ്ഞു.
അന്ധകാരത്തിൻ്റെ കറുപ്പണിത്ത
നാണം കെട്ട മക്കൾക്കു വേണ്ടി .