
പീഡനക്കേസിലൂടെ സ്വന്തം രാഷ്ട്രീയ ഭാവി തുലച്ച് കുപ്രസിദ്ധനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് മണ്ഡലം കോടിപതികളുടെ പോരാട്ടം കൊണ്ട് പ്രസശസ്തമാവുകയാണ്. ഇവിടെ മത്സരിക്കുന്ന മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും കോടിപതികളാണ്. യു.ഡി.എഫ്. സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്ക് 3.66 കോടി രൂപയുടെ ആസ്തിയുണ്ട്. എല്‍.ഡി.എഫിന്റെ എന്‍.എം.ആര്‍ റസാഖിന് 2.70 കോടി രൂപയുടെയും എന്‍.ഡി.എയുടെ തീപ്പൊരി ശോഭാസുരേന്ദ്രന് 1.95 കോടി രൂപയുടെയുടെയുംസ്വത്തുണ്ട്. നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സ്വത്തു വിവരത്തിലാണ് ഇക്കാര്യം വിവരിക്കുന്നത്.
പിഷാരടിയുടെ കൈവശം ഇപ്പോള്‍ 25,000 രൂപയും അഞ്ചുപവന്‍ സ്വര്‍ണവുമുണ്ട്. 97 ലക്ഷം രൂപ വിലവരുന്ന പാര്‍പ്പിടഭൂമിയും സ്വന്തമായുണ്ട്. ഭാര്യ സൗമ്യ രമേഷിന് 85.61 ലക്ഷം രൂപ മൂല്യമുള്ള സ്വത്തും 50 പവന്‍ സ്വര്‍ണവുമുണ്ട്. പിഷാരടിക്കെതിരേ പോലീസ് കേസുകളൊന്നുമില്ല. ഒരു കേസിലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുമില്ല. ഭവനവായ്പയും മറ്റുമായി രമേഷിന് 1.67 കോടി രൂപയുടെ ബാധ്യതയുണ്ട്. ഭാര്യയ്ക്ക് 2.49 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ട്.
ശോഭാ സുരേന്ദ്രന്റെ കൈവശം എട്ടുപവന്‍ സ്വര്‍ണാഭരണങ്ങളുണ്ട്. കൈവശം 23,000 രൂപയുണ്ട്. ഇന്നോവ ക്രിസ്റ്റ കാര്‍ സ്വന്തമായുണ്ട്. സമരങ്ങളുടെയും മറ്റുമായി മുപ്പതിലേറെ കേസുണ്ട് ശോഭയുടെ പേരില്‍. ഭര്‍ത്താവിന്റെ കൈവശം രണ്ടരപ്പവന്‍ സ്വര്‍ണമുണ്ട്. എന്‍.എം.ആര്‍ റസാഖിന് 28.65 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. റസാഖിനെതിരേ കേസുകളില്ല. ഒരുകേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കൈവശം രണ്ടുലക്ഷം രൂപയും സ്വന്തം പേരില്‍ 1.38 ലക്ഷം രൂപ ബാങ്ക് നിക്ഷേപവുമുണ്ട്. ഭാര്യയ്ക്ക് 48 പവന്‍ സ്വര്‍ണാഭരണങ്ങളും മകള്‍ക്ക് 10 പവന്‍ സ്വര്‍ണാഭരണങ്ങളുമുണ്ട്. ബിസിനസില്‍ നിന്നുള്ള വരുമാനമാണ് ആസ്തികളിലേറെയും.
പാലക്കാട് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. സി.പി പ്രമോദ് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണത്തേത്. 2021-ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലമാണ് പാലക്കാട്. വോട്ടെണ്ണല്‍ തുടങ്ങി അവസാന മണിക്കൂറുകള്‍ വരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മെട്രോമാന്‍ ഇ ശ്രീധരനാണ് ലീഡ് ചെയ്തതിരുന്നത്. അവസാന നിമിഷത്തിലെ ഫോട്ടോഫിനിഷിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പില്‍ 3859 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. കഴിഞ്ഞ തവണ ഇ ശ്രീധരന്‍ നടത്തിയ മുന്നേറ്റം ഇക്കുറിയും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാലക്കാട്ടെ ബി.ജെ.പി ക്യാമ്പ്.
2016-ല്‍ കോണ്‍ഗ്രസിലെ ഷാഫി പറമ്പിലായിരുന്നു ശോഭയുടെ എതിരാളി. 17,483 വോട്ടിനാണ് ഷാഫി ജയിച്ചത്. അന്ന് 57559 വോട്ടുകള്‍ ഷാഫി നേടിപ്പോള്‍ ശോഭ 40,076 വോട്ടുകള്‍ നേടി. ഇടതു മുന്നണി സ്ഥാനാര്‍ഥി എന്‍.എന്‍ കൃഷ്ണദാസിന് 38675 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. 2006 വരെ ഇടതുകോട്ടയായിരുന്ന പാലക്കാട്ട് കോള്‍ഗ്രസ് തേരോട്ടം ആരംഭിച്ചത് ഷാഫി പറമ്പിലാണ്. 2011 മുതല്‍ 2024 വരെ മണ്ഡലത്തില്‍ എം.എല്‍.എ ആയിരുന്ന ഷാഫി 2024 ലോകസഭ തിരഞ്ഞെടുപ്പോടെ വടകരയില്‍ വിജയിച്ചതോടെയാണ് പാലക്കാട് വിടുന്നത്. ഷാഫി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം 18,840 ആയി ഉയര്‍ത്തിയിരുന്നു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പി സരിന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂര്‍ താലൂക്കിലെ മാത്തൂര്‍ ഗ്രാമപഞ്ചായത്തും ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട് നിയമസഭാ മണ്ഡലം പാലക്കാട് നഗരസഭാ ഭരണം നിലവില്‍ ബി.ജെ.പിക്കാണ്. മൂന്ന് പഞ്ചായത്തുകളിലായി പത്തിലധികം വാര്‍ഡുകള്‍ ബി.ജെ.പിക്ക് ഉണ്ട്. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ നിഷ്പക്ഷ വോട്ടുകളും, സ്ത്രീ വോട്ടുകളും ശോഭാസുരേന്ദ്രനിലൂടെ നേടാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം.
മണ്ഡലത്തിന്റെ ബി.ജെ.പിയുടെ വളര്‍ച്ച വളരെ വ്യക്തമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. 2011 വരെ ഇടതു മുന്നണിയും ഐക്യ മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. എന്നാല്‍, 2016-ഓടെ ചിത്രം മാറി. പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി ആദ്യമായി രണ്ടാം സ്ഥാനത്തെത്തി. ശോഭ സുരേന്ദ്രന്‍ 40,000-ത്തില്‍ അധികം വോട്ടുകളാണ് പിടിച്ചത്. 201-ല്‍ സി ഉദയഭാസ്‌കര്‍ മത്സരിച്ചപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ചത് 22,317 വോട്ടുകള്‍ മാത്രമായിരുന്നു. തുടര്‍ന്ന് 2021-ല്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ ബി.ജെ.പിക്ക് വേണ്ടി കളത്തിലിറങ്ങിയതോടെ മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.
ശ്രീധരന്റെ വരവോടെ മണ്ഡലത്തില്‍ കാവി വോട്ടുകളുടെ എണ്ണം 50,000 കടന്നു. ഇത്തവണ പാലക്കാട് വീണ്ടും ശോഭ സുരേന്ദ്രനെ ഇറക്കിയാണ് ബി.ജെ.പി മണ്ഡലം പിടിക്കാന്‍ ശ്രമിക്കുന്നത്. വലിയ തോതിലുള്ള സ്ത്രീപക്ഷ വോട്ടുകളും ഒപ്പം തന്നെ ഹിന്ദു ന്യൂനപക്ഷ വോട്ടുകളും സമാഹരിക്കാന്‍ കഴിയും എന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. 2015 ശേഷം ബി.ജെ.പിയെ പാലക്കാട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിച്ച ഒരു സ്ഥാനാര്‍ഥി കൂടിയായിരുന്നു ശോഭ. ഇന്ന് പത്തു വര്‍ഷം മറികടക്കുമ്പോള്‍ ബി.ജെ.പിക്ക് ശക്തമായ വോട്ട് ബാങ്കും, ഭരണമുള്ള ഒരു നഗരസഭയും ബി.ജെ.പിയുടെ കയ്യിലുണ്ട് എന്നതും വലിയ നേട്ടമാണ്.
പാലക്കാട്ട് യു.ഡി.എഫിന്റെ സാരഥി സിനിമക്കാരനായ രമേഷ് പിഷാരടിയല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രമേഷ് പിഷാരടിയാണെന്ന് പിഷാരടി തന്നെ പറയുന്നു. പിഷാരടി, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പിന്‍ഗാമിയാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. സംശയിക്കേണ്ട, അത് തിരഞ്ഞെടുപ്പിലൂടെയാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. എം.എല്‍.എയായിരിക്കെ രാഹുല്‍ ബലാത്സംഗക്കേസില്‍ കുടുങ്ങിയത് കോണ്‍ഗ്രസിന് ആകെ നാണക്കേടുണ്ടാക്കിയ സംഭവമാണ്. ഇതോടെ രാഹുലിനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് കോണ്‍ഗ്രസ് പുറത്താക്കി. എന്നാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കാന്‍ രാഹുല്‍ തയാറായില്ല. രമേഷ് പിഷാരടിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഉണ്ടാവില്ല എന്നതും ജനങ്ങള്‍ നോക്കി കാണും. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയാണ് പാലക്കാടെന്ന് തന്നെയാണ്.
സ്ഥലത്തെ പ്രമുഖ ഹോട്ടല്‍ വ്യവസായിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എന്‍.എം.ആര്‍. റസാഖ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി സരിന് ഇത്തവണ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. ഇടത് സ്വതന്ത്രനായാണ് റസാഖ് മത്സരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്ന കണക്കു കൂട്ടലിലാണ് എല്‍.ഡി.എഫ് റസാഖിനെ രംഗത്തിറക്കിയത്.