Image

വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായുടെ അഞ്ചാം ചരമ വാര്‍ഷികത്തില്‍ആദരാഞ്ജലികളോടെ കുടുംബാംഗങ്ങള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 22 March, 2026
വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായുടെ അഞ്ചാം ചരമ വാര്‍ഷികത്തില്‍ആദരാഞ്ജലികളോടെ കുടുംബാംഗങ്ങള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

അഞ്ചു ശിശിരങ്ങളാര്‍ദ്ര ദിനങ്ങളായ് മാഞ്ഞുപോയ്
നെഞ്ചിലാ ദൈന്യചിത്രം നിത്യം തെളിയുന്നൊരാധിയായ്
മര്‍ത്യനീ മന്നിതില്‍ നശ്വരനാണെന്നറിയിലും
ഇത്രമേല്‍ വേദനയാണെന്നറിഞ്ഞില്ല ദൈവമേ!
ഇന്നും തപിപ്പൂ ഞാന്‍ വൈധവ്യദുഃഖത്തിന്‍ തീച്ചൂളയില്‍
എന്നും നിശാവേളയെത്തവേ ഇരുള്‍ പരന്നീടവേ
ഇന്നത്തെപ്പോലെ ഞാനോര്‍ക്കുന്നാ ദൈന്യതാദൃശ്യത്തില്‍,
ഒന്നും ചിന്തയിലില്ലാതെ വിമൂകം ഞാന്‍ നില്‍ക്കവേ
മൃത്യുതല്പത്തില്‍ കിടന്നാ മേനി ജീവച്ഛവമായ്
നിര്‍വികാരനായ് മൃത്യവേ കാത്തു ശാന്തം കിടക്കവേ
വേഗമാ 'വെന്റിലേറ്റര്‍' നിര്‍ത്തവേ ഒന്നുമറിയാതാ
ആത്മാവു പോയതും എന്നുമെന്‍ നീറ്റലായ് ശേഷിപ്പൂ. !
പുഷ്‌ക്കലമാര്‍ന്നൊരെന്‍ ജീവിതശാഖികള്‍ ശുഷ്‌ക്കമായ്
ജീവസറ്റൊരു തരുവാണു ഞാനെന്നതത്രേ സത്യം !
ആരും വരാതെയീയേകാന്ത വേശത്തിലേകാകി ഞാന്‍
ഏകാന്തപഥിക ഞാനെന്‍ പ്രിയ കാന്തന്റെയാത്മാവെന്‍
സാന്നിധ്യമായുണ്‍ടെന്നുള്ളാശ്വാസമാര്‍ന്നു ഞാന്‍ നാളുകള്‍
പുത്രര്‍ക്കു തണലായ് ജീവിച്ചു തീര്‍ക്കുന്നു ദിനേദിനേ,
ആണ്‍തുണപോകെയാര്‍ക്കും ഭാരമാകാതീ ജീവിതം
ജീവിച്ചു തീര്‍ക്കണ മന്ത്യം വരെയെന്നാണെന്നര്‍ത്ഥന!
തപ്തസ്മരണകള്‍ പ്രാര്‍ത്ഥനാ മന്ത്രണ വീചികള്‍
മാത്രമെന്‍ പ്രിയ കാന്തസ്മരണയില്‍ നേദിപ്പേന്‍ !!
…………………..

വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായുടെ അഞ്ചാം ചരമ വാര്‍ഷികത്തില്‍ആദരാഞ്ജലികളോടെ കുടുംബാംഗങ്ങള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
ബെന്നി 2026-04-01 05:42:01
"ആണ്‍തുണപോകെയാര്‍ക്കും ഭാരമാകാതീ ജീവിതം ജീവിച്ചു തീര്‍ക്കണ മന്ത്യം വരെയെന്നാണെന്നര്‍ത്ഥന!" ഉള്ളിൽ കൊളളുന്ന വരികൾ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക