
ശബരിമല അയ്യപ്പന്റെ സ്വന്തം ജില്ലയായ പത്തനംതിട്ട ജില്ലയിലെ ആറന്‍മുളയില്‍ പ്രമാദമായ സ്വര്‍ണക്കൊള്ളയുടെ ശക്തമായ പ്രചാരണക്കാറ്റ് വീശുന്നുണ്ട്. അതിനാല്‍ത്തന്നെ മണ്ഡലത്തില്‍ മൂന്നാം വട്ടവും ജനവിധി തേടുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാഷ്ട്രീയ ആരോഗ്യം അത്ര പന്തിയില്ല. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യുക്കാര്‍ ആക്രമിച്ചുവെന്ന് പറയപ്പെടുന്നതിന്റെ 'കഴുത്തുളുക്ക് അസ്‌ക്യത'യുടെ നാണക്കേട് പൂര്‍ണമായും മാറാത്തതിനാലും അബില്‍ വര്‍ക്കിയെന്ന കോണ്‍ഗ്രസിന്റെ യുവരക്തം നേരിട്ട് അങ്കം കുറിച്ചതിനാലും വീണയുടെ ചരിത്രം ഇക്കുറി ആവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവില്ല.
കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ നിയമസഭ മണ്ഡലങ്ങളിലൊന്നാണ് ആറന്മുള. ഇടതു മുന്നണിയോട് ചായ്വുള്ള മണ്ഡലങ്ങളില്‍ ഒന്നുകൂടിയാണിത്. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിലും ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. എന്നാല്‍ ഇവിടെ ആരെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തുമെന്ന കാര്യത്തില്‍ മുന്നണികള്‍ക്കിടയില്‍ തുടക്കം മുതല്‍ക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് തന്നെയാണ് അക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വലഞ്ഞതും. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ഉണ്ടായ വിവാദങ്ങള്‍കൊടുവിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ആയി പാര്‍ട്ടി അബിന്‍ വര്‍ക്കിയുടെ പേര് പ്രഖ്യാപിക്കുന്നത്. ഒരിക്കല്‍ യു.ഡി.എഫിന്റെ കയ്യിലായിരുന്ന ആറന്മുള മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായാണ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി വിയര്‍പ്പൊഴുക്കുന്നത്.
2016 മുതല്‍ സി.പി.എമ്മിലെ വീണാ ജോര്‍ജ്ജാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ (2021) മന്ത്രി വീണ ജോര്‍ജ് കോണ്‍ഗ്രസിലെ കെ ശിവദാസന്‍ നായരെ 16,796 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 73,450 വോട്ടുകള്‍ നേടിയായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ വിജയം. കെ ശിവദാസന്‍ നായര്‍ക്ക് 56,654 വോട്ടുകളാണ് നേടാനായത്. ബി.ജെ.പിയുടെ ബിജു മാത്യുവിന് 21,099 വോട്ടുകളും ലഭിച്ചു. ഇത്തുറി വീണാ ജോര്‍ജിനും അബിന്‍ വര്‍ക്കിക്കും പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും ഒന്ന് പയറ്റി നോക്കാന്‍ കളത്തിലുണ്ട്. മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ പ്രചാരണം പൊടിപൊടിക്കുകയാണ്.
എല്ലാ രാഷ്ട്രീയ മുന്നണികളും ഒരുപോലെ സാന്നിധ്യം തെളിയിക്കുന്ന മണ്ഡലമാണിത്. കാലക്രമേണ ഒട്ടേറെ മാറ്റങ്ങള്‍ക്ക് മണ്ഡലം വഴങ്ങിയെങ്കിലും എല്‍.ഡി.എഫ് അനുകൂല നിലപാടുകള്‍ വിട്ടുകളഞ്ഞിട്ടില്ല. ശക്തമായ രാഷ്ട്രീയ മത്സരം, സ്ഥാനാര്‍ഥികളുടെ വ്യക്തിപരമായ സ്വാധീനം, പ്രാദേശിക പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നു. പത്തനംതിട്ട ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ആറന്മുള നിയമസഭാമണ്ഡലം. കോഴഞ്ചേരി താലൂക്കില്‍ ഉള്‍പ്പെടുന്ന പത്തനതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂര്‍ എന്നീ പഞ്ചായത്തുകളും, തിരുവല്ല താലൂക്കില്‍ ഉള്‍പ്പെടുന്ന ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളും ചേര്‍ന്ന നിയമസഭാമണ്ഡലമാണ് ആറന്‍മുള.
നിലവില്‍ യു.ഡി.എഫ് ഭരിക്കുന്ന പത്തനംതിട്ട നഗരസഭ, ആറന്മുള, ചെന്നീര്‍കര, ഇലന്തൂര്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, മെഴുവേലി, നാരങ്ങാനം, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി പഞ്ചായത്തുകളും ഇടതുമുന്നണി അധികാരത്തിലുള്ള കുളനട പഞ്ചായത്തും എന്‍.ഡി.എ ഭരിക്കുന്ന ഓമല്ലൂര്‍ പഞ്ചായത്തും അടങ്ങുന്നതാണ് ആറന്‍മുള നിയമസഭാ മണ്ഡലം. മണ്ഡലം ഉള്‍പ്പെടുന്ന മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടെണ്ണം യു.ഡി.എഫും ഒരിടത് എല്‍.ഡി.എഫും ആണ് ഭരിക്കുന്നത്.ആകെ 2,13,732 വോട്ടര്‍മാറാണ് മണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ 1,11,245 സ്ത്രീ വോട്ടര്‍മാരും 1,02,487 പുരുഷന്‍ വോട്ടര്‍മാരുമാണുള്ളത്.
മൂന്നാം തവണയും മിന്നും വിജയം നേടാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് വീണ ജോര്‍ജ്. എന്നാല്‍ മണ്ഡലത്തിലെ പഞ്ചായത്തുകളും നഗരസഭയും പിടിക്കാന്‍ സാധിച്ചതിനാല്‍ ഇത്തവണ അധികാരം തങ്ങളിലേക്കെത്തുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുമുണ്ട്. കുമ്മനം രാജശേഖരനെ വെച്ചൊരു ഗംഭീര പരീക്ഷണത്തിനാണ് ബി.ജെ.പി ഇറങ്ങിയിരിക്കുന്നത്. റോഡ്ഷോ നടത്തിയാണ് മന്ത്രി വീണ ജോര്‍ജ് മണ്ഡലത്തില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് വീണ ജോര്‍ജ് ജനവിധി തേടുന്നത്. പത്തനംതിട്ട തന്റെ ജന്മനാടാണെന്നും നാട്ടുകാര്‍ തന്നെ കരുതലോടെ ചേര്‍ത്തുപിടിക്കുന്നുണ്ടെന്നും വോട്ടര്‍മാരിലേക്കിറങ്ങുമ്പോള്‍ വലിയ സന്തോഷമാണുള്ളതെന്നും ആറന്മുള മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം അനിവാര്യമാണെന്നും വീണ ജോര്‍ജ് പറഞ്ഞയുന്നു.
പിണറായിയുടെ കീഴില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മണ്ഡലത്തില്‍ തുടരുന്ന വികസന മുരടിപ്പിനുള്ള മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് മണ്ഡലത്തില്‍ പുതുമുഖമായ അബിന്‍ വര്‍ക്കി വ്യക്തമാക്കുന്നു. മണ്ഡലത്തിലെ വികസന മുരടിപ്പിന് തെളിവാണ് പാതിവഴിയില്‍ നിലച്ചുപോയ അബാന്‍ മേല്‍പ്പാലമെന്നും ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ മണ്ഡലത്തില്‍ മുടങ്ങിക്കിടക്കുകയാണെന്നും അബിന്‍ ആരോപിച്ചു. ആറന്മുളയെ വീണ്ടെടുക്കാനുള്ള പോരാട്ടമാണിതെന്നും ശബരിമല സ്വര്‍ണക്കൊള്ളയുള്‍പ്പെടെ വിഷയങ്ങളില്‍ ജനങ്ങള്‍ ഇക്കുറി ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 'ഇനി എല്ലാം വര്‍ക്കാവും' എന്ന മുദ്രാവാക്യവുമയാണ് അബിന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
കേരളത്തിലെ ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന 'എ' ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ് ആറന്മുള. അതുകൊണ്ട് തന്നെ മുതിര്‍ന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെയാണ് പാര്‍ട്ടി ഇവിടെ സ്ഥാനാര്‍ഥി ആക്കിയിരിക്കുന്നത്. കുമ്മനം രാജശേഖരാന്‍ എന്ന രാഷ്ട്രീയ നേതാവിന് ആറന്മുള മണ്ഡലം അപരിചിതമല്ല. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ മുന്‍നിര നേതാവായിരുന്ന കുമ്മനത്തിന് മണ്ഡലത്തില്‍ ഏറെ സ്വീകാര്യതയുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ എത്തിയ കുമ്മനം രാജശേഖരന് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട നഗരത്തില്‍ സ്വീകരണം നല്‍കി. ആറന്‍മുളയില്‍ വിജയം ഉറപ്പാണെന്നും ആറന്‍മുളയെന്ന പൈതൃക ഗ്രാമത്തിന്റെ വികസനമാണ് ലക്ഷ്യമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.