Image

പവിത്രഭൂമി (കവിത: ഹിമ.വി., മുംബൈ)

Published on 21 March, 2026
  പവിത്രഭൂമി (കവിത: ഹിമ.വി., മുംബൈ)

കതിരൊളി ചിതറുന്ന പുലരിതൻ പുണ്യമായ്,
കനകവർണ്ണമണിയും ഈ മണ്ണെന്റെ സ്വർഗ്ഗം.
പല നൂറു പുഴകൾ തൻ പാദസര കിലുക്കമായ്,
പരമമാം ശാന്തിതൻ പവിത്രഭൂമി.

ആയിരം വേരുകൾ ആഴ്ന്നിറങ്ങിയ മണ്ണിൽ,
അൻപിന്റെ പൂക്കൾ വിരിയുന്നു വീണ്ടും.
ഭേദചിന്തകളില്ലാ ഭാരതപ്പുഴ പോലെ,
സ്നേഹത്തിൻ സാഗരം തേടി നാം ഒഴുകുന്നു.

ഒരു തരി മണ്ണിലും വീരഗാഥകൾ ഉറങ്ങുന്ന,
തിരുമുറ്റമാണീ പുണ്യഭൂമി.
തലമുറകൾ പകർന്നു നൽകിയ സത്യമായ്,
നെഞ്ചോട് ചേർക്കാം ഈ പവിത്രഭൂമി.

മലനിരകൾ കാവലായ് നിൽക്കുന്ന മണ്ണിൽ,
മനസ്സുകൾ ഒന്നായ് കൈകോർത്തു നിൽക്കാം.
പല ഭാഷ ചൊല്ലിയാലും ഒന്നാണീ നാദം,
പവിത്രമാം ഭാരത മണ്ണിലെ ഗീതം.

അറിവിന്റെ വെളിച്ചം നിറയുന്ന വീഥികൾ,
അതിരുകളില്ലാത്ത സ്നേഹത്തിൻ പൂത്തിരി.
പകുത്തു നൽകുന്ന നന്മതൻ സംസ്‌കാരം,
പവിത്രമീ ഭൂമി തൻ നിത്യ പ്രകാശം.

മാതാവായി മണ്ണും പിതാവായി വിണ്ണും,
മക്കളെപ്പോലെ നാം ഒന്നായി വാഴാം.
വരണ്ടു പോകാത്ത കരുണതൻ തണലിൽ,
വളരാം നമുക്കീ പവിത്ര ഭൂമിയിൽ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക