
“നീ അപ്പാക്ക് കുടിക്കാന്‍ ഈ വെള്ളം കൊണ്ടെക്കൊടുക്ക്. കാലത്ത് മുതല്‍ ജലപാനം ഇല്ലാതെ ഇരിക്കുന്നതല്ലേ?” അവര്‍ ഒരു ലോട്ട ഉപ്പിട്ട നാരങ്ങാവെള്ളം അവള്‍ക്കു നീട്ടി.
‘അമ്മയ്ക്ക് കൊണ്ടെക്കൊടുത്താലെന്താ? നിങ്ങളിതെന്താ ഇങ്ങനെ? എനിക്കൊന്നും മനസ്സിലാകുന്നില്ല, കേട്ടോ?’ സീത ചിണുങ്ങി.
ഇതേ ചോദ്യം ഉമ തന്‍റെ അമ്മയോടും ചോദിച്ചു.
സീതമ്മയുടെ അപ്പേം അമ്മേം തമ്മില്‍ അധികം മിണ്ടാറില്ല. അമ്മയ്ക്കറിയ്യോ എന്താ കാര്യമെന്ന്?
ആ.... എനിക്കെങ്ങനെ അറിയാം? നമ്മുടെ നാട്ടുകാരല്ലേ, പരദൂഷണം പറയാന്‍ വല്ല മടീമുണ്ടോ? അമ്മാളുവമ്മ വെളുത്തിരിക്കുന്നു. കാണാനും മോശമല്ല. കുശുമ്പ് കുത്താന്‍ വേറെന്താ വേണ്ടേ? അങ്ങനെ പടച്ചുണ്ടാക്കിയ കഥവല്ലതും അങ്ങേരുടെ ചെവീല്‍ എന്നെങ്കിലും എത്തിക്കാണും. അവര്‍ പറഞ്ഞൊഴിഞ്ഞു.
വിഗ്രഹം ഏതാണ്ട് പൂര്‍ത്തിയാവുന്നു. താമി ആരെയും അങ്ങോട്ടേയ്ക്ക് അടുപ്പിക്കുന്നില്ല. സീതമ്മയ്ക്കും ഉമയ്ക്കും അതൊന്നു കണ്ടാല്‍ കൊള്ളാമെന്നു വലിയ ആഗ്രഹം തോന്നി. അവര്‍ ഓലമറയുടെ ഇത്തിരിപ്പഴുതിലൂടെ ഒളിഞ്ഞു നോക്കി. ഒന്നേ നോക്കിയുള്ളൂ. രണ്ടാളും ഭയന്നുവിറച്ചുപോയി. അത് പുറത്തുഭാവിക്കാതെയവര്‍ പെട്ടെന്ന് പിന്തിരിഞ്ഞു, മുഖത്തോടുമുഖം നോക്കി. രണ്ടു മുഖങ്ങളും വിലറിവെളുത്തിരുന്നു. ഉപയോഗശൂന്യമായിപ്പോയ പശമണ്ണുറഞ്ഞൊന്നിച്ചുകൂടി അസ്സലൊരു കുട്ടിയാനയുടെ രൂപംപ്രാപിച്ച ചെറിയൊരു മൊട്ടക്കുന്ന് തൊട്ടടുത്തുണ്ട്. അവിടേയ്ക്കവര്‍ നടന്നു. ആനപ്പുറത്ത് കയറി, ഭാവനാലോകത്ത് അവര്‍ കാണുന്ന ദിവാസ്വപ്നങ്ങളും കൗമാരചാപല്യം നെയ്തെടുത്ത രസകരമായ ഓരോരോ വിശേഷങ്ങളുമായി വെടിവട്ടം പറഞ്ഞിരുന്നു. സീതമ്മ കൊച്ചമ്പ്രാനെപ്പറ്റി പറയുമ്പോള്‍ ഉമയ്ക്ക് പറയാനുണ്ടായിരുന്നത് അവിടേമിവിടേമിരുന്നു തനിക്ക് കല്യാണമാലോചിക്കുന്നവരെപ്പറ്റിയായിരുന്നു. എന്തുവന്നാലും താന്‍ തന്‍റെ മുറച്ചെക്കനെയേ കെട്ടൂ എന്ന് ഉമയന്നും ആണയിട്ടു.
ഉത്സവം അടുത്തുവരുകയല്ലേ? നമുക്കൊന്ന് കലക്കണം മുത്തേ! ഉമ പറഞ്ഞു.
‘വിച്ചു’ വരും മൂയിക്കേന്ന്. വല്ലാത്ത ശല്യം തന്നെയാണ് അവനെക്കൊണ്ട്. ഇങ്ങു വരട്ടെ! ശിത്തിയോട് ഞാനെല്ലാം പറഞ്ഞുകൊടുക്കുന്നുണ്ട്. കഴിഞ്ഞ തവണ ഉത്സവത്തിന് വന്നപ്പോഴത്തെ കാര്യം നിനക്കറിയാമല്ലോ? തൊടാനും പിടിക്കാനും അവസരം കിട്ടിയാല്‍ കെട്ടിപ്പിടിക്കാനും തരത്തിന് അടുത്തുകിട്ടിയാല്‍ ഉമ്മ വയ്ക്കാനും ഒന്നും അവന്‍ മടിക്കില്ല. നല്ല പെട കൊടുക്കാന്‍ തോന്നും. ശപ്പന്‍! എന്നെ കെട്ടുമെന്നും പറഞ്ഞു നടക്കുകയാ. അവനെ മൊത്തം കളിമണ്ണിന്റെ മണമാ ദേവൂ ... അതേസമയമുണ്ടല്ലോ എന്‍റെ... അവള്‍ നാണിച്ച് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
ങ്ങും! പോരട്ടെ, പോരട്ടെ.. അല്ലേല്‍ വേണ്ട, ബാക്കി ഞാന്‍ പറയട്ടെ?
“ദേവൂ...നിനക്കറിയ്യോ, എന്‍റെ ഉണ്ണ്യെട്ടന്‍റെ അടുത്തു ചെന്നാല്‍ എന്തൊരു വാസനയാന്നോ?.. മുകരാന്‍ കൊതിയ്ക്കുന്ന ആ കളഭസുഗന്ധം എന്നെ മത്തു പിടിപ്പിക്കും. ഒന്ന് വാരിപ്പുണര്‍ന്നെങ്കില്‍ എന്ന് മനസ്സ് മോഹിക്കും. ചുണ്ടുകള്‍ ഒരു ചുടുചുംബനത്തിനായി ദാഹിക്കും.. ഓര്‍ത്താല്‍ത്തന്നെ തളര്‍ന്നു കുഴഞ്ഞ് ഞാനൊരു പരുവമാകുന്നെന്‍റെ ദേവൂ... മുഖത്ത് ഒരു പ്രത്യേക ഭാവം വരുത്തി ഉമ പറഞ്ഞുചിരിച്ചു.
കഴിഞ്ഞോ അഭിനയം? സീതയവളെ കളിയാക്കി.
ഇല്ലില്ല.! സാഹിത്യം മേമ്പൊടി ചേര്‍ത്ത് സിനിമാ സ്റ്റൈലില്‍ അഭിനയിച്ചുകൊണ്ടവള്‍ വീണ്ടും കുറച്ചു നീട്ടിത്തട്ടി. “അപ്പോള്‍ ആ വിടര്‍ന്ന കണ്ണുകളില്‍ തെളിയുന്ന നക്ഷത്ര ജ്വാലയെ കടക്കണ്ണിലെ ചൂണ്ടമുനയില്‍ കൊരുത്ത് ഉള്ളിലേയ്ക്ക് ആവാഹിക്കാനും, നെഞ്ചു നെഞ്ചോടുരുമ്മിയാ കരുത്തുറ്റ കരവലയത്തില്‍ ഒന്നമര്‍ന്നു നില്‍ക്കാനും, വിരിഞ്ഞ മാറിലെ രോമരാജികളില്‍ വിരലുകള്‍ കൊണ്ട് കളം വരയ്ക്കാനും തുടുത്ത ചുണ്ടിലെ പ്രണയചഷകം മൊത്തിക്കുടിക്കാനും ഞാന്‍ കൊതിച്ചുപോകും .” ഉമ കുസൃതി കലര്‍ന്ന ഒളിനോട്ടത്തോടെ പറഞ്ഞുനിര്‍ത്തി.
“ആഹാ! നീയൊരു സാഹിത്യകാരിയാകുന്ന ലക്ഷണമുണ്ട്. എന്തൊരു രസം, കാണാനും കേള്‍ക്കാനും? ഒന്ന് പോടീ..” അവിടെക്കിടന്ന ഒരു ചെറിയ കല്ലെടുത്ത് സീത അവളെ എറിഞ്ഞു.
നീ പോണില്ലേ സീതേ? കല്ല് കടന്നു പിടിച്ചുകൊണ്ട് ഉമ ചോദിച്ചു.
എങ്ങോട്ട്? സീത പുരികമുയര്‍ത്തി.
നിന്‍റെ ഹൃദയേശ്വരനെ കാണാന്‍? തിരിച്ചു പോകും മുന്‍പ് കൊതിതീരെ കണ്ടോളണം. പിന്നെ കിടന്നു പെടാലടിക്കരുത്. പറഞ്ഞേക്കാം.
പ്രഫുല്ലമായ സീതയുടെ മുഖത്ത് അസ്തമയസൂര്യന്‍റെ രക്തച്ഛവി പടര്‍ന്നു.
സൂര്യന്‍ മടിച്ചു മടിച്ചു പടിഞ്ഞാറു ദിക്കിലേക്ക് യാത്രയാരംഭിച്ചു. വാരുണിയില്‍ എത്തിയാല്‍ പിന്നെയവന്‍ സമുദ്രത്തിലേയ്ക്ക് ഒറ്റച്ചാട്ടമാണ്, സന്ധ്യയെ കബളിപ്പിച്ചുകൊണ്ട്. അത് കണ്ടുനില്‍ക്കുന്ന സന്ധ്യയുടെ മുഖം അപ്പോഴേ കറുത്തുതുടങ്ങും.
ഇപ്പൊ വേഗം ഇരുട്ടാകും സീതേ. ഞാന്‍ പോട്ടെ, നടന്നങ്ങെത്തണ്ടേ? ഉമ യാത്ര ചോദിച്ചു.
അമ്മാ! വിച്ചു ഇത്തവണ വരുമോ? അത്താഴത്തിനിരിക്കുമ്പോള്‍ സീതമ്മ അമ്മയോട് ചോദിച്ചു. മകളുടെ അനവസരത്തിലെ പെട്ടെന്നുള്ള ചോദ്യം അമ്മാളുവില്‍ സംശയം ജനിപ്പിച്ചു. പ്ലാവിലക്കുമ്പിളില്‍ കഞ്ഞി കോരി കുടിച്ചുകൊണ്ടിരുന്ന മകളുടെ മുഖത്തേയ്ക്കവര്‍ നോക്കി.
പിന്നെ വരാതെയോ? ന്താ, ണ്ണേ കാര്യം?
അവനെന്തിനാമ്മാ വരുന്നേ?
ങേ! അതെന്താ, അവനെന്‍റെ അന്നതി മോനല്ലേ, (അന്നതി=അണ്ണന്‍റെ) നിന്‍റെ മുറച്ചെക്കന്‍?
സീത അമ്മയെ ചരിഞ്ഞു നോക്കി, ആ പറഞ്ഞതിലെ ഗൂഢാര്‍ത്ഥം മനസ്സിലായ മട്ടിലവള്‍ മുഖം ചുളിച്ച് ചുണ്ട് കോട്ടി നീരസം കാട്ടി. തല്ക്കാലം മറുപടി പറയണ്ട എന്നുവച്ച് സീതമ്മ കഞ്ഞികുടി നിര്‍ത്തി അവിടന്നെണീറ്റുപോയി.
മറ്റന്നാള്‍ ശൗരി ഹോസ്റ്റലിലേയ്ക്ക് മടങ്ങിപ്പോകയാണെന്ന് ഭദ്രത്തമ്പുരാട്ടി പറഞ്ഞാണ് സീതമ്മ അറിഞ്ഞത്. കാലത്ത് ഉണ്ണ്യെട്ടനെ ഒരുനോക്കു കാണാന്‍ ഓടിയെത്തിയതാണവള്‍. ഒരുരുള കുഴമണ്ണ്‍ തന്‍റെ നെഞ്ചിലിട്ടു ചുട്ടെടുക്കാമെന്ന് അത് കേട്ടപ്പോളവള്‍ക്ക് തോന്നി. താല്‍ക്കാലികമാണെങ്കിലും വിരഹം വിരഹം തന്നെയാണ്. അതിന്‍റെ നൊമ്പരവും അസഹനീയമാണ്. ഇത്തവണ നേരെചൊവ്വേ ഒന്ന് കണ്ടതുകൂടിയില്ല. ഉള്ളില്‍ വല്ലാത്തൊരു പിടച്ചില്‍ . അവള്‍ അവിടെമിവിടേം എത്തിവലിഞ്ഞു നോക്കുന്നത് കണ്ട തമ്പുരാട്ടിക്കു കാര്യം പിടികിട്ടി. .
നീ നോക്കണ്ട! അവനിവിടെയെങ്ങുമില്ല. ടൗണില്‍ പോയിരിക്കുന്നു. അങ്ങോട്ട് കൊണ്ടുപോകാന്‍ എന്തൊക്കെയോ വാങ്ങാനുണ്ടത്രേ. “നീയിരി, അല്ലേല്‍ പോയിട്ടു പിന്നെവാ..
പിന്നെയും സീത അവിടെയൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്നതു കണ്ടിട്ടവര്‍ക്ക് ചിരി വന്നു.
‘ഇരിയ്ക്കെടീ....വല്ലതും കഴിച്ചിട്ട് പോകാം.’
സീതയിരുന്നു.
പറ! എന്താ കാര്യം, വെട്ടം വീണപ്പൊഴേ ഓടിപ്പിടിച്ചിങ്ങു പോരാന്‍?
ഇതുതന്നെ പറ്റിയ അവസരം എന്നുകണ്ട് സീതമ്മ അവരോടു ചോദിച്ചു. ‘തമ്പ്രാട്ടിക്കറിയുമോ, എന്‍റെ അമ്മേം അപ്പേം തമ്മിലുള്ള പ്രശ്നം?’
ആഹാ! ഇതു ചോദിക്കാനായിരുന്നോ? ഇപ്പത്തന്നെ അറിയണോ? ശരി! എന്നെ അമ്മേ എന്ന് വിളിച്ചാല്‍ പറയാം. പരസ്പരസഹായ വച്ചുമാറുന്ന സമ്പ്രദായത്തെ അനുകരിച്ച് വലിയൊരുദാരമതിത്വം കാട്ടിയവര്‍.
ങാ... പറയമ്മേ! പെട്ടെന്നവള്‍ ഒരാവേശത്തിന് പറഞ്ഞു.
അതെനിക്കറിയില്ല മോളേ! നീ അമ്മേന്നു വിളിച്ചല്ലോ അതുമതി. അവളെ കളിപ്പിക്കുന്ന മട്ടില്‍ പെട്ടെന്നവരെണീറ്റകത്തേയ്ക്ക് നടന്നു. സീതമ്മയ്ക്കാകെ നിരാശയായി. “ഓ! തമ്പുരാട്ടിമാര്‍ക്കും അപ്പോള്‍ കള്ളം പറയാനറിയാം” സീത വിളിച്ചു പറഞ്ഞു.
രാത്രിയില്‍ തഴപ്പായില്‍ കിടന്നവളുരുണ്ടു. തലയിണ വാരിപ്പിടിച്ച് മാറോടമര്‍ത്തി തിരിഞ്ഞും മറിഞ്ഞും കിണഞ്ഞു ശ്രമിച്ചിട്ടും ഉറക്കം ദൂരെ പിണങ്ങി നിന്നു. കുംഭമാസത്തിലെ കുമുദിനി പോലെ തെളിഞ്ഞും മാഞ്ഞും ശൗരിയുടെ മുഖം കണ്ണിനു മുന്നില്‍. നാളെ മുഴുവന്‍ സമയവും കൊട്ടാരത്തില്‍ ചിലവഴിക്കണമെന്ന് അവളപ്പോള്‍ ആഗ്രഹിച്ചു. അമ്പിളിയമ്മാവനെ പിടിച്ചുതരാന്‍ തിരിച്ചറിവില്ലാത്ത കുഞ്ഞുപ്രായത്തില്‍ ശാഠൃം പിടിക്കാം. മുതിര്‍ന്നവര്‍ അര്‍ഹതയില്ലാത്ത ഒന്നിനുവേണ്ടി വെറുതെയെന്തിനാണിങ്ങനെ ആര്‍ത്തിപിടിക്കുന്നതെന്നവള്‍ അടുത്തനിമിഷം ആത്മനിന്ദയോടെ ഓര്‍ത്തു. പിന്നെ സങ്കടപ്പെട്ടു.. ചുമ്മാ ആഗ്രഹിക്കുന്നതിന് കപ്പം കൊടുക്കേണ്ടല്ലോ എന്ന് സമാധാനിച്ചപ്പോള്‍ ആശ്വാസമായി. കണ്ണുകള്‍ കൂമ്പിയടഞ്ഞു. നെടുവീര്‍പ്പിലലിഞ്ഞ വ്യര്‍ത്ഥമോഹങ്ങള്‍ക്കു സ്വപ്നം അകമ്പടി വന്നു. ഉണ്ണ്യേട്ടാ! എന്നെയിങ്ങനെ ധര്‍മ്മസങ്കടത്തിലാക്കല്ലേ.. ഉറക്കത്തില്‍പ്പോലുമവള്‍ കേണു.
നേരം പുലര്‍ന്നതും പെട്ടെന്ന് പല്ലുതേപ്പും കുളിയും കഴിച്ച് സീതമ്മ കൊട്ടാരത്തിലേയ്ക്കോടി. ശൗരി വന്നാല്‍ സീത കഴിവതും കൊട്ടാരത്തിലെ കുളി ഒഴിവാക്കാന്‍ നോക്കും. ഏതായാലും അത്രടം പോകുന്നു. പോകുമ്പോള്‍ വെറുംകയ്യുമായി പോവണ്ട.. അമ്പലത്തില്‍ “കലംകരിക്കല്‍” വഴിപാടുണ്ട്. അതിനായി കലത്തിനൊരുപാട് ആവശ്യക്കാരുണ്ടാവും. അപ്പയുണ്ടാക്കിവച്ച നൂറുകണക്കിന് കലങ്ങളില്‍ നിന്ന് നല്ലൊരു മങ്കലം അവള്‍ കയ്യിലെടുത്തു. താഴേക്കിടയില്‍ ജീവിക്കുന്ന ചെറിയ മനുഷ്യരുടെ വികാരവിചാരങ്ങള്‍ക്കും കാഴ്ച്ചപ്പാടിനും ഒക്കെ അവരുടെതായ ഒരു നിലവാരമുണ്ട്. ഒരുപരിധിയ്ക്കപ്പുറത്തേയ്ക്ക് ബൗദ്ധികമായി ചിന്തിക്കാനുള്ള ശേഷിയോ ശേമുഷിയോ അവര്‍ക്കില്ല. സീതയും അതിനതീതയല്ല. കലമെങ്കില്‍ കലം.. അതുമായി പമ്മിപ്പമ്മി കൊട്ടാരത്തിന്‍റെ തളത്തിലേയ്ക്ക് കാലെടുത്തു വച്ചതേയുള്ളൂ..
നില്‍ക്കെടീ അവിടെ!.. അലര്‍ച്ച കേട്ട് സീത ഞെട്ടിപ്പോയി.
തുടരും.....
Read More: https://www.emalayalee.com/writer/318