Image

കോണ്‍ഗ്രസ് ലോ കമാന്‍ഡ് ഇനി ഹൈക്കമാന്‍ഡ്

രാഷ്ട്രീയ ലേഖകന്‍ Published on 21 March, 2026
കോണ്‍ഗ്രസ് ലോ കമാന്‍ഡ്  ഇനി ഹൈക്കമാന്‍ഡ്

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 100 എം.പി.മാരെ ലഭിച്ചു. ആദ്യം 99 ആയിരുന്നു. ഒരാള്‍ കൂടി കോണ്‍ഗ്രസില്‍ എത്തി 100 തികഞ്ഞതാണ്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉണര്‍വായി. ഈ 100 പേരില്‍ 15 പേര്‍ കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഇതില്‍ ചിലരൊക്കെ വീണ്ടും ലോകസഭയിലേക്ക് മത്സരിക്കുവാന്‍ താല്‍പര്യമില്ലാത്തവരായിരുന്നു എന്നതും സത്യം. പക്ഷേ, മത്സരിച്ചു. സീറ്റ് നിലനിര്‍ത്തി.

എന്നാല്‍, കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പലരും പഴയ ആഗ്രഹം പുറത്തെടുത്തു. നിയമസഭയിലേക്കു മത്സരിക്കണം. ഇതില്‍ കെ.സുധാകരന്‍(കണ്ണൂര്‍), അടൂര്‍ പ്രകാശ്(കോന്നി) എന്നിവര്‍ അവസാന നിമിഷം വരെ നിയമസഭാ സീറ്റിനായി വാശിപിടിച്ചു. പക്ഷേ, കണ്ണൂരില്‍ ടി.ഒ.മോഹനനെയും കോന്നിയില്‍ സതീഷ് കൊച്ചുപറമ്പിലിനെയും സ്ഥാനാര്‍ത്ഥികളാക്കിയുള്ള മുന്‍തീരുമാനത്തില്‍ കോണ്‍ഗ്രസ് ഉന്നതര്‍ ഉറച്ചുനിന്നു. പെരുമ്പാവൂരില്‍ നിലവിലെ എം.എല്‍.എ. എല്‍ദോസ് കുന്നപ്പള്ളിക്കു പകരം മനോജ് മൂത്തേടനെയും സ്ഥാനാര്‍ത്ഥിയാക്കി.

ആരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങാതെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും തീരുമാനത്തില്‍ ഉറച്ചുനിന്നു. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ്  വി.ഡി.സതീശനും ഈ ഉറച്ച തീരുമാനത്തിനൊപ്പമായിരുന്നു.

നാടകങ്ങള്‍ എല്ലാം സമാപിച്ച് തിരശീലയിട്ട് രണ്ടാം ഘട്ട  സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മാത്രമല്ല, യു.ഡി.എഫ്. ഒന്നടങ്കവും നിഷ്പക്ഷമതികളായ സാധാരണ ജനങ്ങളും കൈയ്യടിച്ചു. കോണ്‍ഗ്രസ് ലോ കമാന്‍ഡ് വീണ്ടും ഹൈക്കമാന്‍ഡ് ആയി . ഏറെക്കാലമായി പല പ്രാദേശിക നേതാക്കളുടെയും താലപര്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വഴങ്ങിപ്പോരികയായിരുന്നു.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മൂന്നാമതൊരു പിണറായി ഭരണം ആത്മഹത്യാപരമാണ്. കര്‍ണ്ണാടകയും തെലങ്കാനയും ഭരിക്കുന്ന കോണ്‍ഗ്രസിന് കേരളവും പുതുശേരിയും ജയിച്ചുവേണം അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പി.യെ നേരിടുവാന്‍. ബംഗാളില്‍ മമതാബാനര്‍ജിയും തമിഴ്‌നാട്ടില്‍ കെ.എം.സ്റ്റാലിനും അധികാരം നിലനിര്‍ത്തിയാലും അത് കോണ്‍ഗ്രസിൻ്റെ നേട്ടമാകില്ല. അസമില്‍ കോണ്‍ഗ്രസ് തിരിച്ചുവരവ് എളുപ്പവുമല്ല.
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് അംഗീകരിച്ചത് ഒരു പൊതുവികാരമാണ്. പാര്‍ലമെന്റിലേക്ക് ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അഞ്ചുവര്‍ഷം അവിടെയിരിക്കണം. എം.പി. സ്ഥാനം രാജിവച്ച് നിയമസഭയില്‍ മത്സരിച്ചു ജയിച്ചാല്‍ അനാവശ്യമായൊരു ഉപതിരഞ്ഞെടുപ്പ് വരും. നിയമസഭാംഗം ലോകസഭയിലേക്കു മത്സരിച്ചാലും അനുഭവം ഇതുതന്നെ. സത്യത്തില്‍ സമ്മതിദായകരുടെ ക്ഷമ പരീക്ഷിക്കലാണിത്. അവരുടെ സമയത്തിനു വിലയുണ്ട് എന്ന് രാഷ്ട്രീയ നേതൃത്വം മനസ്സിലാക്കിയെടുത്ത തീരുമാനം.

എം.പി.മാര്‍ നിയമസഭിലേക്കു മത്സരിക്കുന്നതിനെതിരെ ശക്തമായ വികാരമാണ് പൊതുജനം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചത്. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍ക്കൊണ്ടു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമോദനം അര്‍ഹിക്കുന്ന മറ്റൊരു കാര്യം ചില മഠാധിപതികളുടെയും സാമുദായിക നേതാക്കളുടെയും വാക്കുകള്‍ ചെവിക്കൊണ്ടില്ല എന്നതാണ്. ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്ത് വിവിധ സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയേ സ്ഥാനാര്‍തഥി നിര്‍ണ്ണയം സാധ്യമാകൂ. പക്ഷേ, അതില്‍ മെരിറ്റ് അടിയറ വയ്ക്കാതെ കരുതണം. ഇക്കാര്യത്തിലും കോണ്‍ഗ്രസ് നേതൃത്വം ഏറെക്കുറെ വിജയിച്ചു എന്നുവേണം വിലയിരുത്തുവാന്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക