
വിചാരിച്ചതിലും വൈകിയാണ് അത്തിക്കാവിൽ നിന്ന് തിരിച്ചെത്തിയത്. കുരിയിച്ചിറ സെൻ്ററിൽ റൈനു സ്കൂട്ടിയുമായി കാത്തുനിൽപുണ്ടായിരുന്നു.യാത്ര തന്ന ഭാരം ഉള്ളിലുണ്ടായിരുന്നതിനാൽ ഒന്നും സംസാരിക്കാതെ അവൾക്കു പുറകിലിരുന്നു. ആ അവസ്ഥ മനസ്സിലാക്കിയിട്ടെന്ന പോലെ റൈനു കൂടുതലൊന്നും ചോദിച്ച് ബുദ്ധിമുട്ടിച്ചതുമില്ല.
പിറ്റേന്ന് ഞായറാഴ്ച്ചയായിരുന്നു. അസ്വസ്ഥമായിരുന്ന മനസ്സ് കിടക്കയിൽ നിന്നെണീക്കാൻ അനുവദിച്ചില്ല. അല്ലെങ്കിലും കുറച്ച് കാലമായി അലസത കൂടപ്പിറപ്പാണ്.
തൊട്ടപ്പുറത്തെ ബെഡിൽ നിഷാന മൂടിപ്പുതച്ചുറങ്ങുന്നു. അവൾക്ക് ബെഡ്റെസ്റ്റാണ്. ഒരു മാസത്തേക്ക് ഭാരമുള്ള ഒരു ജോലിയും ചെയ്യരുതെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്. യൂട്രസ് നീക്കം ചെയ്യുന്ന ഓപ്പറേഷന് വിധേയയായിട്ട് രണ്ടാഴ്ച്ച കഴിഞ്ഞതേയുള്ളൂ.
റൈനു പതിവുപോലെ ജോഗ്ഗിംഗിന് പോയിരിക്കുന്നു. ഒഴിവുദിവസമായതിനാൽ വഴിയിലുള്ള സകലരേയും മൈൻഡ് ചെയ്ത് വരുമ്പോഴേക്കും ഒരു നേരമാവും.
ഇന്നലെ വേണമെങ്കിൽ തറവാട്ടിൽ തങ്ങാമായിരുന്നു. ഒഴിവുകഴിവുണ്ടാക്കി പോരുകയല്ലേ ചെയ്തത്. ‘“ബാഷയെ പറ്റി ഒരക്ഷരം പോലും ചോദിച്ചില്ലല്ലോ അവൾ “എന്ന് മറ്റേമ്മ ഓർത്തുകാണും. താനൊരു സ്വാർത്ഥയായി പൊയെന്ന് പോലും വിചാരിച്ചു കാണും. അല്ലെങ്കിലും വർഷങ്ങളായി തിരിഞ്ഞു നോക്കാത്തവളെന്ന ചിന്ത അവർക്കുണ്ടായാൽ തെറ്റുപറയാനൊക്കില്ല.
പക്ഷേ ബാഷയ്ക്ക് തന്നെ മനസ്സിലാവും. അവനെ പറ്റി എന്തെങ്കിലുമറിയണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ചില അറിവുകൾ ചിലപ്പോൾ സങ്കടഹേതുവാകാറുണ്ട് എന്ന അനുഭവം ഉള്ളതിനാലാകാം. അത്തരമറിവുകൾ ഇല്ലാതിരിക്കുന്നതാണല്ലോ നല്ലത്.
നിഷാനയെഴുന്നേറ്റു. ടോയ്ലറ്റിലേക്ക് പോകുന്ന വഴിക്ക് അവൾ ആംഗ്യഭാവത്തോടെ ചിരിച്ചു. എഴുന്നേൽക്കാതെയിങ്ങനെ കിടക്കുന്നത് അപൂർവ്വമാണ്. അതുകൊണ്ടായിരിക്കാം.
ഞായറാഴ്ച്ചകളിൽ താനാണല്ലോ ബ്രേയ്ക്ഫാസ്റ്റുണ്ടാക്കാറ്. തനിക്ക് പറ്റാത്ത അവസ്ഥയാണെങ്കിൽ മാത്രം നിഷാന അതേറ്റെടുക്കും. പാചകം അവൾക്കത്ര വശമില്ല. ഞായറാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലത്തെ ഭക്ഷണമുണ്ടാക്കുന്നത് റൈനുമാണ്. വൈകിട്ടത്തേത് ഞങ്ങളും. അതിന് കാരണമുണ്ട്.
റൈനുവിൻ്റെ ജോലി തുടങ്ങുന്നത് ഉച്ചയ്ക്കാണ്. തിരിച്ചെത്തുന്നത് വൈകിട്ട് പത്ത് പത്തരയാകുമ്പോഴാണ്. അവൾ വരുമ്പോഴേക്കും ഞങ്ങൾ പിറ്റേന്ന് രാവിലേക്കും ഉച്ചയ്ക്കലേക്കുമുള്ള തയ്യാറെടുപ്പുകൾ നടത്തിവയ്ക്കും. ഒട്ടും ഹെവിയല്ലാത്ത അത്താഴവും റെഡിയാക്കും. ഭക്ഷണം കഴിക്കാനിഷ്ടമുള്ളത് പോലെത്തന്നെ അത് പാകപ്പെടുത്തുന്നതും റൈനുവിന് സന്തോഷമുള്ള കാര്യമാണ്.
ചില ദിവസങ്ങളിൽ രാത്രി ഏഴ് - ഏഴര മണിക്കൊരു മെസ്സേജ് വരും. "ഇന്ന് പാഴ്സലുണ്ട്ട്ടാ “. എന്ന്.
ഏതെങ്കിലും തട്ടുകടയിലെ വെറൈറ്റി വിഭവത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടാകും. അന്ന് ബീവറേജിൽ നിന്ന് സ്വൽപം നേരത്തേ ചാടി ആ ഫുഡ് തേടിപ്പിടിച്ച് വാങ്ങിക്കൊണ്ടാവും വരവ്.
ഒന്നിച്ചിരുന്ന് കഴിക്കും. കഴിപ്പിക്കും. കഴിപ്പിക്കുന്നത് നിഷാനയെ ആണ്. നുള്ളിപ്പെറുക്കി കഴിക്കുന്ന ആളാണ് നിഷാന. ഇപ്പോഴിത്തിരി ഭേദപ്പെട്ടിട്ടുണ്ട്. അതിൻ്റെ ക്രെഡിറ്റ് റൈനുവിന് തന്നെയാണ്.
“മായേച്ചി…. എന്താ വയ്യേ!” ബാത്ത്റൂമിൽ നിന്നിറങ്ങി വന്ന് നിഷാന ചോദിച്ചു.
“ഇല്ലെടാ. ഒരു മടി. ദാ എഴുന്നേൽക്കാൻ പോവാണ്. നിനക്ക് ചായ എടുക്കട്ടെ?”
“ വേണ്ടേച്ചീ. കുറച്ച് കഴിയട്ടെ. ചേച്ചി ഒരു കാര്യം ചെയ്യ്. റൈനുചേച്ചിയോട് ഇടിയപ്പം വാങ്ങിക്കൊണ്ടരാൻ പറ. വരണ വഴിക്ക് പുതിയ ഒരു കട തൊടങ്ങിട്ട്ണ്ടല്ലോ. കൊറച്ച് തേങ്ങപ്പാല് പഞ്ചസാര ഇട്ട് കുറുക്കിയെടുത്താ മതി. രാവിലെ അത് കഴിക്കാം. “
ശരിയാണ്. ഇനി എന്തെങ്കിലും വച്ചുണ്ടാക്കി വരുമ്പോഴേക്കും വൈകും. ഉടനെ റൈനുവിനെ വിളിച്ചു. ആ കട കടന്ന് പോന്നു കഴിഞ്ഞാൽ തിരിച്ച് പോയി വാങ്ങലുണ്ടാവില്ല. എത് കാര്യത്തിലും അവളങ്ങനെയാണ്.
ഒരോന്നാലോചിച്ച് കിടക്കുകയാവും എന്നൂഹിച്ച് രണ്ടൊച്ച വെച്ചെങ്കിലും അരമണിക്കുറിനുള്ളിൽ അവളെത്തുമ്പോഴേക്കും എണീറ്റുഷാറായിരിക്കണം എന്ന ഡിമാൻ്റിൽ റൈനു ഫോൺ വെച്ചു. റൈനുവിൻ്റെ ബഹളം സ്പീക്കറോണാക്കാതെ തന്നെ പുറത്തേക്ക് കേൾക്കുന്നുണ്ടായിരുന്നു. അത് കേട്ട് ചിരിച്ച് കിടക്കുകയാണ് നിഷാന.
അവൾക്കിപ്പോഴും നല്ല ക്ഷീണമുണ്ട്. എങ്കിലും പഴയതിനേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്. മുപ്പത്തിരണ്ട് വയസ്സേ ആയിട്ടുള്ളൂ. ചെറുപ്രായത്തിലേ അവൾ അനുഭവിച്ചത് വച്ച് നോക്കിയാൽ തൻ്റേതൊന്നും പ്രശ്നങ്ങളേയല്ല. ഒന്നുമില്ലെങ്കിലും ഇപ്പോഴും ആരോഗ്യത്തിന് പ്രശ്നമൊന്നും ഇല്ലല്ലോ.
എട്ട് വർഷത്തോളമായി ഇവിടെ ഈ വീടിൻ്റെ ഫസ്റ്റ് ഫ്ലോറിൽ താമസം തുടങ്ങിയിട്ട്. അതിനു മുൻപ് കുറേകാലം ഹോസ്റ്റലിൽ ആയിരുന്നു. റൈനു സുഹൃത്തായതിന് ശേഷമാണ് ഈ വീട് വാടകക്കെടുക്കുന്നത്.
നിഷാന ഞങ്ങൾക്കിടയിലേക്ക് വന്നിട്ട് നാല് കൊല്ലത്തോളമായിക്കാണും. കെട്ടുറപ്പുള്ള ഈ കൂട്ടുകെട്ടിലാണ് ഇപ്പോഴത്തെ ജീവിതം അനായാസമായി ഒഴുകുന്നത്.
ഇന്നലെ തറവാട്ടിൽ നിൽക്കാത്തതിന് രണ്ടുപേരും ഒരുപോലെ കുറ്റപ്പെടുത്തി. വിട്ടുപറയാൻ പറ്റാത്തതൊന്നും അവരോടും പറഞ്ഞിട്ടില്ല. അന്യമതസ്ഥനായതിനാൽ പ്രണയം വീട്ടുകാരെതിർത്തു. മറ്റൊരു വിവാഹത്തോട് താൽപര്യമില്ലാത്തതിനാൽ ഒറ്റയ്ക്ക് ജീവിക്കുന്നു എന്നേ അവർക്കറിയൂ.
സാധാരണ ബാച്ചിലേഴ്സിന് വീട് കിട്ടാൻ പ്രയാസമാണ്. പുറമേക്ക് കാണിക്കുന്നത്ര പുരോഗമന ചിന്താഗതിക്കാരൊന്നുമല്ല തൃശൂർനിവാസികൾ.
ബാച്ചിലേഴ്സാണെങ്കിൽ നൂറായിരം ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരും. സ്ത്രീകളാണെങ്കിൽ പ്രത്യേകിച്ചും. ടീച്ചേഴ്സോ സ്റ്റുഡൻസോ ആണെങ്കിൽ പിന്നെയും ഇളവുണ്ടാകും. ടീച്ചേഴ്സിന് പ്രത്യേക കുലസ്ത്രീ പട്ടം സമൂഹം ചാർത്തി കൊടുത്തിട്ടുണ്ട്. മറ്റു ജോലിക്കാരാവുമ്പോൾ സ്ഥിതി വളരെ പരിതാപകരമാവും. പക്ഷേ താഴെ താമസിക്കുന്ന ഹൈമവതി ടീച്ചർ ഒരു ബാച്ചിലറാണ്. കുലസ്ത്രീ പട്ടം തിരസ്ക്കരിച്ചവളുമാണ്.
റൈനുവാണ് അവരെ കണ്ടുപിടിച്ചത്. തന്നെയും നിഷാനയെയും കണ്ടുപിടിച്ചതും അവളായിരുന്നല്ലോ!
ടീച്ചർക്ക് രണ്ട് ഡിമാൻ്റുകളാണുണ്ടായിരുന്നത്. വീടിരിക്കുന്ന അഞ്ച് സെൻ്റ് സ്ഥലം നിറയെ അവർ വെച്ചുപിടിപ്പിച്ചിരിക്കുന്ന ചെടികളാണ്. ഇൻഡോർ പ്ലാൻ്റ്സുമുണ്ട്. അവയെ നന്നായി പരിചരിക്കുന്നവരും സ്നേഹിക്കുന്നവരുമായിരിക്കണം. പിന്നെ ദീർഘകാല താമസക്കാരുമായിരിക്കണം.
അവസാനകാലം ഒരു വൃദ്ധസദനത്തിലേക്കൊതുക്കാൻ ടീച്ചർ താൽപര്യപ്പെട്ടിരുന്നില്ല.
“അതിനെന്താ ടീച്ചറേ, ഈ മായ സസ്യശാസ്ത്രം അരച്ചകലക്കി പഠിച്ചോളാ. ഒരുതരം വികാരജീവി. പ്രണയം ഭൂമിയോടാ. പിന്നെ ഈ ഞാൻ. എൻ്റപ്പനൊരു കർഷകനാ. മണ്ണി കെടന്നാ ഞാൻ വളന്നത്. അതോണ്ടൊക്ക്യാവും ഞങ്ങൾക്ക് രണ്ടാൾക്കും പൂക്കള് ചെടികള് പൂമ്പാറ്റോള് ന്ന് വച്ചാ ജീവനാ. ആരോഗ്യം ള്ള കാലത്തോളം ഞങ്ങളിത് സ്വന്തം വീടുപോലെ കരുതിക്കോളാം.”
സസ്യശാസ്ത്രം എന്ന് കേട്ട് അമ്പരന്നു നിന്ന എന്നെ നോക്കി റൈനു കണ്ണിറുക്കി.
റൈനുവിൻ്റെ വാചകമടിയാണോ ടീച്ചർക്ക് റൈനുവിനോടുണ്ടായിരുന്ന പ്രത്യേക ഇഷ്ടമാണോ കാരണമെന്നറിയില്ല. എന്തായാലും ഞങ്ങളവിടുത്തെ ആദ്യത്തെ വാടകക്കാരായി.
റൈനു ഒരു ജോലിയും ദീർഘകാലത്തേക്കായി ഏറ്റെടുക്കാറില്ല. കുറേ കാലം ചെയ്തു കഴിയുമ്പോൾ മടുക്കും. ഉടനെ അത് നിർത്തി മറ്റൊന്ന് കണ്ടുപിടിക്കും. പക്ഷേ ആ മടുപ്പ് ഫ്രണ്ട്ഷിപ്പിൽ ഉണ്ടാകാറില്ലെന്നതാണ് ഇതുവരെയുള്ള അനുഭവം.
അങ്ങനെ കരാറടിസ്ഥാനത്തിൽ പോസ്റ്റോഫീസിൽ ജോലി ചെയ്യുന്ന സമയത്താണ് അവൾ ടീച്ചറെ പരിചയപ്പെടുന്നത്. പെൻഷൻ വാങ്ങാനായി വാക്കിംഗ്സ്റ്റിക്കുമായി തപ്പിതടഞ്ഞ് ആരും സഹായത്തിനില്ലാതെ വരുന്ന ഒരു സ്ത്രീ. റോഡ് മുറിച്ച് കടക്കാനും സ്റ്റെപ്പ് കയറി മുകളിലെത്താനും സഹായിച്ചാണ് റൈനു അവരുമായി ഇഷ്ടത്തിലാകുന്നത്.
അതിനിടക്ക് ടീച്ചർക്ക് വയ്യാതായി. അവരൊരു ഹോംനഴ്സിനെ വച്ചു. മൂന്നാലുമാസം ഹോം നഴ്സിനൊപ്പമാണത്രെ വന്നിരുന്നത്.
പിന്നീട് രണ്ടു മാസത്തോളം അവരെ കാണാതായി. പോസ്റ്റോഫീസിലായിരുന്നതിനാൽ അവരുടെ വീട്ടഡ്രസ്സ് തപ്പിപ്പിടിക്കാൻ റൈനുവിന് എളുപ്പമായിരുന്നു. അവരെ അന്വേഷിച്ച് പോകാൻ റൈനുവിനെ പ്രേരിപ്പിച്ചതെന്തായിരുന്നാലും അവളവിടെ എത്തിയില്ലായിരുന്നെങ്കിൽ ഇപ്പോളവർ ഉണ്ടാകുമായിരുന്നില്ല.
എത്ര വിപ്ലവചിന്താഗതിക്കാരാണെങ്കിലും പ്രായമാവുന്ന സമയത്ത് ആശ്രയിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഏതൊരാളും ആഗ്രഹിക്കും. അത്തരമൊരു മനോഭാവം ടീച്ചറിൽ ഉണ്ടായതിനാലാണ് ഞങ്ങളീ വീട്ടുകാരും ഈ നാട്ടുകാരുമായത്.
ടീച്ചറുടെ മനസ്സുപോലെ ചെടികൾ ഞങ്ങൾ നന്നായി പരിപാലിച്ചു. റൈനു ഇടയ്ക്കൊക്കെ ചില പ്രത്യേക ജനുസ്സിലുള്ള ഓർക്കിഡ്സും മറ്റിലച്ചെടികളും വരുത്തി ടീച്ചറെ സന്തോഷിപ്പിക്കും. ചെടികളെ ഓമനിക്കുമ്പോഴല്ലാതെ ടീച്ചറെ പുറത്തധികം കാണാറില്ല. ഒട്ടും സംസാരപ്രിയയും ആയിരുന്നില്ല. പെയ്ൻ്റിംഗും തുന്നൽപ്പണികളുമാണ് നേരമ്പോക്ക്. ഒരിക്കലും കൂടുതലടുപ്പത്തിന് ടീച്ചർ വന്നിട്ടേയില്ല.
നിഷാന വന്നപ്പോൾ ടീച്ചർ കുറച്ചെതിർത്തു. പക്ഷേ അവളെ കണ്ടപ്പോൾ ടീച്ചർക്കും സഹതാപം തോന്നിക്കാണും. എന്തായാലും താമസിപ്പിക്കാനനുവാദം തന്നു.
ഇവിടെ എത്തിയ ശേഷമാണ് നിഷാന അടുത്തുള്ള പഞ്ചായത്തിലെ കൃഷിഓഫീസറായി ചാർജെടുത്തത്. രണ്ട് കൊല്ലത്തെ വിസയുമായി ഉപരിപഠനത്തിനായി യൂറോപ്പിലേക്ക് പോയതാണ്. അവിടെ തുടരാൻ രോഗമവളെ അനുവദിച്ചില്ല. അവിടെ അവളനുഭവിച്ച വേദനകൾ വിവരിക്കുമ്പോൾ റൈനു അവൾക്കൊപ്പമിരുന്ന് കരയാറുണ്ട്.
“ഈ മാതാപിതാക്കൾ എന്തിന് വേണ്ടിയാണ് മക്കളെ ഉൽപാദിപ്പിക്കുന്നത് ?” എന്ന് രോഷാകുലയാവുകയും ചെയ്യും.
റൈനുവിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സുഹൃത്തുകളുടെ അനുഭവങ്ങളെ സ്വന്തം അനുഭവങ്ങളോട് ചേർത്ത് വയ്ക്കുമ്പോൾ അവൾക്കങ്ങനെ തോന്നുന്നതാണ്.
അഡിനോമയോസിസ് എന്ന രോഗമായിരുന്നു നിഷാനക്ക്. ഗർഭപാത്രത്തിന് കട്ടിവയ്ക്കുന്ന ഒരവസ്ഥ. മുപ്പത്തഞ്ച് വയസ്സിന് ശേഷം ഇതുണ്ടാവാമെങ്കിലും ചെറുപ്രായത്തിൽ വരുന്നത് വിരളമാണ്. ശാശ്വത പരിഹാരം യൂട്രസ് റിമൂവ് ചെയ്യലാണ്.
യൂട്രസ്സ് റിമൂവ് ചെയ്താൽ ഉണ്ടാകുന്ന സ്ത്രീസഹജമായ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് അതൊഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് റൈനു പലവഴിക്കും അന്വേഷിച്ചു. ഒടുവിൽ ഉള്ള കാലം വേദനയില്ലാതെ സമാധാനിച്ച് ജീവിക്കാമല്ലോ എന്ന നിഷാനയുടെ തീരുമാനത്തോട് ഞങ്ങളും യോജിക്കുകയായിരുന്നു.
നിഷാനയുടെ വീട്ടുകാർ എപ്പോഴുമതിനെ എതിർക്കുന്നവരായിരുന്നു. മകളുടെ ആരോഗ്യത്തേക്കാൾ ഒരു കുഞ്ഞിനെ പ്രസവിക്കാൻ അവൾക്ക് കഴിയാതാകുമല്ലോ എന്നതായിരുന്നു അവരുടെ ആശങ്ക.
“ഇഷ്ടം പോലാൾക്കാര് വേറെണ്ട്. ലോകത്തില് മനുഷ്യവംശം നെലനിർത്താൻ ഉൽസാഹിക്കുന്നോര്. അതിലിപ്പൊ നിൻ്റെ കോൺട്രിബ്യൂഷൻ ഇല്ലാന്ന് വെച്ച് ഒന്നുംണ്ടാവാനില്ല. അല്ല പിന്നെ…"
“ അവർക്കും ആഗ്രഹംണ്ടാവില്ലേ റൈനു. അവരടെ ഭാഗത്ത് നിന്ന് നോക്കുമ്പോ…” ന്യായീകരിക്കാൻ ശ്രമിച്ച എന്നെ മുഴുവനാക്കാൻ അനുവദിച്ചില്ല റൈനു.
“ഉണ്ടയാണ്. ഉണ്ട. താൻ തന്നെ ഇത് പറയണം. ഇപ്പഴും നിരാശാകാമുകീടെ റോളിലല്ലേ. മൂക്കില് പല്ലും മൊളച്ചു. മൂട്ടില് വാലും വരാറായി. എന്താ കാരണം. അമ്മേനെ വെഷമിപ്പിക്കാൻ പറ്റില്ല്യ. എന്താ ആ അമ്മ തൻ്റെ വെഷമം മനസ്സിലാക്കില്ല്യ. ആരെയൊക്കെ തൃപ്തിപ്പെടുത്തിട്ട് വേണം ഒരു ജൻമം ജീവിച്ച് തീർക്കണെങ്കി. “
പലപ്പോഴും റൈനുവിൻ്റെ തർക്കങ്ങളെ എതിർക്കാൻ സാധിക്കാറേയില്ല. അവളെപ്പോലെ ജീവിക്കാൻ സാധിക്കുന്നില്ലെന്നേയുള്ളൂ. അതുപോലെ ജീവിക്കാൻ ആഗ്രഹമില്ല എന്നതിനർത്ഥമില്ല.
നിഷാനയുടെ കുടുംബത്തിൻ്റെ സാമൂഹിക പശ്ചാത്തലം. സ്വന്തം വീട്ടിലെ അരക്ഷിതാവസ്ഥയിൽ നിന്നുണ്ടായ ചില ട്രോമകൾ. എല്ലാത്തിൽ നിന്നും വിടുതൽ നേടാനാഗ്രഹിച്ച് വിദേശത്തേക്ക് പറന്നകന്നപ്പോൾ വിധിയും തന്നെ തോൽപിക്കാൻ ശ്രമിക്കുന്നല്ലോ എന്ന ചിന്തയുണ്ടാക്കിയ നിരാശ.
റൈനു നിഷാനയെ കണ്ടെടുക്കുമ്പോൾ അതായിരുന്നു അവളുടെ അവസ്ഥ.
( തുടരും .. )