
ബുദ്ധന്റെ നിറമുള്ള
മഴക്കാലത്തെ ആകാശം..
വെറും ഒരൊപ്പിട്ടു
മടങ്ങുന്ന സൂര്യൻ..
നിനക്കിനി
പഴയതുപോലാവാൻ
പറ്റില്ലല്ലോന്നും പറഞ്ഞ്
ആ സൂര്യനെയെന്നും
കളിയാക്കുന്നവൾ ഞാൻ..
അതിരാവിലെ സൂര്യൻ
കാർമേഘങ്ങൾക്കിടയിലൂടെ
മുഖം കാണിച്ച്
ചിരിച്ചെന്ന് വരുത്തി
എന്നോട് ചോദിക്കാൻ വരും
ഇപ്പോളോ..?
പിറ്റേന്നും നേരത്തെ
വന്നെത്തി നോക്കി
എന്നോട്
ചോദ്യമാവർത്തിക്കും
സൂര്യൻ,
മഴ ഭദ്രകാളി കണക്കെ
ഉറഞ്ഞു തുള്ളി വരുമ്പോളേക്കും
ഓടിയൊളിക്കുന്ന സൂര്യനെ
ഞാൻ കുഴിയാനയെന്നും
ആമയെന്നും പറഞ്ഞ്
കളിയാക്കിക്കൊണ്ടേയിരുന്നു..
ഞങ്ങളിത്
അങ്ങോട്ടുമിങ്ങോട്ടും
ചോദിച്ചും പറഞ്ഞും
കളിയാക്കിയും
മഴക്കാലം തീരാറായെന്ന്
തോന്നുന്നു..
ആകാശത്തിനിപ്പോൾ
ബുദ്ധന്റെ പഴയ നിറമില്ല...
പണ്ട് മഴക്കാലത്തിട്ട
ഒപ്പുകൾ പതപ്പിച്ച്,
വെളിച്ചം കൊണ്ട്
ക്ഷൗരം ചെയ്ത്,
എന്നെ വെല്ലുവിളിക്കുന്ന
നോട്ടവുമായി
ആകാശത്തിപ്പോൾ
കൊറച്ച് ഗമയിലാണ്
രണ്ടു കവിളത്തും
മാങ്ങാച്ചുന പറ്റി
പൊള്ളിച്ചുവന്ന
എന്റെ സൂര്യന്റെ
ഗജരാജനടത്തം...