
മലയാള സിനിമക്ക് പ്രീയപ്പെട്ട സിനിമാട്ടോഗ്രാഫർ മെല്ലി ഇറാനി ഇന്നലെ ചെന്നെയിൽ അന്തരിച്ചു. കെ.എസ്. സേതുമാധവൻ്റെ സിനിമകളിൽ നിത്യ സാന്നിധ്യമായിരുന്നു. അൻപതോളം മലയാളസിനിമക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചു.
മെല്ലി ഇറാനിയുടെ 93-ാം ജന്മദിനം ആയിരുന്ന 2025 ഓഗസ്റ്റ് 5-ന് ഞാൻ ഒരു fb കുറിപ്പ് എഴുതി പോസ്റ്റിയപ്പോൾ "അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ?" എന്ന രീതിയിൽ നിരവധിപ്പേർ കമൻ്റി അന്വേഷിച്ചിരുന്നു...... കാരണം, അദ്ദേഹത്തിൻ്റെ ദീർഘകാലമായുള്ള നിശബ്ദത പലരുടെയും മനസ്സിൽ ഒരു ശൂന്യത സൃഷ്ടിച്ചിരുന്നു. സംവിധയകൻ ഹരിഹരൻ ആണ് അദ്ദേഹവുമായി സമ്പർക്കം പലർത്തിയിരുന്നത്.
ഇന്ന് മെല്ലി ഇറാനിയുടെ ഒരു ബ്ലാക് & വൈറ്റ് ചിത്രമാണ് മിക്കവാറും മാദ്ധ്യമങ്ങളിൽ വന്നിട്ടുള്ളത്; ഇത് സന്തോഷ് ശിവൻ എടുത്ത് 2018 മാർച്ച് 18-ന് 'ട്വിറ്റ്' (ഇപ്പോഴത്തെ X-ൽ) ചെയ്തിരുന്ന ഫോട്ടോയാണ്; സോഷ്യൽ മീഡിയയിൽ വന്ന ഫോട്ടോ ആണ് ഇന്നും അദ്ദേഹത്തിൻ്റെ മുഖ്യമായി ലഭ്യമായ ഫോട്ടോ.
ദേശീയ തലത്തിൽ പ്രസിദ്ധനായിരുന്ന ക്യാമറാമാൻ ആദി എം. ഇറാനിയുടെ പുത്രനാണ് മെല്ലി. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട, ആദ്യത്തെ ശബ്ദ ചലച്ചിത്രമായ 'ആലം അര'യുടെ ഛായാഗ്രാഹകൻ ആയിരുന്നു പിതാവ് ആദി എം. ഇറനി. 'ആശാദീപം', 'വിയർപ്പിന്റെ വില' എന്നീ മലയാളത്തിലെ ആദ്യകാല ചിത്രങ്ങളുടെയും ഛായാഗ്രഹകനായിരുന്നു മെല്ലി ഇറാനിയുടെ പിതാവായ അദ്ദേഹം.
1932 ഓഗസ്റ്റ് 5-ന് ബോംബെയിൽ മെല്ലി ജനിച്ചു. മെല്ലി ഇറാനി ഛായാഗ്രഹണത്തിന്റെ ബാലപാഠങ്ങൾ സ്വപിതാവിൽ നിന്നു തന്നെ അഭ്യസിച്ചു. 1961-ൽ സേതുമാധവന്റെ ആദ്യ മലയാള ചിത്രമായ 'ജ്ഞാനസുന്ദരി' എന്ന ചിത്രത്തിന്റെ ചീഫ് ക്യാമറാമാനായി (DOP) പ്രവർത്തിച്ചു കൊണ്ടു മലയാളത്തിൽ രംഗപ്രവേശം നടത്തി. ('ജ്ഞാനസുന്ദരി'യുടെ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ മെല്ലി ഇറാനിയയോടൊപ്പം പിതാവ് ആദി. എം. ഇറാനിയും ഒരു വഴി കാട്ടിയായി ഉണ്ടായിരുന്നു.)
'യക്ഷി'; 'അരനാഴികനേരം'; 'കരകാണാക്കടൽ'; 'അനുഭവങ്ങൾ പാളിച്ചകൾ'; 'പണിതീരാത്ത വീട്'; 'ശരപഞ്ജരം'; 'ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച'; 'വളർത്തുമൃഗങ്ങൾ'; 'വെള്ളം' തുടങ്ങി അൽൺപതോളം മലയാള സിനിമകൾ അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകയിലൂടെ പുറത്തുവന്നു. ശശികുമാറിന്റെ 'ആലിബാബയും 41 കള്ളന്മാരും', 'അജയനും വിജയനും', 'തീക്കളി' എന്നീ സിനിമകളുടെ കാമറമാൻ മെല്ലി ആയിരുന്നു.1984-ൽ ഇറങ്ങിയ 'ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ'; അടുത്ത വർഷം തന്നെ ഇറങ്ങിയ 'വെള്ളം' എന്നിവയിൽ വരെ മലയാളത്തിൽ സജീവമായിരുന്നു. 'വെള്ളം' (1985) ആണ് അവസാന ചിത്രം.

മെല്ലി ഇറാനി ക്യാമറ ചലിപ്പിച്ച സിനിമകളിൽ പല ചിത്രങ്ങളും ഹിറ്റുകൾ ആയിരുന്നു.... അതിനുപരിയായി നാലും അഞ്ചും പതിറ്റാണ്ടുകൾക്ക് മുമ്പ് ചിത്രീകരിക്കപ്പെട്ട അവയുടെ ഛായാഗ്രഹ വിസ്മയങ്ങൾ ഓർമ്മയിൽ നിന്നു മായാത്തവയാണ്. ഡിജിറ്റൽ മാജിക്കുകളുടെ അഗമനത്തിനു മുമ്പുള്ള ഒരു കാലത്ത് ബ്ലാക്ക് & വൈറ്റിലും അദ്ദേഹം ദൃശ്യവൈഭവം നമ്മേ അനുഭവിപ്പിച്ചുഭവിപ്പിച്ചു. 'വെള്ളം' സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചതിലെ വിസ്മയം ഹരിഹരൻ വിവരിച്ചിട്ടുണ്ട്.
പ്രധാനമായും സേതുമാധവന്റെയും ഹരിഹരന്റെയും ചിത്രങ്ങളിൽ ഛായാഗ്രാഹകനായിരുന്ന അദ്ദേഹം അതല്ലാത്ത ചിലരോടൊപ്പവും ജോലി ചെയ്തിട്ടുണ്ട്; എന്നാൽ അവസാന കാലത്ത് (1985- കാലത്ത്) ചില സിനിമാ സെറ്റുകളിൽ ഉണ്ടായിക്കൊണ്ടിരുന്ന രീതികളിൽ മനസ്സ് മടുത്തു ജോലി ഉപേക്ഷിച്ച് പോകേണ്ടിവന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെത്രേ; അദ്ദേഹം തന്നെ ഇതു തുറന്നു പറഞ്ഞിട്ടുണ്ടെന്ന് സിനിമാ രംഗത്തെ പ്രശസ്ത സ്‌റ്റൽ ഫോട്ടോഗ്രാഫും ജേർണ്ണലിസ്റ്റുമായ ആർ. ഗോപാലകൃഷ്ണൻ എഴുതിയിട്ടുണ്ട്. സ്വന്തം പോക്കറ്റിൽ നിന്ന് തന്നെ പണം മുടക്കി മടക്കയാത്രാ വിമാന ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് മടങ്ങിപ്പോകുക പോലും ഉണ്ടായിട്ടുണ്ടത്രേ!
'യക്ഷി'യുടെ ക്യാമറാമാൻ എന്ന് നിലയിൽ ഏറെ ഖ്യാതി നേടിയെടുത്തു. 1971-ലെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു.(അവാർഡു ചിത്രം 'കരകാണാക്കടൽ' ആണെന്നാണ് കരുതപ്പെടുന്നത്; പട്ടികയിൽ ചിത്രം പരാമർശിക്കുന്നില്ല - ആ വർഷം മെല്ലി 'കരകാണാക്കടൽ' ഉൾപ്പെടെ നാല് ചിത്രങ്ങളുടെ ഛായഗ്രഹണം നിർവഹിച്ചു.) 1970-ലെയും ('ഓളവും തീരവും') 1972-ലെ യും ('സ്വയംവരം') സിനിമാട്ടോഗ്രാഫിക്ക് സംസ്ഥാന പുരസ്ക്കാരം മങ്കട രവിവർമ്മക്ക് ആയിരുന്നുവല്ലോ.
1980-കളുടെ തുടക്കം വരെ അന്നത്തെ മദ്രാസിൽ ഉണ്ടായിരുന്ന 'ഇറാനി ടീ ഷോപ്പ്' ശൃംഖല അദ്ദേഹത്തിന്റേതായിരുന്നു.
മെല്ലി ഇറാനി കുറെക്കാലം ഊട്ടിയിൽ സ്ഥിരതാമസമാക്കിയിരുന്നു.
അദ്ദേഹം പലപ്പോഴും ഊട്ടിയിൽ നിന്നു ചെന്നൈയിൽ പോകാറുണ്ടായിരുന്നു; 'സിക്ക'-യുടെ (SICA- Southern India Cinematographers Association) എല്ലാ ജനറൽ ബോഡി മീറ്റിംഗുകളിലും അദ്ദേഹം പങ്കെടുക്കുന്നു എന്നും മദ്രാസിലെ (ചെന്നൈയിലെ) നിരവധി 'ഇറാനിയൻ ടീ ഷോപ്പുക'കളിൽ അദ്ദേഹം സ്ഥിരസന്ദർശകനാണ് എന്നും യശഃശരീരനായ രാമചന്ദ്ര ബാബു (സിനിമാട്ടോഗ്രാഫർ) ഏതാനും വർഷം മുമ്പ് പറഞ്ഞറിയാം.
മെല്ലി ഇറാനിയുടെ ഭാര്യ അന്തരിച്ചു പോയി. പിന്നീട് മെല്ലി ചെന്നെയിലേക്ക് സ്ഥരമായി മാറി.
മെല്ലി ഇറാനി ചെന്നയിലെ ചെന്നൈ ചെട്ട്‌പേട്ടിലെ വീട്ടിലേക്ക് മാറിയ കാലത്ത് അദ്ദേഹത്തിന് അൽഷിമേഴ്സ് രോഗത്തിന്റെ ബാധയുണ്ടായിരുന്നതായും ഫോട്ടോഗ്രാഫർ ആർ. ഗോപാലകൃഷ്ണൻ അറിയിച്ചിരുന്നു; ഗോപാലകൃഷ്ണൻ അദ്ദേഹത്തെ ചെന്നൈയിലെ വീട്ടിൽ പോയി കണ്ടിട്ടുണ്ട്.
ഏതാനും മാസം മുമ്പ് പ്രസിദ്ധ സംവിധായകൻ ഈ വീട്ടിൽ പോയി ഇറാനിയെ കണ്ട കാര്യം ഹരിഹരൻ പറഞ്ഞിട്ടുണ്ട്. (ഇന്ന് ആ അനുഭവം 'മനോരമ'യിൽ എഴുതിയിട്ടുമുണ്ട്.) ഹരിഹരന്‍ തുടരുന്നു : "ഇറാനിക്ക് മുന്നില്‍ ചെന്നിരുന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് അറിയാതെ തിരിച്ചുപോയി എന്റെ മനസ് മലയാള സിനിമക്ക് മറക്കാനാവാത്ത ഒരു കാലം. കറുപ്പും വെളുപ്പും വര്‍ണ്ണഭംഗിയും നിറഞ്ഞ ഫ്രെയിമുകള്‍ കൊണ്ട് നമ്മെ കരയിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഛായാഗ്രഹണകല യഥാര്‍ത്ഥത്തില്‍ എന്താണെന്ന് എന്റെ തലമുറയെ പഠിപ്പിച്ചത് വിന്‍സന്റ് മാഷും മെല്ലി ഇറാനിയുമൊക്കെയാണ്..."
അനുഭവങ്ങൾ പാളിച്ചകൾ, ഒരു പെണ്ണിന്റെ കഥ, വാഴ്'വേമായം, കടൽപ്പാലം, പണിതീരാത്ത വീട്, അമ്മ എന്ന സ്ത്രീ, അരനാഴികനേരം, രാജഹംസം, ശരപഞ്ജരം, ഭൂമിദേവി പുഷ്പിണിയായി, അടിമകൾ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ശ്രീമാൻ ശ്രീമതി, യക്ഷി, പഞ്ചമി, ലാവ, പൂച്ചസന്യാസി, വളർത്തുമൃഗങ്ങൾ, വെള്ളം തുടങ്ങിയ നിരവധി ചിത്രങ്ങൾ അതിഗംഭീരമാക്കിയ ഛായാഗ്രാഹകൻ ആണല്ലോ മെല്ലി ഇറാനി .
