
തന്റെ ഹൃദയരക്തം വീണ കണ്ണൂരില്‍ മല്‍സരിക്കുമെന്ന് ആണയിട്ട് പറഞ്ഞാണ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിക്ക് പോയത്. എന്നാല്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഹൈക്കമാന്‍ഡിന് വഴങ്ങി പാര്‍ട്ടിക്ക് വിധേയനായാണ് അദ്ദേഹം കണ്ണൂരിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ മടങ്ങിയെത്തിയത്. ഇതിനിടെ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ സീറ്റ് കിട്ടില്ലെന്നുറപ്പായതോടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി എന്‍.ഡി.മുന്നണിയില്‍ നിന്ന് സുധാകരന്‍ മല്‍സരിക്കുമെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. സുധാകരന്റെ അനുകൂലികള്‍ തങ്ങളെ സമീപിച്ചിരുന്നുവെന്ന് ബി.ജെ.പി നേതാക്കളും സ്ഥിരീകരിക്കുകയുണ്ടായി. ഇന്ന് സുധാകരന്‍ പറഞ്ഞതി ഇങ്ങനെ...
''ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത ശുദ്ധ അസംബന്ധം. മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. സാഹചര്യങ്ങള്‍ കൊണ്ട് കഴിഞ്ഞില്ല. അതില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. പാര്‍ട്ടിയിലെ ഒരു കുട്ടിയെപ്പോലും തോല്‍പ്പിക്കാന്‍ ശ്രമിക്കില്ല. കോണ്‍ഗ്രസ് മിന്നും വിജയം നേടും. ബി.ജെ.പിയില്‍ പോകുന്ന കാര്യം ഇന്ന് വരെ ആലോചിച്ചിട്ടില്ല. ഇനി അങ്ങനെ ആലോചിക്കുകയുമില്ല. രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് ഞാന്‍. പിണറായി സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കും...'' ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവന്നതിന് ശേഷമുളള കെ സുധാകരന്റെ ആദ്യ പ്രതികരണമാണിത്.
കണ്ണൂര്‍ നിയമസഭാ സീറ്റ് വേണമെന്ന കടും പിടിത്തത്തില്‍ ദിവസങ്ങളോളം കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തിയ കെ സുധാകരന്റെ യു ടേണ്‍ അപ്രതീക്ഷിതമായിരുന്നു. എം.പിമാര്‍ മത്സരിക്കേണ്ടയെന്ന് സംസ്ഥാന നേതൃത്വവും ഹൈക്കമാന്‍ഡും നിലപാട് എടുത്തതോടെ സുധാകരന്റെ സമ്മര്‍ദ്ദം തന്ത്രം ചിലവായില്ലെന്ന് മാത്രമല്ല ഒരു പൊല്ലാപ്പും ഉണ്ടാക്കാതെ നിരുപാധികം താന്‍ കണ്ണൂര്‍ എം.പിയായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. പാര്‍ട്ടിയാണ് വലുതെന്നും, താന്‍ ചെറുതാണെന്നും സുധാകരന്‍ ഏറ്റവും ഒടുവിലായി ഡല്‍ഹിയില്‍ നിന്ന് മടങ്ങും മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ പാര്‍ട്ടി വിധേയനായി തുടരുമെന്നും സ്വതന്ത്രനായിട്ടല്ല, പാര്‍ട്ടി പറഞ്ഞാല്‍ എവിടെ വേണേലും മത്സരിക്കാനും തയ്യാറാണെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ അമിത വിധേയത്വം ചില സൂചനകള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുധാകരന്‍ ഇടഞ്ഞ് നിന്നതോടെ കോണ്‍ഗ്രസിന്റെ രണ്ടാഘട്ടം സ്ഥാനാര്‍ഥികളുടെ പട്ടിക പുറപ്പെടുവിക്കുന്നത് വൈകി. ആദ്യ ലിസ്റ്റ് പുറപ്പെടുവിക്കുന്നതിനെയും സുധാകരന്റെ സമ്മര്‍ദ്ദം ബാധിച്ചിരുന്നു. എ.കെ ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സുധാകരന് വേണ്ടി സംസാരിച്ചതെങ്കിലും ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ മല്‍സരിക്കേണ്ടെന്ന നിലപാടിലുറച്ചു നിന്നു. ഇതിനിടെ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ സുധാകരനെ ഫോണില്‍ ബന്ധപ്പെടുകയും തല്‍ക്കാലം പ്രതികരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം എന്നും ഖര്‍ഗെ പറഞ്ഞു. ഇതോടെയാണ് സുധാകരന്‍ വഴങ്ങിയത്.
പെട്ടെന്ന് കഷുഭിതനാവുകയും അതുപോലെ തണുക്കുകയും ചെയ്യുന്ന സുധാകരന്‍ മുറിവേറ്റ സിംഹമാണ്. കലാപക്കൊടി താഴ്ത്തിയെങ്കിലും തിരഞ്ഞെടുപ്പില്‍ സുധാകരന്റെ നിലപാടും നീക്കങ്ങളും എന്തായിരിക്കുമെന്നതിനെപ്പറ്റി കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക ഉയരുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ നിയമസഭാ സീറ്റുകളില്‍ സുധാകരന്‍ പക്ഷം കാലുവാരുമോ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും ആശങ്ക. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി താന്‍ പ്രചാരണത്തിനു ഇറങ്ങുമെന്ന് സുധാകരന്‍ പറഞ്ഞെങ്കിലും കെ.പി.സി.സി നേതൃത്വം അത് അപ്പാടെ വിശ്വസിക്കുന്നില്ല. സീറ്റ് നിഷേധിച്ചതില്‍ സുധാകരനു ഇപ്പോഴും കടുത്ത അതൃപ്തിയുണ്ട്. ദേശീയ നേതൃത്വം ഇടപെട്ടതുകൊണ്ട് മാത്രമാണ് താല്‍ക്കാലികമായെങ്കിലും സുധാകരന്‍ അടങ്ങിയത്.
സുധാകരന്‍ പ്രത്യക്ഷത്തില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നതായി നടിക്കുമെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരായി പ്രവര്‍ത്തിച്ചേക്കാമെന്ന് കരുതുന്നവരാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷവും. കണ്ണൂരില്‍ സുധാകരന് യംഗ് ബ്രിഗേഡ് തന്നെയുണ്ട്. അവര്‍ സുധാകരനുവേണ്ടി എന്തുചെയ്യാനും മടിക്കുന്നവരല്ല. പേരാവൂരില്‍ മല്‍സരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ സുധാകരന്‍ പക്ഷം ശക്തമായ നീക്കം നടത്തിയേക്കുമെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്. സണ്ണി ജോസഫിനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചത് സുധാകരനാണ്. നിയമസഭാ സീറ്റിനു തനിക്കു അര്‍ഹതയുണ്ടായിട്ടും സണ്ണി ജോസഫ് ദേശീയ നേതൃത്വത്തോടു തനിക്കായി നിലപാടെടുത്തില്ല എന്നതാണ് സുധാകരന്റെ കലി.
ഇതിനിടെ, കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.ഒ മോഹനന്‍ കെ സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കെ സുധാകരന്റെ പിന്തുണയും അനുഗ്രഹാശ്ശിസുകളും വാങ്ങുന്നതിനാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കണ്ണൂരിലെ മുന്‍ മേയറാണ് ടി ഒ മോഹനന്‍. കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരന്‍ അനുകൂലികളുടെ സഹകരണവും പിന്തുണയും ഉറപ്പിക്കുക ലക്ഷ്യമിട്ടു കൂടിയാണ് മോഹനന്‍ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. സ്ഥാനാര്‍ത്ഥി മോഹനനെ ഷാള്‍ അണിയിച്ച് കെ സുധാകരന്‍ സ്വീകരിച്ചു. ഷാള്‍ അണിയിച്ച ശേഷം ഇരുവരും അടച്ചിട്ട മുറിയില്‍ സംസാരിച്ചു.
കണ്ണൂരില്‍ ടി.താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഒരു തരത്തിലും എതിര്‍പ്പില്ലെന്ന് കെ സുധാകരന്‍ പറഞ്ഞതായി മോഹനന്‍ പിന്നീട് വ്യക്തമാക്കി. കണ്ണൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണ യു.ഡി.എഫ് പരാജയപ്പെട്ടു. ആ മണ്ഡലം തിരിച്ചുപിടിക്കുക എന്നാണ് ദൗത്യം. ആ ദൗത്യം നേതാക്കളെല്ലാം കൂട്ടായി ഏറ്റെടുക്കും. തെരഞ്ഞെടുപ്പില്‍ പൂര്‍ണ സഹകരണം കെ സുധാകരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഒരു ടീമായിത്തന്നെ തെരഞ്ഞെടുപ്പില്‍ മുന്നോട്ടു പോകുമെന്നും ടി.ഒ മോഹനന്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ താലൂക്കിലെ കണ്ണൂര്‍ മുനിസിപ്പാലിറ്റിയും കണ്ണൂര്‍ കന്റോണ്‍മെന്റും ചിറക്കല്‍, പള്ളിക്കുന്ന്, പൂഴാതി, എളയാവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതായിരുന്നു കണ്ണൂര്‍ നിയമസഭാമണ്ഡലം. 1965-ല്‍ നിലവില്‍വന്ന കണ്ണൂര്‍ മണ്ഡലത്തിന്റെ ആദ്യ എം.എല്‍.എ മുസ്ലിംലീഗ് സ്വതന്ത്രന്‍ കെ.എം അബൂബക്കറായിരുന്നു. 67-ല്‍ ലീഗിലെ ഇ അഹമ്മദ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. 70-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് എന്‍.കെ കുമാരനോട് പരാജയപ്പെട്ടു. എന്നാല്‍ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കുമാരന്‍ ലോക്ദള്‍ സ്ഥാനാര്‍ഥി പി ഭാസ്‌കരനോട് പരാജയപ്പെട്ടു. പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയായ പി ഭാസ്‌കരന്‍ വിജയിച്ചു. എന്‍ രാമകൃഷ്ണനും കോണ്‍ഗ്രസ് എം.എല്‍.എയായി. മൂന്നുതവണ കെ സുധാകരന്‍ തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ എ.പി അബ്ദുള്ളക്കുട്ടിയും കണ്ണൂരിന്റെ എം.എല്‍.എ ആയി. കോണ്‍ഗ്രസ് എസ്സിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി ആണ് 2021 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.