Image

തൽക്കാലത്തേക്ക് സമാധാനം കിട്ടി (ഇറ്റലിയിൽ : മിനി ആന്റണി )

Published on 20 March, 2026
തൽക്കാലത്തേക്ക് സമാധാനം കിട്ടി (ഇറ്റലിയിൽ : മിനി ആന്റണി )

 

ഒൾഗ ഉച്ചമയക്കത്തിലായിരുന്നു. ഇന്നലെ.  ഞാൻ എസ്കേപ്പ് ഫ്രം അറേബ്യ വായിച്ച് കട്ടിലിൽ പുതച്ച് മൂടി ഇരിക്കുന്നു.  ഒൾഗ ഇടയ്ക്ക് തലപൊക്കി നോക്കും. അപ്പ എന്നെ കാണണം. അല്ലെങ്കി....' കോമെ മായ്' ക്ക് ഞാനുത്തരം കൊടുക്കണ്ടി വരും.

പുസ്തകം മൂന്നാല് പേജ് വായിച്ചപ്പോ പാശ്ചാത്യനോവലുകളുടെ ഒരു ശൈലിയുണ്ടല്ലോ എന്നാലോചിച്ചും  ചില പാശ്ചാത്യ എഴുത്തുകാരെ ഓർമ്മിച്ചും  വീണ്ടും വായനയിലേക്ക് തിരിഞ്ഞ സമയത്താണ് കോളിംഗ് ബെൽ അടിക്കുന്നത്.  

"സമയം 2.30 ആയല്ലേയുള്ളൂ. ഈ സമയത്താര് വരാനാ" എന്ന് എണീക്കാൻ മടിച്ചപ്പോ വീണ്ടും ബെൽ.

പിന്നെയെണീറ്റ് പോയി ജനാലയ്ക്കെ ചെന്നപ്പോ ഒൾഗേടെ  പ്രിയപ്പെട്ട മകൻ ദാനിയേലോ.

" ഇവനെന്താ നേരം തെറ്റിയ നേരത്ത് "

എന്ന സംശയാസ്പദ വദനത്തോടെയാണ് വാതിൽ തുറന്നതെങ്കിലും നമ്മുടെ 

നിലനിൽപ്പാലോചിച്ച്

"ചാവോ. ബോൺജിയോർനോ "  എന്ന് എന്നെക്കൊണ്ട് പറ്റാവുന്ന മധുരത്തോടെയും പുഞ്ചിരിയോടെയും പറഞ്ഞു. കൂട്ടത്തിൽ

" മമ്മ സ്ത ദൊർമേൻന്തോ "  ( അമ്മ ഉറങ്ങാണ് )  എന്നും.

" വാ ബെനെ. "  എന്ന് പറഞ്ഞിട്ട് അവൻ ചോദിച്ചു. അമ്മ കഴിഞ്ഞ ദിവസം കരഞ്ഞതെന്തിനാ?  

അതിപ്പൊ കരച്ചിലെടക്കെടക്കെ ഉള്ളതാണല്ലോ.  പിന്നെയിതെന്താപ്പോ ഇങ്ങനൊരു ചോദ്യം എന്നാലോചിച്ച് ഞാൻ പറഞ്ഞു. പപ്പേനേം മമ്മേനേം ഓർത്ത് കരയണതാന്ന്.

"ആ.. അതിനൊരു പരിഹാരമായിട്ടാണ് ഞാൻ വന്നത്.  സെമിത്തേരി പോയി അവരെ ഒക്കെ ഒന്ന് കാണിച്ചേച്ചും വരാം.  അപ്പ അവൾ ഓർക്കും. അവര് മരിച്ചു പോയീന്ന്. "

അപ്പഴേക്കും " കിയേ, കിയേ " ന്ന്  (ആരാ ) ചോയ്ച്ചോണ്ട് ഒൾഗ എണീറ്റ് വന്നു.

അമ്മേം മോനും കൂടി സിമിത്തേരി പോയി കുടുംബക്കാരെ ഒക്കെ കണ്ടോണ്ട് വന്നു.

കൊർച്ച് ദിവസം ഇനി സമാധാനമായിരിക്കും എന്ന് വിചാരിച്ച് ഒരാപ്പിൾ മുറിച്ച് സ്നേഹത്തോടെ കൊടുത്ത് തീറ്റിച്ചോണ്ടിരുന്നപ്പം എന്തോർത്തിട്ടാണോ പതിവുപോലെ ഓൾഗ മമ്മേടെ അടുത്ത് പോണം എന്ന് വാശിപിടിച്ചു. 

എനിക്കങ്ങ് ദേഷ്യം കേറി. നൂറ് തൊണ്ണൂറ്റൊമ്പത് എന്നെണ്ണി ദേഷ്യം നിയന്ത്രിക്കാനും  തോന്നീല.

"നിങ്ങടെ അപ്പനും അമ്മേം സകല കുടുംബക്കാരും ചത്ത് പോയീന്നും  എല്ലാരേം നീ നേരത്തെ സിമിത്തേരീ പോയി കണ്ടതല്ലേന്നും അപ്പഴെക്കും ഒക്കെ മർന്നേങ്കി അതെന്തൊരു മറവിയാന്നും   നിനക്ക് 86 വയസ്സായി,  നീയും ഒരു ദിവസം മരിക്കുമെന്നും,  ഒക്കെ എനിക്ക് വായേ തോന്നിതൊക്കെ  അങ്ങട് വിളിച്ചു പറഞ്ഞു.

പറഞ്ഞത് നമ്മടെ മലയാളത്തിലാണേലും ഒർഗക്ക്  ഏതാണ്ടൊക്കെ പിടികിട്ടിയ മട്ടാ.

തൽക്കാലത്തേക്ക്  സമധാനം കിട്ടി ഞങ്ങക്ക് രണ്ടാൾക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക