Image

ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല, പാർട്ടിയുടെ പേരിൽ പ്രവർത്തിക്കുന്നത് "പൊളിറ്റിക്കൽ ക്രിമിനൽസ്" ; അമ്പലപ്പുഴയിൽ മത്സരിക്കുന്നത് ജനകീയ സ്വതന്ത്രനായെന്ന് ജി സുധാകരൻ

Published on 20 March, 2026
ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല, പാർട്ടിയുടെ പേരിൽ പ്രവർത്തിക്കുന്നത് "പൊളിറ്റിക്കൽ ക്രിമിനൽസ്" ; അമ്പലപ്പുഴയിൽ മത്സരിക്കുന്നത് ജനകീയ സ്വതന്ത്രനായെന്ന് ജി സുധാകരൻ

ഇടതുപക്ഷത്തിന്റെ പ്രമുഖ നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് ജനകീയ സ്വതന്ത്രനായാണ് മത്സരിക്കുന്നതെന്നും ജി. സുധാകരൻ. പിണറായി സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകാൻ പ്രയാസമാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തിരഞ്ഞെടുപ്പിൽ തനിക്ക് കോൺഗ്രസ് നേതാക്കൾ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ ഭേദമന്യേ ആർക്കും തന്നെ പിന്തുണയ്ക്കാമെന്നും അദ്ദേഹം ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

​പാർട്ടിയിൽ ഇപ്പോൾ 'പൊളിറ്റിക്കൽ ക്രിമിനലുകൾ' പിടിമുറുക്കിയിരിക്കുകയാണെന്നും ഇവർ പാർട്ടിയുടെ പേരിൽ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും സുധാകരൻ വിമർശിച്ചു. പിണറായി വിജയന് മൂന്നാമൂഴം ലഭിക്കുന്നതിൽ തനിക്ക് വ്യക്തിപരമായി സന്തോഷമുണ്ടെങ്കിലും, നിലവിലെ സ്ഥിതിഗതികൾ മൂന്നാം വിജയത്തിന് അനുകൂലമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ നിലപാടുകളിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​മന്ത്രി പി. പ്രസാദിനെതിരെ കടുത്ത വിമർശനമാണ് സുധാകരൻ ഉന്നയിച്ചത്. തനിക്കെതിരെ അനാവശ്യ പ്രസ്താവനകൾ നടത്തിയ പ്രസാദിനെ തോൽപ്പിക്കാൻ ചേർത്തലയിൽ പോയി പ്രസംഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഭയിൽ ശ്രദ്ധേയമായ ഒരു പ്രസംഗം പോലും നടത്താൻ കഴിയാത്തവരാണ് വീണ്ടും മത്സരരംഗത്തുള്ളതെന്നും, ആറാം തവണ മത്സരിക്കുന്ന എ.എം ആരിഫിനെപ്പോലെയുള്ളവർക്ക് ഇല്ലാത്ത എന്ത് 'പാർലമെന്ററി വ്യാമോഹമാണ്' തനിക്കുള്ളതെന്നും അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു.

​തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ താനായിട്ട് കമ്മിറ്റികളോ കൺവെൻഷനുകളോ രൂപീകരിക്കില്ലെന്നും എന്നാൽ മറ്റാരെങ്കിലും സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്നും മൂന്ന് ദിവസം അവധി വന്ന സാഹചര്യത്തിൽ പത്രിക നൽകാനുള്ള കാലാവധി നീട്ടണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയ സാഹചര്യത്തിൽ അവരുടെ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക