Image

ഏയ്, അങ്ങനെയൊരു ചിന്ത വേണ്ട! (നടപ്പാതയിൽ ഇന്ന് - 137: ബാബു പാറയ്ക്കൽ)

Published on 20 March, 2026
ഏയ്, അങ്ങനെയൊരു ചിന്ത വേണ്ട! (നടപ്പാതയിൽ ഇന്ന് - 137: ബാബു പാറയ്ക്കൽ)

"എന്താ പിള്ളേച്ചാ, കുറെ നാളായല്ലോ കണ്ടിട്ട്?"
"സ്ഥലത്തില്ലായിരുന്നെടോ. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?"
"എങ്ങോട്ടു നോക്കിയാലും വിശേഷങ്ങൾ അല്ലേ? അമേരിക്കയിൽ നിന്നും നാട്ടിൽ പോയാൽ എന്നത്തേക്ക് തിരിച്ചു വരാൻ സാധിക്കുമെന്ന് പറയാൻ സാധിക്കത്തില്ല."
"നാട്ടിലും അതുതന്നെയെടോ. ഇപ്പോൾ തെരെഞ്ഞെടുപ്പല്ലേ, ആരൊക്കെ എവിടെ ചെന്നു ലാൻഡ് ചെയ്യുമെന്ന് അറിയത്തില്ല."
"അതെന്താ പിള്ളേച്ചാ, അങ്ങനെ?"
"എടോ, കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് ജനങ്ങൾ കണ്ട ഭരണം കാരണം അടുത്തതായി ആര് ഭരിക്കണം എന്ന് അവർ തീർച്ചയാക്കി ഇരിക്കുകയായിരുന്നു. എന്നാൽ വിധിയെ ആർക്കും തൂത്തു കളയാനാവില്ലല്ലോ."
"മനസ്സിലായില്ല. തെളിച്ചു പറയൂ, പിള്ളേച്ചാ."

"എടോ, വളരെ ലളിതമായി പറയാം. പിണറായി ഭരണം കൊണ്ട് മനം മടുത്തത് സാധാരണ ജനങ്ങൾ മാത്രമല്ല. കമ്മ്യൂണിസ്റ്റുകൾ പോലും വെറുത്തു പോയി. അത്രമാത്രം അഴിമതിയും സ്വജന പക്ഷപാതവും ധാർഷ്ട്യവും ധൂർത്തുമല്ലേ അവർ കാണിച്ചത്?"
"അത് ശരിയല്ല, പിള്ളേച്ചാ. നാട്ടിൽ എത്രയോ വികസന പ്രവർത്തനങ്ങൾ വന്നു, റോഡുകൾ അടിപൊളിയാക്കി, വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കി, ലക്ഷക്കണക്കിന് പുതിയ സംരംഭകർ എത്തി, നമ്മുടെ ലക്ഷക്കണക്കിന് കുട്ടികൾക്ക് വിദേശ രാജ്യത്തുപോയി പഠിക്കാൻ അവസരമുണ്ടാക്കി, ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചു, പി എസ് സി പോലെയുള്ള കഠിന പരീക്ഷകളിൽ കൂടി പോകാതെ എത്രയോ ആയിരങ്ങൾക്ക് സർക്കാർ ജോലി ലഭിച്ചു, സർവോപരി എല്ലാവരാലും വെറുക്കപ്പെട്ട ജയിൽ കുറ്റവാളികൾക്ക് കൂലി വർദ്ധിപ്പിച്ച് ഇളം തലമുറയ്ക്ക് ഉത്തേജനം നൽകി..... അങ്ങനെ എന്തെല്ലാം! ഈ നേട്ടങ്ങളൊന്നും ജനങ്ങൾ കണ്ടില്ലെന്നാണോ?"
"എടോ, അതെല്ലാം കണ്ടതു കൊണ്ടാണ് ‘ഇനി പിണറായി അൽപ്പം വിശ്രമിക്കാട്ടെ, പകരം യു ഡി എഫ് ഇനി കുറച്ചു നാൾ ഭരിക്കട്ടെ’ എന്നു ജനങ്ങൾ തീരുമാനിച്ചത്. എന്നാൽ അത് കോൺഗ്രസ് സമ്മതിക്കുകേല."

"അതെന്താ, കയ്യിട്ടു നക്കാൻ അവർക്കു വേണ്ടെന്നാണോ?"
"അതിനു യോജിപ്പ് വേണ്ടേ? ഒന്നിന് മറ്റൊന്നിനെ കണ്ടു കൂടാ. എന്നെക്കാൾ കഴിവുള്ളവൻ വേണ്ടാ എന്നാണ് നേതാക്കന്മാരെല്ലാം വിചാരിക്കുന്നത്. എല്ലാ അവന്മാർക്കും സീറ്റ് വേണം. ആകെ 140 മണ്ഡലങ്ങളല്ലേയുള്ളൂ."
"അവന്മാർ തമ്മിൽ പാര വച്ചതുകൊണ്ടാണല്ലോ കഴിഞ്ഞ തവണ യു ഡി എഫ് നു കിട്ടാതെ പോയത്. സോളാർകേസ് ചൂടാക്കി ഉമ്മൻ ചാണ്ടിക്കിട്ട് പണി കൊടുത്തതും  മുഖ്യമന്ത്രിക്കസേര കണ്ടു പനിച്ചുകിടന്ന ചിലരാണല്ലോ."
"താൻ പറഞ്ഞത് വളരെ ശരിയാണ്. ഇവനൊന്നും ഗുരുത്വമില്ലെടോ."
"ഇപ്പോൾ കണ്ടില്ലേ, സുധാകരന്റെ പൊല്ലാപ്പ്. അയാൾ ഇപ്പോൾ എം പി യാണ്. അതു വിട്ടിട്ട് ഉടനെ എം എൽ എ ആകണം. എന്തിനു വേണ്ടിയാണെന്നാണ് മനസ്സിലാകാത്തത്. ഒരു വിധത്തിലാ എന്തൊക്കെയോ ഓഫർ ചെയ്ത് അനുനയിപ്പിച്ചത്!"

"അതിൽ കാര്യമുണ്ടെടോ. സുധാകരനെ പോലെ ഒരാളില്ലായിരുന്നെങ്കിൽ കണ്ണൂരിൽ കോൺഗ്രസിന് എത്തിനോക്കാൻ കഴിയുമായിരുന്നോ? അവരോട് ഒറ്റയാനായി നിന്ന് പടവെട്ടി അവരുടെ കോട്ടകൾ പിടിച്ചടക്കിയപ്പോൾ അതനുസരിച്ചുള്ള അംഗീകാരമോ ബഹുമാനമോ അദ്ദേഹത്തിന് കൊടുത്തില്ല. ഒടുവിൽ കെപിസിസി പ്രസിഡന്റ് ആക്കി. പാർലമെന്റ് ഇലക്ഷൻ വന്നപ്പോൾ കണ്ണൂർ കോട്ട പിടിക്കാൻ സുധാകരൻ തന്നെ വേണം എന്ന് സതീശൻ പിടിവാശി കാണിച്ചത് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിയതുകൊണ്ടല്ല, മറിച്ച്, അദ്ദേഹത്തെ ഇവിടെ നിന്ന് ഡൽഹിയിലേക്ക് മാറ്റിയില്ലെങ്കിൽ അടുത്ത മുഖ്യമന്ത്രി സ്ഥാനം തനിക്കു കിട്ടാതെ വന്നെങ്കിലോ എന്നതുകൊണ്ടാണ്."
"ഏയ്, അങ്ങനെയുള്ള നാറിയ കളിയൊക്കെ സതീശനെപ്പോലെ ഒരാൾ ചെയ്യുമെന്നു ഞാൻ വിശ്വസിക്കില്ല."
"വേണ്ട. വിശ്വസിക്കേണ്ട. ഞാൻ ഒരു കാര്യം ചോദിക്കട്ടെ. ആ രാഹുൽ മാങ്കൂട്ടത്തിനിട്ടെന്താണ് ചെയ്തത്?"
"അത്, അയാൾ കണ്ട പെണ്ണുങ്ങളെയൊക്കെ പീഡിപ്പിച്ചെന്ന് കേസുകൾ വന്നതുകൊണ്ടല്ലേ? പിന്നെ ഇവനെയൊക്കെ പാർട്ടിയിൽ വച്ചുകൊണ്ടിരിക്കണോ?"

"എടോ, ഇതാ വസ്തുതകളെ വാസ്തവമറിഞ്ഞു സമീപിക്കണമെന്നു പറയുന്നത്. രാഹുൽ എന്ത് തെറ്റാണ് ചെയ്തത്? ഒരു സ്ത്രീ, അവൾ സതീശന്റെ ഉറ്റ സുഹൃത്താണെന്ന് കൂടി കൂട്ടി വായിക്കണം, മുഖ്യമന്ത്രിക്കൊരു പരാതി അയയ്ക്കുന്നു. കേട്ട പാതി, കേൾക്കാത്ത പാതി, രാഹുലിന്റെ പേരിൽ നടപടി എടുക്കുന്നു. യൂത്ത് കോൺഗ്രസ്സ് സ്ഥാനം രാജി വയ്പ്പിക്കുന്നു. പുറകെ പാർട്ടിയിൽ നിന്നു തന്നെ പുറത്താക്കുന്നു. എം എൽ എ സ്ഥാനം രാജി വയ്പ്പിക്കാൻ നോക്കി. നടന്നില്ലെന്ന് മാത്രം. രാഹുൽ കോൺഗ്രസ് പാർട്ടിയിൽ അടുത്തകാലത്ത് കണ്ടിട്ടുള്ള യുവ നേതാക്കന്മാരിൽ ചുറുചുറുക്കും നട്ടെല്ലുമുള്ള ഒരാളായിരുന്നു. എന്നാൽ, ആ പരിഗണനയെന്നും കൊടുക്കാതെ രാഹുലിനെ ചുവടേ വെട്ടിയവനാണ് സതീശൻ. പിന്നീട്  പരാതി കൊടുത്ത സതീശന്റെ സുഹൃത്ത്  രാഹുൽ തന്നെ അപമാനിച്ചിട്ടില്ലെന്നു പറഞ്ഞിട്ടും സതീശന്റെ മനസ്സലിഞ്ഞില്ല. അങ്ങനെ കോൺഗ്രസ് പാർട്ടി പാലക്കാട് മണ്ഡലം ബിജെപിക്കു താലത്തിൽ വച്ചുകൊടുത്തു. എന്നാൽ ഇടതു പക്ഷത്തു നിന്നും വേലി ചാടി വന്ന ഒരു സ്ത്രീലമ്പടനെ രണ്ടു കയ്യും നീട്ടി മാലയിട്ടു സ്വീകരിച്ചു സ്ഥാനാർത്ഥിയാക്കി. ഇതിൽ കൂടിയ ഇരട്ടത്താപ്പെന്താണെടോ? ഇപ്പോൾ സുധാകരനെ വെട്ടിയതും അതേ പാതയിലാണ്. പക്ഷേ, ഭാവിയിൽ അദ്ദേഹത്തിനും പാർട്ടിക്കും അത് ദോഷം ചെയ്യും."

"എന്തൊക്കെ ഇവർ കാട്ടിക്കൂട്ടിയാലും കുറേപ്പേർ അവരുടെ കൂടെത്തന്നെ നിൽക്കും. വേറെ ചോയ്‌സ് ഒന്നുമില്ലല്ലോ."
"എന്താ ചോയ്‌സ് ഇല്ലെന്നു പറഞ്ഞത്? ചിലപ്പോൾ തോന്നും എന്തൊക്കെ ആയാലും ഇതിനേക്കാൾ ഭേദം പിണറായി തന്നെ ആണെന്ന്! അല്ല, എനിക്ക് മനസ്സിലാകാത്തത് ഇതിനിടയിൽ ബിജെപി എന്നൊരു പാർട്ടി ഇല്ലേ? അവരെ ഒന്ന് കണക്കിലെടുത്തു കൂടേ?"
"അവർ വർഗ്ഗീയ പാർട്ടി അല്ലേ, പിള്ളേച്ചാ?"

"അത് ശരിയാ, അവർക്കു മാത്രമേ വർഗ്ഗീയതയുള്ളൂ. എടോ, തനിക്കറിയാമോ, എൽഡിഎഫും യുഡിഎഫും വർഗ്ഗീയതയ്‌ക്കെതിരാണ്. പക്ഷേ, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുന്നത് അവിടത്തെ ജാതിമത സമവാക്യങ്ങൾ ഹരിച്ചു ഗുണിച്ചു കൂട്ടിക്കിഴിച്ചിട്ടാണ്. ഇപ്പോൾ തിരുവനന്തപുരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ മുസ്ലിംലീഗ് പറഞ്ഞു, അവിടെ മുസ്ലിം പ്രാധിനിധ്യം ഇല്ലെന്ന്. ഉടനെതന്നെ, ഒരു സീറ്റിലെ സ്ഥാനാർത്ഥിയെ മാറ്റി ഒരു മുസ്ലിമിനെ അവിടെ അവരോധിച്ചു. എന്നാൽ, മലപ്പുറത്ത് എത്ര അമുസ്ലിംകൾ ഉണ്ട് എന്ന് തിരിച്ചാരും ചോദിച്ചില്ല. അതിൽ എത്രയോ ഭേദമാണെടോ ബിജെപി!"
"എന്നാലും, പിള്ളേച്ചാ, അവർ ഹിന്ദു പാർട്ടി അല്ലെ?"

"എടോ, 'പത്തു വർഷം കൊണ്ട് കേരളം ഒരു ഇസ്ലാമിക രാഷ്ട്രം ആക്കും' എന്ന് പ്രഖ്യാപിച്ചവരെ ചേർത്തു പിടിക്കയല്ലേ ഇപ്പോൾ കോൺഗ്രസ് ചെയ്യുന്നത്? ഈ പ്രീണനം കേരളത്തിനാപത്താണ്. ഒന്നുമല്ലെങ്കിൽ, ബിജെപി ഭരിക്കുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നമ്മുടെ മാധ്യമങ്ങൾ പോയി കാണണം. ആയിരക്കണക്കിനാളുകൾക്കു തൊഴിൽ നൽകുന്ന ഫാക്ടറികൾ, പാശ്ചാത്യ രാജ്യങ്ങളെ വെല്ലുന്ന റോഡുകൾ, പാലങ്ങൾ, യൂണിവേഴ്‌സിറ്റികൾ, ആശുപത്രികൾ, ശാസ്ത്രീയ രീതികൾ പരീക്ഷിക്കുന്ന കൃഷിയിടങ്ങൾ, അതിവേഗ റെയിലുകൾ തുടങ്ങി ജീവിത നിലവാരം അടിമുടി മാറ്റുവാൻ ശ്രമിക്കുന്നത് കാണാതെ പോകരുത്. നാട് മുന്നേറുമ്പോൾ നമ്മൾ ആറേമുക്കാൽ ലക്ഷം കോടി കടവും പോക്കറ്റിലിട്ടു നടന്നാൽ മതിയോ?”

"പിള്ളേച്ചൻ ആ പറഞ്ഞതിൽ കാര്യമുണ്ട്. കോൺഗ്രസ്സ്കാരുടെ അഹങ്കാരവും കുതികാൽ വെട്ടും കുറയണമെങ്കിൽ ഈ അവസരത്തിൽ അവരെ പിന്തുണയ്ക്കാതിരിക്കുക. ഒരു പ്രാവശ്യം ബിജെപിയ്ക്ക് കൊടുക്കുക. ഏതായാലും പിണറായിയെ പത്തുവർഷം കേരളം സഹിച്ചില്ലേ! ഇനി പാരമ്പര്യത്തിൽ നിന്നും ഒന്നു മാറിയാലോ? കോൺഗ്രസ് ഒരു പക്ഷേ നന്നായാലോ?"
"ഏയ്, അങ്ങനെ ഒരു ചിന്ത വേണ്ട. കാരണം ഇത് കോൺഗ്രസ് ആണ്."
"ശരി പിള്ളേച്ചാ, പിന്നെ കാണാം."
_________________

Read More: https://www.emalayalee.com/writer/170


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക