Image

സ്വപ്നം (കവിത: മിനി മോഹനൻ)

Published on 20 March, 2026
സ്വപ്നം (കവിത: മിനി മോഹനൻ)

നിദ്രതന്നഗാധമാം ശൂന്യതയ്ക്കുള്ളിൽനിന്നു
നിത്യവും നീ വന്നീടും നിർമ്മലേ ,നിരാമയേ
അറിവീലെനിക്കുനിന്നലിവിന്നുറവിടം
അറിവീലകംപൂകു,മാർദ്രമാമാത്മാംശങ്ങൾ.
കൊണ്ടുവന്നീടും നീയൊരത്ഭുത പ്രപഞ്ചത്തെ,
കണ്ടുതീർക്കുവാനായി നിദ്രതൻ ചട്ടയ്ക്കുള്ളിൽ.
കാണാത്തോരൂരും കണ്ടുപോയീടാവഴികളും
കണ്ടിട്ടില്ലാത്തോരായിട്ടായിരം സഖാക്കളും
ഉറക്കം വന്നെത്തിയാലൊന്നൊന്നായെത്തീടുമീ  
ഉണർവ്വിൻ വെളിച്ചത്തിലാടിയും പാടിക്കൊണ്ടും
ഉരിയാടിയും പിന്നെയൂർജ്ജമായ് നിറഞ്ഞുമെ-
ന്നുയിരിന്നുയിരാകുമായിരം സ്വപ്നങ്ങളായ്
ഇഹലോകം വിട്ടെങ്ങോ പോയ്‌മറഞ്ഞോരാ പ്രിയ-
ദേഹങ്ങളൊക്കേയുമെൻ സ്വപ്നത്തിൽ വന്നീടുന്നു
അവരെക്കാണാനായ് ഞാൻ മനസ്സാ പ്രാർത്ഥിച്ചുകൊ -
ണ്ടവർക്കായർപ്പിക്കുന്നു സ്വപ്നത്തിൻ പുഷ്പാഞ്ജലി.
ചിലപ്പോളഗാധമാമാരണ്യാന്ധകാരത്തിൻ
വലയിൽപ്പെടുത്തിയിട്ടങ്ങനെ ചിരിക്കും നീ
ചിലപ്പോളെത്തീടും ഞാൻ വർണ്ണാഭമാകുന്നോരാ
ബാലചാപല്യങ്ങൾതൻ മുഗ്ദ്ധമാം കളിക്കൂട്ടിൽ
ചിലപ്പോളെത്തീടുമെൻ മിഥ്യമോഹങ്ങൾ പൂത്തു
കൊഴിഞ്ഞ കലാലയക്കോലായിലേകാന്തമായ്.
ചിലപ്പോളാകട്ടെയെൻ നിർവൃതിക്കിടം നല്കും
മാതൃത്വകാലത്തിന്റെയാദ്യനാളുകൾ മുന്നിൽ.
നിന്റെ കേളികളെത്ര പ്രിയമാണെനിക്കെന്നും
നിന്റെ സമ്മാനങ്ങളെൻ നെഞ്ചോടുചേർക്കുന്നു ഞാൻ
നീവരുംസഖീ നേർത്തതെന്നലായ് സുഗന്ധമായ്‌
നീരജം വിടർന്നീടും സരസ്സിൻ സൗന്ദര്യമായ്.

കാണുവാൻമോഹിക്കുന്ന കാഴ്ചകൾ തന്നും പിന്നെ
കാത്തിരിക്കുന്നോരെത്ര നന്മകൾ കാട്ടിത്തന്നും.
നീയില്ലയെങ്കിൽപ്പിന്നെ നിദ്രകൾ നിശ്ശൂന്യങ്ങൾ
നീയില്ലയെങ്കിൽ നീണ്ട രാത്രികൾ വിരസങ്ങൾ.

പ്രാപിക്കാൻ കഴിഞ്ഞീടാ മോഹങ്ങളൊക്കെയുമെൻ
പ്രാപ്തമാം സ്വപ്നങ്ങളായ്ക്കൊണ്ടുവന്നീടേണം നീ
കാത്തിരിക്കുന്നു സഖീ, നിന്നെ ഞാൻ നിദ്രക്കണ്ണി-
ലൊത്തിരി സ്നേഹം ചാർത്തി നിർനിമേഷമായെന്നും....
--------------------------------------------
 

Join WhatsApp News
Devan Tharapil 2026-03-20 09:04:08
സാഹിത്യ നിരീക്ഷണം ദേവൻ തറപ്പിൽ മിനി മോഹനന്റെ 'സ്വപ്നം' എന്ന കവിത, നിദ്രയുടെ ആഴങ്ങളിൽ വിരിയുന്ന വിസ്മയകരമായ ഒരു ലോകത്തെ വളരെ ലളിതവും എന്നാൽ അർത്ഥപൂർണ്ണവുമായ വരികളിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. മനുഷ്യമനസ്സിന്റെ അബോധതലത്തിലെ അഭിലാഷങ്ങളും ഓർമ്മകളും എങ്ങനെ സ്വപ്നങ്ങളായി രൂപാന്തരപ്പെടുന്നു എന്ന് കവയിത്രി ഇവിടെ വരച്ചുകാട്ടുന്നു. 1. സ്വപ്നം: ഒരു അത്ഭുത പ്രപഞ്ചം ഉറക്കത്തിന്റെ ശൂന്യതയിൽ നിന്ന് ഉദിച്ചുയരുന്ന സ്വപ്നത്തെ 'നിർമ്മല' എന്നും 'നിരാമയ' (രോഗമില്ലാത്ത/ശുദ്ധമായ) എന്നുമാണ് കവയിത്രി വിശേഷിപ്പിക്കുന്നത്. കാണാത്ത ഊരുകളും കണ്ടിട്ടില്ലാത്ത സുഹൃത്തുക്കളും സ്വപ്നത്തിൽ വന്നെത്തുന്നു. ഇത് സ്വപ്നത്തിന്റെ അതിരുകളില്ലാത്ത ഭാവനാലോകത്തെ സൂചിപ്പിക്കുന്നു. 2. ഓർമ്മകളുടെ പുനസ്സമാഗമം കവിതയിലെ ഏറ്റവും ഹൃദ്യമായ ഭാഗം വേർപിരിഞ്ഞുപോയ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വരികളാണ്: "ഇഹലോകം വിട്ടെങ്ങോ പോയ്‌മറഞ്ഞോരാ പ്രിയ- ദേഹങ്ങളൊക്കേയുമെൻ സ്വപ്നത്തിൽ വന്നീടുന്നു" നഷ്ടപ്പെട്ടുപോയ ബന്ധങ്ങളെ തിരികെ ലഭിക്കാനുള്ള ഏക ഇടമായി സ്വപ്നം മാറുന്നു. അവർക്കായി മനസ്സാ പ്രാർത്ഥിച്ചുകൊണ്ട് നൽകുന്ന 'സ്വപ്നത്തിൻ പുഷ്പാഞ്ജലി' എന്ന പ്രയോഗം മനോഹരമാണ്. 3. വൈവിധ്യമാർന്ന ഭാവങ്ങൾ സ്വപ്നം എപ്പോഴും സുഖകരമല്ല. ചിലപ്പോൾ അത് ഭയാനകമായ കാടിന്റെ ഇരുട്ടായി മാറുന്നു, മറ്റുചിലപ്പോൾ കുട്ടിക്കാലത്തെ കളിക്കൂട്ടായും കലാലയ മുറ്റമായും മാതൃത്വത്തിന്റെ ആദ്യ നാളുകളായും വരുന്നു. വായനക്കാരന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ തൊട്ടുണർത്താൻ ഈ വരികൾക്ക് കഴിയുന്നുണ്ട്. 4. നിദ്രയുടെ പൂർണ്ണത സ്വപ്നമില്ലാത്ത നിദ്ര വിരസമാണെന്ന് കവയിത്രി നിരീക്ഷിക്കുന്നു. ജീവിതത്തിൽ നേടാൻ കഴിയാത്ത മോഹങ്ങളെ സ്വപ്നങ്ങളിലൂടെയെങ്കിലും പ്രാപ്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു മനസ്സിനെ ഇവിടെ കാണാം. "നീയില്ലയെങ്കിൽ നീണ്ട രാത്രികൾ വിരസങ്ങൾ" എന്ന വരികൾ നിദ്രയിൽ സ്വപ്നത്തിനുള്ള അവിഭാജ്യമായ സ്ഥാനം വ്യക്തമാക്കുന്നു. 5. ഭാഷയും താളവും വളരെ ഒഴുക്കുള്ള ശൈലിയാണ് കവിതയുടേത്. 'അറിവീലെനിക്കുനിന്നലിവിന്നുറവിടം' തുടങ്ങിയ വരികളിൽ അക്ഷരക്കൂട്ടുകളുടെ വിന്യാസം നല്ലൊരു താളം നിലനിർത്തുന്നു. ഉപമകളും രൂപകങ്ങളും: നിദ്രതൻ ചട്ട, മിഥ്യമോഹങ്ങൾ പൂത്തു കൊഴിഞ്ഞ കലാലയം) കവിതയ്ക്ക് മിഴിവേകുന്നു. യാഥാർത്ഥ്യത്തിന്റെ കഠിനതകളിൽ നിന്ന് മനസ്സിനെ മോചിപ്പിക്കുന്ന ഒരു ആശ്വാസകേന്ദ്രമായാണ് കവയിത്രി സ്വപ്നത്തെ അവതരിപ്പിക്കുന്നത്. സ്നേഹവും വിരഹവും മോഹവും എല്ലാം ചേർന്നൊരു 'സ്വർണ്ണനൂൽ' പോലെ ഈ കവിത വായനക്കാരന്റെ ഉള്ളിൽ തങ്ങിനിൽക്കുന്നു.
മിനി മോഹനൻ 2026-03-20 11:44:33
വളരെ നന്ദി സർ സന്തോഷം, സ്നേഹം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക