
ബാല്യം …..
മനസിൻ്റെ ആഴങ്ങളിൽ
മൃദുവായി മുഴങ്ങുന്ന സംഗീതം
“അമ്മൻ കോലം” എന്ന നാട്ടൻ കലയിൽ
കൃഷ്ണനായി ഞാൻ മാറിയ ദിവസങ്ങൾ…
ചെറുകാലുകളിൽ കെട്ടിയ ചിലങ്കയുടെ ശബ്ദം,
കണ്ണുകളിൽ നിറഞ്ഞ അത്ഭുതം…
അപ്പോഴൊ രായം കണ്ടും ആയം അടുത്ത്കണ്ടും
ആടി വന്ന കൃഷ്ണൻ…
ഭക്തിപൂർവം നോക്കി നിന്ന നിമിഷങ്ങൾ…
അമ്പലപ്പറമ്പുകൾ ചുറ്റി നടന്നപ്പോൾ,
ചെണ്ടയുടെ താളം ഹൃദയത്തിലേക്ക് ഒഴുകി,
പാണൻ്റെ പാട്ടുകൾ കാറ്റിൽ നിറഞ്ഞു…
ഭദ്രകാളിയും, കാലൻ കോലവും,
യക്ഷിയും, മറുതയും
ഓരോ രൂപവും ഒരു വിസ്മയം ആയിരുന്നു…
കുതിരക്കാരനും,
കരിയാത്തൻ പുള്ളും, എരിയാത്തൻ പുള്ളും,
കോലങ്ങൾ തിമിർത്ത് നൃത്തമാടി,
ചുറ്റുമുള്ള ലോകം ഒരു ഉത്സവമായി…
പാണൻ്റെ തമാശകളിൽ
ചിരി നിറഞ്ഞിരുന്നു ആ നിമിഷങ്ങൾ…
അന്ന്…
ഇതൊക്കെയും പുതുമയായിരുന്നു,
ഹൃദയം നിറച്ചൊരു അത്ഭുതലോകം…
ഇന്ന്…
അതെല്ലാം സിനിമാ സ്റ്റൈൽ സംഗീതത്തിലും
സ്റ്റേജ് ഷോകളിലും ചുറ്റപ്പെട്ടു നിൽക്കുമ്പോൾ,
ആ പഴയ തനിമയുടെ സുഖം
എവിടെയോ മങ്ങിയുപോകുന്നു…
അത് ഒരു കാലമല്ലേ…
ആ നല്ല നാളുകളുടെ ഓർമ്മക്കായി….