Image

'ലാന'യുടെ ആദരവും ഒഴിവാക്കേണ്ടിയിരുന്ന കോലാഹലങ്ങളും (അശോകൻ വേങ്ങശ്ശേരി)

Published on 19 March, 2026
'ലാന'യുടെ ആദരവും ഒഴിവാക്കേണ്ടിയിരുന്ന കോലാഹലങ്ങളും (അശോകൻ വേങ്ങശ്ശേരി)

പ്രിയ സുഹൃത് ജോർജ് മണ്ണിക്കരോട്ടിനെ ലാന ആദരിച്ചതായി വായിച്ചു. അദ്ദേഹം ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നതും അറിഞ്ഞു. ഏതായാലും ഈ വേളയിലെങ്കിലും അദ്ദേഹത്തെ ആദരിക്കാൻ സന്മനസ്സു കാട്ടിയ ലാന നേതൃത്വത്തെ അതിന്റെ ഒരു മുൻകാല പ്രവർത്തകൻ എന്ന നിലയിൽ നമസ്കരിക്കുന്നു.

ജോർജ് മണ്ണിക്കരോട്ട് ഒരു മഹാസാഹിഹ്യകാരനൊന്നുമല്ലായിരിക്കാം. ചെറിയാൻ കെ. ചെറിയാനും ജോൺ മാത്യുവും സി എം സിയും അടക്കം മികച്ച മലയാളി എഴുത്തുകാർ അമേരിക്കയിലുണ്ടായിട്ടുണ്ട്. എന്നാൽ അമേരിക്കയിലെ മലയാളിജീവിതത്തെ അടയാളപ്പെടുത്തുവാൻ തന്റെ പരിമിതമായ ഭാഷാജ്ഞാനവും സാഹിത്യപരിജ്ഞാനവും ഉപയോഗിച്ച് മണ്ണിക്കരോട്ട് നടത്തിയിട്ടുള്ള ശ്രമങ്ങളെ എങ്ങനെയാണ് തമസ്ക്കരിക്കുവാൻ കഴിയുക?  അദ്ദേഹം അതിനുവേണ്ടി സന്മനസ്സുള്ള സഹൃദയ സുഹൃത്തുക്കളിൽ നിന്നും സഹായം തേടിയിട്ടുണ്ടാവാം, ഇല്ലായിരിക്കാം. അത് പൊതുവേദിയിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല.

ലാന എന്ന പ്രസ്ഥാനം ജനിക്കുന്നതിനു മുൻപുതന്നെ മണ്ണിക്കരോട്ടിനെ അറിയാം. അകാലത്തിൽ ആന്തരിച്ചുപോയ പ്രിയ സുഹൃത്തും സഹോദരതുല്യനുമായിരുന്ന ചാക്കോശങ്കരത്തിൽ വഴി. ശങ്കരത്തിൽ ഏറെ കഷ്ടപ്പെട്ടു നടത്തിക്കൊണ്ടുപോയ രജനി മാസികയായിരുന്നു അതിനിടയാക്കിയത്. അക്കാലം മുതൽതന്നെ മണ്ണിക്കരോട്ട് എഴുതുമായിരുന്നു.  അദ്ദേഹത്തിന്റെ ആദ്യകാല നോവലുകളും കഥകളും ഒക്കെ ശ്രദ്ധയിൽപെട്ടിട്ടുമുണ്ട്.  ആദ്യകാലങ്ങളിലെ എഴുത്തിൽനിന്നും വലിയ വളർച്ച അദ്ദേഹത്തിന്റെ പിൽക്കാല രചനകളിൽ ഉണ്ടായിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.  സിദ്ധമായ കഴിവുകൾ ഉപയോഗിച്ച്  മലയാളക്കരയിൽ നിന്നും ഏറെ അകലെ ഇരുന്നുകൊണ്ട് ജീവിതായോധനകൾക്കിടയിലും ഭാഷാപ്രവർത്തനങ്ങൾ നടത്തുന്ന മണ്ണിക്കരോട്ടിനെപ്പോലെയുള്ളവരെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതേ എന്നാണ് എനിക്ക് പറയാനുള്ളത്.

അദ്ദേഹം രചിച്ച "അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം" ഞാൻ കണ്ടിട്ടില്ല. ഏതാനും വർഷങ്ങൾക്കുമുൻപ് അദ്ദേഹം ഇതുസംബന്ധിച്ചു സംസാരിച്ചിരുന്നത് ഓർമ്മിക്കുന്നു. അത്രമാത്രം. എങ്കിലും അത് ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അഭിനന്ദിക്കപ്പെടേണ്ടതുതന്നെ. പരിമിതികളും ന്യുനതകളും ആവോളം കണ്ടേക്കാം. ഒരു ഏകാംഗ ശ്രമമല്ലേ?  ആധികാരികത ആവശ്യപ്പെടാൻ അക്കാദമി തലത്തിലുള്ള  പ്രസിദ്ധീകരണമൊന്നുമല്ലല്ലോ. എങ്കിലും അമേരിക്കയിലെ മലയാളി എഴുത്തുകാരെയും ഭാഷാപ്രവർത്തനങ്ങളെയും സംബന്ധിച്ചു ചെറിയ അറിവെങ്കിലും അത് നല്കുമല്ലോ. അതിനെ അങ്ങനെ കാണുക.

സുഹൃത് ബന്ധങ്ങൾ ആഴത്തിൽ സൂക്ഷിക്കുന്ന ഒരാളായിട്ടാണ്  മണ്ണിക്കരോട്ടിനെ ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.  ഭാഷാപ്രവർത്തകരെ സംബന്ധിച്ചിടത്തോളം അത് നല്ല സ്വഭാവം.  ഹൂസ്റ്റൺ സന്ദർശിച്ച ഒരവസരത്തിൽ അദ്ദേഹം നേതൃത്വം കൊടുത്തിരുന്ന സാഹിത്യക്കൂട്ടായ്മയിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് സ്മരിക്കുന്നു. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യങ്ങൾ ആശംസിക്കുന്നു.

സമാനമായ രീതിയിലും തന്റേതായ പന്ഥാവിലൂടെയും സുധീർ പണിക്കവീട്ടിൽ നടത്തിക്കൊണ്ടിരിക്കുന്ന ഗൗരവതരങ്ങളായ ഭാഷാപ്രവർത്തങ്ങളെയും ഏറെ ആദരവോടെയാണ് ഞാൻ കണ്ടിട്ടുള്ളത്. ആദരവും അംഗീകാരവും തേടിപ്പോകേണ്ടതോ ചോദിച്ചു വാങ്ങേണ്ടതോ അല്ലെന്നു അറിയാവുന്ന ആളായിട്ടാണ് സുധീർ എന്റെ മനസ്സിലുള്ളത്.

“Writing is an Act of Ego and You Might As Well Admit It” എന്നാണ്  അമേരിക്കകാരായ പല മുൻനിര സാഹിത്യകാരന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്.  ഈ മനഃശാസ്ത്രം മനസ്സിലാക്കിയാൽ പരസ്പരം സഹൃദയത്വത്തോടെ എഴുതാം, അംഗീകരിക്കാം, വളരാം.  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക