
വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കഥയാണ്. അത്യാവശ്യം വിദ്യാഭ്യാസം കഴിഞ്ഞു സർക്കാർ ജോലിയോ അല്ലെങ്കിൽ വിദേശത്തേക്കൊരു വിസയോ കാത്തു കഴിയുന്ന അക്കാലത്തെ അനേകം ചെറുപ്പക്കാരേപ്പോലെ പാരലൽ കോളേജ് അദ്ധ്യാപനവും, പിന്നെയൊരു നേരമ്പോക്കിന് ചാറ്റും,ചീറ്റും, പിന്നെയൊരല്പം വാറ്റും,വീശും ഒക്കെയായിട്ട് കുറ്റിക്കാട്ടിൽ പൈലിയുടെ മകൻ അബ്രഹാം എന്ന കെ.പി. അബ്രഹാം അടിച്ചു പൊളിച്ചു നടക്കുന്ന കാലത്താണ് സുന്ദരിയും, സുശീലയും, മധ്യ തിരുവിതാംകൂറിലെ പുരാതന ക്രിസ്തീയ തറവാട്ടിൽ ഭൂജാതയും, അമേരിക്കയിലെ ഫിലാഡൽഫിയയിൽ രജിസ്റ്റേർഡ് നേഴ്‌സുമായിട്ടുള്ള താഴത്തെപ്പറമ്പിൽ പത്രോസ് മകൾ ഏലിയാമ്മ എന്ന റ്റി.പി. ഏലിയാമ്മയുടെ പരിഷ്‌ക്കരിച്ച പതിപ്പായ ആലിസ് പീറ്റർ കേരളത്തിൽ ലാൻഡ് ചെയ്തിരിക്കുന്നതായും,മേപ്പടിയാൾക്ക് സുന്ദരനും സുമുഖനും പുരാതന ക്രിസ്തീയ തറവാട്ടിൽ പിറന്നവനും ഉന്നത വിദ്യാഭ്യാസമുള്ളവനുമായ യുവാവിനെ സ്വയംവരം ചെയ്യുവാൻ ആവശ്യമുണ്ടെന്നുള്ള വിവരം പത്രപരസ്യം മുഖേന അറിയുന്നത്.
അങ്ങനെ അനേകരിൽ ഒരുവനായി ആലീസിനെ കാണുവാൻ അബ്രഹാമും അപ്പോയ്ന്റ്മെന്റ് ഒപ്പിച്ചു. മുൻകാല സഹപാഠിയായിരുന്ന ജോയിക്കുട്ടിയുടെ ഫോട്ടോസ്റ്റുഡിയോയിൽ നിന്നും സൂട്ടും ടൈയും, ജോയിക്കുട്ടിയുടെ സഹായത്താൽ അല്പം മേക്കപ്പും ചെയ്ത്, ഗൾഫിൽനിന്ന് കൊച്ചപ്പാപ്പൻ കൊണ്ടുവന്നു കൊടുത്ത കറുത്ത കണ്ണടയും ഫിറ്റ് ചെയ്ത് കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ സംഗതി കലക്കി. ആവശ്യമില്ലെങ്കിലും രണ്ടു മൂന്ന് പോസുകളിലുള്ള ഫോട്ടോ ജോയിക്കുട്ടിയെക്കൊണ്ട് എടുപ്പിച്ചു.
ശരാശരി മലയാളികളുടെ പൊക്കമുള്ള അവറാച്ചൻ ഇനി തനിക്കു പൊക്കം കുറവാണെന്നു പെൺകുട്ടിക്ക് തോന്നിയെങ്കിലോ എന്ന് കരുതി ഹീൽ ഉള്ള ഷൂസും ഇട്ട് തന്നെക്കാൾ പൊക്കം കുറഞ്ഞ ജോയിക്കുട്ടിയേയും കൂട്ടിനു കൂട്ടി. ടാക്സിക്കാറിനു ഗമ കുറഞ്ഞുപോയെങ്കിലോ എന്ന് കരുതി ഒരു ‘പ്രൈവറ്റ്’ അംബാസിഡർ കാറും സംഘടിപ്പിച്ചു ഇന്റർവ്യൂ ദിവസം ആലീസിന്റെ തറവാട്ടിലേക്ക് കുതിച്ചു.
അനേകരെ അഭിമുഖം നടത്തിയെങ്കിലും ആലീസിന് എന്തുകൊണ്ടോ അവറാച്ചനെ അങ്ങു പിടിച്ചൂ. അവധി കുറവായതിനാൽ ഒരാഴ്ചകൊണ്ട് കല്യാണം നടത്തി പിറ്റേ ആഴ്ചയിൽ ആലീസിന് അമേരിക്കക്ക് തിരിക്കണം.
‘വലി’യവനും കുടിയനും മാത്രമല്ല അവറാച്ചനൊരു മടിയനും കൂടിയാണെന്ന് ആ ഒരാഴ്ചകൊണ്ട് ആലീസിനു ‘പുടികിട്ടി'. പോകുന്നതിനു മുമ്പായി സിമ്പിളായിട്ടുള്ള ചില പെരുമാറ്റച്ചട്ടങ്ങൾ ആലീസ് അവറാച്ചന്റെ മുന്നിൽ അവതരിപ്പിച്ചു.
“അച്ചായോ ഇനി നമ്മുടെ ലൈഫ് അല്പം സീരിയസ് ആകണം. അച്ചായൻ ഒന്ന് പ്രിപ്പെയർ ആയിക്കോട്ടെ എന്നു കരുതിയാ ഞാനിതൊക്കെ ആദ്യമേ അങ്ങു പറയുന്നത്. അമേരിക്കയിൽ വന്നുകഴിഞ്ഞാൽ വലിയും കുടിയും അനുവദിക്കുകയില്ല. പിന്നെ പണിയൊന്നും ചെയ്യാതെ തേരാ പാരാ നടന്ന് ജന്മം പാഴാക്കുന്ന പണിയും പറ്റത്തില്ല. എന്തെങ്കിലും ജോലി കണ്ടുപിടിച്ചു സ്ഥിരമായി ജോലിക്കു പോകണം. പുകവലിയും കള്ളുകുടിയും കർശ്ശനമായിട്ടും നിർത്തണം. ഇവിടെ അമ്മച്ചി പല ദുശ്ശീലങ്ങളും പഠിപ്പിച്ചിട്ടുണ്ടന്നറിയാം. ഇപ്പോഴത്തെ ഈ ബെഡ്‌കോഫി എന്ന ശീലം അവിടെ ഉണ്ടായിരിക്കുന്നതല്ല. അലാറം വച്ച് എല്ലാ ദിവസവും കൃത്യമായി എഴുന്നേൽക്കാൻ ശീലിക്കണം. എഴുന്നേറ്റാൽ ഉടൻ പല്ലുതേപ്പുമുതലുള്ള പ്രഭാതകർമ്മങ്ങളെല്ലാം ചെയ്യണം. ടോയിലറ്റിൽ പോയിരുന്നുള്ള പത്രപാരായണം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. അത്യാവശ്യം വേണ്ടിവന്നാൽ ആഹാരം സ്വയം പാകം ചെയ്യുവാനും, സ്വയം വിളമ്പിക്കഴിക്കുവാനും, തീൻമേശയും ഉപയോഗിച്ച പാത്രങ്ങളും വൃത്തിയാക്കുവാനും ശീലിക്കണം. ആഹാരം കഴിച്ചുകഴിഞ്ഞു ഏമ്പക്കം വിടുന്നത് അനുവദനീയമല്ല. തുമ്മുംമ്പോൾ വായ് മറച്ചുപിടിക്കുകയും ആരെങ്കിലും അടുത്തുണ്ടെങ്കിൽ എസ്ക്യൂസ് മീ എന്ന് പറയുകയും വേണം. ആരെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്യുകയാണെങ്കിൽ താങ്ക്യൂ എന്നെങ്കിലും പറയണം. ക്യു നിൽക്കേണ്ടിടത്തു അതു കൃത്യമായും പാലിക്കണം. അതുപിന്നെ ബീവറേജ് സ്റ്റോറിന്റെ മുന്നിൽ നിന്ന് നല്ല ശീലമുണ്ടായിരിക്കുമല്ലോ. അതോപോലങ്ങു നിന്നാൽ മതി".
ആലീസ് തുടർന്നു: “പിന്നെ അച്ചായാ ഒരു കാര്യം കൂടി. ഈ അബ്രഹാം എന്നൊക്കെയുള്ള ഈ പേര് ഒരു പഴഞ്ചൻ പേരാ. അതുകൊണ്ട് നമുക്ക് അബി എന്നാക്കാം”. അത് പറഞ്ഞിട്ട് ആലീസ് ഒന്ന് ചിരിച്ചു. “പിന്നെ ഡ്രൈവിംഗ് വേണമെങ്കിൽ
പഠിച്ചോ. ഇവിടത്തെ ഡ്രൈവിംഗ് പഠിച്ചിട്ടു അവിടെ വലിയ പ്രയോജനമില്ലെങ്കിലും സ്റ്റിയറിംഗ് ബാലൻസ് ആകുമല്ലോ.” എന്തോ തമാശ പറഞ്ഞ സായൂജ്യത്തിൽ ആലീസ് ഒന്നുകൂടി ചിരിച്ചു.
അനുസരണയുള്ള ഒരു നായ്ക്കുട്ടിയെപ്പോലെ അവറാച്ചനെന്ന അബി ആലീസ് അമേരിക്കയിലേക്ക് തിരിച്ചതിന്റെ പിറ്റേന്ന് മുതൽ എല്ലാം അനുസരിക്കുവാൻ പരിശീലിച്ചു തുടങ്ങി. എന്തോ മദ്യപാനം മാത്രം നിർത്തുവാൻ പറ്റുന്നില്ല. “ഓ അവിടെ ചെല്ലുമ്പോൾ വരും പോലെ കാണാം". അബി ആത്മഗതം കൊണ്ടു. അല്പസ്വല്പം മദ്യപാനമൊഴിച്ചു ആലീസ് കൊടുത്ത അസൈന്മെന്റ്സ് എല്ലാം അക്ഷരം പ്രതി അനുസരിച്ചു അബി പൂർത്തിയാക്കി. ഫോൺ കമ്മ്യൂണിക്കേഷൻ ഇന്നത്തെപ്പോലെ സുഗമമല്ലാതിരുന്ന അന്നാളുകളിൽ ഒരു പത്തുമുന്നൂറ് ‘ആഫ്റ്റർ മാരീഡ് ലൗ ലെറ്റേഴ്സ്' എങ്കിലും എഴുതി ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെന്റിനും അമേരിക്കൻ പോസ്റ്റൽ സർവ്വീസിനും മുതൽക്കൂട്ടുണ്ടാക്കി.
അഞ്ചാറു മാസത്തെ ഇടവേളയ്ക്കു ശേഷം തന്റെ ഊഴം വരുകയും അബി അമേരിക്കയിൽ ലാൻഡ് ചെയ്യുകയും ചെയ്തു. ‘അച്ചായൻ' എത്തുന്നതിനു മുമ്പുതന്നെ ആലീസ് ഒരു വൺ ബെഡ് റൂം അപ്പാർട്മെന്റും തരപ്പെടുത്തിയിരുന്നു. അന്നത്തെ ഇന്ത്യൻ സ്റ്റൈലിൽ ഇറുക്കിപ്പിടിച്ച പാന്റ്സും ഷർട്ടുമായി വന്ന അബിയെ മാളിൽ കൂട്ടിക്കൊണ്ടുപോയി ആലീസ് തുണിത്തരങ്ങൾ വാങ്ങിക്കൊടുത്തു. പള്ളിയിൽ വരുന്ന തോമാച്ചായൻ ജോലി ചെയ്യുന്ന കമ്പനിയിൽ അബിക്ക് തരക്കേടില്ലാത്ത ഒരു ജോലിയും തരമായി.
ഡ്രൈവിങ്ങും പഠിച്ചു കാറും വാങ്ങി കുഴപ്പമില്ലാതെ കമ്പനിയിലെ ജോലിയും ചെയ്തു കഴിയവെ വെള്ളിയാഴ്ചകളിൽ പേ ചെക്ക് കിട്ടിക്കഴിയുമ്പോൾ കമ്പനിയുടെ പാർക്കിംഗ് ലോട്ടിൽ കാറിന്റെ ബാക്ക് സീറ്റിൽ കൂടുന്ന മലയാളികളുടെ ‘സൽക്കാരത്തിൽ' അബിയും സജീവ സാന്നിധ്യമായിത്തുടങ്ങി. അങ്ങനെ മദ്യപാനത്തിന്റെ ആസക്തി അബിയിൽ കൂടിക്കൂടി വന്നു.
വീക്കെന്റുകളിൽ വീട്ടിൽ മദ്യം വാങ്ങിവച്ചു ആലീസില്ലാത്ത സമയത്തു കഴിക്കണമെന്ന ഒരാശയം മനസ്സിൽ ഏറി വന്നു. പക്ഷെ, കുപ്പി എവിടെ ഒളിപ്പിക്കും? ഇക്കാര്യം പാർക്കിംഗ് ലോട്ടിലെ സൽക്കാര വേളയിൽ ചർച്ചാവിഷയമായി. പരിചയ സമ്പന്നനായ മാത്തുക്കുട്ടി പരിഹാര മാർഗ്ഗം ഉപദേശിച്ചു. കുപ്പി ടോയ്ലറ്റ് ടാങ്കിൽ സൂക്ഷിച്ചാൽ മതി. നല്ല ഐഡിയ ആയി അബിക്കും തോന്നി. അബി അത് പരീക്ഷിച്ചു നോക്കി. ഉഗ്രൻ ഐഡിയ!. മാത്തുക്കുട്ടിയെ മനസ്സിൽ സ്തുതിക്കുകയും ചെയ്തു. ആലീസിനു നൈറ്റ് ഷിഫ്റ്റ് ആയതിനാൽ ഈവെനിംഗ് ഷിഫ്റ്റ് കഴിഞ്ഞു വരുന്ന അബിക്ക് മദ്യം സേവിക്കുവാനുള്ള അവസരങ്ങൾ ഏറി വന്നു.
മദ്യസേവ ഭംഗിയായി മുന്നേറിക്കൊണ്ടിരുന്ന ഒരു സുദിനത്തിൽ ‘ഇന്ന് ആലീസ് അവധിയാണല്ലോ’ എന്നോർത്ത് ചില സുന്ദര സ്വപ്നങ്ങളെല്ലാം മനസ്സിൽ നെയ്ത്, ജോലി കഴിഞ്ഞു വന്ന് അപ്പാർട്ടുമെന്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കടന്നപ്പോൾ ഇടിവെട്ടേറ്റതുപോലെ ഞെട്ടിപ്പോയി. ഒരൊന്നേമുക്കാൽ ലിറ്ററിന്റെ മദ്യക്കുപ്പി തന്റെ തലയെ ലക്ഷ്യമാക്കി പൊക്കിപ്പിടിച്ചു ഭദ്രകാളി പോസിൽ ഉറഞ്ഞു തുള്ളുന്ന ആലീസ്!!!!.
പകുതി ജീവനും പകുതി ബോധവും നഷ്ടപ്പെട്ട അബിക്ക് ആദ്യം സംഗതി പിടികിട്ടിയില്ല.പിന്നീട് മനസ്സിലായി താൻ ടോയ്ലറ്റ് ടാങ്കിൽ സുരക്ഷിതമായി ഒളിപ്പിച്ചു വച്ചിരുന്ന കക്ഷിയാണ് തനിക്കു നേരെ വരുന്നതെന്ന്. ടോയ്ലറ്റ് ഫ്ലെഷ് ചെയ്തപ്പോൾ വെള്ളം വരാഞ്ഞതിനെത്തുടർന്ന് ആലീസ് ടാങ്ക് തുറന്നപ്പോഴാണ് സംഗതി പാളിയത്. അബി ഒരു നിമിഷം സർവ്വ ദേവന്മാരെയും മനസ്സിൽ ധ്യാനിച്ച് ഒരു തീരുമാനമെടുത്തു. തൊണ്ടിമുതല് പൊക്കിപ്പിടിച്ചു കലിതുള്ളി നിൽക്കുന്ന ആലീസിന്റെ മുന്നിൽ താണു വീണ് മാപ്പിരക്കുകയാണ് ഒരേയൊരു പോംവഴിയെന്ന്. നാട്ടിലെങ്ങാനും ആയിരുന്നെങ്കിൽ ടപ്പ ടപ്പാന്ന് രണ്ട് പൊട്ടീരും വച്ചുകൊടിത്തിട്ട് സിനിമാ സ്റ്റൈലിൽ രണ്ട് സ്ട്രോങ്ങ് ഡയലോഗും കാച്ചി വല്ല ഫ്രണ്ട്സിന്റെ അടുത്തേക്കോ, ടൗണിലോ കുറച്ചു നേരം കറങ്ങിയിട്ട് വരാമായിരുന്നു. ഇവിടെ അതെങ്ങാനും നടക്കുമോ?തൊട്ടുകഴിഞ്ഞാൽ വിവരമറിയും. അബി വീണ്ടും ആലോചിച്ചു. ആലീസിന്റെ അടുത്ത് താണു കൂടുക. ഇനി കുടിക്കില്ലെന്നു ശപഥം ചെയ്യുക. സംഗതി ഏറ്റു. അങ്ങനെ കാര്യങ്ങളൊക്കെ മംഗളമായി പര്യവസാനിച്ചു.
കാര്യങ്ങളൊക്കെ പരിഹരിച്ചു വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ പോയിക്കൊണ്ടിരിക്കുമ്പോൾ പാർക്കിംഗ് ലോട്ട് സൽക്കാര വേളയിലൊരുദിവസം ഇക്കാര്യവും ചർച്ചാവിഷയമായി. അബിക്ക് ഇങ്ങനെയൊരു ആശയം പറഞ്ഞുകൊടുത്തതിൽ മാത്തുക്കുട്ടിക്കും മനോവിഷമം തോന്നി. എന്നും വീട്ടിൽ വന്നു ക്ഷീണം തീർക്കാൻ ഓരോന്നടിച്ചു ശീലിച്ചുപോയത് പൂർണ്ണമായി ഉപേക്ഷിക്കുവാൻ അബിക്കൊട്ടും സാധിക്കുന്നില്ല. ‘പണ്ടേ ദുർബ്ബല പിന്നെ ഗർഭിണിയും’ എന്ന അവസ്ഥ. അപ്പോഴാണ് ഗ്രൂപ് ലീഡറായ ചാണ്ടിച്ചായൻ സ്വന്തം അനുഭവം പങ്കുവയ്ക്കുവാൻ ഒരുമ്പെടുന്നത്.
തുടരും