Image

അന്തരിച്ച സിംസണ്‍ കളത്തറ-അനുസ്മരണം (എ.സി. ജോര്‍ജ്)

Published on 19 March, 2026
 അന്തരിച്ച സിംസണ്‍ കളത്തറ-അനുസ്മരണം (എ.സി. ജോര്‍ജ്)

സിംസണ്‍ കളത്ര വൈക്കത്ത് ചെമ്പ് എന്ന ഗ്രാമത്തില്‍ 12.15.1940ല്‍ ജനനം,  അമേരിക്കയിലെ വൈറ്റ്‌പ്ലെയിന്‍സില്‍ 03.14.2026ല്‍ മരണം. ഏതാണ്ട് 85, വയസ്സുവരെ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് സ്വന്തം കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അമേരിക്കയിലെ മറ്റ് അനവധി മലയാളികളെയും കണ്ണീരിലാഴ്ത്തി. സംഭവബഹുലമായുള്ള അദ്ദേഹത്തിന്റെ ജീവിതം, പ്രത്യേകിച്ച് ഇവിടത്തെ അനവധി മലയാളികള്‍ക്ക് ഒരു വെളിച്ചവും വഴികാട്ടിയും ആയിരുന്നു. അദ്ദേഹത്തിന്റെ റസ്റ്റോറന്റ് സ്ഥാപനം വഴി അനവധി പേര്‍ക്ക് പല ഘട്ടങ്ങളിലായി അദ്ദേഹം തൊഴില്‍ നല്‍കിയിട്ടുണ്ട്.

ദശാബ്ദങ്ങളോളം ഹോട്ടല്‍ റസ്റ്റോറന്റ് മേഖലയിലൂടെ ഇന്ത്യന്‍ ഭക്ഷണ സംസ്‌കാരത്തെ അമേരിക്കന്‍ സമൂഹത്തിലേക്ക് പരിചയപ്പെടുത്തിയ ഒരു ആദ്യകാല സംരംഭകനായിരുന്നു അദ്ദേഹം. ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍- റോക്ക് ലാന്‍ഡ് ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ അദ്ദേഹത്തെ ലൈഫ് ടൈം അചീവമെന്റ് അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. 

ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ജീവനക്കാരനായി1968ല്‍ സിംസണ്‍ കളത്തറ ന്യൂയോര്‍ക്കില്‍ എത്തി. അന്നിവിടെ മലയാളികള്‍ തീരെ കുറവായിരുന്നു. പരിമിതമായി ഉണ്ടായിരുന്ന മലയാളികള്‍, അധികപക്ഷവും സ്റ്റുഡന്റ് വിസയില്‍ എത്തിയവരായിരുന്നു. അന്ന് അധികം പേരും അമേരിക്കയില്‍ എത്തിയിരുന്നത് നീണ്ട കപ്പല്‍ യാത്രയിലൂടെയാണ്.

സിംസണ്‍ 1972 ല്‍ അമേരിക്കയിലെ ഇന്ത്യന്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്  ന്യൂയോര്‍ക്കില്‍ വൈറ്റ്‌പ്ലെയിന്‍സ് അടുത്തുള്ള റായ്-ഹില്‍ട്ടന്‍ ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നു. ജോലിയില്‍ ഇരുന്നു കൊണ്ട് തന്നെ ഹോട്ടല്‍ മാനേജ്‌മെന്റിനെ പറ്റി അദ്ദേഹം പഠിച്ചു. അതിനിടയില്‍ ഒരിക്കല്‍ അദ്ദേഹം വൈറ്റ്‌പ്ലെയിന്‍സില്‍ ഉള്ള റോയല്‍ ബംഗാള്‍ ടൈഗര്‍ എന്ന ഇന്ത്യ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുവാന്‍  പോയി. ഒരു ബംഗാളിയുടെ ഉടമസ്ഥതയില്‍ ആയിരുന്നു അന്ന് ആ റസ്റ്റോറന്റ്. അന്ന് അവിടെ ഉണ്ടായിരുന്നത് ഹോട്ടല്‍ ഉടമയും ഒരു കുക്കും ഒരു സപ്ലയറും  മാത്രമായിരുന്നു. കാര്യമായ കസ്റ്റമര്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഉടമയും സപ്ലൈയറും ചെയറില്‍ ചാരികിടന്നു ഉറങ്ങുകയായിരുന്നു. സിംസണ്‍ ആവശ്യപ്പെട്ട ഒരു ഭക്ഷണ ഐറ്റവും അവിടെ ഇല്ലായിരുന്നു. അതിനാല്‍ എളുപ്പത്തില്‍ അല്പം സാമ്പാറും ചോറും അച്ചാറും മാത്രം അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ അതുപോലും അവിടെ ഉടന്‍ എടുക്കാന്‍ ഇല്ലായിരുന്നു. അവിടെ ഉണ്ടായിരുന്ന ഹോട്ടല്‍ മുതലാളി ഉടന്‍തന്നെ തൊട്ടടുത്ത ഗ്രോസറി കടയില്‍ പോയി അല്പം പച്ചരിയും, പച്ചക്കറിയും വാങ്ങി എത്രയും വേഗത്തില്‍ ആകാമോ അത്രയും വേഗത്തില്‍ തന്നെ സാമ്പാറും ചോറും തയ്യാറാക്കി കൊടുത്തു. അതിനായിട്ട് ഏതാണ്ട് 45 മിനിറ്റോളം സിംസണ്‍ വെയിറ്റ് ചെയ്ത കഥ ഒരു നര്‍മ്മം മാതിരി ഈ ലേഖകനോട് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു.  

പിന്നീട് അദ്ദേഹം ആ ഹോട്ടല്‍ വാങ്ങി സ്വന്തമാക്കി ബില്‍ഡിങ്ങിനോടൊപ്പം തന്നെ അനേകം പരിഷ്‌കാരങ്ങള്‍ വരുത്തി. ഇന്ത്യന്‍ പാചകലയില്‍ വൈദഗ്ത്യം ഉള്ളവരെ അദ്ദേഹം ഇന്ത്യയില്‍ നിന്നും വരുത്തി പുതിയ ബംഗാള്‍ ടൈഗര്‍ റസ്റ്റോറന്റില്‍ ജോലി കൊടുത്തു. നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, വൈവിധ്യമേറിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒരു അമേരിക്കന്‍ ഫ്‌ലേവറോടുകൂടി  തന്നെ ഹോട്ടലില്‍ അദ്ദേഹം ലഭ്യമാക്കി. ചെറുതും വലുതുമായ പാര്‍ട്ടി ഹാളുകളും ലഭ്യമായിരുന്നു. വെസ്റ്റ്‌ചെസ്റ്റര്‍ റോക്ലാന്‍ഡ് പ്രാന്ത പ്രദേശങ്ങളില്‍ നിന്നും ധാരാളം ഉപഭോക്താക്കള്‍ എത്തി. വളരെ ക്ലീനും രുചികരവുമായ ബംഗാള്‍ ടൈഗറിലെ ഭക്ഷണപാനീയങ്ങളെ പറ്റി ന്യൂയോര്‍ക്കു ടൈംസ് ഉള്‍പ്പെടെ റിവ്യൂകള്‍ പ്രത്യക്ഷപ്പെട്ടു. ഒരിക്കല്‍ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയിലെ 'ചാപക്വ'  എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കിയ ഫോര്‍മര്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും, പത്‌നി ഹിലരി ക്ലിന്റനും ആദിത്യമരുളാന്‍ ബംഗാള്‍ ടൈഗറിന് ഭാഗ്യമുണ്ടായ വിവരം അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അതുപോലെ അവരുടെ മകളായ ചെല്‍സാ ക്ലിന്റണ്‍ പല ആവര്‍ത്തി ഇന്ത്യന്‍ ഫുഡ് പാഴ്‌സലായി വാങ്ങിപ്പോയ വിവരവും സിംസണ്‍ പറയുകയുണ്ടായി. അന്നവിടെ തുടക്കത്തില്‍ ഇന്ത്യന്‍ ബഫേ ഫുഡിന് 2 ഡോളര്‍ ആയിരുന്നു ചാര്‍ജ് ചെയ്തിരുന്നത്. പിന്നീട് 15 ഡോളര്‍ വരെയായി.

ഒരു രജിസ്റ്റേഡ് നേഴ്‌സായി സേവനമനുഷ്ഠിച്ചിരുന്ന ഭാര്യ റോസമ്മയുടെ മാനേജ്‌മെന്റില്‍ ബംഗാള്‍ ടൈഗര്‍ റസ്റ്റോറന്റിന് അടുത്ത് തന്നെ ഒരു ഇന്ത്യന്‍ ഗ്രോസറി സ്റ്റോറും ഉണ്ടായിരുന്നു. റോസമ്മ കുറച്ചു കൊല്ലങ്ങള്‍ക്ക് മുമ്പ് മരണത്തിന് കീഴടങ്ങി.

സ്വന്തം ബിസിനസിന് പുറമേ ഇവിടത്തെ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സംഭാവനകളും നിരവധിയാണ്. 1985 ആഗസ്റ്റ് 15, ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളോടൊപ്പം സിംസണ്‍ കളത്തറ ആരംഭം കുറിച്ച ' നാദം' എന്ന മലയാള പത്രം 1997 വരെ വിവിധ അമേരിക്കന്‍ മലയാളികളുടെ വായനാ മുറികളില്‍ എത്തി. നാട്ടിലെയും അമേരിക്കയിലെയും രാഷ്ട്രീയ സാമൂഹ്യ വാര്‍ത്ത വിശേഷങ്ങള്‍, വിശകലനങ്ങള്‍ നാദം പത്രത്തില്‍ നിന്ന് ലഭ്യമായിരുന്നു.  ഈ ലേഖകനും നാദം പത്രം എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നു. സ്ഥിരമായി അതില്‍ എഴുതുകയും ചെയ്തിരുന്നു വൈറ്റ് പ്ലെയിന്‍സില്‍ ആദ്യമായി ഇന്ത്യന്‍ അമേരിക്കന്‍ ഫോറം സംഘടിപ്പിച്ച ഇന്ത്യന്‍ കള്‍ച്ചറല്‍ റാലിയില്‍ അദ്ദേഹത്തിന്റെ സംഭാവനയും,നേതൃത്വവും വളരെ വലുതായിരുന്നു.

അമേരിക്കയിലെ തന്നെ പ്രമുഖമായ മലയാളി അസോസിയേഷനുകളില്‍ ഒന്നായ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആദ്യത്തെ സംഘാടക സമിതിയില്‍ ഒരു അംഗമായിരുന്നു സിംസണ്‍ കളത്തറ. ഒരിക്കല്‍ യോങ്കേഴ്‌സിലെ  സൂര്യ ഗ്രോസറി ഹാളില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കമ്മറ്റി യോഗം നടക്കുന്നതിനിടയില്‍,  മലയാളത്തിലെ സിനി മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും കൂട്ടിക്കൊണ്ട് സിംസണ്‍ അവിടെ വന്നത് ഇന്നും ഓര്‍ക്കുന്നു. അന്ന് ഞാന്‍ മലയാളി അസോസിയേഷന്റെ കമ്മിറ്റിയില്‍ ഉണ്ട്. കൂടാതെ സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'കേരളദര്‍ശനം' മാസികയുടെ മുഖ്യപത്രാധിപരും ചുമതലക്കാരനും ആയിരുന്നു. മണ്‍മറഞ്ഞ പ്രസിദ്ധ സാഹിത്യകാരനായ ജോയന്‍ കുമരകവും അവരോടൊപ്പം ഉണ്ടായിരുന്നു.

വൈക്കത്തെ, ചെമ്പ് ഗ്രാമത്തില്‍ തൊട്ട് അയല്‍ വീടുകള്‍ ആയിരുന്നു മമ്മൂട്ടിയുടെ കുടുംബവും സിംസന്റെ കുടുംബവും. മമ്മൂട്ടി അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ എല്ലാം സിംസനോടൊപ്പമാണ് മിക്കവാറും കഴിഞ്ഞിരുന്നത്. സിംസന്റെ നിര്യാണത്തില്‍ മമ്മൂട്ടിയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയുണ്ടായി. നാട്ടില്‍നിന്ന് എത്തിയിരുന്ന വളരെയധികം സാഹിത്യ സാംസ്‌കാരിക നേതാക്കളും വൈറ്റ്‌പ്ലെയിന്‍സില്‍ എത്തിയാല്‍ സിംസന്‍ കളത്രയുടെ ആതിഥേയത്വം സ്വീകരിക്കാതിരുന്നിട്ടില്ല. റോച്ചെസ്റ്റര്‍ ഫൊക്കാനാ കണ്‍വെന്‍ഷനില്‍ എത്തിയ മണ്‍മറഞ്ഞ മലയാളത്തിന്റെ മഹാ നോവലിസ്റ്റു തകഴി ശിവശങ്കരപ്പിള്ളക്ക് വൈറ്റ്‌പ്ലെയിന്‍സില്‍ ബംഗാള്‍ ടൈഗര്‍ ഹോട്ടലില്‍ സ്വീകരണം ഒരുക്കിയപ്പോള്‍ ഈ ലേഖകനും പങ്കെടുത്തത് അനുസ്മരിക്കുന്നു.

അദ്ദേഹത്തിന്റെ ബംഗാള്‍ ടൈഗര്‍ ഹോട്ടല്‍ ഹാളില്‍ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സാമൂഹ്യ സംസ്‌കാര രാഷ്ട്രീയമീറ്റിങ്ങുകള്‍, പ്രൈവറ്റ്ഫംഗ്ഷനുകള്‍  എത്രയെത്ര നടത്തിയിരിക്കുന്നു. മലയാളികളുടെ പ്രസിദ്ധീകരണങ്ങള്‍ക്ക്,  മലയാളി പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നിരവധി പ്രോത്സാഹനങ്ങളും സംഭാവനകളും നല്‍കിയിട്ടുള്ളത് ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. ഈ വേര്‍പാട് ഇവിടത്തെ മലയാളി സമൂഹത്തിന് പ്രത്യേകിച്ച് ന്യൂയോര്‍ക്കിലെ മലയാളികള്‍ക്ക് ഒരു തീരാനഷ്ടമാണ്. സിംസണ്‍ കളത്തറയുടെ പാവന സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

സിംസണ്‍ - റോസമ്മ ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. മൂത്തമകന്‍, മാത്യൂ സിംസണ്‍, ഭാര്യ, ലിന്‍ സിംസണ്‍. രണ്ടാമത്തെ മകന്‍, ജോണ്‍ സിംസണ്‍, ഭാര്യ അലക്‌സ് സിംസണ്‍, മൂന്നാമത്തെ മകള്‍, മേരി സിംസണ്‍, ഭര്‍ത്താവ്, ജേസണ്‍ വ്യാന്‍ഡ്. എന്നിവരാണ്.

സിംസന്റെ സഹോദരങ്ങളായി, സൈമണ്‍ കളത്തറ, സ്റ്റാന്‍ലി കളത്തറ, സിരെറ്റ  പാറക്കടവില്‍ എന്നിവരാണ്.

സിംസണ്‍ കളത്തറയുടെ സംസ്‌കാര ശുശ്രൂഷയുടെ ഭാഗമായ:
പൊതുദര്‍ശനം: മാര്‍ച്ച് 20 വൈകുന്നേരം 4 മുതല്‍ 9 വരെ. മക്മഹോന്‍ ലിയോണ്‍ ഫ്യൂണറല്‍ ഹോം  491 മാമറോണക്ക് അവനു,  വൈറ്റ്‌പ്ലെയിന്‍സ്, ന്യൂയോര്‍ക്ക് 10605

സംസ്‌കാര ശുശ്രൂഷ: മാര്‍ച്ച് 21 രാവിലെ 9:30 സെന്റ് ജോണ്‍സ് കാത്തലിക് ചര്‍ച്ച്  148 ഹാമില്‍ട്ടന്‍ അവന്യൂ വൈറ്റ്‌പ്ലെയിന്‍സ്, ന്യൂയോര്‍ക് തുടര്‍ന്ന് സംസ്‌കാരം: മൗണ്ട് കാല്‍വരി സിമിത്തേരി,  575 ഹില്‍സൈഡ് അവന്യൂ, വൈറ്റ് പ്ലെയിന്‍സ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക