
നേത്രാവതി എക്സ്പ്രസ്സ് മഡ്ഗാവിലെത്തിയപ്പോൾ നേരം വെളുത്തിരുന്നു. നേത്രാവതിയിൽ കൂപെ ഇല്ലായിരുന്നെങ്കിലും ഫസ്റ്റ് ക്‌ളാസ് കമ്പാർട്മെന്റ് വിവാഹിതരുടെ സൗകര്യാർത്ഥം കൂപെ പോലെ തിരിച്ചു കൊടുത്തിരുന്നു.. സുഖമായ എ.സി യുടെ തണുപ്പും ട്രെയിനിന്റെ താളവും ഉണ്ടായിട്ടും രാത്രി അവർ തീരെ ഉറങ്ങിയില്ല. കൂപെ അവർക്ക് മണിയറ തീർത്തുകൊടുത്തു. അവർ പരസ്പരം വിവാഹിതരല്ലെങ്കിലും വിവാഹിതരായിരുന്നു. ഒരു അവിഹിതബന്ധത്തിന്റെ ത്രില്ല് അയാൾക്കുണ്ടായിരുന്നെങ്കിലും സ്വാതി എന്ന് വിളിക്കുന്ന സ്ത്രീ പകയ്ക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു ഭർത്താവിനെ പറ്റിച്ച് നാട്ടിൽ പലയിടത്തും പോകുമായിരുന്നെങ്കിലും സുഖവാസകേന്ദ്രമായ ഗോവയിലേക്ക് ആദ്യമാണ് അവർ പോകുന്നത്. എഴുത്തുകാരിയായാൽ എന്തെല്ലാം സൗകര്യങ്ങൾ എന്നോർത്ത് അവർ അയാളുടെ കയ്യിൽ നുള്ളി. ഭർത്താവിനെ പറ്റിക്കാൻ വിശ്വാസനീയമായ കള്ളം പറയാം. സാഹിത്യകാരന്മാരുടെ കോൺഫെറെൻസ്. ഇപ്പോൾ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരി ഞാൻ. എനിക്ക് പോകണം. കൂട്ടുകാരികൾ പോകുന്നുണ്ട്. അയാൾ കണ്ണിറുക്കി ചോദിച്ചു. എവിടെ കൂട്ടുകാരികൾ. അവരോട് ഞാൻ എന്റെ റിലേറ്റീവിന്റെ വീട്ടിൽ താമസിക്കുന്നുവെന്നു കള്ളം പറഞ്ഞിരിക്കയാണ്.
ഗോവയിൽ കാണാനുള്ള സ്ഥലങ്ങളും സ്വകാര്യതയിൽ ഒരുമിച്ച് ചിലവഴിക്കാൻ പോകുന്ന നിമിഷങ്ങളും രണ്ടുപേരെയും കോരിത്തരിപ്പിച്ചു. അന്ധേരിയിലിയെയും, കുർളയിലെയും ജുഹുവിലെയും 'pay per hour"നിരക്കിലുള്ള ഹോട്ടലുകളിൽ പോയി സമയം കൈപിടിച്ച് ജീവിതം ആസ്വദിക്കുന്നതിനേക്കാൾ ഗോവയിൽ ഒരു മധുവിധു ആഘോഷിക്കാമെന്ന കൂട്ടുകാരൻ ഹരീഷിന്റെ വാക്കുകൾ ആ ബ്രാഹ്‌മണ സ്ത്രീയെ ആശങ്കപ്പെടുത്തിയെങ്കിലും വരും നിമിഷങ്ങൾ നൽകുന്ന അനുഭൂതിയുടെ ഊഷ്മാവിൽ അവൾ കോരിത്തരിച്ചു. ബോളിവുഡ് മൂവികൾ പിടിക്കുന്ന, പുതുതായി വിവാഹിതരാകുന്ന വധുവരന്മാർ മധുവിധുവിനു എത്തുന്ന “പാലോളം” ബീച്ച് അയാളുടെ പ്രിയപ്പെട്ട സ്ഥലമായിരുന്നു. കേരളത്തിലെ വർക്കല പോലെ കർണാടകയിലെ ഗോകർണം പോലെ ഈ ബീച്ചിനെ സഞ്ചാരികൾ വിശേഷിപ്പിക്കുന്നു. അവിടെ വട്ടക്കുടയുടെ ഇത്തിരി തണലിൽ മുഖത്തോട് മുഖം നോക്കി കടലിലെ ഓളങ്ങൾ പോലെ കരളിലെ മോഹങ്ങൾ ഇളകി ഇളകി വശം കെടുമ്പോൾ ഹോട്ടൽ മുറിയിലേക്ക് ഒരു ഓട്ടം. സ്വാതി വികാരവായ്പ്പോടെ പറഞ്ഞു എനിക്ക് ജീവിതം ആസ്വദിക്കണം. എനിക്ക് പോർച്ചുഗീസുകാർ കെട്ടിപ്പൊക്കിയ കോട്ടകളും വീടുകളും കാണണം. മ്യുസിയം, ബീച്ചുകൾ പിന്നെ ഒറ്റരാത്രികൊണ്ട് പാണ്ഡവർ നിർമിച്ച ശിവക്ഷേത്രവും കാണണം.
ഒരു കുട്ടിയുടെ ആവേശത്തോടെ അവൾ എല്ലാം പറഞ്ഞത് കേട്ട് അയാൾ വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു. അയാൾ ചിന്താമഗ്‌നനായി. എന്ത് പറയുമ്പോഴും അയാളുടെ കയ്യിൽ പിടിച്ചുകൊണ്ടിരിക്കുക സ്വാതിയുടെ സ്വഭാവമായിരുന്നു. കൂട് തുറന്നിട്ട ഒരു പക്ഷിയെപ്പോലെ അവളുടെ ചിറകുകൾ ദൂരെ ദൂരേക്ക് പറക്കാൻ വെമ്പിക്കൊണ്ടിരുന്നു. സ്ട്രോയിലൂടെ കൂൾ ഡ്രിങ്ക്സ് വലിച്ചുകുടിക്കുന്ന അവൾ ദൂരേക്ക് നോക്കികൊണ്ടിരിക്കുന്ന അയാളുടെ കഴുത്തിൽ കെട്ടിപിടിച്ചു ഉമ്മ വച്ച്. അയാളുടെ സമൃദ്ധമായ നരച്ച തലമുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു. ഇതൊന്നു ഡൈ ചെയ്തൂടെ. ആളുകൾ വിചാരിക്കും ചേട്ടനു വയസ്സായീന്നു. എന്നിട്ടു അവൾ അയാളുടെ ചെവിയിൽ മന്ത്രിച്ചു. പക്ഷെ കിടക്കയിൽ കാമരാജനാണ് ട്ടോ. അവൾ അയാളെ വീണ്ടും കെട്ടിപിടിച്ച് കുലുങ്ങി കുലുങ്ങി ചിരിച്ചു. നാട്ടിലെ പൊതുസ്ഥലങ്ങളിൽ ഇങ്ങനെ ഇഴുകിചേരാൻ കഴിയുമോ? എന്ന് ചോദിച്ചു. അവൾ സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങൾക്ക് തിരി കൊളുത്തി.
അവളുടെ അഴകുള്ള മുഖവും, മൂക്കുത്തിയും ആയതനേത്രങ്ങളും അയാളെ മത്തുപിടിപ്പിക്കുന്നുണ്ട്. പരിചയപ്പെട്ടിട്ട് ഇപ്പോൾ അഞ്ചു വർഷമായി. വളരെ കൗശലപൂർവ്വമായ പെരുമാറ്റങ്ങൾ കൊണ്ട് നാട്ടുകാരെ കബളിപ്പിച്ചു. എഴുത്തുകാരൻ/എഴുത്തുകാരി എന്ന മറ ഉള്ളതുകൊണ്ട് ആർക്കും സംശയം തോന്നിയില്ല. ഈ സമയമത്രയും അവൾക്ക് രതിലീലകളിൽ ഏർപ്പെടുന്നതായിരുന്നു ഇഷ്ടം. നിശിതമായ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ഒരാൾ വിശപ്പ് മാറിയാലും വാരി വലിച്ചു തിന്നുന്ന പോലെ. ആരോഗ്യവാനായിരുന്നെങ്കിലും അയാൾ ക്ഷീണിച്ചുപോയിരുന്നു. അയാൾക്ക് മനസ്സിലാക്കാൻ കഴിയാതിരുന്നത് ഒരു സ്ത്രീ ഇത്രയും കാമാതുര ആകുമോ? അതും മധ്യവയസ്സ് കഴിയാൻ നിൽക്കുന്ന ഈ പ്രായത്തിൽ. അഥവാ ആണെങ്കിൽ തന്നെ അവൾ അത് ഇത്രയും തുറന്നു പ്രകടമാക്കുമോ?
അയാൾ മുണ്ടു ഉടുത്ത് കാണണമെന്നു അവൾ ആഗ്രഹം പ്രകടിപ്പിച്ചു. കഴുത്തിലെ സ്വർണ്ണ ചെയിൻ കാണുംവിധം ജുബ്ബ ധരിക്കണം. ഷർട്ടിനേക്കാൾ ജുബ്ബ മതി. എപ്പൊഴും നീല കളറിലുള്ള ഷർട്ട് ധരിക്കണം. എന്തെല്ലാം മോഹങ്ങളാണ് അവൾ പറയുന്നത്. അയാൾക്ക് അവളോട് സഹതാപം തോന്നി. അവളുടെ വിവാഹം കഴിഞ്ഞിട്ട് പത്തൊമ്പത് വർഷവും അയാളുടെ ഇരുപത്തിയാറു വർഷവും കഴിഞ്ഞു. അവൾ പക്ഷെ ഇന്നലെ വിവാഹം കഴിഞ്ഞ സ്ത്രീയപോലെ പെരുമാറുന്നു. ഒരു കുസൃതിക്കാറ്റ് അവരെ തഴുകിപോയി. ആ കാറ്റിനു ഉപ്പുരസമുണ്ടായിരുന്നു. അവൾ ആ ഉപ്പുരസം അയാളുടെ ചുണ്ടിൽ പകർന്നു. മണൽപ്പുറം നിലാവിൽ മുങ്ങുന്നു. സ്വാതിയുടെ കണ്ണുകളിൽ കാമം കത്താൻ തുടങ്ങി. അവൾ അയാളുടെ കൈപിടിച്ച് ഹോട്ടൽ മുറിയിലേക്ക് നടന്നു. അയാൾ പറഞ്ഞു. നീ എന്റെ ലക്ഷ്മിയാണ്. നീ എന്റെ ജീവിതത്തിൽ വൈകി വന്ന വസന്തമാണ്.
കാമപൂരണം പോലെ തന്നെ ഒരു സാഹിത്യകാരിയാകുകയെന്നതും സ്വാതിയുടെ ആഗ്രഹമായിരുന്നു. അവൾക്കറിയാമായിരുന്നു ഹരീഷ് അതിനു അവളെ സഹായിക്കുമെന്ന്. ഗോവയിലെ ആദ്യസമാഗമ വേളയിൽ സ്വാതി ഹരീഷിനെ സമീപിച്ചത് വാട്സാപ്പ് നമ്പർ ചോദിച്ചുകൊണ്ടായിരുന്നു. പിന്നീട് അവൾ പ്രണയം തുളുമ്പുന്ന സന്ദേശങ്ങൾ അയച്ചു ഹരീഷിനെ അതിശയിപ്പിച്ചു. അയാൾക്കും അവളുടെ ദേഹവടിവിൽ സൗന്ദര്യത്തിൽ അതീവമായ അഭിനിവേശം തോന്നിയിരുന്നു. അവളുടെ പ്രലോഭനങ്ങൾക്ക് മുന്നിൽ അയാൾ അടിയറവച്ചു. പിന്നെ ജീവിതം ബഹുഘോഷമായി മുന്നോട്ട് നീങ്ങി. സ്വാതി പണ്ട് എഴുതിയ രചനകൾ പൊടി തട്ടിയെടുത്ത് ഹരീഷിന് കാണിച്ചു. അയാളുടെ കഴിവുകൾ അവൾക്കായി പങ്കു വച്ചു.ധാരാളം പുസ്തകങ്ങൾ എഴുതി കൊടുത്ത് സഹായിച്ചു.. പക്ഷെ സ്വാതിയുടെ അടങ്ങാത്ത കാമം അയാളെ എപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു.. മൂന്നിൽ കൂടുതൽ ദിവസങ്ങൾ കണ്ടില്ലെങ്കിൽ അവൾക്ക് മൈഗ്രേൻ വരുമായിരുന്നു. പിന്നെ അത് മാറണമെങ്കിൽ ഹരീഷിനെ കാണുകയേ നിവർത്തിയുണ്ടായിരുന്നുള്ളു അതുകൊണ്ട് അവർ തമ്മിൽ തമ്മിൽ ദിവസേന എന്നപോലെ കണ്ടുമുട്ടികൊണ്ടിരുന്നു. കശുവണ്ടിയിൽ നിന്നും ഗോവക്കാർ ഉണ്ടാക്കുന്ന ഗോവ ഫെനി കുടിപ്പിച്ചു സ്വാതിയെ അയാൾ മദോന്മത്തയാക്കി. വാസ്തവത്തിൽ എഴുത്തുകാർക്ക് കൗതുകം ഉണ്ടാക്കുന്ന കാഴ്ചകളും വിഷയങ്ങളും അവരുടെ സർഗ്ഗശക്തി കൂട്ടുന്നു. ഗോവഫെനി കുടിച്ച് മയങ്ങിപ്പോയ സ്വാതിയെ നോക്കിയിരുന്നപ്പോൾ അയാളിലെ സഹതാപത്തിന്റെ അലകൾ ഇളകാൻ തുടങ്ങി. അയാളിലെ എഴുത്തുകാരനും ഉണർന്നു.
ഹരീഷിനെ കെട്ടിപിടിച്ചുകിടന്നുകൊണ്ട് ഒരിക്കൽ അവൾ പറഞ്ഞത് അയാൾ ഓർത്തു.. അവളുടെ ഭർത്താവിന് രതിലീലകളിൽ താൽപ്പര്യം കുറവാണ്. ഒരു കുട്ടി എങ്ങനെയോ ജനിച്ചു. പിന്നെ അദ്ദേഹം എപ്പോഴും ഫോൺ കയ്യിൽ വച്ച് സോഷ്യൽ മീഡിയയിൽ മുഴുകിയിരുന്നു. എനിക്ക് കടുത്ത ഏകാന്തത അനുഭവപ്പെട്ടു . അതുകൊണ്ടാണ് ഞാൻ നിങ്ങളുമായി അടുത്തതത്. അതു പറഞ്ഞുകഴിഞ്ഞപ്പോഴേക്കും അവൾ നിശ്ശേഷം ഉറങ്ങിപ്പോയി. ഉറങ്ങുമ്പോൾ ആ ബ്രാഹ്മണസ്ത്രീയുടെ മുഖത്തു നഷ്ടപ്പെട്ട ഐശ്വര്യത്തിന്റെയും അഭിമാനത്തിന്റെയും മങ്ങിയ വിളക്കുകൾ മുനിഞ്ഞു കത്തുന്നത് അയാൾ ശ്രദ്ധിച്ചു. അയാൾക്ക് അവരോട് വീണ്ടും സഹതാപം തോന്നി. വെറും കാമദാഹപൂർത്തിക്കായിട്ടായിരുന്നു ആദ്യമൊക്കെ അവർ കണ്ടുമുട്ടിയിരുന്നത് . അതിൽ സ്നേഹത്തിന്റെ ഒരു അംശം പോലുമില്ല. എന്നാൽ ഇയ്യിടെയായി സ്വാതിയിൽ സ്നേഹം പൊടിക്കുന്നപോലെ അയാൾക്ക് തോന്നി. ദിവസത്തിൽ രണ്ടു തവണ വിളിച്ചിരുന്നത് ഇപ്പോൾ മൂന്നും നാലും തവണയായി. രാത്രി ഉറങ്ങുന്നതിനു മുന്നേ ഭർത്താവറിയാതെ ഒരു നിശബ്ദ വിളി. ഒന്നും മിണ്ടാതെ വീഡിയോ കാണിച്ച് ഒരു പറക്കും മുത്തം തന്നു അവൾ ഉറക്കം കെടുത്തുന്നു. അവളുടെ ഒരു ദുഃഖം അവളുടെ കൂട്ടുകാരികൾ അയാളെ "കാട്ടുമാക്കാൻ" എന്ന് വിളിക്കുന്നതാണ്. കണ്ടാൽ യാതൊരു ഭംഗിയുമില്ലാത്ത കറുത്ത് മെലിഞ്ഞ നീണ്ട ഒരു രൂപമാണയാൾ. പക്ഷെ നല്ല സാഹിത്യകാരനാണ്. അതിൽ മറ്റു സാഹിത്യകാരന്മാർക്കും അയാളോട് അസൂയ ഉണ്ട്. എന്നാലും കാട്ടുമാക്കാൻ എന്ന് കേൾക്കുന്നത് അവൾ ഇഷ്ടപ്പെട്ടില്ല.
അവളുടെ അഭിനിവേശവും ആവേശവും സുഖിച്ചാസ്വദിച്ചപ്പോൾ അയാൾ പണ്ട് വായിച്ച രബീന്ദ്രനാഥ് ടാഗോറിന്റെ "നസ്‌തേനീർ" എന്ന ബംഗാളി നോവൽ മനസ്സിലേക്ക് ഓടിയെത്തി. ബ്രോക്കൻ നെസ്റ്റ് എന്ന പേരിൽ അതിന്റെ ഇംഗളീഷ് പരിഭാഷയുണ്ട്. ലീല സർക്കാർ എന്ന മലയാളി എഴുത്തുകാരി ഈ നോവൽ ബംഗാളിയിൽ നിന്നും "ചാരുലത" എന്ന പേരിൽ തർജ്ജിമ ചെയ്തിട്ടുണ്ട്. ഇതിലെ കഥാപാത്രമായ ചാരുലതയെ അവളുടെ ഭർത്താവായ ഭൂപതി ശ്രദ്ധിച്ചിരുന്നില്ല. അപ്പോഴാണ് ഭർത്താവിന്റെ കസിൻ അമോൽ അവരുടെ കൂടെ താമസിക്കാനെത്തുന്നത്. ചാരുലത ഏകാകിയായിരുന്നു. അവൾ നിരാശയുടെ മൂടുപടങ്ങളിൽ കണ്ണുനീർ ഒഴുക്കി കഴിയുകയായിരുന്നു. അമോൽ അവളെ ജീവിതത്തിലേക്ക് കൊണ്ടുവന്നു.
ഒരു എഴുത്തുകാരിയാകണമെന്ന ചാരുലതയുടെ മോഹം സാക്ഷാത്കരിച്ചു. ഹരീഷ് സ്വാതിയെ നോക്കിയിരുന്നപ്പോൾ അയാളുടെ സർഗ്ഗ സങ്കൽപ്പങ്ങളിൽ സ്വാതി ചാരുലതയായി. സ്വാതി ഉണരുമ്പോൾ അവളെ ചാരുലത എന്ന് വിളിക്കണമെന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു. അവൾ അയാളുടെ ജീവിതത്തിൽ വൈകി വന്ന വസന്തമായിരുന്നു. ആ പേരിൽ ഒരു നോവൽ രചിക്കുമെന്നു അയാൾ സ്വാതിയോട് ഒത്തിരി സ്നേഹത്തോടെ മുന്നേ പറഞ്ഞപ്പോൾ അവൾ സംശയാലുവായി. നാട്ടുകാർക്ക് മനസ്സിലാകുമോ? പാവം സ്ത്രീ എന്ന് അയാൾ വീണ്ടും സഹതപിച്ചു. വിശ്വസാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാരിൽ പലരും അവരുടെ പരസ്ത്രീ ബന്ധത്തെപ്പറ്റിയുള്ള കഥകൾ എഴുതിയപോലെ തനിക്കും എഴുതണമെന്നു അയാൾ അവളോട് പറഞ്ഞു. ഡി എച് ലോറൻസ്, മാർഗരറ്റ് ഡ്യുറാസ്,ഗ്രഹാം ഗ്രീൻ എന്നിവരെപ്പോലെ പ്രശസ്തി നേടുന്നത് അയാൾ സ്വപ്നം കണ്ടു.
അപ്പോഴേക്കും സ്വാതി പുഞ്ചിരിച്ചുകൊണ്ട് കണ്ണ് തുറന്നു അവൾ അയാളെ മുറുക്കെ കെട്ടിപിടിച്ചു. ഉറക്കത്തിൽ നിന്നുള്ള ഓരോ ഉണർച്ചയും ലൈംഗിക ബന്ധത്തിനായി പ്രകൃതി പ്രേരിപ്പിക്കുന്നതായിട്ടാണ് സ്വാതിയുടെ നിഗമനം. അയാൾ അവളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുമ്പോൾ അവരുടെ രണ്ടുപേരുടെയും ജീവിത പങ്കാളികൾ ഒന്നുമറിയാതെ എവിടെയോ ഉറങ്ങുകയായിരിക്കും. അയാളുടെ മനസ്സിൽ ഒരു നോവലിന്റെ കരട് രൂപം ചിന്നിച്ചിതറി.എഴുത്തുകാർക്ക് ചില സംഗമങ്ങൾ ചില സന്ദർശനങ്ങൾ ഒരു കലാസൃഷ്ടി ചമയ്ക്കാൻ സഹായകമാകുന്നു.
ശുഭം