
തിരഞ്ഞെടുപ്പ്കാലത്ത് സീറ്റ് കിട്ടാത്ത സ്ഥാനമോഹികള്‍ വിമതന്‍മാരായി രംഗപ്രവേശം ചെയ്യാറുണ്ട്. ശക്തരായ ചിലരെയൊക്കെ കൈമടക്ക് കൊടുത്ത് ഒതുക്കും. സ്വന്തം പാര്‍ട്ടി മൈന്‍ഡ് ചെയ്യുന്നില്ലെന്ന് കണ്ടാല്‍ പിന്നെ മല്‍സരിച്ച് എട്ടുനിലയില്‍ പൊട്ടുകയും ചെയ്യും. പുതിവുപോലെ ഇക്കുറി മിക്ക പാര്‍ട്ടികളിലും കടുത്ത വിമത ശല്യമുണ്ട്. എന്നാല്‍ സി.പി.എം വിമതന്‍മാരെ പരിഗണിക്കുന്നതുകൊണ്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയായെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് വല്ലാത്ത കോമഡിയായി. ഇതിനിടെ തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എം വിമതരെ പിന്തുണയ്ക്കുവാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ വളരെ വിജിലന്റായി ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് കൊള്ളേണ്ടിടത്തൊക്കെ കൊണ്ടിട്ടുണ്ട്.
''പോരാട്ടവീഥിയില്‍ ലാത്തിയടികള്‍ ഏറ്റുവാങ്ങാന്‍ അണികള്‍ വേണം. ജയിലറകളില്‍ ഇരുളടഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കാന്‍ പോരാകള്‍ വേണം. ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലില്‍ താങ്ങുമ്പോള്‍, വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര്‍ കാണാതെ പോകരുത്. ചുവടുമാറി വരുന്നവര്‍ക്ക് നല്‍കുന്ന പരിഗണന, പാര്‍ട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുത്...'' വിജില്‍ പറയുന്നു. ''ഇനിയും ചെണ്ടയായി മാറാന്‍ ഞങ്ങള്‍ തയ്യാറാണ്, പക്ഷേ മാരാര്‍ ചമയുന്നത് ശത്രുക്കളാകരുത്. അക്രമങ്ങളും അവഗണനകളും എത്രയുണ്ടായാലും മൂവര്‍ണ്ണകൊടി ഇടനെഞ്ചോട് ചേര്‍ത്തുപിടിച്ച് പ്രസ്ഥാനത്തിന് വേണ്ടി തെരുവില്‍ പോരാട്ടം തുടരും...'' വിജില്‍ പറയുന്ന കാര്യത്തില്‍ കഴമ്പുണ്ടെന്നാണ് ഗോദയില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുന്നവരുടെ എണ്ണം അനുദിനം കൂടി വരികയാണ്. അമ്പലപ്പുഴയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സി.പി.എം വിട്ട മുന്‍ മന്ത്രി ജി സുധാകരന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചതില്‍ ആലപ്പുഴയിലെ പ്രാദേശിക കോണ്‍ഗ്രസ് ഘടകത്തില്‍ അതൃപ്തി രൂക്ഷമാണ്. ആലപ്പുഴയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ എം.ജെ ജോബ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത് വലിയ തിരിച്ചടിയായിട്ടുണ്ട്.
തളിപ്പറമ്പ് മണ്ഡലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം പാര്‍ട്ടിക്കുള്ളില്‍ വന്‍ പൊട്ടിത്തെറിയുണ്ടാക്കി. മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടു. ഇനി വിമതനായി മല്‍സരിക്കും. തളിപ്പറമ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച വി.പി അബ്ദുള്‍ റഷീദിനെ ആദ്യം തീരുമാനിച്ചെങ്കിലും പുതിയ സാഹചര്യത്തില്‍ ടി.കെ ഗോവിന്ദനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമത്രേ.
പയ്യന്നൂരില്‍ സ്ഥലം എം.എല്‍.എ ടി.ഐ മധുസൂദനനെതിരായ രക്തസാക്ഷിഫണ്ട് തട്ടിപ്പ് ആരോപണത്തിന്റെ പേരില്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടായി. സീറ്റ് ആര്‍.എസ്.പിക്ക് നല്‍കിയതിലും പുറത്തു നിന്നുള്ളവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിലും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കടുത്ത എതിര്‍പ്പിനെ തുടര്‍ന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നഗരസഭാ മുന്‍ കൗണ്‍സിലറുമായ കച്ചേരി രമേശന്‍ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചു. പയ്യന്നൂരില്‍ മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അങ്ങനെയൊരിടത്ത് സി.പി.എമ്മുമായി പിണങ്ങി എത്തുന്ന ഒരാള്‍ക്ക് പിന്തുണ നല്‍കേണ്ട ഗതികേടിലാണ് തങ്ങളെന്ന് പ്രാദേശിക നേതൃത്വം വിമര്‍ശിക്കുന്നു.
അതേസമയം അമ്പലപ്പുഴയില്‍ ജി സുധാകരനെ പിന്തുണയ്ക്കുന്നതില്‍ കലിപൂണ്ട് യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാത്തതിലാണ് ഷാനുവിന്റെ കടുത്ത നീക്കം. ഏതായാലും കേരളം ഉറ്റുനോക്കുന്ന പോരാട്ടമായിരിക്കും അമ്പലപ്പുഴയില്‍ നടക്കുക. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് വിമതനായി കളത്തിലിറങ്ങിയിട്ടുണ്ട്. കുട്ടനാട്ടില്‍ വലിയ ജനസമ്മതിയുള്ള കേരള കോണ്‍ഗ്രസ് ജോസഫ് പ്രതിനിധി റെജി ചെറിയാനാണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് നഷ്ടമായ സീറ്റ് റെജി ചെറിയാനിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നത്.
അമ്പലപ്പുഴയില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എം.ജെ ജോബ് ബി.ജെ.പിയില്‍ ചേരുമത്രേ. കരുനാഗപ്പള്ളി യു.ഡി.എഫ് ചെയര്‍മാനും കെ.പി.സി.സി സെക്രട്ടറിയുമായ തൊടിയൂര്‍ രാമചന്ദ്രനും പാര്‍ട്ടി വിട്ട് പോയത് ബി.ജെ.പി പാളയത്തിലേക്കാണ്. കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രതാപ് കുമാര്‍, കോവളം സി.പി.എം മുന്‍ ഏരിയ കമ്മിറ്റിയംഗം എന്‍.എ റഷീദ് എന്നിവരും ബി.ജെ.പിയില്‍ ചേര്‍ന്നു. സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറാന്‍ ശ്രമിച്ച് സീറ്റും കിട്ടാതെ നാട്ടിക എം.എല്‍.എ സി.സി മുകുന്ദനും ചെന്നെത്തിയത് കാവിക്കൂടാരത്തിലാണ്. സി.പി.എമ്മിനോട് പിണങ്ങിയും പിന്നെ ഇണങ്ങിയും നിന്ന ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍ ബി.ജെ.പിയില്‍ ചേരുക മാത്രമല്ല അവരുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാനും ഒരുങ്ങുകയാണ്. മൂന്നാറിലെയും തേയില തോട്ടം തൊഴിലാളികള്‍ക്കിടയിലെ രാജേന്ദ്രന്റെ സ്വാധീനം വോട്ടായി മാറുമെന്നാണ് ബി.ജെ.പിയുടെ വിശ്വാസം.
കൊട്ടാരക്കരയുടെ മുന്‍ എം.എല്‍.എ അഡ്വ. അയിഷാ പോറ്റിയാണ് ഈയടുത്ത കാലത്ത് കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറിയ ആദ്യ സി.പി.എം നേതാവ്. സിറ്റിങ് എം.എല്‍.എയും ധനമന്ത്രിയുമായ കെ.എന്‍ ബാലഗോപാലിനെതിരേ പോരിറങ്ങുകയാണ് ഒരിക്കല്‍ സി.പി.എമ്മിന്റെ തീപ്പൊരിയായിരുന്ന അയിഷാ പോറ്റി. സി.പി.എമ്മിന്റെ ഷൊര്‍ണൂര്‍ മുന്‍ എം.എല്‍.എ കൂടിയായ പി.കെ ശശിയെ ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് തീരുമാനം. സി.പി.എം സംസ്ഥാനസെക്രട്ടറിഎം.വിഗോവിന്ദനെതിരേരൂക്ഷ വിമര്‍ശനങ്ങളാണ് ശശിയില്‍നിന്ന് ഉയര്‍ന്നത്.
കോണ്‍ഗ്രസ് നേതാവും നിലവിലെ മുനിസിപ്പല്‍ കൗണ്‍സിലറുമായ ബിജു ചിറയത്ത് ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ഥി ആവും. കേരള കോണ്‍ഗ്രസ് എമ്മിന് അനുവദിച്ച സീറ്റിലാണ് മത്സരിക്കുക. ഈ നീക്കത്തില്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ചാലക്കുടിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറാണ് ബിജു ചിറയത്ത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചാലക്കുടി നഗരസഭയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച നേതാവാണ്. കൊടുങ്ങല്ലൂര്‍ സീറ്റ് വേണമെന്ന് ട്വന്റി ട്വന്റിയും ബി.ഡി.ജെ.എസും ആവശ്യപ്പെട്ടതോടെ എന്‍.ഡി.എയിലും പൊട്ടിത്തെറിയുണ്ടായിരിക്കുകയാണ്. കൊടുങ്ങല്ലൂരില്‍ ബി ഗോപാലകൃഷ്ണന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിച്ചിരുന്നതിനാല്‍ ഇതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. ബി ഗോപാലകൃഷ്ണനായി ചുവരെഴുത്ത് പ്രചാരണവും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സീറ്റിനായി ഘടകകക്ഷികള്‍ രംഗത്തെത്തിയത്. അതേസമയം, ഗോപാലകൃഷ്ണനായി തുടങ്ങിയ ചുവരെഴുത്തുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.