
മറ്റേമ്മ ! ആരാണങ്ങനെ വിളിക്കാനാരംഭിച്ചത്? “തങ്കം…. “ എന്ന വല്ല്യമ്മയുടെ വിളിയൊഴിച്ചാൽ അത്തിക്കാവിലുള്ള സകലർക്കും അവർ മറ്റേമ്മയാണ്. ഒട്ടും ആരോഗ്യമില്ലെന്നും തൻ്റേടമില്ലെന്നും കാഴ്ച്ചയിൽ തോന്നുമെങ്കിലും ശരിക്കും വല്ല്യമ്മയേക്കാൾ ശക്തയായിരുന്നില്ലേ മറ്റേമ്മ !!
എവിടെ എന്ത് മറച്ചുവെച്ചാലും ഒരിക്കലും ഒന്നും മറ്റേമ്മയിൽ നിന്ന് ഒളിക്കാനായിട്ടില്ല. സങ്കടപ്പെടുമ്പോൾ ചേർത്ത് പിടിച്ച, തലോടിയാശ്വസിപ്പിച്ച കൈകൾ. സ്വന്തബന്ധങ്ങളെ പറ്റി തിരിച്ചറിവില്ലാത്ത പ്രായത്തിൽ തൻ്റെ സ്വന്തപ്പെട്ടയാൾ മറ്റേമ്മയാണെന്നാണല്ലോ കരുതിയിരുന്നത്. ഇപ്പോഴും മനസിലാക്കാനായിട്ടില്ല ഈ സ്വന്തവും ബന്ധവും കണക്കാക്കപ്പെടുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന്!
വോട്ടിംഗ് മെഷിനടുത്തേക്ക് നടക്കുമ്പോൾ " വീട്ടിലേക്ക് വന്നിട്ടല്ലേ പോകൂ " എന്ന ചോദ്യം മറ്റേമ്മയുടെ മുഖത്തുണ്ടായിരുന്നു.
ആൾക്കൊരു മാറ്റവും ഇല്ല. അന്നത്തെ പോലെതന്നെ ഇന്നും. " നട്ടപ്പോഴും പറച്ചപ്പോഴും ഒരു കൊട്ട "എപ്പഴും മറ്റേമ്മയെപ്പറ്റി വല്യമ്മ പറയാറുള്ള ഡയലോഗാണ്. ആ പറഞ്ഞത് ഇപ്പോഴും കറക്റ്റാണ്. വൃത്തിയിലുടുത്ത മുണ്ടും നേര്യതും. നെറ്റിയിൽ ചന്ദനക്കുറി. മെലിഞ്ഞ ശരീരം അതേ പടി. മുടി നരച്ചതൊഴിച്ചാൽ വലിയ മാറ്റങ്ങളൊന്നുമില്ല.
പിന്നെയും ചില പരിചയക്കാരെയും ബന്ധുക്കളെയും കണ്ടു. ആർക്കും മുഖം കൊടുത്തില്ല. കാണണമെന്നാഗ്രഹിച്ച പലരെയും കണ്ടതുമില്ല. വരാതിരുന്നതായിരിക്കാം. വരാൻ സാധിക്കാതിരുന്നതുമാവാം.
പക്ഷേ, വല്യമ്മയെവിടെ? മറ്റേമ്മയെന്തേ ഒറ്റക്ക് ?
വോട്ടവകാശത്തിനായി സമരം ചെയ്ത കാലമല്ലാം മറവിയിലാണ്ടിരിക്കുന്നു. ഈയൊരു അവകാശം കൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്ന ധാരണയിലാണ് ഇപ്പോൾ പലരും. “കഷ്ടപ്പെട്ട് ക്യൂനിന്ന് വിരല് വൃത്തികേടാക്കീട്ട് എന്താക്കാനാ?” എന്നഭിപ്രായപ്പെട്ട് മടി പിടിച്ചിരിക്കുന്ന ചില സുഹൃത്തുക്കളെനിക്കുണ്ട്. ഒരു സർക്കാർ ജോലിക്കാരി ആയിരുന്നില്ലെങ്കിൽ താനും ആ കൂട്ടത്തിലൊരാളാകുമായിരുന്നില്ലേ.
“എൻ്റൊരോട്ടില്ലെങ്കിലും ഇവിടെ നടക്കാനൊള്ളതൊക്കെ നടക്കും. ആര് ജയിച്ചാലും തോറ്റാലും എനിക്കൊരേപ്പോലാ. താനാണ് സ്ഥാനാർത്ഥീന്നുണ്ടെങ്കി ശരി. ഞാനോട്ട് ചെയ്യണം. ഇതിപ്പോ …. “
“തങ്കം’..... താനങ്ങനെ പറയര്ത്. നമ്മളും ഈ നാടിൻ്റെ ഭാഗാന്ന് സ്വയം തോന്നാനായ്ട്ടെങ്കിലും വോട്ട് ചെയ്യണം. നമ്മടേം കൂടെ നിയന്ത്രണത്തിലാടോ ഈ നാട് മുന്നോട്ട് പോണത്. നമ്മളത് മനസ്സിലാക്കാഞ്ഞിട്ടാ.” വോട്ട് ചെയ്യാൻ മടിക്കുന്ന മറ്റേമ്മയെ
സ്വന്തം പൗരത്വം ബോധ്യപ്പെടുത്താൻ വല്യമ്മ പാടുപെടാറുണ്ട്.
ഇലക്ഷൻ കാലത്ത് തറവാട്ടിൽ ഉത്സവമാണ്. കൊടിതോരണങ്ങളുണ്ടാക്കലും പോസ്റ്ററെഴുത്തും മറ്റുമായി എപ്പോഴും ബഹളമായിരിക്കും. ചിലപ്പോഴൊക്കെ പലരുടെയും ഊണും ഉറക്കവും എല്ലാം അവിടെയാണ്. നിശബ്ദയായി ഒന്നിൻ്റെയും ഭാഗമാവാതെ എല്ലാർക്കും വെച്ചുവിളമ്പും മറ്റേമ്മ. പക്ഷേ പ്രത്യേകിച്ചൊരു പാർട്ടിയുടേയും അനുഭാവിയല്ലായിരുന്നു.
ഒരിക്കൽ വല്യമ്മ പാർട്ടിയുമായി തെറ്റി. രണ്ടില ചിഹ്നത്തിൽ ഒരു സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്തി. വീടുവീടാന്തരം കേറിയിറങ്ങി ആ സ്ഥാനാർത്ഥിയെ ജയിപ്പിച്ചെടുക്കുക തന്നെ ചെയ്തു.
“പാർട്ടി ഏതായാലും പാർട്ടിക്കാര് നന്നായില്ലെങ്കി ഒന്നും നന്നാവില്ല സൂദ്രേ.” എന്ന് എപ്പോഴും പറയുമെങ്കിലും മറ്റേമ്മ വല്ല്യമ്മയ്ക്കൊപ്പം വോട്ട് ചെയ്യാൻ പോകാറുണ്ട്. എന്നിട്ട് ഇന്നെന്തു കൊണ്ട് വല്ല്യമ്മയെ കണ്ടില്ല. എപ്പോഴും ഒന്നിച്ച് നടക്കുന്നവരാണ്. അസുഖം എന്തെങ്കിലും?
പ്രിസൈഡിംഗ് ഓഫീസർ ചെക്ക് ചെയ്ത് സീൽ ചെയ്ത മെറ്റീരിയൽ പാക്ക് ചെയ്തും, രജിസ്റ്ററുകൾ പരിശോധിച്ചും കഴിഞ്ഞപ്പോഴേക്കും വൈകിയിരുന്നു. കാത്തിരിക്കുന്ന മറ്റേമ്മയെ നിരാശയാക്കേണ്ടി വരുമല്ലോ എന്ന ചിന്തയിലാണ് ജോലി കഴിഞ്ഞിറങ്ങിയത്. ആ സമയത്തും സ്കൂളിന്റെ ഗെയ്റ്റിനോട് ചേർന്ന് മറ്റേമ്മ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
"വരാതെ പോയാലോന്ന് വിചാരിച്ചാ ഇവിടെ കാത്തിരുന്നെ.”
“ വല്യമ്മ വരാഞ്ഞതെന്തേ മറ്റേമ്മേ? വയ്യാഞ്ഞിട്ടാണോ?”
“ ഈ വഴീ നിന്ന് ങ്ങനെ ചോദിക്കാ വേണ്ട്യേ ? ഇവ്ടെ നിന്ന് പറയാനൊള്ള വിശേഷല്ല ള്ളത്. എനിക്ക് സംസാരിക്കാന്ണ്ട്. നീ തറാട്ടിലേക്ക് വാ.."
ഒന്നും വിട്ടു പറയാതെ മറ്റേമ്മ നിർബന്ധം പിടിച്ചു.
വരാൻ പറ്റാത്ത സാഹചര്യത്തെ കുറിച്ച് ഒരുവിധം പറഞ്ഞ് മനസിലാക്കി. അധികം വൈകാതെ ഒരുദിവസം വരും എന്ന് ഉറപ്പ് കൊടുത്തപ്പോഴാണ് മടങ്ങാനനുവദിച്ചത്.
പോരാൻ നേരം നിറഞ്ഞ കണ്ണുകളോടെ നോക്കിനിന്ന മറ്റേമ്മയുടെ മുഖം ഉള്ളിൽ നിന്ന് മാഞ്ഞ് പോയതേയില്ല. നിറയാൻ വെമ്പുന്ന ആ കണ്ണുകൾ. അത് പുതിയ ഒരനുഭവമാണ്. ഓർമ്മയിലൊരിടത്തും കരയുന്ന മറ്റേമ്മ ഉണ്ടായിരുന്നില്ല.
( തുടരും ........)