Image

ചമതി (നോവല്‍- ഭാഗം-7: ഉഷാ ചന്ദ്രന്‍)

Published on 18 March, 2026
ചമതി (നോവല്‍-  ഭാഗം-7: ഉഷാ ചന്ദ്രന്‍)

ഭാഗം 7


തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്‍റെ... പാട്ടുകേട്ട് സീത തിരിഞ്ഞുനോക്കി. പറങ്കിമാവിന്‍റെ കൊമ്പിലാണ് ഗായകന്‍. മണ്ണാന്‍ ചമ്മു.

സീത തിരിഞ്ഞു നോക്കിയപ്പോള്‍ അവന്‍ ആകാശത്തേയ്ക്ക് നോക്കി.  

വഷളന്‍!

സീതമ്മോ! അവന്‍ നീട്ടി വിളിച്ചു.

പോടാ അലവലാതീ.. വായിനോക്കീ... അവളവനെ കണക്കിന് ചീത്തവിളിച്ചിട്ട്‌ മുന്നോട്ടു തന്നെ നടന്നു. അതുകേട്ടവന്‍ ഉച്ചത്തില്‍ ചിരിച്ചു.  

കുറേക്കാലമായി അവന്‍ ഇങ്ങനെ പാടാനും അവള്‍ ചീത്തവിളിക്കാനും തുടങ്ങിയിട്ട്. മറ്റുപദ്രവങ്ങള്‍ ഒന്നുമില്ലാത്തതുകൊണ്ട് സീതയങ്ങു ക്ഷമിക്കുന്നു എന്നേയുള്ളു.

ഇതാര് സീതയോ? നീയെന്താ ഈ സമയത്ത്? ഉമയവളെ കണ്ടുകഴിഞ്ഞു.

അല്ല ദേവൂ! ഇവനെന്നെ എപ്പോ കണ്ടാലും ഈ പാട്ടുപാടുന്നതെന്തിനാ? ഇവനാ പാട്ടൊന്നു മാറ്റിപ്പിടിച്ചൂടെ? സീതയുടെ നര്‍മ്മോക്തി കലര്‍ന്ന ചോദ്യംകേട്ട് ഉമ ചിരിച്ചു.

അതുശരി! അവന്‍ പാട്ട് വേറെ പാടാത്തതാണ് അപ്പോള്‍ നിന്‍റെ വിഷമം, അല്ലേ?

രണ്ടു ചട്ടമ്പികള്‍ ... കണ്ടുമുട്ടീ... അവന്‍ പിന്നെയും പാടി.

“ദാ കേട്ടല്ലോ? അവന്‍ മാറ്റിപ്പിടിച്ചു. ഇത് വേറെ പാട്ടാ” ഉമയ്ക്ക്‌ ചിരി പൊട്ടി.  

ഇവന് നാണോം മാനോം ഒന്നുമില്ലേ? സീതമ്മയ്ക്കരിശം വന്നു.

അവനു കൃമികടിയാ.. നീയങ്ങോട്ട്‌ നോക്കണ്ട. വന്നേ.. ഉമയവളുടെ കയ്യില്‍ പിടിച്ചു.

“എന്താ മുത്തേ വിശേഷം?” ഉമ ചോദിച്ചതും, സീതമ്മയവളെ പിടിച്ചു വലിച്ചു മാറ്റിനിര്‍ത്തി വലിയൊരു രഹസ്യം പറയുന്ന മട്ടില്‍ രണ്ടു കൈകൊണ്ടും അവളുടെ കാതിനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് അല്പം അതിശയോക്തി കലര്‍ത്തി പറഞ്ഞു.

“കൊച്ചുതമ്പുരാന്‍ വന്നിട്ടുണ്ട്”

ആര് ശൗരി? ങേ? ആണോ?  

ഉം! സീതമ്മ തലകുലുക്കി.

ഉമ കണ്ടു, ഉദയസൂര്യന്റെ തങ്കപ്രഭ ഏറ്റുവാങ്ങിയ ചെന്താമരപ്പൂപോലെ വിടര്‍ന്ന കൂട്ടുകാരിയുടെ മുഖം. സീതമ്മയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയാണല്ലോ ഉമ. രണ്ടാളും പരസ്പരം പങ്കുവയ്ക്കാത്ത രഹസ്യങ്ങളില്ല. ഉമയും സീതയും കുഞ്ഞുന്നാള്‍ മുതലേ ഒന്നിച്ചാണെങ്കിലും ആകസ്മികമായി ഒന്നുരണ്ടു വട്ടം ഉമ ശൗരിയെ കണ്ടിട്ടുണ്ടെന്നല്ലാതെ കൊട്ടാരത്തിലേയ്ക്കങ്ങനെ പോകാറില്ല. അല്ലേലും അവിടെ സീതമ്മയ്ക്കുള്ളത്ര സ്വാതന്ത്ര്യം ഉമയ്ക്കില്ല. അതിലവള്‍ക്ക് പരാതിയൊന്നുമില്ലെങ്കിലും പലപ്പോഴും ആശ്ചര്യം തോന്നാറുണ്ട്. അതാവട്ടെ  സീതയോടൊരിക്കലവള്‍ സൂചിപ്പിക്കുകയും ചെയ്തു.

“അതു ദേവൂ , തൊട്ടയല്വക്കമല്ലേ, പോരെങ്കില്‍ കൊച്ചിലേ മുതല്‍ എന്നെ കാണുന്നതുമല്ലേ ആ അമ്മ ? അവര്‍ക്കാണെങ്കില്‍ പെണ്‍കുട്ടികളുമില്ല.  അതുകൊണ്ടൊക്കെ ഞാന്‍ ചെല്ലുമ്പോള്‍ എന്നോട് വിരോധം പറയാത്തതാവും” എന്നായിരുന്നു സീതയുടെ മറുപടി. ഉമയ്ക്കാ മറുപടി തൃപ്തികരമായില്ല. അതിലുമധികം അവളോടുള്ള ഭദ്രത്തമ്പുരാട്ടിയുടെ വാത്സല്യം ഉമ കണ്ടിട്ടുള്ളതാണ്.

നമ്മുടെ റിസള്‍ട്ട്‌ എന്ന് വരുമെന്നറിയാമോ? സീത വിഷയം മാറ്റി.

ഇതുവരെ പത്രത്തിലൊന്നും കണ്ടില്ല. ഉമ പറഞ്ഞു. രണ്ടാളും പത്താംതരം പരീക്ഷ എഴുതിയിട്ടിരിക്കുകയാണ്.

മുത്തുമാരിയമ്മന്‍റെ ഉത്സവം അടുത്തുവരുന്നു. വീട്ടില്‍ പിടിപ്പതു ജോലിയുണ്ട്. ഞാന്‍ പോട്ടെ ദേവൂ? ഈയൊരു വിവരം പറയാന്‍ വന്നതാ നിന്നോട്. സീതമ്മ യാത്ര ചോദിച്ചു.

“നില്‍ക്കെടീ ഞാനും വരുന്നു”. ഉമ സീതയ്ക്കൊപ്പം ചെന്നു.

പട്ടരുമുക്കില്‍ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് ഇടവഴിചുറ്റിവളഞ്ഞ് പഴയ മിഠായിക്കമ്പനിയ്ക്ക് മുന്നിലൂടെയവര്‍ നടന്നു. അന്നും കണ്ടു, ഉറഞ്ഞ മഞ്ഞുമല പോലെ മധുരക്കൂമ്പാരം. ഏതോ ചിത്രകാരന്‍ തട്ടിമറിച്ച ചായക്കൂട്ട് ഒഴുകിപ്പടര്‍ന്നപോലെ ഏഴല്ല, അതിലേറെ വര്‍ണ്ണത്തില്‍ മഴവില്ല് ചീന്തിയെറിഞ്ഞ രാഗപ്രപഞ്ചം.

“ദാ നോക്ക്.” ഉമ അവിടേയ്ക്കു കൈചൂണ്ടി. “മുട്ടായിമല”! നീയോര്‍ക്കുന്നോ, ചെറിയ കുട്ടികളായിരിക്കുമ്പോള്‍ നമ്മളിതെത്രയാ അടര്‍ത്തി തിന്നിട്ടുള്ളതെന്ന്? സത്യത്തില്‍ കമ്പനിയില്‍ വരുന്ന waste അല്ലേ ഇത്? അന്ന്‍ നമുക്കാരുമതു പറഞ്ഞു തന്നില്ല. എന്നാലും അന്നത്തെ ആ രുചി ഇപ്പോഴും നാവിലുണ്ട്. കാണുമ്പോള്‍ തിന്നാന്‍ കൊതിതോന്നുവാ..

എനിക്കും! സീതമ്മ ചിരിച്ചു. ഈടിറമ്പില്‍ നിന്ന കനകാംബരപ്പൂക്കളും അതുകേട്ട് ചിരിച്ചു തലയാട്ടി.. രണ്ടാളും കൂടി അത് മുഴുവന്‍ കയ്യെത്തിപ്പറിച്ചു. പിന്നെ ഒന്നൊന്നായി ചേര്‍ത്തുവച്ചു പിന്നിത്തുടങ്ങി. അതുമായി വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മാളുവമ്മ ഒരു പരുത്തിവടിയുമായി അവളെ കാത്തു നില്‍ക്കുന്നത് കണ്ടു.. ഓ! ഈ അമ്മെക്കൊണ്ട് തോറ്റു. മകളുടെ ആത്മഗതം പോലും ആ അമ്മ ഊഹിച്ചു.

“നീ മിണ്ടാതേം പറയാതേം എങ്ങോട്ടാണ്ണേ ഓടണേ? അവര്‍ ക്ഷോഭിച്ചു. വടിയും ഓങ്ങിക്കൊണ്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു. ഓങ്ങുകയെയുള്ളു, അമ്മ തല്ലില്ലെന്നവള്‍ക്കറിയാം

“പൂ പറിക്കാന്‍.” സീതമ്മ പൂമാല ഉയര്‍ത്തിക്കാട്ടി.. പൂ വിരിഞ്ഞപോലുള്ള മകളുടെ മുഖം കണ്ടപ്പോള്‍ സൂര്യരശ്മി പതിച്ച മഞ്ഞുകണംപോലെ യവരുടെ കോപമലിഞ്ഞു. മുത്തിന്‍റെ മുഖം അമ്മാളുവിനു പുണ്യദര്‍ശനമാണ്. അപ്പോളവര്‍ കഴിഞ്ഞത് പലതും ഓര്‍ത്തുപോകും. അമ്മാളു മനസ്സറിയാതെ കരയുന്നത് മുത്തിനെ കാണുമ്പോഴാണ്.

“പ്രായമായ പെണ്ണാ പറഞ്ഞില്ലെന്നു വേണ്ട!” കപടദേഷ്യത്തോടെയവരാ  വര്‍ത്തിച്ചു, കേട്ടു മടുത്ത പഴയപല്ലവി. .

അമ്മയുടെയൊരു പായാരം പറച്ചില്‍.. സീതമ്മ അസഹിഷ്ണുത പ്രകടിപ്പിച്ചു.

അപ്പട് ഏടാ (അപ്പ എവിടെ) അമ്മാ? സീതമ്മ അമ്മയെ കളിയാക്കിക്കൊണ്ട് ചോദിച്ചു..

ചമതിയില്‍. ഉത്സവം അടുത്തുവരികയല്ലേ? അപ്പോഴേയ്ക്കും വിഗ്രഹം തീരണ്ടേ?

ഇത്ര കഷ്ടപ്പെട്ടു നിര്‍മ്മിച്ചിട്ട് ഉത്സവം കഴിയുമ്പോള്‍ അത് കടലില്‍ ഒഴുക്കിക്കളയുന്നതെന്തിനാമ്മേ? അവള്‍ ചോദിച്ചു.

“അപ്പിനിയൂട അട്ക്‌” അമ്മ തനിക്കിട്ട്‌ തിരിച്ചു താങ്ങിയതാണെന്ന് സീതയ്ക്ക് മനസ്സിലായി.  

ഹോ! എന്തൊരു കഷ്ടമാണമ്മാ. അവള്‍ പരിഭവിച്ചു.. നേരെചൊവ്വേ മനുഷേര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറ..

അപ്പാവോട് ചോദി!  എന്നാ പറഞ്ഞേ. അവര്‍ കയ്യൊഴിഞ്ഞു.

സീതമ്മ അതപ്പാവോടത് പിന്നീടെപ്പോഴോ ചോദിച്ചു.

കാര്യമുണ്ട് മുത്തേ! നീ വിശ്വസിക്കുമെങ്കില്‍ പറയാം.. താമി പറഞ്ഞുതുടങ്ങി.

പറയപ്പാ! മുത്ത്‌ പ്രോത്സാഹിപ്പിച്ചു.

അതായത്, നമ്മുടെ സമുദായത്തിന്‍റെ മാത്രമാണാക്ഷേത്രമെന്ന് നിനക്കറിയാമല്ലോ? എന്‍റെ മുത്തശ്ശന്‍റെ കാലത്താണ് നാലുചുവരുകള്‍ക്കുള്ളിലെ നിന്നുതിരിയാന്‍ ഇടമില്ലാത്ത വെറുമൊരൊറ്റ മുറിയില്‍ മുത്തുമാരിയമ്മനെ അറിയാവുന്ന രീതിയില്‍ ചില കര്‍മ്മാനുഷ്ഠാനങ്ങളോടെ പ്രതിഷ്ഠിച്ചത്. അതിരിക്കുന്നതും എവിടെയാണെന്ന് കണ്ടില്ലേ, റോഡരുകില്‍. അതിനടുത്തു കാണുന്ന ഓട്ടുകമ്പനിയും അക്കാലത്തെപ്പോഴോ തുടങ്ങിയതാ.. പണ്ടുകാലത്ത് കൊട്ടാരം വകയോ മനവകയോ മറ്റോ ആയിരുന്നു അത്. അതിന്‍റെ പുറകില്‍ കാടുപിടിച്ചു കിടക്കുന്നിടത്താണ് ഇഷ്ടികച്ചൂള. അന്ന് ഓടും ഇഷ്ടികയും ഒക്കെ ചുടാനും മറ്റുമായി ഒരുപാട് തൊഴിലാളികള്‍ കമ്പനിയില്‍ ഉണ്ടായിരുന്നു. ആ ചൂള നമുക്കും പലപ്പോഴും പ്രയോജനപ്പെട്ടിട്ടുണ്ട്

ഒരുത്സവക്കാലത്തായിരുന്നു. ദേവിയെ പ്രതിഷ്ഠിച്ച് പത്തുല്‍സവം കെങ്കേമമായിത്തന്നെ നമ്മള്‍ നടത്തി. വിഗ്രഹം അവിടെത്തന്നെ സ്ഥിരമായി ഇരിക്കട്ടെ എന്ന് കരുതി അന്നുമുതല്‍ നിത്യപൂജയും നടത്തിപ്പോന്നു. ഒരാഴ്ച കഴിഞ്ഞില്ല, അവിടെ ചില ദുര്‍ന്നിമിത്തങ്ങളൊക്കെ കണ്ടുതുടങ്ങി. ആദ്യം കമ്പനിയുടെ പുറകുവശം ഇടിഞ്ഞു വീണു. ആരുമത് അപ്പോള്‍ കാര്യമാക്കിയില്ല. അമ്പലത്തില്‍ പിന്നെയും നിത്യപൂജ തുടര്‍ന്നു. ദീപാരാധന തൊഴാനും കാണിക്കയിടാനും ഭക്തജനങ്ങളുടെ തള്ളിക്കയറ്റമായിരുന്നു  അവിടേയ്ക്ക്. ഇതിനിടെ ഉത്തരവാദിത്തപ്പെട്ടവര്‍ കമ്പനിയുടെ ഇടിഞ്ഞുപോയ  ഭാഗം കെട്ടിയുയര്‍ത്തി. ഒരാഴ്ച്ചവേണ്ടിവന്നില്ല, പിന്നെയും അത് തകര്‍ന്നു വീണു. ആള്‍ക്കാരെല്ലാം വല്ലാതെ  പേടിച്ചു. വീണ്ടുമത് പുനരുദ്ധാരണം നടത്തി. അപ്പോഴാണ് അമ്പലത്തിലേയ്ക്ക് നോട്ടമുള്ള   അതിന്‍റെ തെക്കേപ്പുറം പൊട്ടിയടര്‍ന്നു വീണത്‌. എന്തൊക്കെയോ പന്തികേട്‌ തോന്നിയതുകൊണ്ട് ആരുമതില്‍ പിന്നീടൊന്നും ചെയ്യാന്‍ നിന്നില്ല.. അങ്ങനെത്തന്നെ കിടക്കട്ടെ എന്ന് തീരുമാനിച്ചു. ക്ഷേത്രത്തിലാവട്ടെ, ദീപാരാധന മുടങ്ങാതെ നടന്നുകൊണ്ടിരുന്നു. അതിനു ശേഷമാണ് വലിയ ദുരന്തങ്ങളൊക്കെ കണ്ടു തുടങ്ങിയത്. എന്നുവച്ചാല്‍ ആരാ അവിടെയിരിക്കുന്നത്,  നിഗ്രഹസ്വഭാവമുള്ള ഉഗ്രമൂര്‍ത്തിയല്ലേ? അത് പറയുമ്പോള്‍ താമിയുടെ കണ്ണിലെ തിളക്കം സീത ശ്രദ്ധിച്ചു. മുഖം അഭിമാനം കൊണ്ട് വിജ്രംഭിക്കുന്നതും.

നടവഴിയോടു ചേര്‍ന്നല്ലേ അമ്പലം? പോരെങ്കില്‍ നടയ്ക്കുനേരേയും. അതിലെ കൂടി ശുദ്ധവൃത്തിയില്ലാതെ കടന്നു പോകുന്നവര്‍ക്കെല്ലാം പലതരത്തിലുള്ള  രോഗങ്ങള്‍ പിടിപെടുന്നതായി കണ്ടു. മത്സ്യ മാംസാദികളുമായി അമ്മയുടെ മുന്നിലൂടെ പോകുന്നവര്‍ക്കെല്ലാം പലതരത്തിലുള്ള  ബുദ്ധിമുട്ടുകളായി, കഷ്ടതകളായി ദുരിതങ്ങളായി... അപ്പോഴാണ് ഒന്ന് പ്രശ്നം വച്ചു നോക്കിയാലോ എന്ന് അമ്പല ഭാരവാഹികള്‍ക്ക് തോന്നിയത്. അങ്ങനെ വടക്കുനിന്നൊരു കണിയാരെ വരുത്തി പ്രശ്നം വയ്പ്പിച്ചു. പ്രശ്നവിധിയില്‍ പലതും തെളിഞ്ഞു.. പ്രതിഷ്ടാകര്‍മ്മം കഴിഞ്ഞുള്ള വച്ചുപൂജ തുടരുന്തോറും ദേവിയ്ക്ക് ശക്തി വര്‍ദ്ധിക്കുന്നതായി കണ്ടു. പ്രശ്നപരിഹാരവും നിര്‍ദ്ദേശിക്കപ്പെട്ടു. ആണ്ടിലൊരിക്കല്‍ ഉത്സവത്തിന് പ്രതിഷ്ടിക്കപ്പെടുന്ന ദേവീവിഗ്രഹം ഉത്സവം കഴിയുന്നതോടെ ഉടവാള്‍ മാത്രം നിലനിര്‍ത്തിക്കൊണ്ട് മൂര്‍ത്തിയെ  ജലത്തില്‍ നിമജ്ജനം ചെയ്യുക. വാള്‍ നിത്യേന പൂജിക്കുന്നതുകൊണ്ട് പ്രശ്നമില്ല. ഐശ്വര്യം വര്‍ദ്ധിക്കുകയേയുള്ളു. വീണ്ടും ഉത്സവക്കാലമാവുമ്പോള്‍ മറ്റൊരു വിഗ്രഹം നിര്‍മ്മിച്ചു പ്രതിഷ്ടാകര്‍മ്മം യഥാവിധി നടത്തുക.....ഇതായിരുന്നു നിര്‍ദ്ദേശിച്ച പ്രതിവിധി.  

അതാണ്‌ അപ്പ ഇപ്പോള്‍ ചെയ്യുന്നത്. കാണുന്നില്ലേ, അവിടെ ദേവിയുടെ ഉടവാള്‍ മാത്രമല്ലേ ഇപ്പോഴുള്ളൂ.? ഇനി ഉത്സവത്തിന് നമ്മളീ വിഗ്രഹം അവിടെ പ്രതിഷ്ഠിക്കും

സീതമ്മ അപ്പാ പറഞ്ഞതെല്ലാം കേട്ട് ശ്വാസമടക്കിപ്പിടിച്ചിരിക്കുകയായിരുന്നു.

പിന്നീടവിടെ അപകടമൊന്നും നടന്നിട്ടില്ലേ? അവള്‍ ചോദിച്ചു.

നടന്നില്ലേ എന്ന് ചോദിച്ചാല്‍.. അതുപിന്നെ.. പറഞ്ഞു മുഴുവനാക്കും മുന്‍പ് സീതമ്മയെ അമ്മാളു വിളിച്ചു.


തുടരും...

Read More: https://www.emalayalee.com/writer/318

 

Join WhatsApp News
UNNIKRISHNAN 2026-03-18 17:09:46
Good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക