Image

ടി എസ് എ പ്രതിസന്ധി മൂലം അമേരിക്കൻ വിമാനത്താവളങ്ങളിൽ പ്രതിസന്ധി

Published on 18 March, 2026
ടി എസ് എ പ്രതിസന്ധി മൂലം  അമേരിക്കൻ വിമാനത്താവളങ്ങളിൽ പ്രതിസന്ധി

വാഷിംഗ്‌ടൺ: ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനു ഫണ്ടിംഗ് ലഭിക്കാത്തതു മൂലം ഗതാഗത വകുപ്പിനു ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ യുഎസ് വിമാനത്താവളങ്ങളിൽ ഗതാഗതം താറുമാറായി. സുരക്ഷാ പരിശോധന സംവിധാനങ്ങൾ താളം തെറ്റിയതോടെ യാത്രക്കാർക്ക് മണിക്കൂറുകളോളം നീണ്ട ക്യൂ നേരിടേണ്ടിവന്നു.

ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) ഉദ്യോഗസ്ഥർ ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നതു സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളിൽ വലിയ സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്. ഹോംലാൻഡ് സെക്യൂരിറ്റി പ്രവർത്തന ശൈലി പരിഷ്കരിക്കണമെന്ന ആവശ്യം ഭരണകൂടം അംഗീകരിക്കാത്തതു മൂലം ഫണ്ടിംഗ് ബിൽ പാസാക്കാൻ ഡെമോക്രാറ്റുകൾ സഹകരിക്കുന്നില്ല.

രാജ്യമൊട്ടാകെ വിമാനത്താവളങ്ങളിൽ നീണ്ട നിരകളും കാത്തിരിപ്പ് സമയവും വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ചില ഇടങ്ങളിൽ മൂന്ന് മണിക്കൂറിലധികം കാത്തിരിക്കേണ്ട സാഹചര്യമുണ്ടായി. ഫ്ലൈറ്റുകൾ നഷ്ടപ്പെടാതിരിക്കാൻ യാത്രക്കാർ വളരെ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് നൂറുകണക്കിന് ഉദ്യോഗസ്ഥർ ജോലി രാജിവച്ചതോടെ ജീവനക്കാരുടെ കുറവ് കൂടുതൽ രൂക്ഷമായതായി അധികൃതർ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ അറ്റ്ലാന്റയിലെ ഹാർട്സ്ഫീൽഡ്-ജാക്സൺ വിമാനത്താവളത്തിൽ വാരാന്ത്യത്തിൽ കാത്തിരിപ്പ് സമയം രണ്ട് മണിക്കൂറോളം എത്തി.

ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളത്തിൽ കാത്തിരിപ്പ് സമയം മൂന്ന് മണിക്കൂറിനടുത്തെത്തി. ജോൺ എഫ്. കെന്നഡി, നുവാർക്ക് ലിബർട്ടി വിമാനത്താവളങ്ങളിലും  ജീവനക്കാരുടെ കുറവ് റിപ്പോർട്ട് ചെയ്തു.

ഓസ്റ്റിൻ-ബെർഗ്‌സ്റ്റ്രോം വിമാനത്താവളം ഉൾപ്പെടെ പല വിമാനത്താവളങ്ങളിലും ആഭ്യന്തര യാത്രക്കാർ കുറഞ്ഞത് രണ്ടര മണിക്കൂർ മുമ്പ് എത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ഞായറാഴ്ച ദേശീയതലത്തിൽ 10 ശതമാനത്തിലധികം ടി എസ് എ ഉദ്യോഗസ്ഥർ ജോലിക്കു ഹാജരായില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ന്യൂയോർക്കിൽ ഇത് 25 ശതമാനത്തിൽ കൂടുതലായി.

ഫ്ലൈറ്റ് റദ്ദാക്കലുകളും പുനഃക്രമീകരണങ്ങളും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ചിലർ മണിക്കൂറുകളോളം എയർലൈൻ ഹെൽപ്‌ലൈനിൽ കാത്തിരിക്കേണ്ടി വന്നതായും, റദ്ദാക്കാനാവാത്ത ഹോട്ടൽ ബുക്കിംഗുകൾ കാരണം നഷ്ടം സംഭവിച്ചതായും പറഞ്ഞു.

വിമാനക്കമ്പനികളും അസന്തുഷ്ടി രേഖപ്പെടുത്തി. തുടർച്ചയായ ഷട്ട്ഡൗണുകൾ കാരണം യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈൻ സിഇഒമാർ കോൺഗ്രസിന് കത്തയച്ചതായി റിപ്പോർട്ടുണ്ട്.

മുൻ ഷട്ട്ഡൗൺ കാലങ്ങളിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരെ പരിശോധിക്കുന്ന ടിഎസ്എ സംവിധാനം അമേരിക്കൻ വ്യോമയാന സുരക്ഷയുടെ പ്രധാന ഘടകമായതിനാൽ ഫണ്ടിംഗ് തടസ്സപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

TSA chaos hits US airports amid shutdowns

Join WhatsApp News
Sunil 2026-03-18 17:07:05
TSA is part of Homeland Security. Democrats will not fund it. Now more terrorists can walk into a plane with an explosive. Of course, they can blame Donald Trump for the explosion. Democrats are very angry that Trump is delaying Iran's nuclear ambition, which Obama enabled them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക