
വാഷിംഗ്‌ടൺ: അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക പരിശോധിക്കുന്ന നടപടികൾ ട്രംപ് ഭരണകൂടം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഫെഡറൽ തിരഞ്ഞെടുപ്പ് നിയമങ്ങൾ പാലിക്കുന്നതിൽ ചില സംസ്ഥാനങ്ങൾ സഹകരിക്കുന്നില്ലെന്ന ആശങ്കയും ഉയർത്തി.
ജസ്റ്റിസ് ഡിപ്പാർട്മെന്റ് നിലവിലുള്ള നിയമ അധികാരങ്ങൾ ഉപയോഗിച്ച് വോട്ടർ റജിസ്ട്രേഷൻ സംവിധാനങ്ങൾ പരിശോധിക്കുന്നതായി അസിസ്റ്റന്റ് അറ്റോർണി ജനറൽ ഹർമീത് ധില്ലൻ വ്യക്തമാക്കി. 1960 ലെ സിവിൽ റൈറ്റ്സ് ആക്ട് പ്രകാരം വോട്ടർ പട്ടിക പരിശോധിക്കാൻ ലഭ്യമായ അധികാരം ആദ്യമായി സജീവമായി ഉപയോഗിക്കുന്നതാണെന്നും അവർ പറഞ്ഞു.
സംസ്ഥാനങ്ങളുടെ വോട്ടർ പട്ടിക ഫെഡറൽ ഡാറ്റാ ബേസുകളുമായി താരതമ്യം ചെയ്ത് പരിശോധന നടത്തുകയും കണ്ടെത്തലുകൾ സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കുകയും ചെയ്യുന്ന നടപടികളാണ് നടക്കുന്നതെന്ന് ധില്ലൻ വ്യക്തമാക്കി. വോട്ടർ പട്ടികകൾ ശുദ്ധീകരിക്കാൻ സംസ്ഥാനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
ചില സംസ്ഥാനങ്ങൾ സ്വമേധയാ സഹകരിക്കുന്നുണ്ടെങ്കിലും ചിലർ തയ്യാറാകുന്നില്ലെന്നും ധില്ലൻ ആരോപിച്ചു.
ഫെഡറൽ നിയമങ്ങൾക്ക് വിരുദ്ധമായിരിക്കാവുന്ന നടപടികളെക്കുറിച്ച് ചില സംസ്ഥാനങ്ങളുമായി ജസ്റ്റിസ് ഡിപ്പാർട്മെന്റ് മുൻകൂർ ചർച്ചകളും നടത്തുന്നുണ്ട്. നിയമ നടപടികളിലേക്ക് പോകുന്നതിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമമാണിത്.
വോട്ടർ പരിശോധന സംവിധാനങ്ങളിൽ ചില തകരാറുകൾ നില നിൽക്കുന്നുവെന്ന ആശങ്കയും അധികൃതർ ഉന്നയിച്ചു.
നടപടികൾ പ്രധാനമായും ഭരണപരമായ പരിശോധനകളാണെങ്കിലും ഏറെ പ്രാധാന്യമുള്ളതാണെന്നും അവർ പറഞ്ഞു. മുൻ ഭരണകൂടങ്ങൾ ഇത്തരം നടപടികൾ സ്വീകരിക്കാൻ താത്പര്യം കാണിച്ചിരുന്നില്ലെന്നും അവർ വിമർശിച്ചു.
അതേസമയം, മുൻ ഭരണകൂടങ്ങൾ വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ ശ്രമിച്ച സംസ്ഥാനങ്ങൾക്കെതിരെ കേസുകൾ പോലും എടുത്തിരുന്നുവെന്ന ആരോപണവും ധില്ലൻ ഉന്നയിച്ചു.ഓരോ പൗരനും തന്റെ വോട്ട് നിയമപരമായ രീതിയിൽ എണ്ണപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള അവകാശമുണ്ടെന്നും പറഞ്ഞു. അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് ഭരണകൂടം വ്യക്തമാക്കി.
Trump admin reviewing voter rolls across states: Official