
(എന്തുകൊണ്ടാണ് ബ്രഹ്മാവിന് അമ്പലങ്ങൾ ഇല്ലാത്തത്? എന്തുകൊണ്ടാണ് കൈതപ്പൂ (കേതകം) പൂജക്കെടുക്കാത്തത്?. ശിവപുരാണത്തിലെ ഈ കഥയെ ആസ്പദമാക്കി എഴുതിയ കവിത. ആരാണ് പരമോന്നതൻ എന്ന വിഷയത്തിൽ ബ്രഹ്മാവും വിഷ്ണുവും തർക്കമായി. അപ്പോൾ ശിവൻ ഒരു ജ്യോതിർലിംഗമായി അവരുടെ മുന്നിൽ അവതരിച്ച് താനാണ് പരമമായ ശക്തി എന്ന് അറിയിച്ചു. വിഷ്ണു അത് സ്വീകരിച്ചെങ്കിലും ബ്രഹ്മാവ് കേതകി പൂവിന്റെ സാക്ഷ്യത്തോടെ ജ്യോതിർലിംഗത്തിന്റെ മുകളിലത്തെ അറ്റം കണ്ടുവെന്ന് നുണ പറഞ്ഞു. കോപിതനായ ശിവൻ കേതകി പുഷ്പം പൂജക്ക് എടുക്കില്ലെന്നും ബ്രഹ്മാവിനെ ഭൂമിയിൽ ആരും പൂജിക്കില്ലെന്നും ശപിച്ചു.)
നഗരത്തിലെ കുഞ്ഞമ്മാവന്റെ
കൂടെ വസിച്ച് വിദ്യ നേടാൻ
മോഹിച്ചവൾ, പരിഷ്കാരിയാവണം
യാന്ത്രികയുഗത്തിലെ മായാവിലാസ--
ങ്ങൾ കണ്ടറിയണം; അമ്മാവന്റെ
പുത്രിയാം സുനന്ദയെ തോൽപ്പിക്കണം
ഒരേയൊരു വാശിയവൾക്ക് .
ചിന്താമഗ്നയാം ശാരദയെ തൊട്ടു
വിളിച്ചൂ ഇളയമ്മ; നീതിസാരം
കേൾപ്പിക്കാൻ പുഞ്ചിരിയോടെ.
കൈതക്കാട്ടിലെ ഗന്ധമറിയണോ?
ശലഭങ്ങളൊന്നുമില്ലവിടെ തേനുമില്ല.
പൂജയ്ക്കെടുക്കാത്ത പുഷ്പങ്ങൾ
പൊന്നിന്റെ നിറമാണിലയ്ക്കും പൂവിനും
കൈയെത്തിച്ചു നോക്കിയാൽ
ചോര പൊടിയും മുള്ള് കുത്തിക്കേറും.
അനാദികാലത്താവാം ദേവകന്യക--
കളിലൊരുത്തി മോഹിച്ചുപോയത്രെ
കൈതപ്പൂ ചൂടാനായി തലയിൽ .
ബ്രഹ്മാവൊരുപാട് ദൂരമോടിയത്രെ
കൈതപ്പൂക്കാട്ടിലെത്താൻ ;എന്നിട്ടോ?
കേതകമലർ
കയ്യിലങ്ങനെ
ഓടിച്ചുപിടിച്ചൂ --ബ്രഹ്മാവ്
പറന്നുപോയി ദേവലോകത്തേയ്ക്ക്.
ത്രിമൂർത്തികളല്ലേ ശിവ വിഷ്ണു ബ്രഹ്മാ-
മഹേശ്വരനും ഹരിക്കും ബ്രഹ്മാവിന്റെ--
യീ ചെയ്തി ഇഷ്ടപ്പെട്ടില്ല
തള്ളിയത്രേ ഭൂവിലേയ്ക്ക് തന്നെ.
ശപിക്കയും ചെയ്തു ; പൂജയ്ക്ക--
യോഗ്യൻ നിന്ദിതൻ
ബ്രഹ്മക്ഷേത്രമതോടെയടഞ്ഞു.
കരിനാഗങ്ങളും മൂർഖന്മാരുമല്ലേ
കൈതക്കാട്ടിൽ വാസമെന്നും
കടിച്ചാൽ വിഷം തീണ്ടും നീലിക്കും.
ഗന്ധർവ്വരും ഗന്ധർവ്വകന്യകകളും
നൃത്തം ചെയ്യും രാവിൻ നിലാവിൽ
കേൾക്കാം രൌദ്രം സീൽക്കാരങ്ങളും.
ശാരീ! കാണാനെന്തു ചന്തം
പൂജയ്ക്കാക ധരിച്ചോളൂ
ഈ മഞ്ഞപ്പൊന്നിൻ സുഗന്ധ--
മറിയും തെല്ലകലത്തിൽത്തന്നെ.
*******