
എക്കാലത്തും യു.ഡി.എഫിന്റെ പവര്‍ ഹൗസായ പി.ജെ ജോസഫ് 56 വര്‍ഷത്തെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് മകനും കേരള കോണ്‍ഗ്രസ് സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫിന് ബാറ്റണ്‍ കൈമാറിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.1970 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ പാട്ടുപാടി വിജയിച്ചിട്ടുള്ള ഗായകന്‍ കൂടിയായ പി.ജെ ജോസഫ് എന്ന 85 കാരന്‍ കേരള നിയമസഭയിലെ ഏറ്റവും പ്രായമേറിയ സാമാജികനാണ്. വരുന്ന നിയമസഭാ തിരഞ്ഞടുപ്പിനുള്ള കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച പി.ജെ ജോസഫ് തനിക്ക് പകരം മകന്റെ പേര് വായിച്ചപ്പോള്‍ അത് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായന്റെ പടിയിറക്കമായി. മകനുവേണ്ടി ഒരച്ഛന്റെ വഴിമാറിക്കൊടുക്കലുമായി.
ആരോഗ്യപരമായ കാരണങ്ങളാലാണ് തിരഞ്ഞടുപ്പ് രംഗത്തുനിന്ന് മാറി നില്‍ക്കുന്നതെന്നും എന്നാല്‍ ജനസേവനത്തിനായി എന്നും മുന്നില്‍ത്തന്നെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയെ തൊടുപുഴയാക്കിയ തന്റെ അപ്പച്ചന്റെ പാതയിലെത്തുമ്പോള്‍ വലിയ ടെന്‍ഷന്‍ ഉണ്ടെന്നും എന്നാലിത് അതികഠിനമായ ഉത്തരവാദിത്തമെണെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം അപു ജോണ്‍ ജോസഫ് പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ സൗമ്യ വ്യക്തിത്വത്തിനുടമയും അടിമുടി കര്‍ഷകനുമായ പി.ജെ ജോസഫ് രാഷ്ട്രീയ പാരമ്പര്യമില്ലാത്ത തൊടുപുഴ പുറപ്പുഴ പാലത്തിനാല്‍ വീട്ടില്‍ നിന്ന് പാര്‍ലമെന്ററി രാഷ്ട്രീയ മണ്ണിലേക്ക് ചുവടുവയ്ക്കുന്നതും നിയമസഭയിലേക്ക് ആദ്യമായി എത്തുന്നതും 1970-ലാണ്. കെ.എം മാണിക്ക് പാലാ പോലെയാണ് ജേസഫിന് തൊടുപുഴ. കാരണം പത്ത് തവണയാണ് തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്നു വിജയിച്ച് അദ്ദേഹം നിയമസഭയിലെത്തിയത്. ഇക്കാലയളവില്‍ വിവിധ വകുപ്പുകളുടെ മന്ത്രി പദവിയില്‍ ഇരുന്ന് പി.ജെ ജോസഫ് തന്റേതായ കയ്യൊപ്പ് ചാര്‍ത്തുന്നത് കേരളം കൗതുകത്തോടെ കണ്ടു. ഇനി 'കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍' എന്നതായിരിക്കും രാഷ്ട്രീയ കേരളത്തിലെ പി.ജെ ജോസഫിന്റെ മേല്‍വിലാസം.
1978-ല്‍ 35-ാം വയസില്‍ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായ പി.ജെ ജോസഫ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായിരുന്നു. യു.ഡി.എഫ് എന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ ആദ്യ കണ്‍വീനര്‍ പദവിയും അലങ്കരിച്ചത് പി.ജെ ജോസഫാണ്. റവന്യൂ, വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലസേചനം, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ പില്‍ക്കാലത്ത് പി.ജെ ജോസഫ് കൈകാര്യം ചെയ്തു. അഞ്ചു മുഖ്യമന്ത്രിമാര്‍ക്കൊപ്പം മന്ത്രിയായിരുന്ന പി.ജെ ജോസഫിന്റെ ഏറ്റവും അടുപ്പക്കാര്‍ ഇ.കെ നായനാരും, എ.കെ ആന്റണിയുമാണ്. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പിളര്‍പ്പിലും യോജിപ്പിലും പി.ജെ ജോസഫ് സ്വീകരിച്ച ഉറച്ച നിലപാടുകള്‍ കേരള രാഷ്ട്രീയ ചരിത്രത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.
പശുവളര്‍ത്തലും പാല്‍ ഉത്പാദനവും ജൈവ പച്ചക്കറി കൃഷിയും ജീവിതത്തിന്റെ ഭാഗമാക്കിയ പി.ജെ ജോസഫ് 1968-ല്‍ കേരള കോണ്‍ഗ്രസിലൂടെയാണ് പിജെ ജോസഫ് കേരള രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 1970-ല്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്ന് ആദ്യമായി കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒരു തവണ ഒഴിച്ച് അദ്ദേഹം എം.എല്‍.എ ആയി തുടരുന്നു. 1989-ല്‍ മൂവാറ്റുപുഴയില്‍ നിന്നും 1991-ല്‍ ഇടുക്കിയില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ നിന്ന് ആദ്യമായി പി.ടി.തോമസിനോട് പരാജയപ്പെട്ടു . 1970, 1977, 1980, 1982, 1987, 1996, 2006, 2011, 2016, 2021 എന്നീ വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്ന് ജയിച്ച ജോസഫ് ആദ്യമായി മന്ത്രി ആകുന്നത് 1978-ല്‍ ആണ്.
എ.കെ ആന്റണി മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായി തുടങ്ങിയ ജോസഫ് 1981-1982,1982-1987 കാലഘട്ടത്തില്‍ കെ കരുണാകരന്‍ നയിച്ച മന്ത്രിസഭയില്‍ രണ്ട് തവണ റവന്യൂ മന്ത്രിയായി. 1996-2001-ലെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയായിരുന്നു. പിന്നീട് 2006-ലെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിലും ചെറിയൊരു കാലയളവില്‍ രണ്ടു തവണ പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയായി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയതോടെയാണ് ജോസഫ് ഏഴാം തവണയും മന്ത്രിയായത്. 2014-ലെ ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ധനകാര്യ വകുപ്പ് മന്ത്രി കെ.എം മാണി 2015 നവംബര്‍ 10-ന് മന്ത്രി സ്ഥാനം രാജിവച്ചു. മാണിക്കൊപ്പം രാജി വയ്ക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായി എങ്കിലും പി.ജെ ജോസഫ് മന്ത്രി സ്ഥാനത്ത് തുടര്‍ന്നത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. 2016ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജലവിഭവ വകുപ്പിന്റെ മന്ത്രിയായി 5 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കി.
ജീവിതത്തില്‍ വലിയ സങ്ങടങ്ങളും പി.ജെയ്ക്കുണ്ടായി. 2023-ല്‍ പ്രിയ പത്‌നി ഡോ. ശാന്തയുടെയും ഈ അടുത്തകാലത്ത് മകന്‍ ജോമോന്റെയും വിയോഗം പി.ജെ ജോസഫിനെ ഉലച്ചെങ്കിലും നന്മനിറഞ്ഞ കര്‍ഷകന്റെ മനസും സംഗീതം എന്ന മാന്ത്രികതയും പി.ജെ ജോസഫ് എന്ന ഔസേപ്പച്ചന്റെ കരുത്താണ്. കേരള രാഷ്ട്രീയത്തിലെ ജെന്റില്‍മാന്‍ പട്ടമുള്ള നേതാവ്, ഖദര്‍ ധരിക്കാത്ത ഗാന്ധിയന്‍ വിശേഷണങ്ങള്‍ ഏറെയുള്ള പി.ജെ ജോസഫ് രാഷ്ട്രീയത്തിലെ വേറിട്ട മുഖമായി തുടരുന്നു. അതേസമയം കേരള രാഷ്ട്രീയത്തില്‍ സുപ്രധാന പങ്കുവഹിച്ച ഒരു നേതാവിന്റെ പാര്‍ലമെന്ററി ജീവിതമാണ് ''ആരോഗ്യപരമായ കാരണങ്ങളാല്‍ മത്സരിക്കുന്നില്ല...'' എന്ന പി.ജെ ജോസഫിന്റെ തീരുമാനത്തോടെ അവസാനിക്കുന്നത്.