
കേരളത്തിന്റെ ആത്മീയ പാരമ്പര്യത്തിൽ ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല, സ്ത്രീകളുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും അപൂർവ പ്രതീകമാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് സ്ത്രീകൾ മൺകലങ്ങളിൽ പൊങ്കാലയൊരുക്കി ആറ്റുകാലമ്മയെ പ്രീതിപ്പെടുത്തുന്ന ഈ മഹാഘോഷം ലോകത്തിലെ ഏറ്റവും വലിയ സ്ത്രീകളുടെ മതസമ്മേളനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ആറ്റുകാൽ ക്ഷേത്രം 'സ്ത്രീകളുടെ ശബരിമല' എന്ന പേരിലും അറിയപ്പെടുന്നു.
ഈ വർഷം ആറ്റുകാൽ പൊങ്കാലയ്ക്ക് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു.നോർത്ത് അമേരിക്കയിലെ ഹിന്ദു മതവിശ്വാസികളുടെ മലയാളി സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ)യുടെ നേതൃത്വത്തിൽ പ്രവാസി മലയാളികൾ കൂട്ടമായി നാട്ടിലെത്തി ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തു. ആദ്യമായി തുടങ്ങിയ ഈ ചുവടുവയ്പ്പ് വിജയിച്ചതിന്റെ ആഹ്ലാദം പങ്കുവയ്ക്കുകയാണ് കെഎച്ച്എൻഎ ഭരണസമിതിയുടെ ജോയിന്റ് ട്രഷററും ആറ്റുകാലമ്മയുടെ കടുത്ത ഭക്തനുമായ അപ്പുക്കുട്ടൻ പിള്ള. അമേരിക്കയിൽ നിന്നുള്ള നിരവധി കുടുംബങ്ങൾക്ക് ആറ്റുകാലുള്ള സ്വന്തം വീട് തുറന്നുകൊടുത്താണ് ഈ ആത്മീയ അനുഭവത്തിൽ പങ്കുചേരാൻ അദ്ദേഹം അവസരമൊരുക്കിയത്.

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാൻ അമേരിക്കയിൽ നിന്നുള്ള മലയാളികളെ കൂട്ടിച്ചേർക്കുന്ന സംരംഭത്തിന് ചുക്കാൻ പിടിക്കാൻ എന്തായിരുന്നു പ്രചോദനം?
ഇത് കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ആദ്യമായിട്ടുള്ള ഒരു സംരംഭമാണ്. ഭരണസമിതിയിൽ ഈ ആശയം മുന്നോട്ടുവച്ചപ്പോൾ പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണനിൽ നിന്ന് ലഭിച്ച പിന്തുണ തന്നെയാണ് മുന്നോട്ട് നീങ്ങാൻ ആത്മവിശ്വാസം പകർന്നത്. സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ,ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ എന്നിവർക്കൊപ്പം മറ്റ് അംഗങ്ങളും പൂർണ്ണമനസ്സോടെ ഈ ഉദ്യമത്തിന്റെ വിജയത്തിനായി ഒപ്പം നിന്ന്. അമേരിക്കയിൽ നിന്ന് ഏകദേശം 220 കുടുംബങ്ങളിൽ നിന്നായി 50-ഓളം പേർ നേരിട്ട് എത്തി. നാട്ടിലുള്ളവരെയും ചേർത്താൽ 357 പേർ, കെഎച്ച്എൻഎ-യുടെ ഭാഗമായി പങ്കെടുത്തു.അമേരിക്കയിൽ നിന്ന് വന്നവർക്കായി താമസം, ഭക്ഷണം തുടങ്ങിയ എല്ലാ സൗകര്യങ്ങളും സൗജന്യമായി ഒരുക്കിയിരുന്നു. ആറ്റുകാലമ്മയുടെ അനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായി നടന്നു.

തിരുവനന്തപുരത്തുള്ള യുവകേസരി സേവാ സമിതിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ഡെപ്യൂട്ടി മേയർ ആശ നാഥിനൊപ്പം ഞാനും എന്റെ ഭാര്യ രാജമ്മ പിള്ളയും ചേർന്ന് ഭദ്രദീപം തെളിച്ചാണ് ചടങ്ങിന് തുടക്കം കുറിച്ചത്.
അമേരിക്കയിൽ നിന്നുള്ളവർ ആറ്റുകാലിൽ നേരിട്ടെത്തി പൊങ്കാല ഇട്ടപ്പോൾ അനുഭവപ്പെട്ട പ്രധാന വ്യത്യാസം?
വീട്ടിൽ പ്രാർത്ഥിക്കുന്നതും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആറ്റുകാലിന്റെ മണ്ണിൽ നിന്നുകൊണ്ട് പൊങ്കാല ഇടുമ്പോൾ ഭക്തിയുടെ ഒരു പ്രത്യേക അന്തരീക്ഷം അനുഭവപ്പെടുന്നു.
പലരും പറഞ്ഞത് – “ആറ്റുകാലിന്റെ മണ്ണിൽ കാലുകുത്തിയതുതന്നെ വലിയൊരു അനുഗ്രഹമായി തോന്നി” എന്നായിരുന്നു.

സെലിബ്രിറ്റികളും പൊങ്കാലയ്ക്ക് എത്താറുണ്ടല്ലോ?
മോഹൻലാലാണ് തിരികൊളുത്തി പൊങ്കാലയ്ക്ക് ഇത്തവണ തുടക്കം കുറിച്ചത്. ചിപ്പി, ആനി എന്നിങ്ങനെ ചിലർ സ്ഥിരമായി പൊങ്കാലയിടാറുണ്ട്. ഇത്തവണ കൂടുതൽ സെലിബ്രിറ്റികൾ വന്നു. എല്ലാവരും ഭക്തിയോടെ വന്നുചേരുന്നതാണ്.
പങ്കെടുക്കുന്നവർക്കായി പ്രത്യേക ആചാരങ്ങൾ പാലിച്ചിരുന്നോ?
പൊങ്കാലയ്ക്ക് സാധാരണയായി സ്ത്രീകൾ കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. മൂന്ന് ദിവസത്തെ വ്രതം പാലിക്കുകയും ഇറച്ചിയും മീനും ഒഴിവാക്കി ലളിതമായ ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യുന്നു. രാവിലെ കുളിച്ച ശേഷം വിളക്ക് കത്തിച്ച് ഭക്തിപൂർവ്വമാണ് പൊങ്കാല ആരംഭിക്കുന്നത്. എല്ലാ ആചാരങ്ങളും പാലിച്ചുകൊണ്ടാണ് ഇത് നടത്തിയത്.
ആറ്റുകാൽ പൊങ്കാലയുടെ സമയത്ത് മത സൗഹാർദ്ദത്തിന്റെ മനോഹരമായ ഉദാഹരണങ്ങൾ കാണാം എന്ന് പറയാറുണ്ട്...

അതെ. ആറ്റുകാൽ പൊങ്കാലയുടെ വലിയ പ്രത്യേകത അതാണ്. ക്ഷേത്രത്തിന് സമീപമുള്ള മണക്കാട് പള്ളിയിൽ പോലും ഭക്തർക്കായി പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കി. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കളും ഒരുമിച്ച് സഹായിക്കുന്ന ദിനമാണ് പൊങ്കാല. തിരുവനന്തപുരം നഗരത്തിന്റെ സമുദായ ഐക്യത്തിന്റെ വലിയ ഉദാഹരണമാണ് ഇത്. റമദാൻ നോമ്പ് നോറ്റുകൊണ്ട് പൊരിവെയിലിൽ മുസ്‍ലിം സഹോദരങ്ങൾ ഞങ്ങളുടെ ദാഹം അകറ്റാൻ ജ്യൂസ് വിതരണം ചെയ്തതൊക്കെ കേരളത്തിലെ വറ്റാത്ത നന്മയുടെയും മതസൗഹാർദ്ദത്തിന്റെയും അടയാളമാണ്.
യുവതലമുറയെ ഇത്തരം ആത്മീയ പാരമ്പര്യങ്ങളിലേക്ക് ആകർഷിക്കാൻ കെഎച്ച്എൻഎ എന്താണ് ചെയ്യുന്നത്?
യുവാക്കൾക്ക് ഈ ആചാരങ്ങളുടെ അർത്ഥവും ആത്മീയതയും മനസ്സിലാക്കാൻ പ്രത്യേകമായി ശ്രമിച്ചു. ആത്മീയ ക്ലാസുകളും ഓൺലൈൻ പ്രഭാഷണങ്ങളും ഇതിനായി സംഘടിപ്പിച്ചു.ഗോവിന്ദനാഥ പിള്ളയും ശാന്ത പിള്ളയും ചേർന്ന് ആത്മീയ ക്ലാസ് നടത്തി. യുവാക്കൾക്ക് ഈ ആചാരത്തിന്റെ ആത്മീയതയും സംസ്കാരവും മനസ്സിലാക്കാൻ അതു സഹായിച്ചു.

ആറ്റുകാലമ്മയുടെ അനുഗ്രഹവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവം പറയാമോ?
എന്റെ ജീവിതത്തിലെ എല്ലാ ഭാഗ്യങ്ങളും ആറ്റുകാലമ്മയുടെ അനുഗ്രഹമാണ്. മക്കളില്ലാത്തവർ കുഞ്ഞിക്കാലുകാണാനും വിവാഹം നടക്കാത്തവർ മംഗല്യ സൗഭാഗ്യത്തിനുവേണ്ടിയും രോഗികൾ രോഗമുക്തിക്കും പൊങ്കാല സമർപ്പിച്ച് ഉദ്ദിഷ്ട കാര്യം സാധിച്ചതായ ഒട്ടേറെ അനുഭവങ്ങൾ അടുത്തറിയുന്നവർ പങ്കുവച്ചിട്ടുണ്ട്. ഇത്തവണത്തെ ഒരനുഭവം പറയാം.ഒരു കുടുംബം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷയിൽ വരുമ്പോൾ അവരുടെ ബാഗും സ്വർണ്ണാഭരണങ്ങളും മറന്നുപോയി. അവർ വളരെ വിഷമിച്ചു. പിന്നീട് പോലീസ് മൈക്കിലൂടെ ഒരു ബാഗ് ലഭിച്ചതായുള്ള വിവരം അറിയിച്ചു. ആ തിരക്കിൽ ബാഗ് തിരികെ ലഭിച്ചത് ഒരത്ഭുതം തന്നെയാണ്.
അവർ കരഞ്ഞുകൊണ്ട് പറഞ്ഞു – “ആറ്റുകാലമ്മ രക്ഷിച്ചു.” ഇത്തരം അനുഭവങ്ങളാണ് ഭക്തിയുടെ ശക്തിയായി നമ്മൾ കാണുന്നത്.

ആറ്റുകാൽ ക്ഷേത്രത്തിന്റെ തുടക്കം?
തിരുവനന്തപുരം നഗരത്തിലെ കിള്ളി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ തുടക്കം ഒരു പുരാതന ഐതീഹ്യവുമായി ബന്ധപ്പെട്ടതാണ്. കണ്ണകിയുടെ അവതാരമായിട്ടാണ് ഇവിടെ ഭഗവതി ആരാധിക്കപ്പെടുന്നത് എന്ന് വിശ്വാസമുണ്ട്.
ഒരു ദിവസം ഒരു ബാലികയായി ദേവി ഈ പ്രദേശത്ത് എത്തിയെന്നും ഒരാൾ ദേവിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും വഴിമധ്യേ അവർ അപ്രത്യക്ഷയായി എന്നുമാണ് കഥ. ആ രാത്രി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ദേവി, ആ സ്ഥലത്ത് തന്റെ ക്ഷേത്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്രെ. അങ്ങനെ സ്ഥാപിതമായതാണ് ആറ്റുകാൽ ക്ഷേത്രം. കാലക്രമേണ ഇത് കേരളത്തിലെ പ്രധാന ശക്തിക്ഷേത്രങ്ങളിലൊന്നായി മാറി.

പൊങ്കാലയുടെ തുടക്കം?
ആറ്റുകാൽ പൊങ്കാലയുടെ തുടക്കം ഭഗവതിയെ പ്രീതിപ്പെടുത്തുന്നതിനുള്ള സമർപ്പണമായാണ് കണക്കാക്കപ്പെടുന്നത്. ഭക്തരായ സ്ത്രീകൾ മൺകലങ്ങളിൽ അരിയും വെള്ളവും ചേർത്ത് പൊങ്ങുന്ന രീതിയിൽ പാചകം ചെയ്ത് ദേവിക്ക് സമർപ്പിക്കുന്നു.
'പൊങ്ങുക' എന്നത് സമൃദ്ധിയെയും അനുഗ്രഹത്തെയും സൂചിപ്പിക്കുന്നതിനാൽ ഈ ആചാരം 'പൊങ്കാല' എന്ന് അറിയപ്പെട്ടു.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സ്ത്രീകളുടെ മതസമ്മേളനങ്ങളിൽ ഒന്നായി ആറ്റുകാൽ പൊങ്കാല അറിയപ്പെടുന്നു. ഓരോ വർഷവും ഒന്നര കോടിയോളം സ്ത്രീകൾ പങ്കെടുക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഭാവിയിൽ കെഎച്ച്എൻഎ ഇത്തരത്തിലുള്ള ആത്മീയ-സാംസ്കാരിക പരിപാടികൾ കൂടുതൽ സംഘടിപ്പിക്കുമോ?
തീർച്ചയായും. നിലവിലെ ഭാരവാഹികളുടെ പിന്തുണയോടെ ഇനിയും ഇത്തരം സംരംഭങ്ങൾ സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ട് . ഈ വർഷത്തെ വിജയമാണ് അതിന് വലിയ പ്രചോദനം നൽകിയിരിക്കുന്നത്.