
ജയസൂര്യയെ നായകനാക്കി സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ഓപ്പറേഷൻ ത്രാൾ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. ഗുഡ്‌വിൽ എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രം പാൻ-ഇന്ത്യൻ തലത്തിലാണ് ഒരുങ്ങുന്നത്. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന യഥാർത്ഥ ഏറ്റുമുട്ടലുകളെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ വികസിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ രഹസ്യ സുരക്ഷാ ഏജൻസികളുടെ പ്രവർത്തനങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യുന്ന ഒരു ഹൈ-ഒക്ടേൻ ആക്ഷൻ ത്രില്ലറായിരിക്കും ഇത്.
അതിർത്തിയിൽ ആക്രമിക്കപ്പെട്ട ഒരു ബസ്സിനെ രക്ഷിക്കാൻ സൈനിക സഹായം അഭ്യർത്ഥിക്കുന്ന വയർലെസ് സന്ദേശമുൾക്കൊള്ളുന്ന ഉദ്വേഗഭരിതമായ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ താൽപ്പര്യം ജനിപ്പിച്ചിട്ടുണ്ട്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും കരുത്തുറ്റ വേഷങ്ങളിലൊന്നാകും ഈ സിനിമയിലേതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രം ഈ വർഷം ക്രിസ്മസിനാണ് തിയേറ്ററുകളിൽ എത്തുക.
കശ്മീർ, ലഡാക്ക്, പുൽവാമ, ഡൽഹി തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും കേരളത്തിലുമായി സിനിമയുടെ ചിത്രീകരണം നടക്കുന്നു. നജോസ് ഛായാഗ്രഹണവും ഷഫീഖ് വി.ബി എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന് രതീഷ് വേഗ തന്നെയാണ് സംഗീതവും പശ്ചാത്തല സംഗീതവും നൽകുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.