
നേരം പുലർന്ന് എട്ട് മണിയായിരിക്കുന്നു. ജനാലയ്ക്കൽ വിരിയിട്ട വെയിൽനാമ്പുകൾ മുറിക്കുള്ളിലേക്ക് അതിക്രമിച്ചു കടന്ന് അമ്മൂട്ടിയുടെ മുഖത്ത് ചുംബിച്ചു. പുതപ്പിനുള്ളിലെ ആ കുഞ്ഞുലോകത്ത് ചുരുണ്ടുകൂടി കിടക്കുമ്പോഴും അവളുടെ കാതുകൾ പുറത്തെ ലോകത്തെ ഓരോ നിശബ്ദതയെയും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു .
പുറത്ത് കോഴിക്കൂട്ടിൽ ശങ്കുപ്പൂവൻ തന്റെ പ്രിയപ്പെട്ട പിടകളോട് പ്രണയപൂർവ്വം കിന്നാരം ചൊല്ലുന്നു. ഒരു പൂവനും നാല് പിടകളും!
'പാവം ശങ്കുപ്പൂവൻ, പെൺപടയുടെ ശല്യമൊ ഴിവാക്കാൻ അമ്മയ്ക്ക് ഒരു മൂന്ന് പൂവന്മാരെ കൂടി കൂട്ടിൽ വാങ്ങിയിട്ടൂടെ?' എന്നവൾ പലപ്പോഴും കൗതുകത്തോടെ ചിന്തിക്കാറുണ്ട്.
പെട്ടെന്നാണ് മുറ്റത്ത് വടിയുരസുന്ന പരിചിതമായ ശബ്ദം കേട്ടത്. "അമ്മൂട്ടി ഇതുവരേം എണീറ്റില്ലേ?" ലക്ഷ്മിയമ്മയാണ്; അവളുടെ അമ്മമ്മ. വടിയും കുത്തിപ്പിടിച്ച് ലക്ഷ്മിയമ്മ മുറിയിലേക്ക് കടന്നുവന്നു.
പുതപ്പിനുള്ളിലെ അനക്കം കണ്ട് അവർ സ്നേഹത്തോടെ പരിഭവിച്ചു: "വയസ്സറിയിക്കാറായി പെണ്ണ്! എന്നിട്ടും സൂര്യനുച്ചീലെത്തിയാലും കിടക്കേന്നെണീക്കിണില്ലല്ലോ"?.
പുറത്ത് ദേവകിയമ്മയും ലക്ഷ്മിയമ്മയും തമ്മിലുള്ള കുശുകുശുപ്പുകൾ കാറ്റിൽ ഒഴുകിവന്നു.
"ഇന്ന് അവധിയല്ലേ അമ്മേ, അതുകൊണ്ടാ ഞാൻ വിളിക്കാതിരുന്നേ...
" ദേവകി സമാധാനം പറഞ്ഞു.
"അമ്മ എന്തിനാ ഈ വെയിലത്ത് നടന്നു വന്നത്? ബസ്സിൽ പോരാരുന്നില്ലേ?"
"ബസ് വരാൻ കാത്തുനിൽക്കുന്ന നേരം കൊണ്ട് പാടം മുറിച്ചു കടന്നാൽ ഇങ്ങെത്താലോ ദേവു. ഇന്ന് കണ്ണ് തുറന്നപ്പോ മുതൽ അമ്മൂട്ടീനെ കാണാനൊരു കൊതി.
ആലുമ്മൂട്ടിലെ ശാരദേടെ കൊച്ച് മോള് വയസ്സറിയിച്ചൂന്ന് ഇന്നലെ കേട്ടപ്പോ മുതൽ എന്റെ കുട്ടിക്ക് എങ്ങനെയുണ്ടെന്നറിയാൻ ഒരേ തോന്നൽ..."
ലക്ഷ്മിയമ്മയുടെ സ്വരത്തിൽ ഒരു പ്രത്യേക വാത്സല്യവും ആകാംക്ഷയുമുണ്ടായിരുന്നു.
മുറിയിൽ കിടക്കുമ്പോൾ അമ്മൂട്ടിയുടെ മനസ്സിൽ ഗ്രാമത്തിലെ രഹസ്യങ്ങൾ ഓരോന്നായി നിഴലാടി. രാത്രിയിലെ മുതിർന്നവരുടെ കുശുകുശപ്പുകളിൽ നിന്നാണ് അവൾ ലോകത്തെ പലതും അറിഞ്ഞത്.
കുഞ്ഞൻ പണിക്കരും പ്രഭച്ചേച്ചിയും തമ്മിലുള്ള സൗഹൃദം, ലൈൻമാൻ ഗോവിന്ദന്റെ വിക്രിയകൾ, നഴ്സ് ശാന്തയുടെ വീട്ടുവിശേഷങ്ങൾ...
ഇതൊക്കെ കേട്ട് രസിക്കുമെന്നല്ലാതെ ആരോടും പറയില്ലെന്ന് അവൾ മനസ്സിൽ പ്രതിജ്ഞയെടുത്തിരുന്നു. ഒരിക്കൽ പ്രസന്നയോട് അബദ്ധത്തിൽ ഒരു രഹസ്യം പറഞ്ഞു പോയതിന് അമ്മയുടെ കയ്യിൽ നിന്ന് കിട്ടിയ തല്ല് അവൾക്കിന്നും നീറുന്ന ഓർമ്മയാണ്.
അമ്മയും ലക്ഷ്മിയമ്മയും തമ്മിലുള്ള സംഭാഷണം തുടരുകയാണ്:
"ഇവള് വയസ്സറിയിക്കാറായില്ലേ ദേവു? അന്ന് കൊടുതി ഉത്സവത്തിന് കണ്ടപ്പോ ചന്തം കൂടിയ പോലെ ഉണ്ടാരുന്നു. മുഖത്തൊരു വെട്ടം വന്ന പോലെ.."
അമ്മൂട്ടിയുടെ ഓർമ്മകൾ കുറച്ച് ദിവസം മുൻപ് സർപ്പക്കാവിൽ വിളക്ക് വെയ്ക്കാൻ പോയതിൽ ചെന്നുനിന്നു.
"എനിക്ക് തൊട്ടൂടാതായി, നീ ഇന്ന് ഒറ്റയ്ക്ക് പോയാൽ മതി" എന്ന് അമ്മ പറഞ്ഞ വാക്കിന്റെ അർത്ഥം തേടി അവൾ രാധമ്മായിയുടെ അടുത്ത് പോയതാണ്.
പക്ഷേ കിട്ടിയത് കടുത്ത ശകാരമായിരുന്നു. "കുട്ട്യോള് ചോദിക്കേണ്ട ചോദ്യാണോ ഇത്..?" എന്ന് പറഞ്ഞ് അമ്മായി അത് അമ്മയുടെ കാതിൽ ഓതിക്കൊടുത്തു. അന്ന് അമ്മ തന്ന വഴക്കും ഭീഷണിപ്പെടുത്തലും അവൾ ഇന്നും ഭയക്കുന്നു.
...................................
പല്ലുതേക്കാൻ ബാത്റൂമിലേക്ക് പോകുമ്പോൾ അമ്മൂട്ടി അറിയാതെ കണ്ണാടിയിൽ നോക്കി. തന്റെ മുഖത്തിന് ഒരു പുതിയ ശോഭ വന്നിട്ടില്ലേ? നെഞ്ചിലെ നെല്ലിക്ക വലിപ്പമുള്ള ആ ചെറിയ മുളപ്പുകൾ...
പിന്നെയാണ് അവളത് കണ്ടത്. തന്റെ അടിവസ്ത്രത്തിലെ ആ ചുവന്ന പൊട്ടുകൾ! അവളുടെ ഉള്ളിലൊരു മിന്നൽ പിണർ പാഞ്ഞു.
ഒന്നും പറഞ്ഞുതരാത്ത, എപ്പോഴും ദേഷ്യപ്പെടുന്ന അമ്മയോട് ഇക്കാര്യം ന്നതിനേക്കാൾ നല്ലത് അയൽപക്കത്തെ അമ്മിണി ചേച്ചിയാണെന്നവൾക്ക് തോന്നി.
അമ്മ പറയുന്ന തൊട്ടൂടാതായി എന്ന വാക്കിന്റെ അടയാളമാവും ഈ ചുവന്ന പൊട്ടുകൾ എന്നവൾ ഊഹിച്ചു.
അടുത്തിടെ കല്യാണം കഴിഞ്ഞു വന്ന അമ്മിണി ചേച്ചിക്ക് അമ്മൂട്ടിയോട് വലിയ സ്നേഹമാണ്. അവൾ മെല്ലെ അമ്മിണി ചേച്ചിയുടെ വീട്ടിലേക്ക് നടന്നു.
അമ്മൂട്ടി പേടിയോടെയും നാണത്തോടെയും ആ രഹസ്യം അമ്മിണി ചേച്ചിയോട് പറഞ്ഞു. ചേച്ചി അവളെ ചേർത്തുപിടിച്ച് അടുത്തിരുത്തി. അവളുടെ നെറുകയിൽ തലോടിക്കൊണ്ട് വളരെ ശാന്തമായി പറഞ്ഞു:
"അമ്മൂട്ടി, പേടിക്കണ്ട. ഇതൊരു അസുഖമൊന്നുമല്ല ട്ടോ , മറിച്ച് നിന്റെ ഉള്ളിൽ ഒരു വസന്തം വിരിയുന്നതിന്റെ അടയാളമാണ്. ഒരു പെൺകുട്ടി അമ്മയാകാൻ പാകപ്പെടുന്നതിന്റെ സുന്ദരമായ സൂചന. ഓരോ മാസവും പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ
ഗർഭപാത്രം ഒരു കുഞ്ഞിനെ വരവേൽക്കാൻ പൂമെത്തയൊരുക്കും. മോളും വലിയ കുട്ടിയായിരിക്കുന്നു
അമ്മൂട്ടി കണ്ണ് വിടർത്തി കേട്ടു. ചേച്ചി തുടർന്നു, "ഇനി കാര്യങ്ങൾ ശ്രദ്ധിക്കണം. പഴയ തുണികൾ ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല. നമുക്ക് പാഡുകൾ ഉപയോഗിക്കാം.
അല്ലെങ്കിൽ അതിനേക്കാൾ നല്ലതാണ് 'മെൻസ്‌ട്രുവൽ കപ്പുകൾ'. ഇത് ശരീരത്തിന് ഒരു വിഷവുമല്ല, തികച്ചും സുരക്ഷിതമാണ്. എട്ടു പത്തു മണിക്കൂർ വരെ ഇത് മാറ്റാതെ ഉപയോഗിക്കാം. വർഷങ്ങളോളം ഇത് കഴുകി ഉപയോഗിക്കാനും സാധിക്കും.
പാഡുകൾ പോലെ പുറത്ത് കാണുമെന്നോ, കറയാകുമെന്നോ ഉള്ള പേടിയും വേണ്ട. ഓടാനും ചാടാനും നിനക്ക് പഴയപോലെ തന്നെ സാധിക്കും.
ചേച്ചിയുടെ വാക്കുകൾ അമ്മൂട്ടിയുടെ ഉള്ളിലെ ഇരുട്ടിനെ മായ്ച്ചു കളഞ്ഞു. ഭയത്തിന് പകരം തന്റെ ശരീരത്തോടുള്ള ബഹുമാനം അവളിൽ നിറഞ്ഞു.
"വയസ്സറിയിച്ചു" എന്ന വാക്കിന് പിന്നിലെ നിഗൂഢതകൾ മാഞ്ഞുപോയി.
അമ്മിണി അമ്മൂട്ടിയെ ചേർത്തുപിടിച്ച്, ദേവകിയോട് വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ, ഉള്ളിൽ നിറഞ്ഞ സന്തോഷം ഒരു ചെറു ചിരിയിലൊതുക്കി, അവർ അമ്മൂട്ടിയോട് പറഞ്ഞു
" ഇനി അധികം തുള്ളിച്ചാട്ടമൊന്നും വേണ്ടാട്ടോ.. "
ആ ചുവന്ന പൊട്ടുകൾ ഒരു ശാപമല്ല, മറിച്ച് തന്റെ ശരീരത്തിന്റെ ആദ്യത്തെ വസന്തമാണെന്നവൾ തിരിച്ചറിഞ്ഞു . ; ഒരു കുഞ്ഞുപെൺകുട്ടിയിൽ നിന്നും സ്വയം തിരിച്ചറിവുള്ള ഒരു സ്ത്രീയിലേക്കുള്ള അവളുടെ യാത്ര അവിടെ അഭിമാനത്തോടെ തുടങ്ങുകയായിരുന്നു.