
മാധവിക്കുട്ടിയെ അവസാനമായി കണ്ടു തിരിച്ചുപോന്ന കാര്യം എഴുതിയപ്പോൾ പലരും പറഞ്ഞു, ഇനിയും അവരെ കുറിച്ചുള്ള അനുഭവങ്ങൾ എഴുതണേ എന്ന്. ഇന്ന് ഒരു ചെറുപ്പക്കാരൻ വിളിച്ചിരുന്നു. ചേച്ചീ എന്താ പിന്നെ മാധവിക്കുട്ടിയെപ്പറ്റി എഴുതാത്തത്? ഞങ്ങൾ കാത്തിരിക്കുന്നു.
എഴുതുന്നു സഹോദര.
മാധവിക്കുട്ടിച്ചേച്ചിക്കൊപ്പം കുറെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കൊച്ചി കടവന്ത്രയിൽ ഉള്ള ഫ്ലാറ്റിൽ നേരിട്ട് പോയി കണ്ടിട്ടുണ്ട് .നീണ്ട കത്തുകൾ പരസ്പരം എഴുതിയിട്ടുണ്ട് . ടെലഫോണിൽ സുദീർഘമായി ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. കുറേ ഏറെ വ്യത്യസ്തമായ അനുഭവങ്ങൾ ഓർക്കാനുണ്ട്. മാധവിക്കുട്ടിച്ചേച്ചിയുടെ അടുത്തിരിക്കുമ്പോൾ ഇത്രത്തോളം ആത്മപ്രണയമുള്ള സ്ത്രീ വേറെയില്ല എന്ന് തോന്നിപ്പോകും - അവരിൽ നിന്നും ഏതോ ഉജ്ജ്വല തേജസ്സ് നമ്മിലേക്ക് പ്രസരിക്കും പോലെ !
സ്റ്റേജിൽ പരിപാടി തുടങ്ങും മുമ്പ് അടുത്തിരിക്കുമ്പോൾ അവർ പലതും പറയും.പലതും രഹസ്യമായി . ചിലത് പരസ്യമായി . സ്ത്രീയുടെ ബാഹ്യ സൗന്ദര്യത്തേക്കാൾ ആന്തരിക സൗന്ദര്യത്തെ അവർ വിലമതിച്ചു. സ്ത്രീകൾ നന്നായി ഉടുത്തൊരുങ്ങി വരുന്നത് കാണുമ്പോൾ ചിലപ്പോൾ പറയും , പുറമേയുള്ള മോടി മാത്രമേയുള്ളൂ. ആന്തരിക ലോകം ഇല്ല എന്നൊക്കെ.ചേച്ചിക്ക് എങ്ങനെ അറിയാം? എന്ന് ചോദിച്ചാൽ, അതൊക്കെ ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലാവുമെന്ന് പറയും. അതു പോലെ ഹിപ്പോക്രറ്റുകളെ കാപട്യക്കാരെ ഞാൻ വെച്ചു പൊറുപ്പിക്കില്ല എന്ന് പറയും. ചില സുന്ദരികളെ കണ്ടാൽ പറയും- അവൾക്ക് വായനയില്ല, ആന്തരിക ലോകം ഇല്ല .എനിക്ക് അവരിലൊന്നും താല്പര്യമില്ല എന്ന്. സ്വയം നന്നായി ഒരുങ്ങാൻ, നല്ല വസ്ത്രങ്ങൾ ധരിക്കാൻ ഒക്കെ പ്രിയമായിരുന്നു .
ഒരു പരിപാടിയിൽ ഞങ്ങളൊന്നിച്ച് കണ്ടപ്പോൾ , മാധവികുട്ടിച്ചേച്ചി കൈ നിറയെ കുപ്പിവളകൾ അണിഞ്ഞിരുന്നു. പട്ടുസാരി ഉ ടുത്തിരുന്നു അടുത്തിരുന്ന എന്നോട് പറഞ്ഞു. ഒരു ഫാൻസി ഷോപ്പ്കാർ കൊണ്ടുവന്ന് തന്നതാണ് സുധീര, ഈ വളകൾ - ഷാപ്പിന് എന്ത് പേരിടണം ചേച്ചീ എന്ന് ചോദിച്ചപ്പോൾ ആദ്യം കരുതി സുധീര എന്ന് പേരിട്ടോളൂ എന്ന് പറയണം എന്ന്. പിന്നെ വിചാരിച്ചു, ഒരു ഫാൻസി ഷാപ്പിന് ഈ പേര് വേണ്ട എന്ന് . ചെറിയ കാര്യങ്ങൾക്ക് അവർ വലിയതായി പൊട്ടിച്ചിരിക്കും. ഞാൻ പറയും ചേച്ചീ ഈ ലോകത്ത് എനിക്കിത്ര മാത്രം സുന്ദരിയും മൃദുഭാഷിണിയുമായ ഒരു സ്ത്രീയെ വേറെ അറിയില്ല എന്ന്. എന്തിനാ കുട്ടി എന്നെ ഇത്രയേറെ സ്നേഹിക്കുന്നത്.ഈ കുട്ടി എത്ര പാവമാണ് എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കും.
കാപട്യക്കാരെ കുട്ടി തിരിച്ചറിയണം. അല്ലാതെ ഈ ലോകത്ത് ജീവിക്കാൻ പ്രയാസം - അല്ലെങ്കിൽ നമ്മൾ വിഡ്ഢികളാക്കപ്പെടും, കുട്ടീ.അവർ പറഞ്ഞു തന്നു.
" പ്രസംഗങ്ങൾക്കും പരിപാടികൾക്കും പോകുമ്പോൾ സുധീര അവിടെ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ടോ എന്ന് ചോദിക്കണം. എനിക്ക് അനുഭവമുണ്ട്, ചില സ്ഥലങ്ങളിൽ ടോയ്‌ലറ്റ് സൗകര്യം ഉണ്ടാവില്ല. സമയത്തിന് ഭക്ഷണവും കിട്ടില്ല. ഇതൊക്കെ നേരത്തെ അന്വേഷിക്കണം. അല്ലെങ്കിൽ എഴുത്തുകാരികളായ നമ്മുടെയൊക്കെ ആരോഗ്യം തകരും.
അവർ പ്രസംഗിക്കാൻ പോകുമ്പോൾ തനിക്ക് ഉണ്ടായ പല അനുഭവങ്ങൾ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.
പ്രിയരെ, ഹൃദയ സിംഹാസനത്തിലെ സ്നേഹമെന്ന ചക്രവർത്തിയെക്കുറിച്ചാണ് അധികവും അവർ എഴുതിയത്.അവർ ആകമാനം തന്നെ സാഹിത്യമായിരുന്നു. മറ്റ് യാതൊന്നുമായും തുലനം ചെയ്യാനാവാത്ത സാഹിത്യം. വിശ്വമാനവികതയോളം വ്യാപിക്കുന്ന സ്നേഹമാണ് അവയിൽ തുടിക്കുകയും മിടിക്കുകയും ചെയ്ത
സൗന്ദര്യം. മാധവിക്കുട്ടിയുടെ ഭ്രമാത്മക ചിന്തകൾ നമ്മെ ചിലപ്പോൾ ഏതോ സംഭ്രാന്തിലേക്ക് നയിച്ചു. അവരുടെ ഗാഢ പ്രണയം നമ്മെ പ്രണയികളാക്കിത്തീർത്തു .അവരുടെ ഭ്രമങ്ങളും ആസക്തികളും നമ്മുടേതായിത്തീർന്നു. വേലക്കാരിയും, വെപ്പുകാരനും, മുത്തശ്ശനും, മുത്തശ്ശിയും, പാൽക്കാരനും, കുട്ടിയും ഉണ്ണിയും 'പാസ്കരനും ', 'രാഗവനും ', മാതുവമ്മയും എല്ലാം നമ്മുടെ സ്വന്തക്കാരായി മാറി. നമ്മുടെയൊക്കെ സാന്മാർഗിക ബോധത്തിൻ്റെ അടഞ്ഞ വാതിലുകളിൽ നോക്കി അവർ പൊട്ടിപ്പൊട്ടി ചിരിച്ചു. ആ ചിരി ഇപ്പോഴും നമ്മെ പിന്തുടരുന്നു.'ശബ്ദിക്കുന്ന ,ഗർജ്ജിക്കുന്ന ' ഇരുട്ടായി മരണം മാധവിക്കുട്ടിയെ കീഴടക്കിയപ്പോഴും, ആ മനോഹരമായ ചുണ്ടുകളുടെ അറ്റത്ത് ഒരു പരിഹാസപ്പുഞ്ചിരി തങ്ങി നിൽക്കുന്നതായി ഞാൻ കണ്ടു.
മതി. ഇന്ന് ഇത്രയും മതി .ഇത്രയും എഴുതിയപ്പോൾ,
ക്ഷേത്രനടയ്ക്കൽ പ്രാർത്ഥിക്കാൻ മറന്ന ഭക്തനെ പോലെ പേന നിശ്ചലമായിപ്പോകുന്നു. ഇനി കുഞ്ഞുങ്ങളുടെ എന്നപോലെ, ഇടത്തുനിന്ന് വലത്തോട്ട് വളഞ്ഞു പോകുന്ന കൈപ്പടയിലുള്ള ആ കത്തുകൾ ഞാൻ വായിക്കില്ല. സത്യത്തിൻ്റെ ചിലമ്പൊലി പോലുള്ള ആ പൊട്ടിച്ചിരികൾ കേൾക്കില്ല. ഗാഢമായി എന്നെ ആശ്ലേഷിച്ചു കൊണ്ട് കുട്ടി പാവമാണ് എന്ന് മൃദുസ്വരത്തിൽ ആരും എന്നോട് പറയില്ല.
ഇല്ല - ഇനി ആ പ്രണയിനി ഒരിക്കലും തിരിയെ വരില്ല.