Image

ഷാജന്‍ ആനിത്തോട്ടത്തിന്റെ പ്രഥമ നോവല്‍ 'പകര്‍ന്നാട്ടം' മൂന്നാം പതിപ്പ് പ്രകാശിപ്പിച്ചു

Published on 17 March, 2026
ഷാജന്‍ ആനിത്തോട്ടത്തിന്റെ പ്രഥമ നോവല്‍  'പകര്‍ന്നാട്ടം' മൂന്നാം പതിപ്പ് പ്രകാശിപ്പിച്ചു

തൃശൂര്‍: കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഷാജന്‍ ആനിത്തോട്ടത്തിന്റെ പ്രഥമ നോവല്‍ 'പകര്‍ന്നാട്ടം' മൂന്നാം പതിപ്പിന്റെ പ്രകാശനം തൃശൂരില്‍ നടന്നു. ഹോട്ടല്‍ ഗരുഡയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പ്രശസ്ത കവിയും ചലചിത്ര ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് കേന്ദ്ര സാഹിത്യ അക്കാഡമി യുവ അവാര്‍ഡ് ജേതാവും കവയത്രിയുമായ ലോപമുദ്രയ്ക്ക് പുസ്തകത്തിന്റെ കോപ്പി നല്കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

തൃശൂര്‍ സി.എം.എസ്. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫ്രാന്‍സിസ് ആളൂര്‍, കറന്റ് ബുക്‌സ് തൃശൂര്‍ മാനേജര്‍ കെ.ജെ. ജോണി, സെന്റ് തോമസ് കോളജ് പ്രൊഫസറും എഴുത്തുകാരനുമായ ശ്യാം സുധാകര്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രൊഫസറും സാഹിത്യകാരനുമായ ടിറ്റോ വര്‍ഗ്ഗീസ് എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.
    
അമേരിക്കയിലെ ആദ്യകാല കുടിയേറ്റ നഴ്‌സുമാരും അവരുടെ കുടുംബങ്ങളും അനുഭവിച്ച ജീവിത, തൊഴില്‍ പ്രതിസന്ധികളെ സത്യസന്ധമായും തീക്ഷണവുമായി വര്‍ണ്ണിച്ചിരിക്കുന്ന മനോഹരമായൊരു സര്‍ഗ്ഗസൃഷ്ടിയാണ് പകര്‍ന്നാട്ടം. ഹൈറേഞ്ചിലെ കമ്പിളികണ്ടം എന്ന ഗ്രാമത്തില്‍ നിന്നും ചിക്കാഗോയിലേക്ക് കുടിയേറിയ ഒരു നഴ്‌സാണ് നോവലിലെ നായിക.

തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായി നടന്ന വിദ്യാഭ്യാസ കാലയളവിലും തുടര്‍ന്നങ്ങോട്ട് ജീവിതത്തിലും നേരിട്ട വെല്ലുവിളികളുടെയും വൈകാരിക മുഹൂര്‍ത്തങ്ങളുടെയും ആകര്‍ഷകമായ ആവിഷ്‌ക്കാരമാണ് മികച്ച വായനാസുഖം നല്കുന്ന ഈ നോവല്‍. ഇന്ത്യയിലെ അടിയന്തിരാവസ്ഥ മുതല്‍ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുകളുള്‍പ്പെടെ ആയിരത്തിത്തൊള്ളായിരത്തിയറുപത്തിയെട്ട് മുതല്‍ രണ്ടായിരത്തിപതിനെട്ട് വരെയുള്ള അര നൂറ്റാണ്ട് കാലയളവില്‍ ഇരു രാജ്യങ്ങളിലും നടന്ന പല സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളും നോവലില്‍ പ്രതിപാദിക്കുന്നുണ്ട്; ഒപ്പം മലബാറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളും മയ്യഴിപ്പുഴയും ലദീഞ്ഞത്തുമ്പികളും വെള്ളിയാങ്കല്ലില്‍ വിശ്രമിക്കുന്ന പരേതാത്മാക്കളും. പ്രശസ്ത എഴുത്തുകാരായ സി. രാധാകൃഷ്ണന്‍, സക്കറിയ, പെരുമ്പടവം ശ്രീധരന്‍ ന്നിവരുടെ ആസ്വാദനക്കുറിപ്പുകള്‍ പുസ്തകത്തിന്റെ പ്രൗഡി വിളിച്ചോതുന്നുണ്ട്.
    
ഹിച്ച്‌ഹൈക്കര്‍ (കഥാസമാഹാരം), പൊലിക്കറ്റ (കവിതകള്‍), ഒറ്റപ്പയറ്റ് (ലേഖനസമാഹാരം), ഹിമ (ചെറുകഥകളുടെ സമാഹാരം) എന്നിവയാണ് ഷാജന്‍ ആനിത്തോട്ടത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട മറ്റ് പുസ്തകങ്ങള്‍. കറന്റ് ബുക്‌സിന്റെ ശാഖകളില്‍ നിന്നോ ആമസോണ്‍ (ഇന്ത്യ), കറന്റ് ബുക്‌സ് ഓലൈന്‍ എന്നിവിടങ്ങളില്‍ നിന്നോ 'പകര്‍ന്നാട്ടം' ലഭ്യമാണ്. വില: അഞ്ഞൂറ് രൂപ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക