
കവിയും,കഥാകൃത്തുമായ അമേരിക്കൻ മലയാളി ശ്രീ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമനോവലാണ് “പറക്കും പക്ഷിയെ പ്രണയിക്കുന്നവർ”. നോവലിന്റെ പേര് സൂചിപ്പിക്കുന്നപോലെ ഇതിലെ കഥാനായകൻ പറക്കും പക്ഷിയെ പിടിക്കാൻ പോയ ആളാണ്. പ്രണയം കിട്ടുമെന്ന മോഹത്താൽ അദ്ദേഹം കയ്യിലുള്ളതിനെ വിട്ട് പറക്കുന്നതിനെ പിടിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. അത് അദ്ദേഹത്തിന്റെ മനസ്സിനെ കുറ്റബോധമുള്ളതാക്കി. അക്കരെ നിന്നാൽ ഇക്കരെ പച്ച എന്ന പേരും ഈ നോവലിന്റെ ഉള്ളടക്കത്തിന് ചേരും. മുഴുനീള നോവൽ ആദ്യഭാര്യയെ ഉപേക്ഷിച്ച അദ്ദേഹത്തിന്റെ പശ്ചാത്താപത്തിന്റെ ഞരക്കങ്ങളാണ്. അമേരിക്കൻ നോവലിസ്റ്റ് ജെയിംസ് ബാൾഡ്വിൻ ഇങ്ങനെ എഴുതിയിട്ടുണ്ട്. "ഒരാൾ ഒരു കാര്യത്തിൽ നിന്ന് മാത്രം എഴുതുന്നു അതായത് അയാളുടെ സ്വന്തം അനുഭവത്തിൽ നിന്ന്. അങ്ങനെ എഴുതുമ്പോൾ അതിന്റെ വിജയം ഈ അനുഭവങ്ങളിൽ നിന്നും നിരന്തരം അയാൾക്ക് എത്രത്തോളം പിൻവലിക്കേണ്ടിവരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അനുഭവങ്ങളെ മറയില്ലാതെ എഴുതുമ്പോൾ എഴുത്തുകാരന് താൻ വിധിക്കപെടുമോ എന്ന ഭീതിയും തന്മൂലം സൃഷ്ടിപരമായ അസ്വസ്ഥതയും കാണും. ശ്രീ പുന്നയൂക്കുളത്തിന്റെ നോവൽ അമേരിക്കയിൽ ജീവിതം തേടിവന്ന ഒരു പ്രവാസിയുടെ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരമാണ്.
തെറ്റായ തിരഞ്ഞെടുപ്പ് ശരിയായ സ്നേഹത്തിലേക്ക് നയിക്കുന്നു "The Wrong Wife" (by L. Steele.)എന്ന നോവലിൽ പറയുന്നുണ്ട്. ശ്രീ പുന്നയൂർക്കുളത്തിന്റെ നോവലിലെ പ്രമേയം വ്യത്യസ്തമാണ്. അദ്ദേഹം ശരിയായ സ്നേഹത്തിൽ നിന്നും തെറ്റായ തെരഞ്ഞെടുപ്പിലേക്ക് പോകുന്നു. കയ്യിൽ കിട്ടിയ ഭാര്യയെക്കാൾ നല്ലത് ഒന്നിനെ കിട്ടാൻ വേണ്ടി ശ്രമിച്ച് പരാജയമടയുന്ന ഒരു ഭർത്താവിനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അതേസമയം പാശ്ചാത്യ ചിന്തകളേക്കാൾ പൗരസ്ത്യരീതികൾ നല്ലത് എന്ന ചിന്തയും മാറ്റിമറിക്കുന്നു.
കഥാതന്തു വളരെ ലളിതമാണ്. അമേരിക്കൻ സ്വപ്നവുമായി ഒരു യുവാവ് (ഷാഫി) കപ്പൽ മാർഗ്ഗം അനധികൃതമായി ന്യുയോർക്കിൽ എത്തിച്ചേരുന്നു. വളരെ ബുദ്ധിമുട്ടുകളിലൂടെ ജോലിയും ഗ്രീൻകാർഡും നേടുന്നു. ഒരു ഷോപ്പിൽ ജോലി ചെയ്യുമ്പോൾ ഒരു വെള്ളക്കാരിയുമായി പരിചയപ്പെടുന്നു. അവളെ വിവാഹം കഴിക്കുന്നു. വിവാഹത്തിന് ശേഷം മനസിലാക്കുന്നു ഈ വിദേശവനിത തന്റെ ജീവിതരീതികളുമായി പൊരുത്തപ്പെടില്ല. അവളെ വിവാഹമോചനം ചെയ്യുന്നു. കഥാനായകൻ മുസ്‌ലിം ആണ്. അദ്ദേഹം നാട്ടിൽ പോയി ഒരു സുന്ദരിയെ വിവാഹം കഴിക്കുന്നു. നാടൻ വധു കഥാനായകന്റെ പ്രിയപത്നിയാകുന്നെങ്കിലും അവൾക്കും വ്യക്തിത്വമുണ്ടെന്നു നായകൻ തിരിച്ചറിയുമ്പോൾ കുടുംബ ബന്ധത്തിൽ വിള്ളലുകൾ വീഴുന്നു. വളരെ നിസ്സാരമായ കാരണങ്ങൾ നിരത്തിയാണ് ആദ്യഭാര്യയെ മൊഴി ചൊല്ലിയതെങ്കിലും രണ്ടാമത്തെ ഭാര്യയെ അങ്ങനെ ഒഴിവാക്കാൻ പ്രയാസമാണെന്നു അദ്ദേഹം കാണുന്നു. കാരണം അവർ ഒരു കുഞ്ഞിന് ജന്മം കൊടുത്തിരുന്നു.
ഇതിലെ മുഖ്യകഥാപാത്രമായ ഷാഫിയെ അനിശ്ചിതത്വത്തിൽ നിൽക്കുന്നയാൾ (fence-sitter) എന്ന് പൂർണ്ണമായി വിശേഷിപ്പിക്കാം. തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ചാഞ്ചാട്ടങ്ങൾ അദ്ദേഹത്തിന് ഇഷ്ടംപോലെ പ്രശ്നങ്ങൾ സമ്മാനിച്ചു. ഭാരതത്തിൽ പതിമൂന്നാം ശതാ ബ്ദത്തിൽ ജീവിച്ചിരുന്ന കവി നീതിശാസ്ത്രത്തിന്റെ ഭാഗമായി മാതൃകപത്നി എങ്ങനെയാകണെമെന്നു പറഞ്ഞത് പോലെ തന്റെ ഭാര്യയായി വരുന്നവൾ ആകണമെന്ന് ഷാഫി ആഗ്രഹിച്ചതായി കാണാം .
കാര്യേഷു മന്ത്രി കരണേഷു ദാസി
രൂപേഷു ലക്ഷ്മി ക്ഷമയാ ധരിത്രി
സ്നേഹേഷു മാതാ ശയനേഷു വേശ്യ
ഷഡ്കർമ്മ നാരി കുലധര്‍മ്മപത്നി"
അർത്ഥം::ഭർത്താവിന്റെ കാര്യങ്ങളിൽ ഒരു മന്ത്രിയെപ്പോലെ ഉപദേശിക്കണം, ശുശ്രുഷകളിൽ ദാസിയെപോലെ ആകണം രൂപത്തിൽ ലക്ഷ്മിദേവിയെ പോലെയാകണം, ഭൂമിയെപ്പോലെ ക്ഷമയുള്ളവളായിരിക്കണം , സ്നേഹത്തിൽ മാതാവിനെപോലെ വാത്സല്യമുള്ളവളായിരിക്കണം, കിടക്കയിൽ ഒരു വേശ്യയെപ്പോലെ ഭർത്താവിനെ തൃപ്തിപ്പെടുത്തണം, ഇങ്ങനെ ഗുണങ്ങളുള്ളവളെ കുലധർമ്മപത്നിയായി കരുതുന്നു.
ഇങ്ങനെ കണക്കുകൂട്ടലുകളുമായി സ്വപ്നജീവിയെപോലെ ഷാഫി തന്റെ ജീവിതം നഷ്ടപ്പെടുത്തി. നാട്ടിൽ നിന്നും നിക്കാഹ് കഴിച്ച് കൊണ്ടുവന്നവൾ തന്റെ പ്രതീക്ഷക്കൊപ്പം ഉയരുന്നില്ലെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹം പഴയ ഭാര്യയെ ഓർമ്മിക്കുന്നു. അവരെ കാണാൻ പോകുന്നു. അവൾ ഷാഫിയെ സ്നേഹിച്ചിരുന്നു. നാട്ടിൽ നിന്നുള്ള മാലാഖയെ നിക്കാഹ് കഴിക്കാൻ വേണ്ടി പാശ്ചാത്യസംസ്കാരത്തിൽ വളർന്ന തന്മൂലം തന്റെ കാഴ്ച്ചപ്പാടിൽ ഗുണവതിയല്ലാത്ത ആദ്യഭാര്യയെ തിരസ്കരിക്കുന്നു ഷാഫി. രണ്ടാം ഭാര്യ വന്നപ്പോൾ അയാൾക്ക് തന്റെ തെറ്റ് തിരിച്ചറിഞ്ഞുവെന്നു തോന്നുന്നു. വിവാഹമോചനത്തിനുശേഷം സിന്ധ്യയെ കണ്ടുമുട്ടിയപ്പൾ അവൾ വേദനയോടെ ചോദിക്കുന്നുണ്ട്. "why did you leave me" വളരെ ഹൃദയസ്പര്ശിയാണ് ഈ രംഗം. പറക്കുന്ന പക്ഷിയെ പിടിച്ച് ഗുണമില്ലെന്നു കണ്ടു അതിനെ പറപ്പിക്കാൻ നോക്കിയപ്പോൾ പറക്കാതെ തന്റെ കൈകളിൽ ഇരിപ്പുറപ്പിച്ചത് കണ്ടു വേവലാതിപ്പെടുന്ന നായകൻ സിന്ധ്യയായുടെ മുന്നിൽ നിസ്സഹായനായി നിന്നു.

രണ്ടാം കെട്ടിലെ ഭാര്യ ഷാഫിയെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നുണ്ട്. രണ്ടാം ഭാര്യയയ സബീറയോട് ഖുർആൻ വചനങ്ങൾ പറഞ്ഞു അവളെ ഭയപ്പെടുത്താൻ അയാൾ ശ്രമിക്കുന്നുണ്ട്. പിന്നെ ഏതോ ഇസ്ലാമിക പണ്ഡിതർ പറഞ്ഞ കാര്യം സാബിറയെ ഓർമ്മിപ്പിക്കുന്നു. "ഭർത്താവിന്റ കിടപ്പറയിൽ ഭാര്യ ഒരു രാത്രി പിണങ്ങിക്കഴിഞ്ഞാൽ മാലാഖമാർ അവളെ പുലരും വരെ ശപിക്കുമത്രേ." പക്ഷെ സാബിറയെ അതുകൊണ്ടെന്നും വശപ്പെടുത്താൻ ഷാഫിക്ക് കഴിയുന്നില്ല.
മദ്യപാനം എന്ന അദ്ദേഹത്തിന്റെ ബലഹീനതെയെ സാബിറ വളരെ ഗൗരവതരമായി കാണുന്നു. തന്മൂലം അദ്ദേഹത്തിന് ലൈംഗിക ബന്ധം പോലും നിഷേധിക്കുന്നു. അതൊക്കെ ഷാഫിയെ ഭ്രാന്തിന്റെ വക്കിൽ എത്തിക്കുന്നു. അദ്ദേഹം ഭാര്യയോടോത്ത് കൗൺസിലിംഗ് സഹായം തേടുന്നു. കൗൺസലിംഗ് സഹായകമാകുന്നില്ല. ഷാഫിയുടെ മനസ്സ് അക്കരെ പോണോ ഇക്കരെ നിക്കണോ എന്ന തീരുമാനത്തിൽ ഉറയ്ക്കാതെ സംഘർഷമാകുകയാണ്. അദ്ദേഹം രോഗബാധിതനാകുന്നു. സാബിറ അയാളിൽ നിന്നും അകലം പാലിക്കുകയാണ്. ഈ നോവൽ വായിച്ച് തീരുമ്പോൾ ഷാഫി സ്നേഹിച്ചത് തന്റെ ആദ്യഭാര്യ സിന്ധ്യയെ തന്നെയാണെന്ന് മനസ്സിലാക്കാം. അവളെ അടക്കം ചെയ്ത സ്ഥലത്ത് സ്ഥാപിക്കുന്ന സ്മാരകശിലയിൽ “Shafi loved Cynthia” എന്ന് എഴുതണമെന്നു ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. അതിനു കാരണം അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ "സിന്ധ്യ എപ്പോഴെങ്കിലും സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് കണ്ണോടിക്കുകയാണെങ്കിൽ ഞാൻ അവളെ നിർവ്യാജ്യമായസ്നേഹിച്ചിരുന്നു എന്ന് കല്ലിൽ കൊത്തിവച്ചിരിക്കുന്നത് കാണുമല്ലോ?” ഇത്രയും സ്നേഹമുണ്ടായിരുന്നെങ്കിൽ അവളെ എന്തിനു ഉപേക്ഷിച്ചു എന്നതിന് നോവലിസ്റ്റ് ഒരു കാരണവും നിരത്തുന്നില്ല. തന്മൂലം കഥാതന്തുവിനു അയവു വരുന്നു. ഷാഫിക്ക് സാബിറയെ ഉപേക്ഷിച്ച് വീണ്ടും സിന്ത്യയെ വിവാഹം കഴിക്കാമായിരുന്നു എന്ന് വായനക്കാരന് പല അവസരത്തിലും തോന്നും. എന്തിനാണ് ഈ മനുഷ്യൻ രോഗങ്ങളും മാനസിക വ്യഥയും അനുഭവിക്കുന്നത്? നോവലിന്റെ അവസാന ഭാഗത്തും അയാൾ സിന്ത്യയുടെ കുഴിമാടം സന്ദർശിക്കാൻ പോകുന്നുണ്ട്. തന്റെ ശരീരബലഹീനതകൾ എല്ലാം അവഗണിച്ചുകൊണ്ട്.
ഈ നോവലിലെ ഷാഫി നർസിസിസ്റ്റിക് ഭർത്താവ് (Narcissistic Husband) ആണ്. അതായത് തന്നിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാത്തവനായ (lack of empathy) വ്യക്തിയാണ്. അദ്ദേഹത്തിന് തന്നെ നിശ്ചയമില്ല എന്തിനാണ് താൻ ആദ്യഭാര്യയെ ഉപേക്ഷിച്ചതെന്നു. തന്റെ ശരികൾക്കു മുന്നിൽ മറ്റുള്ളവരുടെ ശരിക്കും തെറ്റിനും ഒരു വിലയുമില്ലായ്മ. രണ്ടാം വിവാഹം ചെയ്തതിനു ശേഷം തന്റെ ശീലങ്ങൾക്കും പ്രതീക്ഷകൾക്കും ഒപ്പമുള്ളവളല്ല അവൾ എന്ന് തിരിച്ചറിയുമ്പോൾ അയാളിൽ വിഷാദാവസ്ഥയും ഉന്മാദാവസ്ഥയും ഉണ്ടാകുന്നു. അതിൽ നിന്നും രക്ഷപെടാൻ കൗൺസിലിംഗ് എന്ന ഒരു ചികിത്സക്ക് വിധേയനാകുന്നു. പക്ഷെ അത് സഹായകമാകുന്നില്ല. കൗൺസിലിംഗ് കൊണ്ട് ഷാഫി ഉദേശിച്ചത് ഭാര്യ തന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവളായി മാറണമെന്നാണ്. അത് സംഭവിക്കില്ലെന്ന് മനസ്സിലാക്കുമ്പോൾ ഷാഫി നിസ്സഹായനും നിരുന്മേഷിയും ആകുന്നുണ്ട്.
ഈ നോവലിനെ "കഥകളില്ലാത്ത നോവൽ" (Anti-novel) എന്ന വിഭാഗത്തിൽ പെടുത്താവുന്നതാണ്. കാരണം ഇതിൽ മനുഷ്യാനുഭവങ്ങൾ, ചിന്തകൾ ചില നിസ്സാരമായ നിമിഷങ്ങൾ എന്നിവ ഉൾപ്പെടുത്തി കഥാനായകന്റെ ഒരു അവസ്ഥയെ പങ്കുവയ്ക്കുന്നതാണ്. അതിൽ നോവലിസ്റ് വിജയിച്ചതായി കാണാം. മനഃസമാധാനമില്ലാതെ ആദ്യഭാര്യയെക്കുറിച്ചുള്ള ചിന്തകളും കൂടെയുള്ള രണ്ടാം ഭാര്യയോട് താല്പര്യമില്ലായ്മയും മൂലം ഉന്മാദാവസ്ഥയിൽ അലയുന്ന നായകനെ പകർത്തുന്നതിൽ നോവലിസ്റ്റിന്റെ ശ്രമം തൃപ്തികരമെന്നു പറയാം. ഷാഫി എന്ന കഥാപാത്രത്തിന് തന്റെ കഥ മറ്റുള്ളവരോട് പറയുന്നതിലൂടെ അതൊരു ചികിത്സാപ്രക്രിയ ആയി അയാളുടെ മാനസികാധ:പതനത്തിനു ശമനം നൽകിയേക്കാം.
ശ്രീ അബ്ദുൾ പുന്നയൂർക്കുളത്തിനു ഭാവുകങ്ങൾ നേരുന്നു. ഈ പുസ്തകത്തിന്റെ കോപ്പിയ്ക്കായി ബന്ധപ്പെടുക H&C Publishing House,Thrussoor email: handcbooks@gmail.com. ശ്രീ അബ്ദുൾ പുന്നയൂർക്കുളവുമായി വാട്സാപ്പിൽ ബന്ധപ്പെടാം. 91 8592825825.
ശുഭം