Image

ജി സുധാകരന് 'കൈ' കൊടുത്തതില്‍ കലാപം; പഴയ കോണ്‍ഗ്രസ് വിരുദ്ധന് സിന്ദാബാദ് വിളിക്കാനാവില്ല (എ.എസ് ശ്രീകുമാര്‍)

Published on 16 March, 2026
ജി സുധാകരന് 'കൈ' കൊടുത്തതില്‍ കലാപം; പഴയ കോണ്‍ഗ്രസ് വിരുദ്ധന് സിന്ദാബാദ് വിളിക്കാനാവില്ല (എ.എസ് ശ്രീകുമാര്‍)

ആറു പതിറ്റാണ്ടിലേറെക്കാലത്തെ സി.പി.എം ബന്ധമുപേക്ഷിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിച്ച ജി സുധാകരന് പിന്തുണ നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നു. സുധാകരന് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ ജോബ് 52 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം ഉപേക്ഷിച്ചതാണ് ഇന്നുണ്ടായ ഏറ്റവും വലിയ പൊട്ടിത്തെറി. ജി സുധാകരന് പിന്തുണ നല്‍കുന്ന കാര്യം നേതൃത്വം പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറിയിച്ചില്ലെന്നും അവഗണിക്കുകയാണ് ചെയ്തതെന്നും പറഞ്ഞ ജോബ്,.പ്രവര്‍ത്തകരെ വിശ്വാസത്തില്‍ എടുത്തില്ലെന്നും വലിയ അപമാനം നേരിട്ടുവെന്നും വ്യക്തമാക്കി.

''ജി സുധാകരനും സി.പി.എമ്മും എത്രയോ പാവങ്ങളുടെ വീട് കേറി ആക്രമിച്ചു. അമ്പലപ്പുഴയില്‍ ഒരുപാട് കോണ്‍ഗ്രസുകാര്‍ സി.പി.എമ്മിന്റെ അടി കൊണ്ട് വീണിട്ടുണ്ട്. സുധാകരന്‍ ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ചു കാണിച്ച് പാര്‍ട്ടി വിട്ട ആളാണ്. സ്ഥാനാര്‍ത്ഥി നിര്‍ണായത്തില്‍ മാന്യതയും മര്യാദയും കാണിക്കണം. അത് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. പാര്‍ട്ടി എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ കോണ്‍ഗ്രസിനെ ആലപ്പുഴയില്‍ ബീഹാര്‍ മോഡലിലേക്ക് തള്ളി വിടുന്നു. കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധിച്ചവരെ സുധാകരന്‍ ഒന്നു പരിഗണിക്കാന്‍ പോലും തയാറായിട്ടില്ല. പ്രതിഷേധക്കാരെ തല്ലി ചതച്ചത് തെറ്റായി പോയെന്നു ജി സുധാകരന്‍ പറഞ്ഞിട്ടുണ്ടോ..? സുധാകരന് വീട്ടില്‍ കൊണ്ടുചെന്ന് പിന്തുണ കൊടുക്കേണ്ട. എത്ര മഹാന്‍ ആണെങ്കിലും പിന്തുണ വേണമെന്ന് പറയട്ടെ. പാര്‍ട്ടിക്ക് മുന്നില്‍ അപേക്ഷ നല്‍കണം...'' എം.ജെ ജോബ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.

അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ മോഹിച്ചിരുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് എം ലിജുവും കടുത്ത നിരാശയിലാണ്. 2021-ല്‍ അമ്പലപ്പുഴയില്‍ മത്സരിച്ച എം ലിജു നിലവിലെ എം.എല്‍.എ.എച്ച് സലാമിനോട് 11125 വോട്ടിനാണ് പരാജയപ്പെട്ടത്. ജി സുധാകരനെ അമ്പലപ്പുഴ മണ്ഡലത്തില്‍ പിന്തുണയ്ക്കുന്ന കാര്യത്തിലും കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ടെന്നാണ് മുന്‍ എം.എല്‍.എ ഡി സുഗതന്റെ തുറന്നുപറച്ചില്‍.  മൂന്നാമതും പിണറായി വിജയന്‍ അധികാരത്തില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ജി സുധാകരന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ജില്ലയിലെ ചില നേതാക്കള്‍ കെ.പി.സി.സിയെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും അമര്‍ഷം അറിയിച്ചിരുന്നു.

എന്നാല്‍, സുധാകരന്റെ പരാമര്‍ശം, വിട്ടുപോന്ന പാര്‍ട്ടിയില്‍നിന്ന് വോട്ടു ലഭിക്കാനുള്ള നീക്കമായി കണ്ടാല്‍ മതിയെന്നും അണികളെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. അതേസമയം ഇത്രയും കാലം കോണ്‍ഗ്രസ് വിരുദ്ധത പ്രസംഗിച്ചു നടന്ന സുധാകരന് വേണ്ടി വോട്ടു പിടിക്കാന്‍ പലര്‍ക്കും ജാള്യതയുണ്ട്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് ഒഴിഞ്ഞെങ്കിലും, കമ്യൂണിസ്റ്റ് ആദര്‍ശങ്ങളോ പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളോ താന്‍ ഉപേക്ഷിട്ടില്ലെന്നും പാര്‍ട്ടിയെ ആക്ഷേപിക്കാനോ അതിന്റെ ഭരണഘടനയെ തള്ളിപ്പറയാനോ ഇല്ലെന്നും സുധാകരന്‍ പറയുന്നു. സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അനുഭാവികളില്‍ ഒരാളായി തുടരുമെന്നും സുധാകരന്‍ അറിയിച്ചിരുന്നു. ഇതിനിടെ അമ്പലപ്പുഴയില്‍ സുധാകരനെതിരെ വ്യാപക വിമര്‍ശനമാണ് സി.പി.എം ഉയര്‍ത്തുന്നത്. പറവൂരില്‍ സി.പി.എം ബഹുജന റാലി നടത്തിയിരുന്നു.

സി.പി.എം പ്രതിഷേധത്തിനിടയിലും പൊതു പരിപാടികളില്‍ കൂടുതല്‍ സജീവമാവുകയാണ് ജി സുധാകരന്‍. കോണ്‍ഗ്രസ് പിന്തുണ കൂടി ലഭിച്ചതോടെ സുധാകരന്‍ വിജയിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ഉറച്ച വിശ്വാസം. യു.ഡി.എഫ് ഭരണം പിടിക്കുകയും സുധാകരന്‍ ജയിക്കുകയും ചെയ്താല്‍ അദ്ദേഹത്തെ മന്ത്രിയാക്കുമെന്നും കേള്‍ക്കുന്നു. ഏതായാലും സുധാകരന്‍ കളം നിറഞ്ഞ് കളിക്കുകയാണ്. എം.എസ്.എഫിന്റെ കമ്പിളി വളപ്പ് വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങിലും സുധാകരന്‍ പങ്കെടുത്തു. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും അദ്ദേഹം കാണും.

കഴിഞ്ഞ 63 വര്‍ഷത്തെ കറകളഞ്ഞ സി.പി.എം ജീവിതത്തില്‍ ഏഴ് തവണ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ നിയമസഭയിലേക്ക് മത്സരിച്ച ജി സുധാകരന്‍  ഇതില്‍ നാല് തവണ വിജയിക്കുകയും രണ്ട് തവണ മന്ത്രിയാകുകയും ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയേറ്റിലും പ്രവര്‍ത്തിച്ച ജി സുധാകരന്റെ കൂടുമാറ്റം സി.പി.എമ്മില്‍ വോട്ടുചോര്‍ച്ചയ്ക്ക് കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. യു.ഡി.എഫ് പിന്തുണയോടെ ജി സുധാകരന്‍ മത്സരിക്കുന്ന പശ്ചാത്തലത്തില്‍ തുടര്‍ഭരണം ആഗ്രഹിക്കുന്ന സി.പി.എമ്മിന് അത് വലിയ തിരിച്ചടി തന്നെയാണ്. എന്നാല്‍ സുധാകരനെ ആവുന്നത്ര പ്രതിരോധിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. സുധാകരന്‍ പാര്‍ട്ടിയെ എങ്ങനെ ചതിച്ചുവെന്ന രീതിയില്‍ സി.പി.എം ക്യാമ്പെയ്‌നുകള്‍ ആരംഭിച്ചതുടങ്ങിയിട്ടുണ്ട്.

അമ്പലപ്പുഴ വാസ്തവത്തില്‍ ഇടത് കോട്ടയാണ്. 1967 മുതല്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ 1987-ലും 2001-ലുമാണ് അമ്പലപ്പുഴ കോണ്‍ഗ്രസിന്റെ കൈപിടിച്ചത്. ബാക്കിയെല്ലാ വര്‍ഷവും ഇടതിനൊപ്പം നിന്ന ചരിത്രമാണ് അമ്പലപ്പുഴക്കാര്‍ക്ക്. 1967-ലും 1970-ലും വി.എസ് അച്യുതാനന്ദനാണ് അമ്പലപ്പുഴയില്‍ നിന്നും വിജയിച്ചത്. പി.കെ ചന്ദ്രാനന്ദന്‍, സുശീല ഗോപാലന്‍, സി.കെ സദാശിവന്‍ എന്നിവരും അമ്പലപ്പുഴയില്‍ നിന്നും നിയമസഭയിലെത്തി. 2006-ലാണ് ജി സുധാകരന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി അമ്പലപ്പുഴയിലെത്തുന്നത്. 2006-ലും 2011-ലും 2016-ലുമാണ് ജി സുധാകരന്‍ അമ്പലപ്പുഴയില്‍ നിന്ന് നിയമസഭയിലേക്ക് എത്തിയത്. വന്‍ ഭൂരിപക്ഷത്തില്‍ തന്നെയായിരുന്നു മൂന്ന് തവണയും ജി സുധാകരന്റെ വിജയം. എന്നാല്‍ 2021-ല്‍ സുധാകരനെ മാറ്റി എച്ച് സലാമിനെ പരീക്ഷിച്ചത് ഭൂരിപക്ഷം 22621-ല്‍ നിന്നും 11126 ലേക്ക് താഴ്ത്തി. സലാമിനെ മണ്ഡലത്തില്‍ മത്സരിപ്പിച്ചതില്‍ സുധാകരന് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ സുധാകരന്റെ കാലുവാരല്‍ കാരണമാണ് ഭൂരിപക്ഷം കുറഞ്ഞതെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക