
മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലെസിയുടെ മകൻ അദിത് വിവാഹിതനായി. സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ച് നടന്ന വിവാഹത്തിൽ എല്ലാവരുടെയും ശ്രദ്ധ കവർന്നത് നടി മീര ജാസ്മിന്റെ സാന്നിധ്യമാണ്. ഏറെ കാലത്തിന് ശേഷം മലയാള സിനിമയിലെ പ്രിയനടി മീര ജാസ്മിനും തന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ ഗുരുതുല്യനായ ബ്ലെസിയും ഒന്നിച്ചെത്തിയ നിമിഷങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
എറണാകുളത്ത് ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന മോഹൻലാൽ- തരുൺ മൂർത്തി ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് മീര എത്തിയത്. ലളിതവും എന്നാൽ സുന്ദരവുമായ ലുക്കിലെത്തിയ മീരയെ ബ്ലെസി സ്വീകരിക്കുന്ന വീഡിയോകൾ ഇപ്പോൾ വൈറലാണ്. മീരയെ കൂടാതെ നടൻ ദിലീപ്, സംവിധായകരായ വിനയൻ, ജോണി ആന്റണി തുടങ്ങി സിനിമയിലെ ഒട്ടേറെ പ്രമുഖരും അദിത്തിന് ആശംസകൾ നേരാൻ എത്തിയിരുന്നു.
ലോഹിതദാസ് സംവിധാനം ചെയ്ത 'സൂത്രധാരൻ' (2001) എന്ന ചിത്രത്തിലേക്ക് ഒരു നായികയെ തേടിക്കൊണ്ടിരുന്ന സമയത്താണ് ബ്ലെസി മീരയുടെ പേര് നിർദ്ദേശിക്കുന്നത്. ആ നിർദ്ദേശമാണ് മീര ജാസ്മിൻ എന്ന അഭിനയ പ്രതിഭയെ മലയാളത്തിന് ലഭിക്കാൻ കാരണമായത്. തന്റെ സിനിമയിലെ ഗുരു ലോഹിതദാസാണെങ്കിലും തന്നെ സിനിമയിലേക്ക് വഴിതിരിച്ചുവിട്ടത് ബ്ലെസിയാണെന്ന് മീര പലപ്പോഴും നന്ദിയോടെ സ്മരിക്കാറുണ്ട്. പിന്നീട് 2008-ൽ ബ്ലെസി സംവിധാനം ചെയ്ത 'കൽക്കട്ട ന്യൂസ്' എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി മീര തിളങ്ങുകയും ചെയ്തു.