
നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരള രാഷ്ട്രീയത്തില്‍ ഇനി കടുത്ത പടപ്പുറപ്പാടിന്റെ ദിനങ്ങളാണ്. തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞിരിക്കെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം മുന്നണികളെയെല്ലാം ഞെട്ടിച്ചിരിക്കുന്നുവെന്നുവേണം പറയാന്‍. കാരണം പ്രചാരണത്തിനും മറ്റ് ഒരുക്കങ്ങള്‍ക്കുമെല്ലാം മുന്‍കാലങ്ങളിലേപ്പോലെ അധികം ദിവസങ്ങളില്ല. ഏപ്രില്‍ 9-ന് വോട്ടെടുപ്പ് നടക്കുമെന്ന ഡല്‍ഹിയില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് അപ്രതീക്ഷിതമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ വെറും 25-ാം നാള്‍ മലയാളികള്‍ പോളിങ് ബൂത്തിലേക്ക് നീങ്ങും.
ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന പ്രഖ്യാപനം രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകൂട്ടലുകളെയാകെ തെറ്റിച്ചിരിക്കുകയാണ്. തയ്യാറെടുപ്പിന് അധികം ദിവസങ്ങള്‍ ബാക്കിയില്ലാത്തതാണ് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനും അധിക ദിവസങ്ങള്‍ ബാക്കിയില്ല. ഇനി എട്ട് ദിവസങ്ങളാണ് പത്രിക നല്‍കാന്‍ ബാക്കിയുള്ളത്. സൂക്ഷ്മപരിശോധന 24-ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ 26 വരെ അവസരമുണ്ട്.
പ്രചാരണത്തിന് ദിനങ്ങള്‍ കുറവാണെങ്കില്‍ ഫലപ്രഖ്യാപനത്തിന് 24 ദിവസം അസഹിഷ്ണുതയോടെ കാത്തിരിക്കുകയും വേണം. മെയ് നാലാം തീയതി ഏവരും ഉറ്റും നോക്കുന്ന ആ പ്രഖ്യാപനം ഉണ്ടാവും. വിഷുവും ഈസ്റ്ററും പരിഗണിച്ചാണ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തന്നെ ഇലക്ഷന്‍ കമ്മിഷന്‍ വോട്ടെടുപ്പ് നിശ്ചയിച്ചത്. പിണറായി വിജയന്‍ മൂന്നാമൂഴത്തിനിറങ്ങുന്ന തിരഞ്ഞടുപ്പാണ് 16-ാം കേരള നിയമസഭയിലേക്ക് നടക്കുന്നത്. ഇത്തവണയും തുടര്‍ ഭരണം ലഭിക്കുമെന്ന് ഇടതുമുന്നണി ഉറച്ച് വിശ്വസിക്കുന്നു. എന്നാല്‍ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം 10 വര്‍ഷത്തിന് ശേഷം അധികാരത്തില്‍ മടങ്ങിയെത്താനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. തിരുവനന്തപുരം കേര്‍പറേഷന്‍ ഭരണം പിടച്ചതുള്‍പ്പെടെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടങ്ങള്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിക്കും വലിയ ആത്മവിശ്വാസം പകരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടതുമുന്നണി ഇതര മുന്നണികളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സി.പി.എം 86 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇത്തവണ യുവത്വത്തിനും പുതുമുഖങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും തങ്ങളുടെ സിറ്റിംഗ് സീറ്റുകളില്‍ തന്നെ ജനവിധി തേടുന്നുണ്ട്.
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി. എം.വി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ പി.കെ ശ്യാമള ടീച്ചറാണ് സ്ഥാനാര്‍ത്ഥി. മട്ടന്നൂര്‍ വി.കെ സനോജ്, ബേപ്പൂര്‍ പി.എ മുഹമ്മദ് റിയാസ്, തിരുവമ്പാടി ലിന്റോ ജോസഫ്, തൃത്താല എം.ബി രാജേഷ്, ആലുവ എ.എം ആരിഫ് തുടങ്ങി 75 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 11 മണ്ഡലങ്ങളില്‍ സ്വതന്ത്രരാണ് മത്സരിക്കുന്നത്. അതില്‍ ആറ് പേരെ പ്രഖ്യാപിച്ചു. ബാക്കി അഞ്ച് പേരെ പിന്നീട് പ്രഖ്യാപിക്കും. നടന്‍ മുകേഷിന് ഇത്തവണ സീറ്റില്ല.
സി.പി.ഐയും തങ്ങളുടെ ആദ്യ പട്ടിക പുറത്തിറക്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് 25 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. പിണറായി സര്‍ക്കാരിലെ നാല് സി.പി.ഐ മന്ത്രിമാരും അതാത് മണ്ഡലങ്ങളില്‍ തന്നെ വീണ്ടും മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. കെ രാജന്‍ (റവന്യൂ മന്ത്രി), ഒല്ലൂര്‍. പി പ്രസാദ് (കൃഷി മന്ത്രി), ചേര്‍ത്തല. ജി.ആര്‍ അനില്‍ (ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി), നെടുമങ്ങാട്. ജെ ചിഞ്ചുറാണി (മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി), ചടയമംഗലം എന്നിവര്‍ വീണ്ടും ജനവിധി നേടും. സി.പി.എം, സി.പി.ഐ പട്ടിക പുറത്തുവന്നതോടെ ഇടതു മുന്നണി പ്രചാരണരംഗത്ത് ആധിപത്യം ഉറപ്പിക്കും. കേരള കോണ്‍ഗ്രസ് (എം) അടക്കമുള്ള ഇടത് മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.
കേരളത്തില്‍ ശക്തമായ സാന്നിധ്യമാകുമെന്ന് പ്രഖ്യാപിച്ച എന്‍.ഡി.എയുടെ പട്ടിക നാളെ പുറത്തുവരുമത്രേ. ട്വന്റി ട്വന്റി അടക്കമുള്ള എന്‍.ഡി.എയിലെ മറ്റ് ഘടകക്ഷികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. യു.ഡി.എഫ് ക്യാമ്പ് കടുത്ത ആശങ്കയിലാണ്. ഇനിയും പൂര്‍ണ്ണത വരാത്ത സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ സീറ്റിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് കെ സുധാകരന്‍. തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പുറത്തുവന്നാല്‍, 24 മണിക്കൂറിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കിയത്. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കാനാണ് സാധ്യത. യു.ഡി.എഫിലെ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള മറ്റ് ഘടകക്ഷികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും മുന്നൊരുക്കങ്ങളുമായി ഒരാഴ്ച കഴിഞ്ഞാല്‍ പിന്നെ കേവലം രണ്ടാഴ്ച മാത്രമാണ് നേരിട്ടുള്ള പ്രചാരണത്തിനായി മുന്നണികള്‍ക്ക് ലഭിക്കുക. ഭവന സന്ദര്‍ശനങ്ങളേക്കാള്‍ കാടിളക്കിയുള്ള നേരിട്ടുള്ള പ്രചാരണത്തിലേക്ക് എല്ലാ പാര്‍ട്ടികളും അതിവേഗം കടക്കുമെന്നത് ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിനെ തീപാറുന്ന പോരാട്ടമാക്കി മാറ്റും. നിലവിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലാവധി മെയ് 23-നാണ് അവസാനിക്കുക. കേവലം പ്രാദേശിക വിഷയങ്ങള്‍ മാത്രമല്ല, പശ്ചിമേഷ്യന്‍ യുദ്ധവും അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ മാറ്റങ്ങളും പാചകവാതകത്തിന്റെ ലഭ്യതക്കുറവും ഇത്തവണ കേരളത്തിലെ ചര്‍ച്ചകളില്‍ സജീവമായി ഇടംപിടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ ഫലം ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കും.
വിവാദമായ വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തിന് (എസ്.ഐ.ആര്‍) ശേഷമുള്ള തിരഞ്ഞെടുപ്പാണിത്. 2.70 കോടി വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. 1.38 കോടി സ്ത്രീ വോട്ടര്‍മാരും, 1.31 കോടി പുരുഷ വോട്ടര്‍മാരും ലിസ്റ്റിലുണ്ട്. ഇത്തവണ 4.24 ലക്ഷം പേര്‍ ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കും. 30,471 പോളിങ് ബൂത്തുകളാണ് കേരളത്തിലുള്ളത്. കേരളത്തിനൊപ്പം തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലെയും വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ രാജ്യം പൂര്‍ണ്ണമായും ഇലക്ഷന്‍ മൂഡിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള പരമ്പരാഗത പോരാട്ടത്തിനൊപ്പം എന്‍.ഡി.എയുടെ സാന്നിധ്യം കൂടി ചേരുന്നതോടെ കേരളത്തിന്റെ ജനവിധി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയാന്‍ മെയ് 4 വരെയുള്ള കാത്തിരിപ്പ് മാത്രം.