
വരാനിരിക്കുന്ന വസന്തങ്ങളെ
കാത്തിരിക്കുന്നവൾ. ഉണങ്ങാത്ത മഴകൾ
ഉൾക്കടലിൽ നീന്തുന്ന ശരീരങ്ങൾ.
എസ്. ശാരദക്കുട്ടി.
ശാരദക്കുട്ടി ടീച്ചറുടെ പുതിയ പുസ്തകം 'ഉണങ്ങാത്ത മഴകൾ ഉൾക്കടലിൽ നീന്തുന്ന ശരീരങ്ങൾ ' എന്ന പുസ്തകം വായിച്ചു തീർത്തിട്ട് ഒരാഴ്ചയായി. ഇതിനോടകം പലരും പുസ്തകത്തെ നല്ല രീതിയിൽ ഫേസ്ബുക്കിൽ പരിചയപ്പെടുത്തി കഴിഞ്ഞു. അതിൽ പ്രധാനി സതീഷ് ഒവ്വാട്ട് ആണ്. എന്റെ ചെറിയ ഭാഷയിൽ ഇനി ഒന്നും എഴുതുന്നില്ല, എഴുതേണ്ടതില്ല എന്ന തീർപ്പിലായിരുന്നു ഞാൻ.
ടീച്ചറിനെ വായിച്ചു തുടങ്ങിയ നാളുകൾ മുതൽ ടീച്ചറിന്റെ എഴുത്തുകളെ എനിക്കിഷ്ടമാണ്. അതുകൊണ്ടുതന്നെ ടീച്ചറുടെ എല്ലാ സമാഹാരങ്ങളും, ആഴ്ചപ്പതിപ്പുകളിലും ന്യൂസ് പേപ്പറുകളിലും വന്ന ലേഖനങ്ങളും ഞാൻ വായിച്ചിട്ടുണ്ട്.
ടീച്ചറിന്റെ എഴുത്തുകളെ ഞാൻ ഇഷ്ടപ്പെടുന്നത്, സ്നേഹിക്കുന്നത് ചില പ്രത്യേക കാരണങ്ങളാലാണ്. എഴുത്തിൽ അക്കാദമിക്ക് ഭാഷ ഉപയോഗിക്കുമ്പോളും അതൊരിക്കലും കഠിനമല്ല.. വായനക്കാർക്ക് മനസ്സിലാകുന്ന ഒരു ഭാഷ.. എന്നാൽ പ്രത്യേക തരം വാക്കുകളുടെ തെരഞ്ഞെടുപ്പിൽ എഴുത്ത് ഏറെ ഹൃദ്യ മാകുന്നു എന്നെനിക്കു തോന്നുന്നു. എഴുത്തുകാരൊക്കെ അവരുടേതായ എഴുത്തു ശൈലി ബോധപൂർവ്വം സൃഷ്ടിക്കാറുണ്ട്. സ്വന്തമായ ഒരു എഴുത്ത് ശൈലി സൃഷ്ടിക്കണമെന്നാണ് നിക്കോസ് കാസ്സന്ത് സാക്കിസ് റിപ്പോർട്ട് ടു ഗ്രെക്കോയിൽ എഴുതിയിരിക്കുന്നത്. മറ്റൊന്ന് ടീച്ചറുടെ എഴുത്തിൽ Hidden Agendas ഒന്നും കാണാറില്ല.. അതുകൊണ്ട് വായനക്കാർ ഒരിയ്ക്കലും വിഡ്ഢികളാക്കപ്പെടുന്നില്ല. ടീച്ചറുടെ എഴുത്തുകളെല്ലാം തുറന്നെഴുത്തുകളാണ്. അല്ലെങ്കിലും വായനക്കാർ ബുദ്ധിയുള്ളവരാണ്, എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.
ഈ പുസ്തകം, തിരഞ്ഞെടുത്ത ചില ലേഖനങ്ങളുടെ ഒപ്പം ചില പുതിയ അധ്യായങ്ങളും ചേർത്തുള്ള ഒരു സമാഹാരമാണ്. ചിലത് നിങ്ങൾ ഫേസ്ബുക്കിൽ വായിച്ചിട്ടുണ്ടാകാം. മറ്റു ചിലത് മറ്റു പുസ്തകങ്ങളിലും. ഉദാഹരണത്തിന് 'ബർനാദ ആൽബയുടെ വീട് നമ്മുടേതും ' എന്ന ആദ്യ ലേഖനം. എന്നെ സംബന്ധിച്ച് ടീച്ചറെ പിന്നെയും പിന്നെയും വായിക്കുക സന്തോഷകരമായ ഒരു അവസ്ഥയാണ്, പുതിയ അനുഭവമാണ്. എന്റെ ജീവിതത്തിന്റെ ചില കാലഘട്ടങ്ങളിലെങ്കിലും ടീച്ചറുടെ എഴുത്തുകൾ ഞാൻ എന്റെ ഉള്ളിലെ ഇരുട്ടിനോടും ഭയത്തോടും പട വെട്ടുവാനുള്ള ആയുധമായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ഇതിലെ ഇരുപത്തഞ്ച് അധ്യായങ്ങളും മുഴുവനായും വായിച്ചു.
ഒരിയ്ക്കൽ സംസാര മധ്യേ ടീച്ചർ പറഞ്ഞു -ഡോക്ടർക്ക് അത്യാവശ്യം വായനയുണ്ട്. ഇനി ലോക ക്ലാസിക്കുകൾ വായിച്ചാൽ മതി.അതെന്റെ വായന ലോകത്തേക്ക് വീശിയ പുതിയൊരു കാറ്റായിരുന്നു. വായിക്കേണ്ട പല ക്ലാസിക്കുകളും ടീച്ചറിന്റെ എഴുത്തുകളിൽ നിന്നും ഞാൻ പിന്നീട് കണ്ടെടുത്തു. ഈ പുസ്തകത്തിൽ നിന്നും ഞാൻ കുറെ എഴുത്തുകാരെ കൂടി നോട്ടമിട്ടിട്ടുണ്ട്.
ഫ്രഞ്ച് എഴുത്തുകാരൻ മിഷേൽ ഡി മോൺടെയിന്റെ Essais നെ ഓർമ്മിപ്പിച്ചു കൊണ്ടുള്ള ആമുഖമാണ് ആദ്യം വായിച്ചത് . Essain എന്നാൽ ഫ്രഞ്ചിൽ വിചാരണ, ശ്രമങ്ങൾ എന്നാണർത്ഥം.. ടീച്ചറുടെ വാക്കുകളിൽ പറഞ്ഞാൽ അദ്ദേഹം തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിഷയം. " ഓരോ വിഷയത്തെയും തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അത് അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കുന്ന ആ വിശകലന രീതി എനിക്ക് വളരെ ഇഷ്ടമാണ് ". അതേ രീതിയിലുള്ള 25 ലേഖനങ്ങളുടെ സമാഹാരമാണ് ശാരദക്കുട്ടി ടീച്ചറിന്റെ ഈ പുസ്തകവും എന്ന് ഞാൻ പറയും.
'ബർനാദ ആൽബയുടെ വീട് നമ്മുടേതും ' എന്ന ആദ്യ അധ്യായത്തിൽ ടീച്ചർ എഴുതുന്നുണ്ട്. "വ്യക്തിപരമായി പറഞ്ഞാൽ എന്റെ സ്വാതന്ത്ര്യ ബോധത്തെ ഭയന്നിരുന്ന എന്റെ അമ്മ അതിലും ശക്തിയായി എന്നിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത് എന്നെക്കാൾ സ്വാതന്ത്ര്യമോഹിയായ ഒരു മകളുടെ സാന്നിധ്യത്തിലാണ്. എന്റെ അമ്മ എന്നെ ഭയന്നത് എന്തിനായിരുന്നു എന്ന് അവളാണ് എനിക്ക് മനസ്സിലാക്കി തരുന്നത്. എന്നിലെ ബെർനാദയെ കൊന്നുകളയാൻ എനിക്കെന്നാണ് കഴിയുക എന്ന് ഈ നാടകം എന്നെ നോക്കി ചോദിക്കുന്നു." ഇപ്പോൾ അതെന്നെയും നോക്കി ചോദിക്കുന്നു.
കൊച്ചുബാവയുടെ എഴുത്തുകൾ അപരലോകത്തു നിന്ന് വിരൽചൂണ്ടുന്നു.
മികച്ച ചെറുകഥ എഴുത്താണ് ഈ അധ്യായത്തിന്റെ പ്രമേയം.
ഒരു സ്ത്രീക്ക് എന്താണ് വേണ്ടതെന്ന് ലോകാവസാനം വരേക്കും മനസ്സിലാവാതെ പോകുന്നു എന്നത് തന്നെയാണ് സ്ത്രീ സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം എന്ന് ടീച്ചർ അടിവരയിടുന്നു.
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു അധ്യായമാണ് The School അഥവാ ജീവിത വിദ്യാലയം. വളരെ ഗഹനമായ ഒരു അധ്യായമാണിത്. നിരന്തരമായ നിരീക്ഷണങ്ങൾ കുഞ്ഞുങ്ങളുടെ മേൽ നടത്താതെ ഇങ്ങനെ ഒരു അധ്യായം എഴുതുക അസാധ്യമാണ്. ഇതു വായിച്ചപ്പോൾ എനിക്ക് മനസ്സിലായത് സ്വന്തം കൊച്ചു മകന്റെ ഭാഷാ നാഴികക്കല്ലുകൾ ടീച്ചർ വളരെ കൗതുകത്തോടെ, ബുദ്ധിപൂർവ്വം നിരീക്ഷിച്ചിട്ടുണ്ട് എന്നണ്.
ഇനി നീണ്ട അധ്യായങ്ങൾ നിരവധി ഭാഷകളിലുള്ള സിനിമകൾ, അതിൽ അഭിനയിച്ചവർ, അതിലെ സംഗീത നൃത്തലോകങ്ങൾ, നടി നടന്മാർ സംവിധായകർ, ഗാനരചയിതാക്കൾ തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട വിശാലമായ ഒരു ലോകത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ഒരാൾക്ക് പകരം മറ്റൊരാൾ ആ റോൾ അഭിനയിച്ചിരുന്നുവെങ്കിൽ, ആ ഗാനം ജയചന്ദ്രൻ ആലപിച്ചിരുന്നുവെങ്കിൽ എന്നൊക്കെ കാല്പനികമായി ഭ്രാന്തമായി ചിന്തിക്കുന്ന ബുദ്ധി മതിയായ ഒരു സ്ത്രീയെയാണ് എനിക്കു കാണുവാൻ സാധിക്കുന്നത്.
മമ്മൂട്ടിയുടെ നോട്ടം ഏറ്റവും സുന്ദരമാകുന്നത് മാധവിയെ നോക്കുമ്പോൾ ആണ് എന്ന ടീച്ചറുടെ നിരീക്ഷണം എന്റെയും കൂടിയാണ്.
ഇത്രയധികം ചലച്ചിത്ര സംഗീതങ്ങൾ അതിന്റെ വിശാലതയോടെ ഓർത്തുവെച്ച് തുള്ളിത്തുള്ളി നടക്കുന്ന ഒരാളെ വേറെ എനിക്കറിയില്ല. സ്മിതാ ഗിരീഷും അടുത്തടുത്ത് വരുന്നുണ്ട് എന്നത് എന്റെ നിരീക്ഷണം മാത്രമാകാം.
ഇഷ്ടപ്പെട്ട ഗാനങ്ങളുടെ, ഗായകരുടെ , തെരഞ്ഞെടുപ്പുകൾ ഒരു പ്രത്യേക അനുഭൂതിയിലാണ് ടീച്ചർ വരച്ചിടുന്നത്. എന്റെ ആരാധ്യ പുരുഷന്മാർ എന്ന അധ്യായവും വേറിട്ട നിരീക്ഷണങ്ങളാണ്. "മാധ്യമപ്രവർത്തകനായ നികേഷ് കുമാറിന്റെ കണ്ണുകളിൽ കാണാം എതിരെ ഒരു സ്ത്രീ ഇരുന്നാലുള്ള തിരയനക്കങ്ങൾ". Unique observations എന്നു ഞാൻ ഇതിനെ കാണുന്നു.
ഏറ്റവും ഇഷ്ടപ്പെട്ട സഞ്ചാര എഴുത്ത് സിനിമാറ്റോ ഗ്രാഫർ വേണുവിന്റെ നഗ്നരും നരഭോജികളും എന്ന പുസ്തകം ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തോടെ ടീച്ചർ തെരഞ്ഞെടുക്കുന്നു.
പ്രണയം, തൊഴിൽ, യാത്രകൾ, മഴ, കടൽ, എന്ന് വേണ്ട ഈ ഭൂമിയിലെ എല്ലാ വൈകാരികതകളോടും പറിച്ചുമാറ്റാൻ പറ്റാത്തത്ര ഒട്ടിനിൽക്കുന്ന ഒരു കൗമാര യൗവനക്കാരിയെ,മധ്യവയസ്ക്കയെ ഒക്കെ അടുത്ത അധ്യായങ്ങളിൽ ഞാൻ കാണുന്നു.
അവസാന ചില അധ്യായങ്ങൾ മുമ്പു വായിച്ചതായി തീരെ ഓർമിക്കുന്നില്ല എന്റെ ശബ്ദസ്വപ്നങ്ങൾ അതിൽപ്പെടും 24 മണിക്കൂറും റേഡിയോ ചെവിയിൽ വെച്ച് നടന്ന ഒരു സ്ത്രീയെ നിങ്ങൾക്ക് സങ്കൽപ്പിക്കുവാൻ ആകുമോ!
പുസ്തകത്തിന്റെ പേരായ ഉണങ്ങാത്ത മഴകൾ ഉൾക്കടലിൽ നീന്തുന്ന ശരീരങ്ങൾ എന്ന അധ്യായത്തിൽ ബാല്യവും കൗമാരവും വീടും പ്രണയവും മഴയും കാറ്റും ഒക്കെ ഉണ്ടെങ്കിലും മഴ തന്നെയാണ് പ്രണയ വിഷയം. ടൂവീലറിൽ നനഞ്ഞൊട്ടിയിരിക്കുമ്പോഴും ഈ മഴ തീരല്ലേ എന്ന് പ്രാർത്ഥിക്കുന്ന ഭ്രാന്തമായ ഒരു മനസ്സ് ടീച്ചറിൽ ഇപ്പോഴും ഉണ്ടോ??
ആരവങ്ങൾക്കിടയിൽ ആയിരിക്കുമ്പോഴും ഏകാന്തതയെ സ്നേഹിക്കുന്ന മറിച്ച് ഏകാന്തതയിൽ ആരവങ്ങളെ സ്നേഹിക്കുന്ന ഒരു പ്രത്യേക സെന്റർ ടീച്ചറിന്റെ തലച്ചോറിൽ ശരിക്കും ഉണ്ട്.
സ്വന്തം വിശ്വാസ ലോകങ്ങളെ കുറിച്ചുള്ള സത്യസന്ധമായ ചില വിചാരങ്ങൾ ഉണ്ടിതിൽ. ടീച്ചർ വരാനിരിക്കുന്ന വസന്തങ്ങളെ കാത്തിരിക്കുന്നു. റിട്ടയർമെന്റിനു ശേഷമുള്ള ഉല്ലാസ ജീവിതങ്ങളെയും അലസ ജീവിതങ്ങളെയും സ്വപ്നം കാണുന്നവരെ കുറിച്ചുള്ള ചിരി പകരുന്ന ഒരു അധ്യായം തന്നെ ഇതിലുണ്ട്. "എന്നാൽ അലസത ഒരു ശീലഗുണമായവർക്ക് ഔദ്യോഗിക കാലത്തും വിശ്രമിക്കാൻ ധാരാളം സമയം ഉണ്ടാകും". 'ശീല ഗുണം' മോഷ്ടിക്കാൻ പറ്റിയ ഒരു വാക്കായി ഞാൻ കാണുന്നു. നല്ലൊരു പദ തിരഞ്ഞെടുപ്പ്.
25 ലേഖനങ്ങളും ഗഹനമായ ലേഖനങ്ങളാണ്. പൂർവ്വകാല ബസ് യാത്രകളെ ടീച്ചർ ഗൃഹാതുരതയോടെ ഓർമിക്കുന്നു. എത്രയോ പേരുടെ കാരുണ്യവും, സ്നേഹവും, പരിഗണനയും കൊണ്ടാണ് ആ കാലങ്ങളൊക്കെ കഴിഞ്ഞുപോയതെന്നും നന്ദിയോടെ ഓർക്കുവാൻ ടീച്ചർ മറക്കുന്നില്ല.
തോരാത്ത വാക്കുകളും തീരാത്ത നിരീക്ഷണങ്ങളും, ചിന്തകളുമായി എസ് ശാരദക്കുട്ടി ടീച്ചർ ഇനിയും എഴുതട്ടെ.
മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ
സ്നേഹപൂർവ്വം
Dr. Kunjamma George
