
മലയാളമെന്ന 'ചെറിയ ലോകത്തെ' വലിയ സംവിധായകനും കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ ജി. അരവിന്ദന്‍ ഓര്‍മ്മയായിട്ട് ഇന്ന്, 35 വര്‍ഷം. ഓര്‍മ്മകള്‍ക്ക് മുന്നില്‍ സ്‌നേഹപ്രണാമം!
കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ചലച്ചിത്രകാരനും കാർട്ടൂണിസ്റ്റും / ഗ്രാഫിക് നോവലിസ്റ്റും ആയിരുന്നുവല്ലോ, ജി. അരവിന്ദൻ. പേനകൊണ്ടും മൂവിക്യാമറ കൊണ്ടും ആ കലാകാരൻ വരച്ച ജീവിത ചിത്രങ്ങൾ എത്തത്രയോ മൂല്യവത്താണ്!
അരവിന്ദൻറെ ആദ്യ സിനിമ 'ഉത്തരായനം' സിനിമ, റഗുലർഷോ ആയി പ്രദർശിപ്പിക്കാൻ തീയറ്റർ വിസമ്മതിച്ചപ്പോൾ, തൊടുപുഴ ഫിലിം സൊസൈറ്റി ഏറ്റെടുത്തു മൂന്നു ദിവസമായി പത്തു ഷോ നടത്തി; (ഈ ഫിലിം സൊസൈറ്റി സ്ഥാപക ജോയിൻറ് സെക്രട്ടറിയായിരുത്, അന്നു കോളേജ് വിദ്യാർഥി ആയിരുന്ന ഈയുള്ളവനായിരുന്നു.) ഈ സിനിമയുടെ ക്രൂ & അഭിനേതാക്കൾക്ക് ഫിലിം സൊസൈറ്റി നല്കിയ അനുമോദന പരിപാടിയിൽ പങ്കെടുക്കാൻ തൊടുപുഴയിൽ വന്നപ്പോഴാണ് (1975) അരവിന്ദനെ ഞാൻ ആദ്യമായി കാണുന്നത്. പിന്നീട് പലപ്പോഴും അടുത്ത് പെരുമാറാൻ സഹചര്യമുണ്ടായിട്ടുണ്ട്.
1935 ജനുവരി 21-ന് കോട്ടയത്ത് തിരുനക്കരയിൽ ജനിച്ചു. അച്ഛൻ പ്രശസ്ത സാഹിത്യകാരനായ എം.എൻ. ഗോവിന്ദൻ നായരായിരുന്നു; അമ്മ തങ്കമ്മ. അരവിന്ദനുമായി ഏറെ രൂപസാദൃശ്യമുണ്ടായിരുന്ന അനുജൻ ഗോപനെയും കോട്ടയംകാർക്ക് സുപരിചിതനാണ്; അദ്ദേഹത്തിന് കോട്ടയം നഗരത്തിൽ ഓട്ടോമൊബൈൽ സ്പെയർ പാർട്ട്സ് ബിസനസ്സ് ആയിരുന്നു.
സസ്യശാസ്ത്രം ഐച്ഛിക വിഷയമായി ബിരുദം നേടിയ ശേഷം അരവിന്ദൻ റബ്ബർ ബോർഡിൽ ജീവനക്കാരനായി.
ഭാര്യ കൗമുദി (ലീല) അരവിന്ദൻ; മകൻ രാമു അരവിന്ദൻ.

സിനിമാ സംവിധാനത്തിനു മുൻപേ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പര പ്രസിദ്ധീകരിച്ചുരുന്നു. വരകളിലൂടെ ഹൃസ്വമായ വരികൾക്കിടയിലൂടെ സമൂഹത്തിലെ നന്മകൾ തിന്മകൾ വിശേഷ്യ ശുദ്ധ കാപട്യങ്ങൾ ഏറെ ഭംഗിയോടെ അണിയിച്ചൊരുക്കിയിരുന്ന മഹാപ്രതിഭയായിരുന്നു അരവിന്ദൻ.
'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന ജി. അരവിന്ദന്‍റെ കാര്‍ട്ടൂണ്‍ പരമ്പര ഒരുപതിറ്റാണ്ടിലേറെക്കാലം 'മാതൃഭൂമി' ആഴ്ചപ്പതിപ്പിൻ്റെ അവസാന താളിൽ, ഒരു പരമ്പരയായി പ്രസിദ്ധീകരിച്ചു. 1960-കളുടെ ആരംഭത്തിൽ പ്രസിദ്ധീകരിച്ച ഈ കാർട്ടൂൺ പരമ്പരയിലെ രാമു, ഗുരുജി എന്നീ കഥാപാത്രങ്ങളിലൂടെ ഒരു ദർപ്പണത്തിലെന്നവണ്ണം മലയാളി സ്വന്തം മുഖവും വലിയ ലോകവും കണ്ടു. ജീവിതത്തിൽ പ്രകടമാകുന്ന ഹിപ്പോക്രസി, ജീവിതവിജയത്തിനു വേണ്ടി വ്യക്തികൾ നടത്തുന്ന കുത്സിതശ്രമങ്ങൾ എന്നിങ്ങനെയുള്ള പ്രമേയങ്ങളിലൂടെ സമകാലികജീവിതത്തെ വിശകലനം ചെയ്യുന്നവയായിരുന്നു ഈ കാർട്ടൂൺ പരമ്പര. 1971 വരെ ഇതു തുടർന്നു.
മിതഭാഷിയും നല്ലൊരു സൗഹൃദത്തിന്റെ നെടുംതൂണുമായ, അഭ്യസ്‌തവിദ്യനായ രാമുവിന്റെ പ്രയാണം ആണ് ഇതിൻ്റെ കാതൽ. മനസ്സിൽ നന്മകൾ ഏറെ കൊണ്ടു നടക്കുന്ന രാമുവിൽ, കോൺടാക്ട്റുമായുള്ള സഹവാസം വരുത്തുന്ന മാറ്റമാണ് ഇവിടെ ഒരു പ്രധാന വഴിത്തിരിവ്. മറ്റു പലരെയും പോലെ ആയാളും ക്രമേണ നഗരത്തിലെ കാപട്യത്തിന്റെ മുഖമായി മാറുന്നു. ചിരിക്കുകയും ചിന്തിക്കുകയും കരയിക്കുകയും ചെയ്യിച്ച ഈ പരമ്പര പെട്ടെന്ന് നിന്ന് പോയത് ഏറെ നിരാശയുണ്ടാക്കി.
കേരളത്തിലെ സാംസ്കാരിക-രാഷ്ട്രീയ മുഖങ്ങളില്‍ സജീവമായ സംവാദങ്ങള്‍ 'മാതൃഭൂമി'യിലൂടെ ആരംഭിച്ചുവരുന്ന കാലമായിരുന്നു അത്. അരവിന്ദന്റെ കാർട്ടൂൺ പരമ്പര വെറും ഫലിതങ്ങള്‍ മാത്രമായിരുന്നില്ല; അവ വായനക്കാരെ ചിന്തയുടെ ലോകങ്ങളിലേക്ക് കൈപിടിച്ച് നടത്തി. സമകാലീനസംഭവങ്ങൾ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ അരവിന്ദൻ വായനക്കാരെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. വരകളിലൂടെ ഹ്രസ്വമായ വരികൾക്കിടയിലൂടെ സമൂഹത്തിലെ നന്മകൾ തിന്മകൾ, വിശേഷ്യ ശുദ്ധ കാപട്യങ്ങൾ, ഏറെ ഭംഗിയോടെ അണിയിച്ചൊരുക്കിയിരുന്ന മഹാപ്രതിഭയായിരുന്നു അരവിന്ദൻ.
ഈ പരമ്പരയില്‍ കാലത്തിന്‍റെ വൈവിദ്ധ്യമാര്‍ന്ന ചിത്രങ്ങളും ചിഹ്നങ്ങളും മുദ്രകളും വ്യതിരിക്തതകളും നന്മതിന്മകളും ആശയ-ദര്‍ശ ഗതികളും പ്രബല സാന്നിദ്ധ്യമായി പതിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഇത് വെറും 'കോമിക്സ് സ്‌ട്രിപ്പ്' / 'കാർട്ടൂൺ' മാത്രമല്ല; മലയാളത്തിലെ ആദ്യ 'ഗ്രാഫിക് നോവൽ' തന്നെ!
മലയാളത്തിലെ ആദ്യ ഗ്രാഫിക് നോവൽ എന്ന വിശേഷണത്തിന് അർഹതയുള്ള ഈ പരമ്പര, സമാഹരിച്ചു രണ്ടു പുസ്‌തങ്ങൾ ഇറങ്ങി: ആദ്യത്തേത് തിരുവന്തപുരം പ്രസാധകർ BEE ബുക്ക്സ് (1978); അടുത്ത് ഡി.സി. ബുക്ക്സ് (1996- ഒക്ടോബർ) രണ്ടും പൂർണ്ണമല്ലായിരുന്നു. മൂന്നാമതും ഇത് ഇറങ്ങുന്നു എന്നു കേൾക്കുന്നു. ഇത് സമ്പൂർണ്ണമായേക്കും.
തിരുവനന്തപുരത്തുള്ള ബീസ് ബുക്സ്, ആദ്യമായി പുസ്തക പ്രസിദ്ധീകരിച്ച ഇതിന്‍റെ അവതാരികയില്‍ എം.വി. ദേവന്‍ ഈ കൃതിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: "കുഞ്ചനും തോലനും ഈവിയും സഞ്ചയനും കേരളീയ പാരമ്പര്യത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. അത്രതന്നെ പ്രധാനമല്ലെങ്കിലും അഭ്യസ്തവിദ്യരായ കേരളീയര്‍ക്ക് തര്‍ബറും ഫെര്‍ഗാസും സ്റ്റെന്‍ബര്‍ഗും സ്റ്റീര്‍ലിയും രസികത്വത്തിന്‍റെ പുതിയ ഭൂമികകള്‍ വിരിയിച്ചവരത്രെ! ഇതില്‍ ആദ്യത്തെ പാരമ്പര്യം സാഹിത്യത്തിന്‍റെ വഴിയ്ക്കും രണ്ടാമത്തേത് ചിത്രങ്ങളിലൂടെയും പ്രകാശനം സാധിച്ചിരിക്കുന്നു. അരവിന്ദന്‍ ഈ രണ്ട് ധാരകളെ കൂട്ടിയിണക്കുന്നു എന്ന് പറയാം. അദ്ദേഹത്തിന്‍റെ ചെറിയ മനുഷ്യരും വലിയ ലോകവും ഈ അര്‍ത്ഥത്തില്‍ ഒരു ചിത്രകാവ്യമാകുന്നു"
മലയാളത്തിലെന്നല്ല, ഇതര ഇന്ത്യന്‍ ഭാഷകളില്‍ തന്നെ അപൂര്‍വ്വമായ ഒരു രചനയാണ് ജി. അരവിന്ദന്‍റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’.
ആധുനിക നാടകവേദിക്കും അരവിന്ദൻറെ സംഭാവനകൾ ഉണ്ട്: കാവാലത്തിന്റെ അവനവൻ കടമ്പ', സി. എൻ. ശ്രീകണ്ഠൻ നായരുടെ 'കലി' വ്യത്യസ്‌തമായ നാടകങ്ങൾ സംവിധാനം ചെയ്തു.
റബ്ബർ ബോർഡ് ജീവനക്കാരനായിരിക്കെ കോഴിക്കോട്ട് നിയമിതനായ അരവിന്ദന് നഗരത്തിൽ ഒരു നല്ല സുഹൃദ്‌വയം ഉണ്ടായിരുന്നു. 'പാരഗൺ' ഹോട്ടലിലെ അരവിവിന്ദൻ്റെ മുറി അക്കാലത്തു് കോഴിക്കോടുള്ള ബുദ്ധി ജീവികളുടെയും കലാകാരന്മാരുടെയും ഒരു താവളമായി മാറി. നാടകകൃത്തായ തിക്കോടിയൻ, കഥാകൃത്തായ പട്ടത്തുവിള കരുണാകരൻ തുടങ്ങിയവർ ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിർമ്മിക്കാൻ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരൻ നിർമ്മാതാവും തിക്കോടിയൻ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകൻ അരവിന്ദനായിരുന്നു. ആദ്യചിത്രമായ 'ഉത്തരായനം' മലയാള സിനിമയിൽ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട 'ഉത്തരായണം' ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അരവിന്ദന്റെ ആദ്യകാല ചലച്ചിത്രങ്ങളിൽ പൂർവസൂരികളായ സാഹിത്യകാരമാരുടെയും ചിത്രകാരന്മാരുടെയും സ്വാധീനം കാണാം. അരവിന്ദൻ്റെ രണ്ടാം ചിത്രം, അദ്ദേഹത്തിൻ്റെ പ്രിയ സുഹൃത്തായിരു സി.എൻ. ശ്രീകണ്ഠൻ നായരുടെ നാടകം 'കാഞ്ചനസീത'യുടെ ചലച്ചിത്ര ആവിഷ്കരണമായിരുന്നു. 'കാഞ്ചനസീത'യിൽ പ്രകൃതിയുടെ ഒരതീന്ദ്രിയാനുഭവം അരവിന്ദൻ കാഴ്ചവെക്കുന്നു. മദ്ധ്യകേരളത്തിൽ പ്രചാരമുള്ള ഒരു ലെജൻ്റിനെ ആസ്പദമാക്കിയുള്ള കുട്ടികളുടെ ചിത്രമായിരുന്ന 'കുമ്മാട്ടി'; പ്രസിദ്ധ നാകസ്വര വിദ്വാനായിരുന്ന അമ്പലപ്പുഴ രാവുണ്ണിയായിരുന്നു അതിൻ്റെ ടൈറ്റിൽ റോളിൽ.
'തമ്പ്' എന്ന ചിത്രത്തിൽ എല്ലാ അഭിനേതാക്കളും അമച്വർ നടന്മാരായിരുന്നു; ഈ സിനിമ വൻവിജയമായിരുന്നു. മനുഷ്യ മുഖഭാവങ്ങളുടെ ഒരു പഠനം തന്നെയായിരുന്നു 'തമ്പ്'. അടുത്ത ചിത്രമായ 'ഒരിടത്ത്' ആകട്ടെ, കേരളത്തിലെ ഗതകാല ഗ്രാമീണ ജീവിത്തിൽ, അവർക്ക പരിചിതമായ സാങ്കേതികവിദ്യയുടെ ഇടപെടൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സറ്റൈറിക്കലായി നോക്കിക്കാണുന്ന ഒരു ചിത്രമാണ്'.
ചിത്രകാരനും എഴുത്തുകാരനുമായ രാജൻ കാക്കനാടൻ ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്ന, അരവിന്ദൻ്റെ 'എസ്തപ്പാൻ' (1980) എന്ന സിനിമയോട് എനിക്ക് ഒരു പ്രത്യേക താല്പര്യയുണ്ട്.
'ചിദംബരം', 'വാസ്തുഹാരാ' തുടങ്ങിയ ചിത്രങ്ങൾ സി. വി. ശ്രീരാമന്റെ ചെറുകഥകളെ ആസ്പദമാക്കിയായിരുന്നു. ഇവയും (വിശേഷിച്ച് ആദ്യത്തേത്) അരവിന്ദൻ്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.
'ഉത്തരായനം' മുതൽ 'വാസ്തുഹാര' വരെ 11 - ലധികം ചിത്രങ്ങൾ .
അരവിന്ദൻ മലയാള സമാന്തര സിനിമയ്ക്ക് പുതിയ മാനങ്ങൾ തീർത്തു. ധ്യാനനിരതമായിരുന്നു അരവിന്ദന്റെ ചിത്രങ്ങൾ എന്നു തന്നെ പറയാം.
'ഉണ്ണി' (1989) എന്നൊരു ഇംഗ്ലീഷ് സിനിമയും എടുത്തിട്ടുണ്ട്. 'ബ്രൗൺ ലാൻഡ്‌സ്‌കേപ്പ്', 'ദി ക്യാച്ച്', 'വി.ടി. ഭട്ടതിരിപ്പാട്', 'ജെ. കൃഷ്ണമൂർത്തി', 'കോൺടൂർസ് ഒഫ് ലീനിയർ റിഥം' എന്നിവയുൾപ്പെടെ ഏതാനും (10 എണ്ണം) ലഘുചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട് .
'യാരോ ഒരാൾ', 'എസ്തപ്പാൻ', 'ഒരേ തൂവൽ പക്ഷികൾ', 'പിറവി', 'ഒരേ തൂവൽ പക്ഷികൾ' എന്നീ ചിത്രങ്ങൾക്ക് അരവിന്ദൻ സംഗീതം പകർന്നു. 'ഒരേ തൂവൽ പക്ഷികൾ' (സംവിധാനം: ചിന്ത രവി) ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള അവാർഡ് അരവിന്ദൻ നേടി.
അന്നത്തെ സിനിമാസങ്കല്പങ്ങളെ തന്നെ മാറ്റി മറിക്കുന്ന ദൃശ്യാനുഭവങ്ങളാണ് തന്റെ സിനിമകളിലൂടെ അരവിന്ദന്‍ മലയാളിക്ക് സമ്മാനിച്ചത്. രാജൻ കക്കനാടനെ നായകനാക്കി ‘എസ്തപ്പാൻ’ എന്ന ചിത്രം ചെയ്തത്, ഗോത്രവര്‍ഗക്കാരെ രാമനും ലക്ഷ്മണനുമാക്കി 'കാഞ്ചനസീത' ചെയ്തതുമെല്ലാം തന്നെ അക്കാലത്ത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സിനിമാകാഴ്ചകളായിരുന്നു.
സംഗീതം അരവിന്ദന്റെ മറ്റൊരു കഴിവായിരുന്നു. പ്രസംഗത്തിന് ക്ഷണിച്ചാൽ, വേദിയിൽ രവീന്ദ്ര സംഗീതം പാടി കാണികളെ അമ്പരപ്പിച്ചിരുന്ന അരവിന്ദനെ ഞാൻ ഓർക്കുന്നു.
പുരസ്കാരങ്ങൾ: മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് 1974, 1978, 1979, 1981, 1985, 1986, 1990 എന്നീ വർഷങ്ങളിൽ നേടി. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് 1977-ലും 1978-ലും 1986ലും ലഭിച്ചു. 'ചിദംബര'ത്തിന് ദേശീയ അവാർഡ് ലഭിച്ചു.
1991 മാർച്ച് 15-ന്, 56-ാം വയസ്സിൽ, തിരുവനന്തപുരത്ത് അന്തരിച്ചു....
അരവിന്ദന്റെ സിനിമകൾ :
ഉത്തരായനം (1974); കാഞ്ചന സീത (1977); തമ്പ് (1978); കുമ്മാട്ടി (1979); എസ്തപ്പാൻ (1980); പോക്കുവെയിൽ (1981); വിധി (1985) ദ് സീർ ഹൂ വാക്സ് എലോൺ (1985); ചിദംബരം (1985); ദ് ബ്രൌൺ ലാന്റ്സ്കേപ്പ് (1985); ഒരിടത്ത് (1986); കോണ്ടൂർസ് ഓഫ് ലീനിയാർ റിഥം (1987); മാറാട്ടം (1988) അനാദി ധാര (1988); ഉണ്ണി (1989); സഹജ (1990) വാസ്തുഹാരാ (1991)