
സഹപ്രവർത്തകർ സദാനന്ദൻ്റെ കടക്കപ്പുറത്തെ ചെറിയ ബേക്കറിയിൽ നിന്ന് ചായ കുടിക്കുകയും സ്കൂളിലേക്കുള്ള വഴി ചോദിച്ചറിയുകയും ചെയ്തു.
പുഷ്പഗിരിയിലേക്കുള്ള വഴിയിലേക്ക് ചൂണ്ടി ഒരു നാട്ടുകാരൻ പറഞ്ഞു
"ഇതിലേ പോയ ഒരു വളവങ്ങട്ട് തിരയുമ്പോ സ്കൂളാ."
സ്ഥിരം നടന്നിരുന്ന വഴിയാണിത്. എന്നിട്ടും ഒന്നുമറിയാത്തവളെപ്പോലെ ആ വഴിയിലേക്ക് നോക്കി മിണ്ടാതിരുന്നു.
സ്കൂളിലേക്കുള്ള വഴിയിൽ വിവിധ പാർട്ടിക്കാരുടെ തയ്യാറെടുപ്പുകളുണ്ടായിരുന്നു. താമര ചിഹ്നത്തിൽ മൽസരിക്കുന്ന ഒരു സ്ഥാനാർത്ഥിയുടെ വലിയ പോസ്റ്റർ. പരിചയമുള്ള ആ മുഖം പെട്ടെന്ന് ഓർത്തെടുത്തു. പണ്ട് തറവാട്ടു മുറ്റത്തെ പാർട്ടി ചർച്ചകളിൽ കണ്ടിരുന്ന പതിവുമുഖം. സഖാവിപ്പോൾ സംഘിയായിരിക്കുന്നു.
സ്ഥിരമായി ഇടതുപക്ഷം ജയിക്കുകയും ഭരിക്കുകയും ചെയ്തിരുന്ന ഒരു പഞ്ചായത്തായിരുന്നു അത്തിക്കാവ്. അമ്മയും വല്യമ്മയും തമ്മിൽ അലമ്പാണെങ്കിലും സഖാവ് സുഭദ്ദ്രയുടെ അനിയത്തിയുടെ മകൾ എന്ന നിലയിൽ മറ്റുള്ളവരുടെ ഇടയിൽ അന്നൊരു എടുപ്പൊക്കെയുണ്ടായിരുന്നു.
അത്തിക്കാവ് ഗവൺമെൻ്റ് സ്കൂൾ. സ്കൂൾ വരാന്തയിലൂടെ മെല്ലെ നടന്നു. ചുമരിൽ പെയ്ൻ്റടിച്ച് വലിയ ചിത്രങ്ങൾ വരച്ചു ചേർത്തിരിക്കുന്നതല്ലാതെ സ്കൂളിപ്പോഴും പഴമയുപേക്ഷിച്ചിട്ടില്ല. ഗവൺമെൻ്റ് സ്കൂളുകൾക്കൊന്നും അല്ലെങ്കിലും വലിയ പുരോഗമനം ഉണ്ടാകാറില്ലല്ലോ.
ഇളംമഞ്ഞ നിറമുള്ള ചുമരുകൾ. നീല പെയ്ൻ്റടിച്ച മരയഴിയുള്ള ജനാലകൾ. വരാന്തകൾക്ക് താഴെയിപ്പോഴും പണ്ടത്തെപ്പോലെ കൊച്ചു പൂന്തോട്ടങ്ങളുണ്ട്. വടക്കുവശത്ത് ചെറിയ പച്ചക്കറി തോട്ടങ്ങൾ. ഒരോന്നിലും ക്ലാസും ഡിവിഷനുമെഴുതിയ ചെറിയ ബോർഡുകൾ കുത്തിനിർത്തിയിട്ടുണ്ട്. പുറകുവശത്തെ വലിയ ഞാവൽമരത്തിനടിയിൽ പൊഴിഞ്ഞലിഞ്ഞ വയലറ്റ് നിറങ്ങൾ.
“മായേ …., മായേ …:“ എന്ന വിളികൾ പലയിടത്തു നിന്നും ചെവിയിൽ വന്നലക്കുന്ന പോലെ.
ഒരിക്കലുമൊരു മിടുക്കി കുട്ടിയായിരുന്നില്ല. ചിലപ്പോഴൊക്കെ ബിലോ ഏവരേജ്. എന്നിട്ടും ടീച്ചേഴ്സിനെല്ലാം ഇഷ്ടമായിരുന്നു. അതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് സുഭദ്രാമ്മയാണ്. സ്കൂളിൻ്റെ എല്ലാ കാര്യങ്ങളിലും കാര്യക്ഷമമായി ഇടപെടുന്ന ഒരാളായിരുന്നു വല്യമ്മ. പിന്നത്തേത് ബാഷയാണ്. പഠിക്കാൻ മാത്രമല്ല. പഠ്യേതര വിഷയങ്ങളിലും മികവുകാട്ടിയിരുന്ന ബാഷ ടീച്ചർമാരുടെ കണ്ണിലുണ്ണിയായിരുന്നു. അവൻ അരുമയായി കൊണ്ടു നടക്കുന്ന കുട്ടിയെന്ന നിലയിലാണ് ടീച്ചേഴ്സിനിടയിൽ മായ എന്ന പേര് കൂടുതൽ ഫെയ്മസായത്.
ഒന്ന് വീണാലോ, ആരെങ്കിലുമായി വഴക്കുണ്ടാക്കിയാലോ എന്തിന് മുഖമൊന്നു വാടിയാൽ പോലും ഓടിവന്ന്വേഷിക്കുന്നവനാണ് ബാഷ. എന്നിട്ടും തരം കിട്ടിയാൽ അവനെ അപമാനിക്കാനേ മുതിരാറുള്ളൂ.
“ അറിയ്യോ അവൻ്റമ്മ കൊളത്തിച്ചാടി ചത്തതാ ! “
“ൻ്റെ വല്യമ്മേടെ ഔദാര്യത്തിലാ പഠിക്കണെ. വീട്ടിലെ പണിയൊക്കെ ചെയ്യണം. ഞങ്ങടെ വേലക്കാരനാ.” അവൻ കേൾക്കെ കൂട്ടുകാരോട് ഉറക്കെ പറയും. എന്തെല്ലാം പറഞ്ഞാലും അവൻ്റെ മുഖം മുഷിഞ്ഞ് കണ്ടിട്ടേയില്ല. പാവം. അന്നൊക്കെ താനെത്ര ക്രൂരയായിരുന്നു.
“മായക്കിതെന്ത് പറ്റി! ആകെ മൂഡൗട്ടാണല്ലോ.” എന്ന ചോദ്യവുമായി ചിലരെത്തിയപ്പോൾ സ്കൂൾ കോമ്പൗണ്ടിലെ കറക്കമവസാനിപ്പിച്ചു. “ഒരു തലവേദന “ എന്നൊരു കള്ളത്തിൽ പഴയ മായയെ ഒളിപ്പിച്ച് അവർക്കൊപ്പം നടന്നു.
“ശരിയാ. എനിക്കും ഉണ്ട് ചെറിയൊരു തലവേദന. എന്തൊരു മണാ. അതിങ്ങനെ മസ്തിഷ്കം തുളച്ച് കേറ്വല്ലേ. അതോണ്ടാവും.“ ഒരാൾ അഭിപ്രായപ്പെട്ടു.
“ എന്നാലും നല്ല രസല്ലേ. ഈ കാറ്റും ഈ മണവും. നമ്മടവടെയൊന്നും ഇതുപോലെ കാറ്റില്ല അല്ലേ!”
“കുന്നിൻമോളിലൊക്കെ ഇതുപോലെ കാറ്റുണ്ടാവും. പക്ഷേ ഇത് കുന്നൊന്നും അല്ലല്ലോ. എന്നിട്ടും എന്ത് ശക്ത്യാ കാറ്റിന്.”
വീണ്ടും അത്തിക്കാവിലെ കാറ്റും പാലപ്പൂമണവും ചർച്ചയായി.
സ്കൂളിൽ തന്നെയാണ് കിടക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.രാത്രിയിലെ ശാന്തതയിൽ നാട് ഉള്ളിൽ നിറയുകയും മനസ്സ് സ്വാസ്ഥ്യത്തിലമരുകയും ചെയ്തു. എങ്കിലും ഓർമ്മകൾ ശല്യപ്പെടുത്തിയതിനാലാണോ കിടപ്പ് ശരിയാകാത്തതിനാലാണോ ഉറക്കം തീരെ ഉണ്ടായില്ല. എന്നിട്ടും പതിവിലും ഉൻമേഷത്തോടെയാണ് പിറ്റേന്ന് ഡ്യൂട്ടിക്കിറങ്ങിയത്.
പോളിംഗ് ബൂത്തിൽ തിരക്ക് കുറവായിരുന്നു. എങ്കിലും പല പരിചയക്കാരെയും പ്രതീക്ഷിച്ചു. അലർജിയുള്ളതിനാൽ കയ്യിലെപ്പോഴും മാസ്ക് കരുതാറുണ്ട്. അതിലൊന്നെടുത്ത് മുഖത്ത് വച്ചത് മനപ്പൂർവ്വമാണ്. പെട്ടെന്നാരും മനസ്സിലാക്കരുതെന്ന് കരുതി. എല്ലാവർക്കും ചോദിക്കാനുണ്ടാവുക ഒരേ ചോദ്യമായിരിക്കും. പണ്ടതിൻ്റെ ഉത്തരമറിയില്ലായിരുന്നു. ഇപ്പോഴറിയാം. ആരോടും പറയാനാവാത്തൊരു ഉത്തരം.
കാലം എത്ര കടന്ന് പോയി. ആരോർക്കാനാണ്? ആര് മനസ്സിലാക്കാനാണ്? എല്ലാം ഒരോരോ തോന്നലുകളാണ്. എങ്കിലും ഓർത്തിരിക്കുമെന്ന് ഉറപ്പുള്ള ചിലരിവിടെയുണ്ട്. വരുന്ന ഓരോരുത്തരിലും അവരെ തിരഞ്ഞു. ചില പരിചയക്കാരുടെ കൈവിരലിൽ മഷി വരയ്ക്കാൻ അധികസമയമെടുത്തപ്പോഴൊക്കെ സ്വയം ശാസിച്ചു. എന്തിനാണീ അനാവശ്യ ആംഗ്സൈറ്റിയെന്ന്. ആത്മസംയമനത്തോടെ ജോലിയിൽ മാത്രം ശ്രദ്ധിക്കാൻ തുടങ്ങിയതായിരുന്നു. അപ്പോഴാണ് ആ പേര് വിളിക്കുന്നത് കേട്ടത്.
" ക്രമനമ്പർ 112. തങ്കമണി... "
പേര് വിളിച്ച് പറഞ്ഞതിന് പിന്നാലെ മഷി വരക്കാൻ മുന്നിലേക്ക് നീണ്ടുവന്ന കൈ വിരലുകൾ. പെട്ടെന്ന് മനസൊന്ന് പിടച്ചു. അറിയാതെ മുഖമുയർത്തി നോക്കി.
"മറ്റേമ്മ......"
അവരുടെ നിറഞ്ഞ കണ്ണുകൾ "ഈ മുഖംമൂടിക്കപ്പുറത്ത് മറഞ്ഞിരുന്നാൽ ഞാൻ മനസിലാക്കില്ലെന്ന് കരുതിയോ ? എന്ന് പറയുന്ന പോലെ തോന്നി.
വർഷങ്ങൾക്കൊണ്ട് രൂപപ്പെടുത്തിയെടുത്ത പുതിയ പല വച്ചുകെട്ടലുകലും നിമിഷനേരംകൊണ്ട് അഴിഞ്ഞ് വീണു. കണ്ണുകൾ പിടഞ്ഞടഞ്ഞു. ചെയ്യുന്ന ജോലിയുടെ ഗൗരവം സ്വയമോർമ്മിച്ച് ഒരു ദീർഘശ്വാസമെടുത്ത് പുറത്ത് വിട്ടു.
ഉള്ളിലെ വെപ്രാളപ്പെടുന്ന പഴയ മായയെ അടക്കിയിരുത്താൻ കഴിഞ്ഞെങ്കിലും മനസ്സിലെ വിറയൽ ആ വിരലിൽ മഷിയായി പടർന്നു.
തുടരും...