Image

ഒഹായോ: വിവേക് രാമസ്വാമിയുടെ 10 മില്യൺ ഡോളർ ചിലവഴിച്ചുള്ള പരസ്യ പ്രചാരണം

Published on 15 March, 2026
ഒഹായോ: വിവേക് രാമസ്വാമിയുടെ 10 മില്യൺ ഡോളർ ചിലവഴിച്ചുള്ള പരസ്യ പ്രചാരണം

സിന്‍സിനാറ്റി: ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജനായ വ്യവസായിയും റിപ്പബ്ലിക്കൻ നേതാവുമായ വിവേക് രാമസ്വാമി വലിയ പരസ്യ പ്രചാരണവുമായി രംഗത്ത്. ഏകദേശം 10 മില്യൺ ഡോളർ ചെലവഴിച്ച് ടെലിവിഷൻ പരസ്യങ്ങളിലൂടെ പ്രചാരണം നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മാർച്ച് മധ്യത്തോടെ ആരംഭിച്ച പരസ്യങ്ങൾ നവംബർ മാസത്തിലെ പൊതുതെരഞ്ഞെടുപ്പ് വരെ തുടരുമെന്നാണ് അറിയിച്ചത്. സാധാരണയായി സംസ്ഥാന തലത്തിലെ തെരഞ്ഞെടുപ്പുകളിൽ ഇത്തരമൊരു വലിയ പരസ്യ ചെലവ് വളരെ അപൂർവമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പൊതുതെരഞ്ഞെടുപ്പിന് 230 ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇത്തരമൊരു പ്രചാരണം ആരംഭിച്ചതും ശ്രദ്ധേയമാണ്.

മാർച്ച് 12-നാണ് പരസ്യത്തിലൂടെ പ്രചാരണം ആരംഭിച്ചത്. ആവശ്യമെങ്കിൽ പിന്നീടുള്ള ഘട്ടങ്ങളിൽ കൂടുതൽ സാമ്പത്തികം ചിലവാക്കുമെന്നാണ് ക്യാമ്പെയ്ൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഒഹായോ ഗവർണർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇതുവരെ ഉണ്ടായ റെക്കോർഡുകളെ മറികടക്കുന്ന രീതിയിൽ ധനശേഖരണം നടത്തിയതായി രാമസ്വാമിയുടെ ക്യാമ്പെയ്ൻ അറിയിച്ചു. എതിരാളികളെക്കാൾ കൂടുതൽ ടെലിവിഷൻ പരസ്യങ്ങളിൽ മേൽക്കൈ നേടാൻ ഇത് സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഒഹായോ സംസ്ഥാനത്തിന്റെ ഭാവി എന്ന പേരിലുള്ള  പരസ്യത്തിൽ രാമസ്വാമിയുടെ കുടുംബജീവിതമാണ് പ്രധാനമായി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ അപൂർവ രാമസ്വാമി നേരിട്ട് പ്രേക്ഷകരോട് സംസാരിക്കുകയും പുതുതായി ജനിച്ച കുഞ്ഞിനെ കുറിച്ചും കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുമുള്ള ആശങ്കകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. രാമസ്വാമിയെ പൊതുജന സേവനത്തിലേക്ക് നയിച്ച ഘടകങ്ങളെക്കുറിച്ചും പരസ്യത്തിൽ പറയുന്നു. സുരക്ഷിത സമൂഹം, മികച്ച സ്കൂളുകൾ, സാമ്പത്തിക സ്ഥിരത തുടങ്ങിയ വിഷയങ്ങളാണ് പ്രചാരണത്തിന്റെ കേന്ദ്രവിഷയങ്ങൾ.

'ബാക്കിംഗ് ദ ബ്ലൂ' എന്ന മറ്റൊരു പരസ്യം നിയമസംരക്ഷണത്തിനും പൊതുസുരക്ഷയ്ക്കും പിന്തുണ നൽകുന്ന സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്. ഒഹായോയിലെ ഒട്ടവ കൗണ്ടി ഷെറിഫ് സ്റ്റീഫൻ ലെവോർചിക് പരസ്യത്തിൽ പ്രത്യക്ഷപ്പെടുകയും രാമസ്വാമിയുടെ നിയമസംരക്ഷണ നിലപാടുകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു.

മുന്‍പ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി മത്സരിച്ചിരുന്ന രാമസ്വാമി, റിപ്പബ്ലിക്കൻ പാർട്ടി നാമനിർദ്ദേശം നേടിയാൽ നവംബർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ എമി ആക്ടണിനെ നേരിടുമെന്ന് വിലയിരുത്തപ്പെടുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക