Image

ഓൺലൈനിൽ ഇന്ത്യക്കാരോടുള്ള വിദ്വേഷം മൂന്നിരട്ടിയായെന്ന് പഠനം

Published on 15 March, 2026
ഓൺലൈനിൽ ഇന്ത്യക്കാരോടുള്ള വിദ്വേഷം മൂന്നിരട്ടിയായെന്ന് പഠനം

വാഷിങ്ടൺ: അമേരിക്കയിൽ കുടിയേറ്റ നയങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാരെതിരായ വിദ്വേഷ പ്രസ്താവനകൾ ഗണ്യമായി വർധിച്ചതായി പുതിയ പഠനം വ്യക്തമാക്കുന്നു. നെറ്റ്വർക്ക് കൊണ്ടാജിയൻ റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ട് (എൻസിആർഐ) നടത്തിയ പഠനത്തിൽ 2025-ൽ മാത്രം എക്സ് പ്ലാറ്റ്‌ഫോമിൽ 24,000 ആന്റി-ഇന്ത്യൻ പോസ്റ്റുകൾ കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു. ഈ പോസ്റ്റുകൾക്ക് 300 മില്യൺ വ്യൂസ് ലഭിച്ചതായും, മുൻവർഷത്തേക്കാൾ ഇത്തരം ഉള്ളടക്കം ഏകദേശം മൂന്നിരട്ടിയായി വർധിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു.

അമേരിക്കൻ വാർത്താ വെബ്സൈറ്റായ 'ദി ഫ്രീ പ്രസ്സ്' റിപ്പോർട്ട് പ്രകാരം, ഈ വിദ്വേഷ ഉള്ളടക്കം സ്വാഭാവികമായി വ്യാപിച്ചതല്ലെന്നും കുറച്ച് അക്കൗണ്ടുകൾ നയിച്ച പ്രചാരണമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും സജീവമായ മൂന്ന് അക്കൗണ്ടുകൾ മാത്രം എക്‌സിൽ 525 പോസ്റ്റുകൾ പ്രസിദ്ധീകരിച്ചപ്പോൾ അവയ്ക്ക് 18.4 മില്യൺ ലൈക്കുകളും റീപ്പോസ്റ്റുകളും ലഭിച്ചു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം കുടിയേറ്റ നയങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച സമയങ്ങളിലാണ് ഇത്തരം പോസ്റ്റുകൾ കൂടുതലായി ഉയർന്നത്.  എച്ച്-1ബി വിസാ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വിദ്വേഷ ഉള്ളടക്കങ്ങൾ വർധിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. 2025 സെപ്റ്റംബറിൽ എച്ച്-1ബി തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന കമ്പനികൾക്ക് 100,000 ഡോളർ ഫീസ് ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു.

ഈ ഉത്തരവിനെ പിന്തുണച്ച് പല പോസ്റ്റുകളും ഇന്ത്യൻ കുടിയേറ്റത്തെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി എത്തിയതോടൊപ്പം വംശീയ അധിക്ഷേപങ്ങളും വ്യാപകമായി ഉപയോഗിച്ചതായും പഠനം പറയുന്നു. വിസ, നിയമപരവും അനധികൃതവുമായ കുടിയേറ്റം, അമേരിക്കൻ സമൂഹത്തിൽ ലയിക്കൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അപമാനകരമായ വാക്കുകളും സ്റ്റീരിയോട്ടൈപ്പുകളും ഉപയോഗിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഡിസംബർ മധ്യത്തോടെ ആന്റി-ഇന്ത്യൻ പോസ്റ്റുകളുടെ എണ്ണം ഏറ്റവും ഉയർന്നതായും ആഴ്ചയിൽ 800-ലധികം  പോസ്റ്റുകൾ വരെ രേഖപ്പെടുത്തിയതായും എൻസിആർഐ കണ്ടെത്തി.

ഇന്ത്യക്കാർക്കെതിരായ  ഓൺലൈൻ വിദ്വേഷം യാദൃശ്ചികമല്ലെന്നും ചില ഇൻഫ്ലുവൻസർമാരും ആൽഗോരിതങ്ങളുമാണ് അതിനെ ശക്തമായി പ്രചരിപ്പിക്കുന്നതെന്നും ആണ് പഠനം വിലയിരുത്തുന്നത്. ഇത് കുടിയേറ്റ സമൂഹങ്ങൾക്കും സ്വതന്ത്ര ചർച്ചകൾക്കും ഭീഷണിയാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യൻ വംശജനായ അമേരിക്കൻ നേതാക്കളും ഇത്തരം ആക്രമണങ്ങളിൽ നിന്ന് ഒഴിവാകുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ ഭാര്യയായ ഉഷ വാൻസിനെതിരെ 2,000-ത്തിലധികം വൈരപരമായ പോസ്റ്റുകൾ വന്നതായി റിപ്പോർട്ടിൽ പറയുന്നു. എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനും ജസ്റ്റിസ് ഡിപ്പാർട്മെന്റിലെ സിവിൽ റൈറ്റ്സ് വിഭാഗം മേധാവിയായ ഹർമീത് ധില്ലോനും വംശീയ ആക്രമണങ്ങൾ നേരിട്ടതായി ചൂണ്ടിക്കാട്ടുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിദ്വേഷ ഉള്ളടക്കം പ്രചരിക്കുന്നത് നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും, എച്ച്-1ബി വിസാ നയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വംശീയ ആക്രമണങ്ങളിലേക്ക് വഴിമാറാതിരിക്കാൻ നയനിർമ്മാതാക്കൾ ശ്രദ്ധിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. അമേരിക്കയുടെ സാങ്കേതികവും പ്രതിരോധവുമായ പ്രധാന പങ്കാളിയായ ഇന്ത്യയെ ലക്ഷ്യമിട്ട് ഇത്തരം വിദ്വേഷ പ്രസ്താവനകൾ ഉയരുന്നത് ആശങ്കാജനകമാണെന്നും റിപ്പോർട്ട് പറയുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക