
ഹൂസ്റ്റൺ: അമേരിക്കയിലും, ഇന്ത്യയിലും ക്നാനായ സമുദായത്തിനു വേണ്ടി അവിസ്മരണീയമായ സംഭാവനകൾ ചെയ്ത സമുദായ സ്നേഹിയും, സാമൂഹിക പ്രവർത്തകനും, നിരവധി ബഹുമതികൾക്ക് പാത്രീഭൂതനുമായ ഇടപ്പാറ മാത്യൂസിന്റെ ഭാര്യ അന്നമ്മ എന്ന ആൻസി ഇടപ്പാറയുടെ എൺപ്പത്തി നാലാം ജന്മദിനം സമുചിതമായി ആഘോഷിച്ചു.
ഇടപ്പാറ ഹൗസിൽ മാർച്ച് 11 ന് നടന്ന ആഘോഷത്തിൽ ഫാ. ജോഷി വലിയവീട്ടിൽ പ്രാരംഭ പ്രാർത്ഥന നടത്തി. സജി പുല്ലാട് പ്രാർത്ഥനാ ഗാനം ആലപിച്ചു.

ആഘോഷ പരിപാടിയിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡണ്ട് റോയി മാത്യു, സെക്രട്ടറി വിനോദ് ചെറിയാൻ, സിസ്റ്റർ ലിസിൻ എന്നിവർ ജന്മദിനാശംസകൾ നേർന്നു. മക്കൾ കവിത, സ്മിത ആൻസി ഇടപ്പാറയുടെ സഹോദരങ്ങളായ ഏലിയാമ്മ - ജോൺ, ജെയിംസ് - ലിസി, ലൂക്കാച്ചൻ - മേരി, കൂടാതെ നഴ്സിംഗ് രംഗത്തെ സഹപ്രവർത്തകരും, സുഹൃത്തുക്കളും ആൻസി ആൻറിക്ക് ജന്മദിനാശംസകൾ നേർന്നു.
നേഴ്സിംഗ് മേഖലയിൽ 40 വർഷത്തിലധികം മികച്ച സേവന പരിചയമുള്ള ആൻസിക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1970ൽ രജിസ്റ്റേർഡ് നേഴ്സ് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച് 1973ല്‍ സ്റ്റേറ്റ് ഗവൺമെന്റിലും തുടർന്ന് ന്യൂയോർക്ക് വി എ ആശുപത്രിയിൽ 31 വർഷവും സേവനം അനുഷ്ഠിച്ചു.

2013ൽ റിട്ടയർമെൻ്റിനു ശേഷം മിസോറി സിറ്റിയിലെ ക്നാനായ ഹോംസിലുളള ഇടപ്പാറ ഹൗസിലാണ് വിശ്രമ ജീവിതം നയിക്കുന്നത്.
ദാമ്പത്യത്തിന്റെ സുവർണ്ണ ജൂബിലി പിന്നിട്ടിരിക്കുന്ന ഇടപ്പാറ ദമ്പതികൾക്ക് ഒന്നേ പറയുവാനുള്ളു; മനുഷ്യൻ ആഗ്രഹിക്കുന്നു.... എല്ലാം ദൈവം നിശ്ചയിക്കുന്നു.