
നൂറ് അംഗസംഘടനകള്‍ തികച്ച് റിക്കാര്‍ഡ് സാഥാപിച്ച അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ ഈ അടുത്തയിടെ നടത്തിയ ബൈലോ ഭേദഗതിയിലൂടെ കൂടുതല്‍ ജനാധിപത്യപരമായി പുതിയ ദിശയിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. 2008-ല്‍ ഫോമാ പിറന്ന അതേ മണ്ണില്‍, അതായത് മലയാളികളുടെ അമേരിക്കയിലെ എക്കാലത്തെയും വലിയ ഹബ്ബായ ഹൂസ്റ്റണില്‍ മറ്റൊരു ഫാമിലി കണ്‍വന്‍ഷന് കൂടി തിരശീല ഉയരുകയാണ്. ഇക്കൊല്ലം ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ഈ ആഡംബര ഹോട്ടല്‍ സമുച്ചയമായ 'വിന്‍ധം ഹൂസ്റ്റണി'ല്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ നേതൃത്വം വഹിക്കുന്ന ടീം.
വര്‍ണാഭമായ ഒരു കാന്‍വാസില്‍ വിഭാവനം ചെയ്യുന്ന കണ്‍വന്‍ഷന്റെ വിപുലമായ തയ്യാറെടുപ്പുകള്‍ ഊര്‍ജസ്വലമായി നടന്നുവരികയാണെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു. അംഗബലത്തിന്റെ കാര്യത്തില്‍ 'സെഞ്ച്വറി'യടിച്ച ഫോമാ ഈ ഭരണസമിതിയുടെ കാലയളവില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ചരിത്രമാകാന്‍ പോകുന്ന ഒന്‍പതാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെപ്പറ്റിയും അദ്ദേഹം ഇമലയാളിയുമായി സംസാരിച്ചു. സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍...
? ശ്രദ്ധേയമായ കേരളാ കണ്‍വന്‍ഷന് ശേഷം നടക്കുന്ന ഈ സിഗ്നേച്ചര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെപ്പറ്റി...
* രജിസ്‌ട്രേഷന് ആവേശകരമായ പങ്കാളിത്തമുണ്ട്. ഏര്‍ളി ബെഡ് രജിസ്‌ട്രേഷന്‍ ഈ മാര്‍ച്ച് 31-ന് അവസാനിക്കും. ആള്‍ക്കാരെല്ലാം സജീവമായി പ്രതികരിക്കുന്നുണ്ട്. എല്ലാ റീജിയനുകളിലും കണ്‍വന്‍ഷന്‍ കിക്കോഫ് നടന്നുകൊണ്ടിരിക്കുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വിവിധ റീജിയനുകളില്‍ സന്ദര്‍ശനം നടത്തുന്ന തിരക്കിലുമാണ്.
? പ്രോഗ്രാമുകളൊക്കെ കണ്‍ഫേം ആയോ...
* എല്ലാം അതിന്റെ ഒരുക്കത്തിലാണ്. കള്‍ച്ചറല്‍ പ്രോഗ്രാം, ബിസിനസ് മീറ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ എല്ലാം പ്രൊഫഷണലായി നടത്തുന്നതിനുള്ള കമ്മിറ്റികളുടെ രൂപീകരണം അന്തിമ ഘട്ടത്തിലാണ്. ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ കേരളത്തനിമയാര്‍ന്ന ഘോഷയാത്രയോടെയാണ് ചരിത്രമാകാന്‍ പോകുന്ന കണ്‍വന്‍ഷന് തുടക്കം കുറിക്കുക.
? ഹോട്ടലിലെ സൗകര്യങ്ങള്‍ വിലയിരുത്തുമ്പോള്‍...
* ആയിരങ്ങള്‍ പങ്കെടുക്കുന്ന ഫോമായുടെ ഒരു നാഷണല്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ എല്ലാം തന്നെ വിന്‍ധം ഹൂസ്റ്റണ്‍ ഹോട്ടലിലുണ്ട്. മൂന്ന് രാത്രികളിലും നാല് പകലുകളിലുമായി നടക്കുന്ന കണ്‍വന്‍ഷനില്‍ മൂവായിരം പേര്‍ക്ക് തീയേറ്റര്‍ സ്റ്റൈലിലും രണ്ടായിരം പേര്‍ക്ക് ബാങ്ക്വറ്റ് സ്റ്റൈലിലും ഇരിക്കാവുന്ന ഓഡിറ്റോറിയമാണ് ഉള്ളത്. 1200 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റുന്ന പാര്‍ക്കിങ്ങ് ലോട്ട് നമുക്ക് വേണ്ടി റെഡിയാണ്. 800 മുറികളുള്ള ഹോട്ടലാണ് നേരത്തെ തന്നെ ബുക്ക് ചെയ്തത്. 1000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ്ങ് ഏരിയയുമുണ്ട്. വിമന്‍സ് ഫോറത്തിനും യൂത്തിനും വേണ്ടി പ്രത്യേക ഹാളുകളും ക്രമീകരിക്കും. മീഡിയയ്ക്കും മറ്റും പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
? ഭക്ഷണത്തിന്റെ നിലവാരം ഒക്കെ ഉറപ്പാക്കിയോ... കാരണം പലപ്പോഴും പരാതി വരുന്ന ഒരു മേഖലയാണിത്...
* ഇവിടെ ആ പ്രശ്‌നം ഉദിക്കുമെന്നു തോന്നുന്നില്ല. ഏറ്റവും മികച്ച ഫുഡ് കൊടുക്കാന്‍ ബന്ധപ്പെട്ടവരുമായി ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്ത് ഉറപ്പു വരുത്തുന്നുണ്ട്. സൗണ്ട് സിസ്റ്റവും എല്‍.ഇ.ഡി വാളും ഒക്കെ നിലവാരമുള്ളതാക്കാന്‍ വെന്‍ഡേഴ്‌സുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നു.
? കണ്‍വന്‍ഷന്‍ കമ്മിറ്റിയെ കുറിച്ച്...
* കണ്‍വന്‍ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നുകൊണ്ടിരിക്കുന്നു. എല്ലാ മേഖലകളിലുമുള്ള കമ്മറ്റികള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
? കേരളത്തില്‍ നിന്ന് എത്തുന്ന രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെ...
* നാട്ടിലിപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണല്ലോ. അതിനു ശേഷമേ നഅവിടെ നിന്നുള്ള രാഷ്ട്രീയ നേതാക്കളെ കൊണ്ടു വരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളു. മുഖ്യമന്ത്രി, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ കൊണ്ടു വരുവാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമേ അത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളു.
? ഫോമാ പിറന്ന മണ്ണില്‍ ഒരു കണ്‍വന്‍ഷന്‍ എത്തുമ്പോള്‍ സംഘടനയുടെ വളര്‍ച്ചയെ എപ്രകാരം നോക്കിക്കാണുന്നു...
* 2008-ല്‍ ഫോമാ ജന്മം കൊള്ളുമ്പോള്‍ അധികം അംഗസംഘടനകള്‍ ഇല്ലായിരുന്നു. എന്നാലിപ്പോള്‍ നൂറ് അംഗസംഘടനകള്‍ ഉള്ള വലിയൊരു ഫെഡറേഷനായി ഫോമാ വളര്‍ന്നിരിക്കുന്നു. ഇനിയും നിരവധി സംഘടനകള്‍ ഫോമായില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വരുന്നുണ്ട്. വളരെ അഭിമാനകരമായ ഒരു നേട്ടമാണിത്.
? കണ്‍വന്‍ഷനോടൊപ്പം അടുത്ത ഇലക്ഷനും നടക്കുമല്ലോ. അതിനെപ്പറ്റി...
* നിലവില്‍ രണ്ട് പാനലുകളാണ് 2026- '28 ഭരണസമിതിയിലേക്ക് ജനവിധി തേടുന്നത്. അവര്‍ വിവിധ റീജിയനുകള്‍ സന്ദര്‍ശിച്ച് തങ്ങളുടെ നയപരിപാടികള്‍ വിശദീകരിക്കുന്ന സമയമാണിത്. ആ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് റീജിയന്‍ തലത്തിലും നാഷണല്‍ കമ്മിറ്റിയിലേക്കുമുള്ള സ്ഥാനാര്‍ഥികള്‍ ആവേശകരമായി മത്സര രംഗത്തുണ്ട്.
? ഇലക്ഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍...
* ഇലക്ഷന്‍ കമ്മീഷനെ ഡിക്ലയര്‍ ചെയ്തു കഴിഞ്ഞല്ലോ. മൂന്നംഗ ഇലക്ഷന്‍ കമ്മീഷനാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഒരാള്‍ കമ്മീഷണറും ബാക്കി രണ്ടുപേര്‍ അംഗങ്ങളുമാണ്. ഇലക്ഷന്‍ വിജ്ഞാപനം അധികം താമസിയാതെ പുറപ്പെടുവിക്കും.
? ഇക്കുറി എത്ര ഡെലിഗേറ്റുകള്‍ വോട്ട് ചെയ്യാനുണ്ടാവും...
* ഏതാണ്ട് ആയിരത്തോളം ഡെലിഗേറ്റുകള്‍ ഇത്തവണ വോട്ടു ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 300 ഡെലിഗേറ്റുകള്‍ ഇത്തവണ കൂടുതലായി വോട്ടു ചെയ്യും. 2008 മുതലുള്ള ഫോമായുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ട്രഷറര്‍മാര്‍ തുടങ്ങിയവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരമുണ്ടാകും. കഴിഞ്ഞ തവണത്തേക്കാള്‍ 20 അംഗസംഘടനകള്‍ കൂടി ഫോമായില്‍ എത്തിയിട്ടുണ്ട്. ഡെലിഗേറ്റുകളെ കൂടാതെ നിലവിലുള്ള നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും ആര്‍.വി.പി മാര്‍ക്കും വോട്ടവകാശമുണ്ട്. ഫോമാ കൂടുതല്‍ ജനാധിപത്യപരമായി മുന്നോട്ടു പോകുന്നുവെന്നതിന്റെ തെളിവാണ് വോട്ടവകാശമുള്ള ഡെലിഗേറ്റുകളുടെ വര്‍ദ്ധന.
? ഈ കണ്‍വന്‍ഷനില്‍ എത്ര പേര്‍ പങ്കെടുക്കും...
* 3000-ത്തോളം പേരെയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. ഡെലിഗേറ്റുകള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുള്ള കണ്‍വന്‍ഷന്‍ ആയിരിക്കും ഇത്.
? ഈ അടുത്ത നാളില്‍ നടത്തിയ ബൈലോ ഭേദഗതികള്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്...
* റീജിയനുകളുടെ വിഭജനമാണ് പ്രധാനം. കൂടുതല്‍ അംഗസംഘടനകള്‍ ഉള്ള റീജിയനുകളെ ജിയോഗ്രാഫിക്കലായി വിഭജിക്കുന്നതാണ് ഈ ഭേദഗതി. നിലവില്‍ ഹൂസ്റ്റണില്‍ ഒരു പരിപാടി വച്ചു കഴിഞ്ഞാല്‍ ഡാളസില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുകയില്ല. നേരെ തിരിച്ചും സംഭവിക്കും. ഇത്തരത്തില്‍ മണിക്കൂറുകളോളം ഡ്രൈവ് ചെയ്ത് പോകേണ്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ മിക്കയിടത്തും ഉണ്ട്. അതൊഴിവാക്കി പ്രാദേശികമായ ജനപങ്കാളിത്തം അതാതിടങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് റീജിയനുകള്‍ പുന:ക്രമീകരിക്കുന്നത്.
? ബൈ ലോ ഭേദഗതി ഏവരും അംഗീകരിക്കുന്നതാണോ...
* തീര്‍ച്ചയായും. ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ കര്‍മഭൂമിയുടെ ഓരോ മുക്കിലും മൂലയിലും വ്യാപിപ്പിക്കുന്നതിനു വേണ്ടിയുള്ള ഈ ബൈലോ ഭേദഗതി അംഗസംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരും സംതൃപ്തരാണ്. ഇതിലൂടെ ഫോമായുടെ വളര്‍ച്ചയാണ് വിളിച്ചോതുന്നത്.
? ഏത് സാഹചര്യത്തിലാണ് ബൈലോ ഭേദഗതി ആവശ്യമായിട്ട് വരുന്നത്...
* ഈ ഭരണസമിതിയുടെ ആദ്യത്തെ അമന്‍മെന്റാണിത്. പല പോരായ്മകള്‍ ചൂണ്ടിക്കാണിക്കപ്പെടുകയും ചില അടിയന്തിര മാറ്റങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു. അതൊക്കെ സാക്ഷാത്ക്കരിക്കുന്നതിനായി എല്ലാ മുന്‍ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ ഉള്ളവരെ വിശ്വാസത്തില്‍ എടുത്ത് 2025 ഒക്‌ടോബര്‍ 25-ന് ഫിലഡല്‍ഫിയയില്‍ നടന്ന മിഡ് ടേം ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച 15 ഇന ബൈലോ അമന്‍മെന്റ് ഐകകണ്‌ഠ്യേനയാണ് പാസാക്കിയത്. ഇത് സംഘടനയുടെ കെട്ടുറപ്പിനും ഭാവികാല വളര്‍ച്ചയ്ക്കും ജനകീയ മുന്നേറ്റങ്ങള്‍ക്കും ഉതകുന്നതാണ്.
? കണ്‍വന്‍ഷനോടനുബന്ധിച്ച് പുതിയ ചാരിറ്റി പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകുമോ...
* നിര്‍ദ്ധന രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എല്ലാം നിലവില്‍ നമ്മള്‍ സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ഈ ഭരണ സമിതിയുടെ കാലാവധി തീരും മുമ്പേ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ വച്ചു കൊടുക്കുവാനുള്ള ആലോചനയുണ്ട്.
? സാധാരണ ഒരു ഭരണസമിതിയുടെ പദ്ധതികള്‍ക്ക് തുടര്‍ച്ച ഉണ്ടാകുന്നില്ല എന്ന പരാതിയുണ്ടല്ലോ...
* തുടര്‍ച്ച ഉണ്ടാകും. കഴിഞ്ഞ കമ്മിറ്റിക്കാരുടെ ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് പദ്ധതി ഞങ്ങള്‍ തുടരുന്നു. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനും തുടര്‍ച്ചയുണ്ട്. ഞങ്ങള്‍ ആവിഷ്‌ക്കരിച്ച 'അമ്മയോടൊപ്പം' പരിപാടി ഇനി പുതുതായി വരുന്നവര്‍ ഏറ്റെടുത്ത് നടത്തുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഫോമായുടെ പ്രഖ്യാപിക്കപ്പെട്ട പരിപാടികളെല്ലാം തന്നെ ഭരണസമിതി വ്യത്യാസമില്ലാതെ തുടരും. അതോടൊപ്പം പുതിയ ചാരിറ്റി പ്രോഗ്രാമുകള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും ചെയ്യും.
? വനിതാഫോറം, യൂത്ത് ഫോറം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍...
* അമേരിക്കയില്‍ ആദ്യമായി ഒരു വിമന്‍സ് സമ്മിറ്റ് നടത്തിയത് അടുത്തയിടെയാണ്. ഫോമായുടെ ചരിത്രത്തില്‍ വനിതകള്‍ സ്വതന്ത്രമായി നടത്തിയ പ്രഥമ പരിപാടിയായിരുന്നു ഇത്. വരും കാലങ്ങളില്‍ അതും തുടരും. യൂത്തിന്റെ പ്രോഗ്രാമുകളും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.
? ഒറ്റപ്പെടുന്ന സീനിയര്‍ സിറ്റിസണ്‍സിന്റെ മാനസികോല്ലാസത്തിനായി എന്തെങ്കിലും പ്ലാന്‍...
* ഒരു റിട്ടയര്‍മെന്റ് ഫെസിലിറ്റി ഉണ്ടാക്കുന്നതിനു വേണ്ടി ഫ്‌ളോറിഡയിലും ഹൂസ്റ്റണിലും സ്ഥലം നോക്കുന്നുണ്ട്. പ്രായമായവര്‍ക്ക് ടെന്‍ഷന്‍ ഫ്രീയായി താമസിക്കുന്നതിനും ഒത്തുചേര്‍ന്ന് വിവിധ ആക്ടിവിറ്റികളില്‍ മുഴുകുന്നതിനുമായി നൂറ് വീടുകള്‍ നിര്‍മ്മിക്കുകയാണ് ഉദ്ദേശ്യം. വരുംകാല കമ്മിറ്റികള്‍ ഫോളോ അപ്പ് ചെയ്ത് ഇത് യാഥാര്‍ത്ഥ്യമാക്കിയാല്‍ അത് ഫോമായുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലായിരിക്കും.
***
അതേ, നാഴികക്കല്ലുകള്‍ ഒട്ടേറെ പിന്നിട്ടാണ് ഫേമായുടെ സുസ്ഥിരമായ വളര്‍ച്ചയും വികാസവും. അതിന് അതാത് കാലഘട്ടത്തിലെ ഭരണ സമിതികള്‍ വെള്ളവും വളവും ഊര്‍ജവുമേകി. ഇപ്പോള്‍ മികവിന്റെ പര്യായമായ ബേബി മണക്കുന്നേലിന്റെ കൈയ്യിലാണ് ആ മാരത്തോണിന്റെ ബാറ്റണ്‍. വരുന്ന ജൂലൈ 30-ന് ആ ഓട്ടം 'വിന്‍ധം ഹൂസ്റ്റണി'ല്‍ എത്തി ബാറ്റണ്‍ കൈമാറുമ്പോള്‍ പുതു ചരിത്രം രചിക്കപ്പെടുകയായി. ആ മലയാളി മാമാങ്കത്തിന്റെ ആരവത്തിന് കാതോര്‍ക്കുകയാണ് ഫോമായും അതിന്റെ പ്രിയപ്പെട്ട ബന്ധുമിത്രാദികളും...